പരിശുദ്ധ കന്യാമറിയത്തിന്റെ സന്ദർശനത്തിരുനാൾ
May 31
പരിശുദ്ധ കന്യകാമറിയം തന്റെ ചാർച്ചകാരിയായഏലീശ്വാ എന്നറിയപ്പെടുന്ന വൃദ്ധയായ എലിസബത്ത് ദൈവാനുഗ്രഹത്താൽ ഗർഭിണിയാണെന്ന സന്തോഷ വിവരം മംഗളവാർത്ത അറിയിച്ച ഗബ്രിയേൽ ദൂതൻ വഴി അറിഞ്ഞ് പരിശുദ്ധ മറിയം, ഏലീശ്വായുടെ ഭവനത്തിൽ തിടുക്കത്തിൽ ഓടിച്ചെന്ന് സന്ദർശിച്ച് ശുശ്രൂഷിച്ചതിന്റെ സ്മരണയാണ് സന്ദർശന തിരുനാൾ .
ദൈവം നമുക്ക് നൽകിയിരിക്കുന്ന അനുഗ്രഹങ്ങളും കൃപകളും മറ്റുള്ളവരുടെ നന്മയ്ക്കും ക്ഷേമത്തിനുമായി വിനിയോഗിക്കുക എന്ന ഉന്നത സന്ദേശമാണ് സന്ദർശന തിരുനാൾ നമുക്ക് നൽകുന്നത്. ദൈവമാതാവായ പരിശുദ്ധ മറിയത്തെപ്പോലെ മനുഷ്യരുടെ ആവിശ്യ സമയത്ത് അവരെ സഹായിക്കുവാനുള്ള മാർഗ്ഗദർശനം ഈ തിരുനാൾ വിശ്വാസി സമൂഹത്തിന് നൽകുന്നു.
പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് പരിശുദ്ധ കന്യകാമറിയം ദൈവപുത്രനെ പ്രസവിക്കും എന്ന മംഗളവാർത്ത അറിയിച്ച ഗബ്രിയേൽ മാലാഖ മറിയത്തിന്റെ കുടുംബത്തിൽപ്പെട്ട വന്ധ്യയെന്നറിയപ്പെട്ടിരുന്ന ഏലിശ്വായ്ക്ക് ആറാം മാസമാണെന്നും ദൈവത്തിന് ഒന്നും അസാധ്യമല്ലെന്നും പരിശുദ്ധ അമ്മയെ അറിയിച്ചു. അപ്പോൾ മറിയം ഇപ്രകാരം പറഞ്ഞു:” ഇതാ കർത്താവിന്റെ ദാസി .നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!” (ലൂക്ക 1:38 ). തുടർന്ന് സ്നാപക യോഹന്നാനെ ഗർഭം ധരിച്ചിരിക്കുന്ന സക്കറിയായുടെ ഭാര്യയായ ഏലീശ്വായെ സന്ദർശിക്കുവാൻ യുദയായിൽ അവർ വസിച്ചിരുന്ന പട്ടണത്തിലേക്ക് തിടുക്കത്തിൽ മറിയം യാത്ര പുറപ്പെട്ടു. ഇളയമ്മയായ ഏലീശ്വായെ ശുശ്രൂഷിക്കാൻ തന്റെ ഉദരത്തിൽ വഹിക്കുന്ന യേശുവുമായാണ് മറിയം അവിടെയെത്തിയത്. ഏലീശ്വാ മറിയത്തെ ഭവനത്തിലേക്ക് സന്തോഷത്തോടെ സ്വീകരിച്ചു. മറിയം ഏലീശ്വായെ അഭിവാദനം ചെയ്തു. മറിയത്തിന്റെ അഭിവാദനം കേട്ട് ഏലീശ്വായുടെ ഉദരത്തിലെ ഗർഭസ്ഥ ശിശുവായ സ്നാപക യോഹന്നാൻ സന്തോഷത്താൽ കുതിച്ചു ച്ചാടി. പരിശുദ്ധാത്മാവാൽ നിറഞ്ഞ ഏലീശ്വാ ഇപ്രകാരം പ്രതിവചിച്ചു:” നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന് ? ഇതാ, നിന്റെ അഭിവാദന സ്വരം എന്റെ ചെവികളിൽ പതിച്ചപ്പോൾ ശിശു എന്റെ ഉദരത്തിൽ സന്തോഷത്തോടെ കുതിച്ചുച്ചാടി” (ലൂക്ക 1:45 ).
അപ്പോൾ മറിയം ഇപ്രകാരം പറഞ്ഞു. (മറിയത്തിന്റെ സ്തോത്ര ഗീതം) :” എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു. എന്റെ ചിത്തം രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടുത്തെ നാമം പരിശുദ്ധമാകുന്നു. അവിടുത്തെ ഭക്തരുടെ മേൽ തലമുറ തോറും അവിടുന്ന് കരുണ വർഷിക്കും. അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തിൽ അഹങ്കരിച്ചവരെ മറിച്ചിട്ടു. എളിയവരെ ഉയർത്തി. വിശക്കുന്നവരെ വിശിഷ്ട വിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി .സമ്പന്നരെ വെറും കൈയ്യോടെ പറഞ്ഞയച്ചു” (ലൂക്ക 1:46 – 53 ).
എലിസബത്തിനെ ശുശ്രൂഷിച്ചു കൊണ്ട് മൂന്ന് മാസക്കാലം മറിയം ആ പട്ടണത്തിൽ താമസിച്ചു. പരിശുദ്ധ മറിയവും ഏലീശ്വായും പരസ്പര സ്നേഹത്തിന്റെയും സേവനത്തിന്റെയും ശുശ്രൂഷയുടെയും സ്രോതസ്സായി മാറി. മറിയത്തിലുണ്ടായിരുന്ന സ്നേഹവും അനുകമ്പയും കരുണയും ദയയും ശുശ്രൂഷയുടെ ആ ദിവസങ്ങളിൽ ഏലീശ്വായിലേക്ക് ഒഴുകിയിരുന്നു. ജപമാലയിൽ സന്തോഷത്തിന്റെ രഹസ്യത്തിൽ രണ്ടാം ഭാഗത്താണ് നാം ഈ ഭാഗം ധ്യാനിക്കുന്നത്. ഏലീശ്വായെ ശുശ്രൂഷിക്കാൻ പരിശുദ്ധ അമ്മ കാണിച്ച തിടുക്കം വിശ്വാസി സമൂഹത്തെ അദ്ധ്യാത്മികമായ കൃപാവരങ്ങളിൽ നിറയാനുള്ള തിടുക്കത്തിലേക്ക് നയിക്കുന്നതാണ്. നമുക്ക് ലഭിക്കുന്ന വലിയ ദൈവാനുഗ്രഹങ്ങളും കൃപകളും മറ്റുള്ളവരുടെ സേവനത്തിനായി മാറ്റിവയ്ക്കുക എന്നതാണ് പരിശുദ്ധ അമ്മ നമുക്ക് നൽകുന്ന സന്ദേശം. മാതൃക ക്രൈസ്തവർ എന്ന നിലയിൽ സഹോദരങ്ങളുടെ നന്മയ്ക്കും നല്ലതിനുമായി ആഴത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. പരസ്നേഹ ശുശ്രൂഷയിൽ പൂരിതയായി തിടുക്കത്തിൽ തീക്ഷ്ണതയോടെ മലഞ്ചെരുവിലൂടെയും കുന്നുകൾ താണ്ടിയും പോകുവാൻ പരിശുദ്ധ മറിയത്തെ പ്രേരിപ്പിച്ചത് തന്റെ തിരു ഉദരത്തിൽ ഉൽഭവിച്ചിരുന്ന ക്രിസ്തു ആയിരുന്നു. വി. ബൊനവഞ്ചറിന്റെ മാർഗ്ഗദർശനത്താൽ ഫ്രാൻസിസ്ക്കൻ സന്ന്യാസിമാരാണ് തിരുസഭയിൽ ആദ്യമായി സന്ദർശന തിരുനാൾ അനുസ്മരിച്ചത്. ഇർബർ 6-ാമൻ പാപ്പാ 1389 ഏപ്രിൽ 6 – ന് ഈ തിരുനാൾ ആഗോള തിരുസഭയിൽ വ്യാപിപ്പിച്ചു. യേശുവും അവിടുത്തെ ദൈവമാതാവും തിരുസഭയെ സന്ദർശിച്ച് സഭാ വിശ്വാസത്തിന് എതിരായുള്ള പാഷാണ്ഡതകളിൽ നിന്ന് സത്യ സഭയെ സംരക്ഷിക്കും എന്ന ആഴമായ വിശ്വാസത്തിലാണ് ഉർബൻ ആറാമൻ പാപ്പാ സന്ദർശന തിരുനാൾ ആഗോള തലത്തിൽ പ്രഖ്യാപിച്ചത്. പോപ്പ് ക്ലെമന്റ് 8-ാമന്റെ സഭാ ഭരണത്തിന്റെ അവസാന ഘട്ടമായ 1604 ടെ ഈ തിരുനാൾ തിരുസഭയിലെ പ്രധാന തിരുനാളുകളിൽ ഒന്നായി പ്രഖ്യാപിച്ചു. ഈ തിരുനാൾ ആചരണത്തെ 1962-ൽ വി. ജോൺ 23-ാമൻ പാപ്പാ ഏറെ പ്രോത്സാഹിപ്പിച്ചു ജൂലൈ 2 – ന് ആചരിച്ചു കൊണ്ടിരുന്ന സന്ദർശന തിരുനാൾ സുവിശേഷങ്ങളിലെ സംഭവങ്ങളുടെ തുടർച്ച എന്ന നിലയിൽ ആകുവാൻ വേണ്ടി മാർച്ച് 25 – നുള്ള മംഗള വാർത്ത തിരുനാളിന്റെയും ജൂൺ 29-നുള്ള സ്നാപക യോഹന്നാന്റെ ജനന തിരുനാളിന്റെയും ഇടയ്ക്കുള്ള മെയ് 31-ന് അനുസ്മരിക്കുവാൻ വി.പോൾ ആറാമൻ പാപ്പാ കല്പിച്ചു.
സന്ദർശനപ്പള്ളി -‘ ചർച്ച് ഓഫ് വിസിറ്റേഷൻ’ എന്നറിയപ്പെടുന്ന സന്ദർശന പള്ളി ജറുസലേമിന് പടിഞ്ഞാറ് ഭാഗത്ത് 7 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. സ്നാപക യോഹന്നാന്റെ ജന്മസ്ഥലമായ ഈ പട്ടണം സമുദ്രനിരപ്പിൽ നിന്ന് 700 മീറ്റർ ഉയരത്തിലായി സ്ഥിതി ചെയ്യുന്നു. അയിം കരം, എൽ – കരിം – എന്നൊക്കെയാണ് ഈ സ്ഥലത്തിന്റെ പേര് പറയപ്പെടുന്നത്. ഈ വാക്കിന്റെ അർത്ഥം’ മുന്തിരിത്തോപ്പിലെ നീരുറവ’ എന്നാണ്. ഈ പ്രദേശം ‘ അബിയക്കൂറ’ എന്നും അറിയപ്പെടുന്നു. മറിയം എലിസബത്തിനെ സന്ദർശിച്ച് ശുശ്രൂഷ ചെയ്ത സ്ഥലത്തെ ‘ സന്ദർശന പള്ളി’ യുടെ ചുമതല നിർവ്വഹിക്കുന്നത് ഫ്രാൻസിസ്കൻ വൈദികരാണ്. സ്നാപകയോഹന്നാൻ ജനിച്ച യോഹന്നാന്റെ ഗുഹ ഈ ദേവാലയത്തിന്റെ താഴെയാണ്. അത് അവിടെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഈ ദേവാലയത്തിൽ നിന്ന് 2 കിലോമീറ്റർ അകലെയാണ് യോഹന്നാന്റെ മരുഭൂമി. യോഹന്നാന്റെ നാമത്തിലുള്ള ദേവാലയത്തിന് ഇവിടെ നിന്ന് ഒരു കിലോമീറ്റർ ദൂരമുണ്ട്. എലിസബത്ത് ഉപയോഗിച്ചിരുന്ന കിണർ ഒരു ചാപ്പലായി നിലനിർത്തിട്ടുണ്ട്. സുവിശേഷങ്ങളിൽ ഈ സ്ഥലത്തിന്റെ പേര് പറയുന്നില്ല. യൂദയായിലെ ഒരു പട്ടണം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വി.കുരിശ് കണ്ടെത്തിയ റോമിലെ ഹെലനാ രാജ്ഞി ഇവിടെയും ഒരു ദേവാലയം സ്ഥാപിച്ചു. പുരാതന പള്ളിയുടെ അവശിഷ്ടങ്ങൾ ഈ പ്രദേശത്ത് ഇന്നും കാണാം. പിന്നീട് സന്ദർശന പള്ളി സ്പെയിൽ രാജാവ് പുനർ നിർമ്മിച്ചു. മുഹമ്മദീയരുടെ പക്കലായിരുന്ന ഈ പുണ്യ ദേശം 1679-ൽ ഫ്രാൻസിസ്ക്കൻ സന്നാസിമാർ വിലയ്ക്ക് വാങ്ങി. ഇന്ന് കാണുന്ന ദേവാലയം 1955-ലാണ് പൂർത്തികരിച്ചത്. കുരിശു യുദ്ധക്കാർ ഈ നീരൊഴുക്കിനെ ‘ കന്യാമറിയത്തിന്റെ കിണർ’ എന്ന പേരിൽ വിളിച്ചതിനാൽ ഈ സ്ഥലം ആ പേരിലും അറിയപ്പെടുന്നു. മറിയം എലീശ്വായെ സന്ദർശിക്കുന്നതിന്റെയും ഏലീശ്വാ യോഹന്നാനെ ഹേറോദോസിന്റെ സൈന്യത്തിൽ നിന്ന് രക്ഷിക്കുന്നതിന്റെയും സഖരിയാ ദേവാലയത്തിൽ ധൂപാർപ്പണം നടത്തുന്നതിന്റെയും യേശുവിന് യോഹന്നാൻ ജ്ഞാനസ്നാനം നൽകുന്നതിന്റെയും അതിമനോഹരമായ ചിത്രങ്ങൾ ഈ ദേവാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ സ്തോത്ര ഗീതം 41 ഭാഷകളിലായി സദർശന പള്ളിയിൽ ആലേഖനം ചെയ്തിട്ടുണ്ട്
രതീഷ് ഭജന മഠം
ആലപ്പുഴ..