ധന്യൻ മാർ തോമസ് കുര്യാളശ്ശേരി
വൈദികപഠനത്തിനായി റോമിലേക്ക് അയയ്ക്കപ്പെട്ട തോമാച്ചന് 1899 മേയ് 27നു പൌരോഹിത്യം സ്വീകരിച്ച് അഭിഷിക്തനായി നാട്ടില്‍ തിരിച്ചെത്തി. ചങ്ങനാശേരി എസ്ബി കോളജിന്റെ വൈസ് റെക്ടര്‍, വിവിധ ഇടവകകളില്‍ വികാരി എന്നീ നിലകളില്‍ അജപാലനദൌത്യം നിറവേറ്റി. 1911-ല്‍ ചങ്ങനാശേരി മിസത്തിന്റെ വികാരി അപ്പസ്തോലിക്ക ആയും തുടര്‍ന്നു മെത്രാനായും ഉയര്‍ത്തപ്പെട്ടു. ക്രിസ്തുവില്‍ എല്ലാം നവീകരിക്കുക എന്ന ആപ്തവാക്യം ജീവിതാദര്‍ശമായി സ്വീകരിച്ചുകൊണ്ട് അദ്ദേഹം രൂപതയുടെ ഇടയദൌത്യം ഏറ്റെടുത്തു.
പൌരോഹിത്യജീവിതത്തില്‍ 25ഉം മെത്രാന്ശുശ്രൂഷയില് 13ഉം വര്‍ഷങ്ങള്‍ പിന്നിട്ട മാര്‍ തോമസ് കുര്യാളശേരി റോമില്‍വച്ചു ദിവംഗതനായി. അദ്ദേഹത്തിന്റെ ഭൌതികാവശിഷ്ടങ്ങള്‍ ചങ്ങനാശേരി കത്തീഡ്രലില്‍ കൊണ്ടുവന്നു സംസ്കരിച്ചു. ജീവിതകാലത്തുതന്നെ അനന്യസാധാരണമായി വിളങ്ങിയിരുന്ന അദ്ദേഹത്തിന്റെ ജീവിതവിശുദ്ധി അനുഭവിച്ചറിഞ്ഞ ഭക്തജനങ്ങള്‍ അന്നുമുതല്‍ മാര്‍ കുര്യാളശേരിയുടെ മധ്യസ്ഥതയിലൂടെ അനുഗ്രഹങ്ങള്‍ നേടാന്‍ ഉത്സുകരാണ്.
ദൈവാശ്രയവും ദൈവസ്നേഹത്തില്നിന്നുയിര്ക്കൊണ്ട സഹോദരസ്നേഹവുംകൊണ്ട് ജീവിതത്തിലാകമാനം നിറഞ്ഞുനിന്ന നന്മയുടെ കിരണങ്ങള്‍ മഹത്തരമായ പലതും ചെയ്യാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. ഈ പുണ്യാത്മാവിനെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്താനുള്ള നാമകരണ നടപടികള്‍ 1983 ഡിസംബര്‍ 12ന് ഔദ്യോഗികമായി ആരംഭിച്ചു. 1985 ജനുവരി 25നു ദൈവദാസന് പദവിയിലേക്കും 2011 ഏപ്രില്‍ രണ്ടിനു ധന്യന്പദവിയിലേക്കും ഉയര്‍ത്തപ്പെട്ടു.
ദിവ്യകാരുണ്യത്തിന്റെ ഉപാസകന്
ചെറുതാകലിന്റെയും എളിമയുടെയും പാഠം മനുഷ്യകുലത്തെ പഠിപ്പിച്ച ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ കൂപ്പുകരങ്ങളോടെ, ധ്യാനനിര്ലീനനായി മണിക്കൂറുകള്‍ ചെലവഴിക്കുന്നതില്‍ ആനന്ദം കണ്െടത്തിയ വിശുദ്ധ കുര്‍ബാനയുടെ ഉപാസകനായിരുന്നു മാര്‍ തോമസ് കുര്യാളശേരി. സങ്കീര്ണപ്രശ്നങ്ങള്ക്കു മുമ്പില്‍ ഉത്തരം കണ്െടത്താനാകാതെ പകച്ചുനില്ക്കുമ്പോള് ഉത്തരവും ആശ്രയവുമായി വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തു തനിക്കായി കാത്തിരിക്കുന്നുവെന്ന യാഥാര്‍ഥ്യം ദിവ്യകാരുണ്യത്തോടുളള ഭക്തിയായി ജനഹൃദയങ്ങളില്‍ വളര്‍ത്താന്‍ ആരാധനാസഖ്യം എന്ന ഭക്തസംഘടനയ്ക്ക് അദ്ദേഹം രൂപംകൊടുത്തു. ഇന്ന് അനുഗ്രഹസ്രോതസായി നിലകൊളളുന്ന 13 മണി ആരാധന, നേര്ച്ചആരാധനയായി നടത്തുന്ന നിത്യാരാധന, വിശുദ്ധകുര്‍ബാനയും വഹിച്ചുകൊണ്ടുളള പ്രദക്ഷിണം എന്നീ ഭക്തകൃത്യങ്ങള്ക്കു കേരളസഭയില്‍ തുടക്കംകുറിച്ചതും 40 മണി ആരാധന പ്രചരിപ്പിച്ചതും ദിവ്യകാരുണ്യഭക്തനായ മാര്‍ കുര്യാളശേരിയാണ്.
ഹൃദയത്തില്‍ നിറഞ്ഞുനിന്ന ദിവ്യകാരുണ്യഭക്തി വിവിധ സ്രോതസുകളിലൂടെ ദൈവജനത്തിലേക്ക് ഒഴുകിയിറങ്ങിയപ്പോള്‍ അതു 'ദിവ്യകാരുണ്യത്തിന്റെ മെത്രാന്' എന്ന അപരനാമം അദ്ദേഹത്തിനു നേടിക്കൊടുത്തു. തന്റെ ജീവിതശേഷവും ദിവ്യകാരുണ്യഭക്തി ലോകാതിര്‍ത്തിവരെ എത്തിക്കാന്‍ ഒരുഗണം കന്യകമാര്‍ ഉണ്ടാകണമെന്നും, അവര്‍ ഭൂമിയില്‍ മാലാഖമാരെപ്പോലെ പരിശുദ്ധ കുര്‍ബാനയെ സ്തുതിച്ചു മഹത്വപ്പെടുത്തണമെന്നും ലോകപാപങ്ങള്‍ക്കു പരിഹാരമായി ഇവരുടെ ജീവിതങ്ങള്‍ സുരഭിലകാഴ്ചയും ബലിയുമായി ഉയര്ത്തപ്പെടുത്തണമെന്നുമുളള അദമ്യമായ ആഗ്രഹമാണു വിശുദ്ധ കുര്‍ബാനയുടെ ആരാധകരായ സന്യാസിനികള്‍ എന്ന സന്യാസസഭയുടെ സ്ഥാപനത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഇന്ന് ഈ സന്യാസിനീസമൂഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിവ്യകാരുണ്യഭക്തി പ്രചരിപ്പിച്ചു തങ്ങളുടെ വത്സലതാതന്റെ ആഗ്രഹം സാക്ഷാത്കരിച്ചുകൊണ്ടിരിക്കു ന്നു.
ഏതൊരു മതത്തിന്റെയും ആന്തരികസത്ത ദൈവസ്നേഹത്തില്നിന്നുയിര്ക്കൊള്ളുന്ന സമുദായസേവനമാണെന്നു തിരിച്ചറിഞ്ഞ ഈ കര്‍മയോഗി നിശ്ചയദാര്‍ഢ്യവും സഹോദരസ്നേഹവും കൈമുതലാക്കി കാരുണ്യപ്രവൃത്തികളിലൂടെ സാമൂഹ്യതലത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ ഒരു മനുഷ്യസ്നേഹി കൂടിയാണ്. കാരുണ്യത്തിന്റെ ആള്‍രൂപമായി ചെറ്റക്കുടിലുകളിലേക്കും ദീനരുടെയും അവശരുടെയും അടുക്കലേക്കും അദ്ദേഹം കടന്നുചെന്നു. കുഷ്ഠം, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ താണ്ഡവമാടുന്ന മണ്കൂരകളിലെ കിടക്കകള്ക്കരികെ ചുണ്ടില്‍ പ്രാര്‍ഥനാമന്ത്രങ്ങളുമായി കടന്നുചെന്ന ഈ ദീനദയാലുവിന്റെ സാന്നിധ്യം അവരില്‍ പലര്‍ക്കും വലിയ സാന്ത്വനമായി അനുഭവപ്പെട്ടു.
സമുദായോദ്ധാരകന്‍
കേരളത്തില്‍ നിലനിന്നിരുന്ന ജാതിസ്പര്‍ധയുടെയും ഉച്ചനീചത്വങ്ങളുടെയും മതില്‍ക്കെട്ടുകള്‍ തകര്‍ത്തു സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹസ്ഫുലിംഗങ്ങള് സൃഷ്ടിച്ച ഒരു സമുദായപരിഷ്കര്ത്താവായിരുന്നു അദ്ദേഹം. അധഃസ്ഥിതരുടെ ആവശ്യങ്ങളിലും അവശതകളിലും കാരുണ്യത്തിന്റെയും സഹായത്തിന്റെയും തൂവല്‍സ്പര്‍ശവുമായി ഈ വത്സലതാതന്‍ ഓടിയെത്തി.
കുടുംബബന്ധങ്ങളെ ശിഥിലമാക്കുകയും സാമ്പത്തികാധഃപതനത്തിനു വഴിതെളിക്കുകയും ചെയ്യുന്ന മദ്യപാനമെന്ന സാമൂഹ്യതിന്മയ്ക്കെതിരേ കേരളത്തില്‍ ആദ്യമായി ധര്‍മയുദ്ധം പ്രഖ്യാപിച്ച ധീരയോദ്ധാവ് എന്ന വിശേഷണത്തിനര്ഹനാണു മാര്‍ കുര്യാളശേരി.
മദ്യപാനത്തിനെതിരേ ഇടയലേഖനങ്ങളിലൂടെ അതിശക്തമായ ഭാഷയില്‍ അദ്ദേഹം ശബ്ദമുയര്‍ത്തി. മദ്യസേവ വരുത്തുന്ന അനര്‍ഥങ്ങള്‍, അതിനെ തടയാന്‍ ഗവണ്മെന്റ് സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍, മദ്യനിരോധനംകൊണ്ടു നാട്ടിലുളവാകുന്ന സത്ഫലങ്ങള്‍ എന്നിവ വിശദമായി പ്രതിപാദിച്ചു തിരുവിതാംകൂര്‍ പ്രജാസഭയ്ക്ക് അദ്ദേഹം കത്തെഴുതി.
വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം മാനവപുരോഗതിയുടെ ഉദയമാണെന്നും ഹൃദയത്തില്‍നിന്ന് അജ്ഞാനമാകുന്ന അന്ധകാരമകറ്റാന്‍ വിജ്ഞാനവെളിച്ചം കടന്നുവരണമെന്നും ബോധ്യമുണ്ടായിരുന്ന ഈ ആത്മീയാചാര്യന് ജാതി-മത ചിന്ത കൂടാതെയും കുചേല-കുബേര ഭേദമന്യേയും എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിനു സാഹചര്യമൊരുക്കി. സ്ത്രീകള്‍ക്ക് എഴുത്തും വായനയും നിഷേധിക്കപ്പെട്ടിരുന്ന അക്കാലത്തു സ്ത്രീവിദ്യാഭ്യാസത്തിനായി അദ്ദേഹം ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു. സമുദായത്തിന്റെ ശക്തികേന്ദ്രമായ സ്ത്രീയെ വിദ്യാസമ്പന്നയാക്കുന്നതിലൂടെ ഒരു കുടുംബത്തെ മാത്രമല്ല, ഒരു ദേശത്തെ മുഴുവന്‍ ഉദ്ധരിക്കാന്‍ സാധിക്കുമെന്ന് ഈ ക്രാന്തദര്‍ശി മനസിലാക്കി. സ്ത്രീവിദ്യാഭ്യാസത്തിനു നൂതനവഴികള്‍ തുറന്നു. അദ്ദേഹം സ്ഥാപിച്ച ആരാധനാ സന്യാസിനീസമൂഹത്തിന്റെ നിയമാവലിയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു. അവരുടെ പ്രധാന പ്രേഷിതരംഗമായി വിദ്യാഭ്യാസത്തെ നിശ്ചയിച്ചു കൊടുത്തതും സമുദായനവീകരണത്തിനു കൂടുതല്‍ കരുത്തും ആവേശവും പകര്‍ന്നു. ആധുനികസമൂഹം സ്ത്രീശാക്തീകരണത്തിനു പ്രാധാന്യം കൊടുക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മാര്‍ കുര്യാളശേരി ഈ രംഗത്തു കാണിച്ച ധീരത നമ്മെ വിസ്മയിപ്പിക്കുകതന്നെ ചെയ്യും.
1925 ജൂണ്‍ രണ്ടിനു കാലയവനികയില്‍ മറഞ്ഞെങ്കിലും ഈ പുണ്യതാതന്റെ മാധ്യസ്ഥ്യതയിലൂടെ ദൈവജനം ധാരാളം അനുഗ്രഹങ്ങള്‍ പ്രാപിച്ചുകൊണ്ടിരിക്കുന്നു. ധന്യപദവിയില്‍ എത്തിനില്‍ക്കുന്ന ഈ വന്ദ്യപിതാവ് എത്രയും വേഗം വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ പ്രാര്‍ഥിക്കാം.
(ആരാധനാ സന്യാസിനീ സഭയുടെ തലശേരി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍)