*മരിയഭക്തി അർത്ഥവത്താകുന്നത് പ്രധാനമായും അഞ്ചു കാരണങ്ങളാലാണ്*
*ഒന്നാമതായി;* പരിശുദ്ധ മറിയം ഈശോയുടെ അമ്മയാണ്. വചനം മാംസംധരിച്ച് ദൈവം മനുഷ്യനായി അവതരിക്കുന്നതിന്, പരിശുദ്ധ അമ്മയുടെ "അതെ" എന്ന 'പൂർണ്ണ സമ്മതം നൽകൽ' കാരണമായി. ദൈവഹിതത്തിന് സ്വയം നൽകുവാൻ തയ്യാറായി.
*രണ്ടാമതായി;* പരിശുദ്ധ മറിയമായിരുന്നു യേശുവിന്റെ ആദ്യത്തെ ശിഷ്യ. മറിയമായിരുന്നു ആദ്യം സുവിശേഷം കേട്ടതും, ക്രിസ്തുവിനെ അനുഗമിച്ചതും. അവളുടെ ജീവിതകാലം മുഴുവൻ ക്രിസ്തുവിനുവേണ്ടി സമർപ്പിക്കുകയും, തന്നാൽ കഴിയുന്ന വിധത്തിലെല്ലാം ക്രിസ്തുവിന്റെ ദൗത്യം നിർവഹിക്കാൻ സഹായിക്കുകയും ചെയ്തു.
*മൂന്നാമതായി;* പരിശുദ്ധ മറിയം നമ്മുടെ അമ്മയാണ്. എന്തെന്നാൽ നമ്മൾ ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളാണ്. മാതാവ് മംഗളവാർത്താ സമയത്ത് നൽകിയ സമ്മതം മുതൽ ദൈവകൃപയാൽ അവൾ നമ്മുടെയും അമ്മയാണ്.
*നാലാമതായി;* പരിശുദ്ധ മറിയം നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറം, നമ്മെ സ്നേഹിക്കുന്നു. അല്ലായിരുന്നുവെങ്കിൽ, അവൾക്ക് ഒരിക്കലും ക്രിസ്തു സഹിച്ച പീഡകൾക്ക് സാക്ഷിയാകേണ്ടി വരില്ലായിരുന്നു, അത്രയും ഹൃദയ വേദനയോടെ ജീവിക്കേണ്ടി വരില്ലായിരുന്നു. അവൾക്ക് അറിയാമായിരുന്നു, കാൽവരിയിലെ മരണത്തിലൂടെ, മനുഷ്യകുലത്തിന് രക്ഷകൈവരുമെന്ന്. അങ്ങനെ ഭൂമിയിലെ ഏതൊരമ്മയെക്കാളും, പരിശുദ്ധ അമ്മ നമ്മെ സ്നേഹിക്കുന്നു.
*അഞ്ചാമതായി;* പരിശുദ്ധ മറിയം അഭിഭാഷകയാണ്, സഹായിയാണ്, അഭ്യുദയകാംഷിയാണ്, മധ്യസ്ഥയാണ്. അതിനാൽ, യേശുവിനെ ഗർഭപാത്രത്തിൽ സ്വീകരിച്ചതുമുതൽ, ഇന്നും നമുക്കുവേണ്ടി സംസാരിക്കുന്നു... അത് ലോകാവസാനംവരെയും തുടർന്നുകൊണ്ടേയിരിക്കും. ഇക്കാരണങ്ങളാൽ പരിശുദ്ധ മറിയത്തിന് നാം നന്ദിയർപ്പിക്കുയുകയും, വണങ്ങുകയും, ആദരിക്കുകയും ചെയ്യേണ്ടതായുണ്ട്. മെയ് മാസം മാത്രമല്ല എല്ലാ ദിവസവും.
മഹാമാരിയുടെ പ്രതിസന്ധിയില് അമ്മയോട് ചേർന്നു നിന്ന്... മാതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാം:
ഈ മഹാമാരിയുടെ കാലഘട്ടത്തിൽ മാതാവിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ സാധിക്കുന്നത് സ്വഭവനങ്ങളിൽ, കുടുംബമൊന്നിച്ച് ജപമാല പ്രാർത്ഥന ചൊല്ലിക്കൊണ്ടാണ്. ഓരോ ജപമാല പ്രാർത്ഥന അർപ്പിക്കുമ്പോഴും, പരിശുദ്ധ മറിയത്തിന്റെ കിരീടത്തിൽ നാം ഒരു റോസാപ്പൂവ് സമർപ്പിക്കുന്നു, എന്നാണ് പറയപ്പെടുക.
കൂടാതെ, പരിശുദ്ധ പിതാവ് നൽകിയിട്ടുള്ള രണ്ട് പ്രാർത്ഥനകൾ കൂടി ചൊല്ലുമ്പോഴാണ് ജപമാല പൂർണ്ണമാകുന്നത്. പാപ്പാ പറയുന്നു: *ദൈവജനം കന്യകാമറിയത്തോടുള്ള സ്നേഹവും ഭക്തിയും വളരെ കൂടുതലായി, വളരെ പ്രത്യേകതകളോടെ പ്രകടിപ്പിക്കുകയും, പകർച്ചവ്യാധിയുടെ ഈ കാലത്ത് ചൊല്ലുന്ന ജപമാല പ്രാർത്ഥനകളിൽ പരിശുദ്ധ അമ്മയുടെ ഹൃദയഭാവത്തോടുകൂടി ക്രിസ്തുവിന്റെ മുഖം നാം ധ്യാനിക്കുകയാണെങ്കിൽ, അത് നമ്മെ കൂടുതൽ അവിടുന്നുമായി ഐക്യപ്പെടുത്തുകയും, ഇന്നത്തെ പരീക്ഷണങ്ങളെ അതിജീവിക്കാൻ സഹായിക്കുകയും ചെയ്യും'.*
നമുക്കും അമ്മയോടു ചേർന്ന് നിൽക്കാം .... ആ കരം പിടിക്കാം ...... പ്രാർത്ഥിക്കാം .... *ഓ മറിയമേ ഞാൻ പൂർണ്ണമായും അമ്മയുടേതാണ്.*