28-07-2020
യോഹന്നാൻ 12:20-26
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ....
ആദ്യം തന്നെ ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വി. അൽഫോൻസാമ്മയുടെ തിരുനാൾ മംഗളങ്ങൾ ഏറെ സ്നേഹത്തോടെ ഏവർക്കും നേരുന്നു.
വിശുദ്ധ യോഹന്നാൻ അറിയിച്ച സുവിശേഷം പന്ത്രണ്ടാം അദ്ധ്യായം 20 മുതൽ 26 വരെയുള്ള വാക്യങ്ങളാണ് നാളത്തെ നമ്മുടെ ധ്യാന വിചിന്തന വിഷയം.
ഈ വചന ഭാഗത്തിന്റെ പശ്ചാത്തലം പെസഹാത്തിരുനാളാണ്. പലസ്തീനായ്ക്ക് പുറത്തു നിന്നു വന്ന ഏതാനും ഗ്രീക്കുകാർ ഈശോയെ കാണാൻ വരുന്നതാണ് ഇവിടുത്തെ പ്രമേയം. എന്നാൽ യഥാർത്ഥത്തിൽ അവർ ഈശോയെ കണ്ടുവെന്നോ അവർ തമ്മിൽ എന്താണ് സംസാരിച്ചതെന്നോ സുവിശേഷകൻ ഇവിടെ പറയുന്നില്ല.
സുവിശേഷകനെ സംബന്ധിച്ചിടത്തോളം ഈശോയെ കാണാൻ വന്ന ഗ്രീക്കുകാർ ഗ്രീക്ക് ലോകത്തെയും, മുഴുവൻ വിജാതീയലോകത്തെയും പ്രതിനിധീകരിക്കുന്നു. വിജാതിയർ ഈശോയെ തേടുന്നത് ഈശോയുടെ സാർവലൗകിക വിജയത്തിന്റെ പൂർത്തീകരണമാണ് ഇതുതന്നെയാണ് ഫരിസേയർ ഭയപ്പെട്ടതും. ദൈവം നിശ്ചയിച്ച സമയത്തിന്റെ ആഗമനം വിജാതിയർ യേശുവിനെ സമീപിച്ച സമയവുമായി താദാത്മ്യപെടുത്തിയിരിക്കുന്നു. സ്വന്തക്കാർ ഈശോയെ തിരസ്കരിച്ചു വിജാതിയർ ഈശോയെ സ്വീകരിച്ചു. സ്വന്തക്കാരുടെ തിരസ്കരണം ഈശോയുടെ മരണത്തിൽ കലാശിക്കും എന്നാൽ മരണമല്ല അന്ത്യം. ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നത് അന്ത്യമല്ല. പുതു ജീവന്റെ ആരംഭമാണ്, അതുപോലെയായിരിക്കും ഈശോയുടെ മരണവും.
23 മുതൽ 26 വരെയുള്ള വാക്യങ്ങളിൽ ഈശോ നൽകിയ മറുപടിയായി സുവിശേഷകൻ അവതരിപ്പിച്ചിരിക്കുന്നത് സ്വയം ശൂന്യവൽകരണത്തിന്റെ ദൈവശാസ്ത്രമാണ്.
ഈശോ തന്റെ കുരിശുമരണത്തെയും ഉത്ഥാനത്തെയും ഒരു ഗോതമ്പുമണി മണ്ണിൽ വീണ് അഴുകി, ധാരാളം ഫലം പുറപ്പെടുവിക്കുന്ന പുതിയ ഗോതമ്പ് ചെടിയായി രൂപം പ്രാപിക്കുന്നതിനോടാണ് ഉപമിക്കുന്നത്. യേശുവിന്റെ മരണത്തിനും ഉയിർപ്പിനും ശേഷം പരിശുദ്ധാത്മാവിനാൽ നിറഞ്ഞപ്പോഴാണ് അതുവരെ ഭയചകിതരായിരുന്ന ശിഷ്യന്മാർ സ്വയം അഴുകുവാനും ലോകമെമ്പാടും സുവിശേഷം എത്തിക്കുന്നതിനായി യാത്രയായതും. നമ്മുടെ ജീവിതത്തിലും പരിശുദ്ധാത്മാവിനെ സ്വീകരിച്ചു കഴിയുമ്പോൾ ലോകമെമ്പാടും ഏതു പ്രതികൂലസാഹചര്യങ്ങളിലും സുവിശേഷം അറിയിക്കുവാൻ നാമും തയ്യാറാകണം.
ശിഷ്യന്മാർ അഴുകിവീണപ്പോൾ അവരിൽനിന്നും രൂപമെടുത്ത ഒട്ടനേകം പ്രേക്ഷിതരിലൂടെയാണ് ഇന്ന് ലോകത്തിലങ്ങോളമിങ്ങോളം ക്രിസ്തുവിന്റെ സുവിശേഷം പ്രഘോഷിക്കപ്പെടുന്നത്. അന്ന് ഗ്രീക്കുകാർ യേശുവിനെ തേടി ശിഷ്യരുടെ അടുത്ത് ചെന്നതുപോലെ ഇന്നു നമ്മെയും ഒട്ടേറെപ്പേർ സമീപിക്കുന്നുണ്ട്. എന്നാൽ യേശു എവിടെയാണെന്നറിഞ്ഞ് അവിടുത്തെ അന്വേഷിക്കുന്നവർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാൻ നമുക്കാവുന്നുണ്ടോ?
യേശുവിൽ ഒരു നവജീവിതാനുഭവം ലഭിക്കുമ്പോൾ മാത്രമേ നമുക്ക് മറ്റുള്ളവരെ യേശുവിലേക്ക് ആനയിക്കാനാവുകയുള്ളൂ.
ഒരു ഗോതമ്പുമണി അഴുകുന്നതിനു ഏറ്റവും വലിയ തടസ്സം അതിന്റെ പരുക്കനായ പുറംതോട് തന്നെയാണ്. ഇതുപോലെത്തന്നെ, വെറുപ്പും വിദ്വേഷവും അഹങ്കാരവും പാപാസക്തികളും നിറഞ്ഞ ഒരു പുറംതോട് നമുക്കെല്ലാവർക്കുമുണ്ട്. ഈ പുറന്തോടിനുള്ളിൽ നിർജ്ജീവമായി കഴിയുന്ന നമ്മെ അതു പൊട്ടിച്ചു മണ്ണിലഴിയാൻ പ്രാപ്തമാക്കുന്നത് പരിശുദ്ധാത്മാവാണ്. പലപ്പോഴും ജീവിതത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും അപമാനങ്ങളും വേദനകളുമൊക്കെ ഈ പുറംതോട് പൊട്ടിക്കുന്നതിനു ഉപയുക്തമായി ഭവിക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ആത്മാവിന്റെ പ്രചോദനത്തോട് മറു തലിക്കാൻ ഇടയായിട്ടുണ്ടോ എന്ന് നമുക്ക് ചിന്തിക്കാം "അവമാനത്തിൽ വിതയ്ക്കപ്പെടുന്നു; മഹിമയിൽ ഉയിർപ്പിക്കപ്പെടുന്നു. ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു; ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു." (1 കോറിന്തോസ് 15:43) എന്ന് പൗലോസ് അപ്പസ്തോലനും നമ്മെ ഓർമ്മിപ്പിക്കുന്നു.
പരിധിയില്ലാത്ത സ്നേഹവും പരാതിയില്ലാത്ത സഹനവും വഴി ലോകദൃഷ്ടിയിൽ അധികമാരും അറിഞ്ഞിട്ടില്ലാത്ത അൽഫോൻസാമ്മയെ ദൈവം വിശുദ്ധ സോപാന ത്തിലേക്ക് ഉയർത്തി. അൽഫോൻസാമ്മയെ പോലെ പരിധിയില്ലാതെ സ്നേഹിക്കാനും പരാതിയില്ലാതെ സഹിക്കാനും നമുക്ക് സാധിക്കണം. ഈ തിരുനാൾ ദിനത്തിൽ അൽഫോൻസാമ്മ നമുക്ക് നൽകുന്ന സന്ദേശവും ഇതുതന്നെയാണ്.
ദൈവാത്മാവാൽ നിറഞ്ഞു ധാരാളം ഫലം പുറപ്പെടുവിക്കുന്ന ഒരു പുതിയ ഗോതമ്പുചെടിയായി ഉയിർത്തെഴുന്നേൽക്കുവാനുള്ള കൃപക്കായി നമുക്കും പ്രാർത്ഥിക്കാം. അതിന് സർവ്വേശ്വരൻ നമ്മെ സഹായിക്കട്ടെ.
ആമേൻ 🙏🙏🙏
Bro. Delbin Kureekattil
Eparchy of Kothamamglam