രക്തസാക്ഷിയായ വി. ജസ്റ്റിൻ, ജൂണ്‍ 1
സമുന്നത സുകൃതങ്ങളാലും അഗാധവിജ്ഞാനത്താലും തിരുസ്സഭയെ അലങ്കരിച്ച ഒരു രക്തസാക്ഷിയാണു വി. ജസ്റ്റിന്.
രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ സിക്കെം എന്ന പ്രദേശത്ത് ഒരു സമരിറ്റന്‍ കുടുംബത്തില്‍ അദ്ദേഹം ജനിച്ചു. പ്ലേറ്റോ മുതലുള്ള തത്ത്വശാസ്ത്രജ്ഞന്മാരുടെ ഗ്രന്ഥങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം പഠിച്ചിട്ടും സ്രഷ്ടാവിനെപ്പറ്റി ഒന്നും ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു ദിവ്യന്റെ നിര്‍ദ്ദേശപ്രകാരം പ്രാര്‍ത്ഥനാപൂര്‍വ്വം അദ്ദേഹം വിശുദ്ധഗ്രന്ഥം വായിക്കാന്‍ തുടങ്ങി. 133-ല്‍ മുപ്പതാമത്തെ വയസ്സില്‍ ജസ്റ്റിന് ജ്ഞാനസ്നാനം സ്വീകരിച്ചു. രക്തസാക്ഷികളുടെ മാതൃകയാണു ജസ്റ്റിനെ മാനസാന്തരപ്പെടുത്തിയത്. തനിക്ക് ലഭിച്ച വരം അപരര്‍ക്കും ലഭിക്കണമെന്നു കരുതി അദ്ദേഹം റോമയില്‍ പോയി ക്രിസ്തുമതം പഠിപ്പിച്ചു. അവിടെവച്ചു വിശ്വാസത്തിനുള്ള നീതീകരണമായ ഒരു ഗ്രന്ഥമെഴുതി റോമന്‍ ചക്രവര്‍ത്തി അന്റൊണിനൂസിനും റോമന്‍ സെനറ്റിനും സമര്‍പ്പിച്ചു.
ക്രിസ്ത്യാനികള്‍ തങ്ങളുടെ രഹസ്യയോഗങ്ങളില്‍ ശിശുക്കളെ കൊന്നു തിന്നുകയാണെന്നു വിജാതീയരുടെ ഇടയില്‍ ഒരു തെറ്റിദ്ധാരണയുണ്ടായി. വി. കുര്‍ബാനയുടെ സ്വഭാവം ഗ്രഹിക്കാതെ ഉണ്ടായ ഒരു പ്രചരണമാണ് ഇത്. ഒരു വൈദികന് അപ്പവും വീഞ്ഞുമെടുത്തു നിശ്ചിത പ്രാര്‍ത്ഥനകള്‍ ചൊല്ലി ജനങ്ങള്‍ക്കു ഭാഗിച്ചുകൊടുക്കുന്ന ഭക്ഷണം ദിവ്യവചസ്സുകളുടെ ശക്തിയാല്‍ അവതീര്‍ണ്ണനായ വചനത്തിന്റെ മാംസവും രക്തവുമായിത്തീരുന്നുവെന്നു ജസ്റ്റിന് തന്റെ രണ്ടാമത്തെ വിശ്വാസ നീതീകരണ ഗ്രന്ഥത്തില്‍ (Apologia) വിവരിച്ചു.