ബൈബിൾ
46 പുസ്തകങ്ങളടങ്ങുന്ന പഴയ നിയമവും 27 പുസ്തകങ്ങടങ്ങുന്ന പുതിയ നിയമവും ചേരുന്നതാണ് 73 പുസ്തകങ്ങളുള്ള ബൈബിൾ.
ചിലരെങ്കിലും അഭിപ്രായപ്പെടുന്നതു പോലെ കത്തോലിക്കാ സഭ ബൈബിളിൽ ചില പുസ്തകങ്ങൾ കൂട്ടി ചേർത്ത് 73 ആക്കിയതല്ല. പ്രൊട്ടസ്റ്റന്റ് വിപ്ളവത്തിന്റെ ഉപജ്ഞാതാവ് മാർട്ടിൻ ലൂഥറാണ് ബൈബിളിൽ നിന്ന് 7 പുസ്തകങ്ങളെ ഒഴിവാക്കിയത്.
1547 ൽ ലൂഥറിന്റെ ബൈബിൾ ഇറങ്ങും മുമ്പ് വിവിധ ഭാഷകളിലായി ബൈബിളിന്റെ അനേകം പതിപ്പുകൾ പ്രസിദ്ധീകരിച്ചിരുന്നു.
അച്ചടിയന്ത്രത്തിന്റെ ഉപജ്ഞാതാവായ ഗുട്ടൻബർഗ് ആദ്യം അച്ചടിച്ച പുസ്തകം ബൈബിളാണെന്ന് നമുക്കറിയാമല്ലൊ. 1455 ൽ അച്ചടിച്ച ആദ്യ ബൈബിളിന്റെ 48 പ്രതികൾ ഇന്നും ലഭ്യമാണ് ഇതിലും 73 പുസ്തകങ്ങളാണുള്ളത്.
ബൈബിൾ വിജ്ഞാനീയത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന വി.ജറോം (347-420) ലത്തീൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ സമ്പൂർണ്ണ ബൈബിൾ , വുൾഗാത്തയിൽ പഴയനിയമത്തിലെ എല്ലാ കൃതികളുമുണ്ട്.
സഭാ പിതാക്കൻമാരുടെ ഇടയിലെ പണ്ഡിത ശ്രേഷ്ഠനായ അലക്സാണ്ട്രിയായിലെ ഒറിജിൻ ബൈബിളിലെ പുസ്തകങ്ങളുടെ അടിസ്ഥാന മാനദണ്ഡം ക്രിസ്തു സ്ഥാപിച്ച സഭയുടെ അംഗീകാരമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചു. സുവിശേഷങ്ങൾ അനേകമുണ്ടായിരിക്കെ മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്ന പേരിൽ അത് നിജപ്പെടുത്തിയത് സഭയാണെന്ന് രണ്ടാം നൂറ്റാണ്ടിലെ ഗ്രീക്ക് സഭാ പിതാവായ വി. ഐറേനിയോസ് (130 - 202) സാക്ഷ്യപ്പെടുത്തുന്നു.
മത്തായി , മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്ന് 4 സുവിശേഷങ്ങളെ ക്രമപ്പെടുത്തിയത് സഭാപിതാവായ വി.അഗസ്തീനോസാണ്.
പുതിയ നിയമത്തിലെ 27 പുസ്തകങ്ങൾ ക്രോഡീകരിച്ച് നിയതമായ ആദ്യ പട്ടിക പ്രസിദ്ധീകരിച്ചത് അലക്സാണ്ട്രിയായിലെ മെത്രാനായിരുന്ന വി. അത്തനാസിയോസാണ് (296-373). AD 367-ൽ അദ്ദേഹം രജിച്ച Epistola Festalis എന്ന ഗ്രന്ഥത്തിലാണ് ഇത് കാണപ്പെടുക.
AD 382 ൽ ഡമാസൂസ് പാപ്പ റോമിൽ വിളിച്ചു കൂട്ടിയ സിനഡിൽ ബൈബിളിലെ ഗ്രന്ഥങ്ങളുടെ പൂർണ്ണ പട്ടിക പ്രസിദ്ധീകരിച്ചു. വി. ജറോമിനെ ബൈബിൾ പരിഭാഷക്കായി ചുമതലപ്പെടുത്തിയതും ഈ കൗൺസിൽ ആയിരുന്നു. വി. ജറോമാണ് ഇന്ന് കാണുന്ന രീതിയിൽ ബൈബിളിലെ പുസ്തകങ്ങളെ ക്രമീകരിച്ചത് എന്നും കരുതപ്പെടുന്നു. 393 ൽ ഹിപ്പോയിൽ കൂടിയ സിനഡും ഇതിനെ അംഗീകരിച്ചു. AD 797 ൽ നിഖ്യയിൽ ചേർന്ന രണ്ടാം സാർവ്വത്രിക സുന്നഹദോസും ഈ പുസ്തകങ്ങളെ കാനോനിക ഗ്രന്ഥങ്ങളായി അംഗീകരിച്ചു.
സ്റ്റീഫൻ ലാങ്ടൺ (Stephen Langton) എന്ന കത്തോലിക്കാ സഭയിലെ കാന്റർബറി ആർച്ച്ബിഷപ്പാണ് 1244 മുതൽ 1248 വരെയുള്ള 4 വർഷമെടുത്ത് വി. ബൈബിളിലെ പുസ്തങ്ങളെ അധ്യായമനുസരിച്ച് ക്രമീകരിച്ചത്.
1522 ൽ മാർട്ടിൻ ലൂഥർ തയ്യാറാക്കിയ ബൈബിളിൽ ആദ്യം 4 പുതിയ നിയമ ഗ്രന്ഥങ്ങളെയും (ഹെബ്രായർ , യാക്കോബ്, യൂദാ, വെളിപാട്) ഉത്തര കാനോനികമായി പ്രഖ്യാപിച്ചിരുന്നു , പിന്നീടാണ് അദ്ദേഹത്തിന്റെ ഉപദേശങ്ങളോട് ചേർന്ന് പോകാത്ത 7 പഴയ നിയമ ഗ്രന്ഥങ്ങൾ മാത്രമായി അത് ചുരുക്കിയത്..
പ്രൊട്ടസ്റ്റന്റ് വിപ്ളവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയ തെന്ത്രോസ് സുനഹദോസ് 1546 ഏപ്രിൽ 8ന് പുറത്തിറക്കിയ സാക്രാ കാനോനിസ് (Sacra Canonicis എന്ന തിരുവെഴുത്തിലൂടെ കത്തോലിക്കാ സഭ ആദ്യ കാലം മുതൽ അംഗീകരിച്ചു വന്ന 73 പുസ്തകങ്ങളുടെ ആധികാരികത അടിവരയിട്ടുറപ്പിച്ചു.
ബൈബിൾ സൂക്ഷിച്ചതും അതിനെ പുതിയ നിയമമെന്നും പഴയ നിയമമെന്നും രണ്ട് ഭാഗമായി തിരിച്ചതും പുതിയ നിയമത്തിലെ 27 ഗ്രന്ഥങ്ങളുടെ കാനോനികത ഉറപ്പിച്ചതും പുസ്തകങ്ങൾക്ക് അദ്ധ്യായങ്ങൾ തിരിച്ചതും വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയതും അച്ചടിക്കാൻ സഹായിച്ചതും കത്തോലിക്കാ സഭയാണ്.
കടപ്പാട് : ഫാ. സിബി പൂവത്തുംതറയിൽ
ബൈബിൾ കമ്മീഷൻ സെക്രട്ടറി,മലങ്കര സുറിയാനി കത്തോലിക്കാ സഭ
ചിത്രം...
എൻ്റെ...പ്രാർഥനക്ക് ഒരിടം...
അവിടെയാണല്ലോ... നിൻ്റെ വചനത്തിനുള്ള പാർപ്പിടം.
Tags:
ബൈബിൾ