⏺Mar John Bosco Thottakkara CMI(Mar Punnoose Arkadiyakon/Mar Guru Yohend
🕊🕊🕊🕊🕊🕊🕊🕊
Death:2005 October 19
Tomb:Little Flower Monastery Church,Poonjar (Erattupetta,Kottayam)
Mar Guru Yohend(Fr.John Bosco CMI) founded an association called ‘Navajeevaparishad’ in 1957 but it took a few years to bear fruits.
The foundation was made through the influential lay leaders and scholars.
A periodical called “Nazrani” was published for a few years.
In 1965, a memorandum “Hendo: The Church of India” was sent to the second Vatican Council.
It had been described: “a bomb shell in the Council”.
The rest is history! But many do not know this courageous group which demanded all India jurisdiction for the Marthoma Nazranis and establishment of a Patriarch (or at least a Major Metropolita) of India.
The boundary of the Church was confined to a small corner of India in those days. The memorandum questioned the colonial legacy behind this.Heated discussions took place in the second Vatican Council, especially among cardinals from France and Germany.What is happening in India?, they asked.
The Decree on Oriental Churches added a few clauses on the basis of the discussions that followed the memorandum.
The commentators specify this in their footnotes.
The territory of the Church was extended beyond the borders of Kerala.
This process got started by the establishment of Chanda as an Eparchy.
Later on, eparchies were established throughout India, one in America – Canada and most recently one even in Australia - New Zealand.
A Major Archbishop was also enthroned when Guru Yohend was still alive. But who remembers that Guru Yohend was seriously condemned and punished for his role in formulating and forwarding the memorandum!
He pleaded for the Church and it was maligned and accused as anti-Christian.
Only an appeal to Rome and a commission of inquiry in the person of Fr. Placid saved Guru Yohend from excommunication and expulsion!
Once, Fr. Placid revealed a secret: when Chanda Eparchy was erected, he was asked: “Who should become the Bishop of Chanda?” His replay was prompt: “make a statue of Fr. John Bosco and erect it in Chanda and then you can consecrate anybody in front of that statue”.
The sufferings of such a great lover of our Church should not be forgotten.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
മാർ ഗുരു യോഹന്ദ് - കര്‍ത്താവിന്റെ വിശുദ്ധ ഭോഷന്
സിറോ മലബാർ സഭയുടെ ചരിത്രപുസ്തകത്താളുകളിൽ തങ്ക ലിപികളിൽ എഴുതിച്ചേർക്കപ്പെടേണ്ട പേരാണ് "ഗുരു യോഹന്ദ്" അഥവാ ഫാ. ജോണ്‍ ബോസ്കോ തോട്ടക്കര. അസാധാരണവും അപൂര്‍വ്വവുമായ ഒരു വ്യക്തിത്വമായിരുന്നു ബോസ്കോ അച്ചന്. കുരിശിന്റെ ഭോഷത്തം തന്റെ ജീവിതത്തില്‍ ഏറ്റു വാങ്ങിയ ഒരു വിശുദ്ധ സന്യാസ വൈദികന്. ലോകത്തിന്റെ ദൃഷ്ടിയില്; തന്റെ സന്യാസ സമൂഹത്തില്‍; അദ്ദേഹം ഒരു ഭോഷനായിത്തന്നെ ജീവിച്ചു – ഒരു വിശുദ്ധ ഭോഷന്.
മാർ ജോണ്‍ ബോസ്കോ തോട്ടക്കര സി.എം.ഐ. അച്ചന് തനിക്കിട്ട പേരാണ് ഗുരു യോഹന്ദ്. ഹൈസ്കൂള്‍ അധ്യാപകനാകാന്‍ വേണ്ട യോഗ്യത ഉണ്ടായിട്ടും ഒരിടത്തും കയറിപ്പറ്റാന്‍ അദ്ദേഹം ശ്രമിച്ചില്ല. ഏതെങ്കിലും സ്ഥാനമാനമോ പ്രത്യേക സൗകര്യങ്ങളോ വേണമെന്നു അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചില്ല. തന്റെ ജ്ഞാനംകൊണ്ടും കഴിവുകൊണ്ടും അദ്ദേഹം അത് അര്‍ഹിച്ചിരുന്നു. എങ്കിലും ലോകം ഭോഷത്തമെന്നു വിളിച്ചവയെ അദ്ദേഹം സ്വീകരിച്ചു. അങ്ങനെ തന്റെ സന്യാസ മരുഭൂമിയില്‍ അദ്ദേഹം ഒരു താപസനായി, മഹാത്യാഗിയായി തന്റെ ബലിയര്‍പ്പിച്ചു. ബൃഹത്തായ ഒരു പുസ്തക ശേഖരം അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യത്തിനും ഗവേഷണത്വരയ്ക്കും സാക്ഷ്യം നല്‍കിക്കൊണ്ട് അദ്ദേഹത്തെ ചുറ്റി നിന്നിരുന്നു. പ്ലാസിഡച്ചന് എന്ന മഹാവൃക്ഷത്തണലില്‍ വളര്‍ന്ന മറ്റൊരു വടവൃക്ഷമായിരുന്നു ബോസ്കോ അച്ചന്.
കാലത്തിന്റെ മാറ്റങ്ങള്‍ക്കൊന്നും ഇളക്കനാവാത്തവിധം സ്ഥിതപ്രജ്ഞന്. അധികാര മാറ്റമോ, ജീവിത സൗകര്യ വര്‍ദ്ധനവോ, സ്ഥലം മാറ്റങ്ങളോ, അഭ്യുദയകാംക്ഷികളുടെ കൂടുതല്‍ കുറവുകളോ, അവഹേളനങ്ങളോ - ഒന്നിനും അദ്ദേഹത്തിന്റെ ബോധ്യങ്ങളെയോ സന്യാസ തീക്ഷ്ണതയെയോ ഇളക്കനായില്ല. പൗരസ്ത്യ സുറിയാനി (കല്‍ദായ) സഭകളുടെ ചരിത്രനാള്വഴികളത്രയും അദ്ദേഹത്തിന് മനഃപാഠമായിരുന്നു. മാര്‍ത്തോമാ നസ്രാണി (സീറോ-മലബാര്‍) സഭയുടെ സ്പന്ദനങ്ങള്‍ തന്റെ ഹൃദയതുടിപ്പുകളായി കണ്ട അനന്യനായ സി.എം.ഐ. സന്യാസി. തന്റെ മാതൃസഭയുടെ കിതപ്പുകളും മുറിവുകളും വേദനയും കണ്ട് അടങ്ങിയിരിക്കുവാന്‍ അദ്ദേഹത്തിന്റെ സന്യാസ-പുരോഹിത സമര്‍പ്പണം അദ്ദേഹത്തെ അനുവദിച്ചതുമില്ല. കാരണം, സന്യാസത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യവും ഉദ്ദേശവും മിശിഹായുടെ സഭയില്‍ ഹൃദയമായി നിലകൊള്ളുക എന്നതാണെന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു.
നിഷ്കളങ്കമായി ചിരിക്കുകയും, നിഷ്കപടമായി സംസാരിക്കുകയും, നിഷ്കളങ്കമായി മാത്രം കോപിക്കുകയും ചെയ്തിരുന്ന നിര്മ്മലചരിതനായാണ് സുഹൃത്തുക്കള്‍ അദ്ദേഹത്തെ സ്മരിക്കുന്നത്. “മറ്റുള്ളവര്‍ക്കു തന്നെ തല്ലാന്‍ വേണ്ടി അദ്ദേഹം ഇത്രമാത്രം വടി കൊടുക്കരുതായിരുന്നു;” ബോസ്കോ അച്ചനേപ്പറ്റി വന്ദ്യനായ ഒരു മുതിര്‍ന്ന സി.എം.ഐ. സന്യാസവൈദികന് പറഞ്ഞ വാക്കുകളാണിവ. ജീവിതത്തിലൊരിക്കലും ആശ്രമശ്രേഷ്ഠന്‍ എന്ന സ്ഥാനമോ മറ്റേതെങ്കിലും അധികാരസ്ഥാനങ്ങളോ ലഭിക്കാതിരുന്ന ബോസ്കോ അച്ചന് ഇത്രമാതം തല്ലു വാങ്ങിക്കൂട്ടിയത് എങ്ങനെ? തീക്ഷ്ണമായ സഭാസ്നേഹത്താല്‍ ജ്വലിച്ച അദ്ദേഹം ഒരിക്കലും തന്റെ ബോധ്യങ്ങളെ ആര്‍ക്കും അടിയറവയ്ക്കാന്‍ തയ്യാറല്ലായിരുന്നു. തന്റെ മാതൃസഭയുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി അദ്ദേഹം നിലകൊള്ളുകയും നിരന്തരം സംസാരിക്കുകയും ചെയ്തു. നീതിക്കുവേണ്ടി ശബ്ദിച്ചതിനാല് പലവിധത്തില്‍ അദ്ദേഹത്തെ നിശ്ശബ്ദനാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു; പലവിധത്തില്‍ ‘അടിയേറ്റു.’ എന്നാല്‍ അതൊന്നും അദ്ദേഹത്തെ തളര്‍ത്താന്‍ പോന്നവയല്ലായിരുന്നു.
മാര്‍ തോമാ നസ്രാണി (സീറോ-മലബാര്‍) സഭയ്ക്കു ന്യായമായും ലഭിക്കേണ്ട നീതിക്കുവേണ്ടി അദ്ദേഹം രണ്ടാം വത്തിക്കാന്‍ സൂനഹദോസിലേയ്ക്ക് ഒരു കത്തു തയ്യാറാക്കി അയച്ചു. ഇങ്ങനെ ഒരു കത്ത് സൂനഹദോസില്‍ ചര്‍ച്ചയ്ക്കു വന്നപ്പോഴാണ് ഭാരതത്തില്‍ ഇങ്ങനെ ഒരു ശ്ലൈഹിക സഭയുണ്ട് എന്ന് അവിടെ സന്നിഹിതരയിരുന്ന പലരും അറിയുന്നത്. ഭാരതത്തിലെ മാര്‍ തോമാ നസ്രാണി സഭ റോമന്‍ സഭയുടെ നിയന്ത്രണത്തിന്‍കീഴില്‍ അനുഭവിക്കുന്ന പാരാതന്ത്ര്യം ലോകത്തിനു മുന്പില് ആദ്യമായി അവതരിപ്പിക്കപ്പെട്ട ദിവസം അന്നായിരുന്നു. അന്ന് സൂനഹദോസില്‍ പങ്കെടുത്തിരുന്നവര്‍, “ഭാരതത്തില്‍ നസ്രാണി സഭയോ? അതെന്തു സഭ?” എന്നു കൗതുകപൂര്‍വ്വം അന്വേഷണം ആരംഭിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. സീറോ-മലബാര്‍ സഭ ഇന്ന് ലോകമെമ്പാടും അറിയപ്പെടുന്നുണ്ടെങ്കില്‍, അംഗീകരിക്കപ്പെടുന്നുണ്ടെങ്കില്‍ അതിനു നാം നന്ദി പറയാന്‍ ഓടിയെത്തേണ്ടത് ബോസ്കോ അച്ചന്റെ കബറിടത്തിങ്കലാണ്. അദ്ദേഹത്തിന്റെ ഛായാചിത്രത്തിലാണ് ആദ്യം പുഷ്പാര്‍ച്ചന നടത്തേണ്ടത്.
“രണ്ടാം വത്തിക്കാന്‍ സൂനഹദോസും സീറോ-മലബാര്‍ സഭയും” എന്ന വിഷയം ഇന്ന് പഠന ശിബിരങ്ങളിലും പ്രബന്ധങ്ങളിലും അവതരിപ്പിക്കപ്പെടുമ്പോള്‍, വന്ദ്യനായ പ്ലാസിഡ് പൊടിപാറ സി.എം.ഐ. അച്ചന് എഴുതി തയ്യാറാക്കിയ പ്രസംഗം മാര്‍ വള്ളോപ്പള്ളി പിതാവ് സൂനഹദോസില്‍ വായിച്ച ചരിത്രം പരാമര്‍ശിച്ചുകൊണ്ടാണ് അവയൊക്കെയും ആരംഭിക്കാറ്. എന്നാല്‍ അതിനും മുന്‍പ് ബോസ്കോ അച്ചന് എഴുതിയ കത്ത് സൂനഹദോസില്‍ ഏറെ ശ്രദ്ധ നേടിയ ചര്‍ച്ചാവിഷയമായി കഴിഞ്ഞിരുന്നു എന്ന സത്യം ബോധപൂര്‍വമായോ അല്ലാതെയോ പല പണ്ഡിതരും മറന്നു പോകുന്നു. ഈ മറവിയാണ് ഇന്ന് ഭാരതമോട്ടാകെ പ്രേഷിതപ്രവര്‍ത്തന സ്വാതന്ത്യം വീണ്ടു കിട്ടിയ സീറോ-മലബാര്‍ സഭയും, ഭാരതത്തിലെ ആദ്യ എതദ്ദേശിയ സന്യാസ കൂട്ടായ്മയായ സി.എം.ഐ. സമൂഹവും ബോസ്കോ അച്ഛനോട് ചെയ്ത ഏറ്റവും വലിയ തെറ്റ്. സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ പദവിയില്‍ എത്തിയതിനു പിന്നില്‍, ബോസ്കോ അച്ചന് നിശ്ശബ്ദനായി ഏറ്റെടുത്ത ത്യാഗങ്ങളുടെയും സഹനങ്ങളുടെയും കണ്ണീരും ചോരയും കലര്‍ന്ന കനല് വഴികള്‍ ഉണ്ടെന്ന കാര്യം നാം മറന്നാല്‍, ദൈവവും ബോസ്കോ അച്ഛനും ക്ഷമിക്കുമായിരിക്കും; പക്ഷെ ചരിത്രം അതിനു മാപ്പു തരില്ലെന്നുള്ളതിനു രണ്ടുപക്ഷമില്ല. സിറോ മലബാർ സഭയ്ക്ക് പ്രഥമ മിഷൻ രൂപതയായി ചാന്ദ രൂപത ലഭിച്ചപ്പോൾ മെത്രാനായി ആര് വേണം എന്ന് തന്നോട് ചോദിച്ചവരോട് പ്ലാസിഡച്ചൻ പറഞ്ഞ മറുപടി ഇപ്രകാരം ആയിരുന്നു. " ആദ്യം ബോസ്കോ അച്ഛന്റെ ഒരു പ്രതിമ അനാവരണം ചെയ്യുക. അതിനുമുമ്പിൽ ആരെ വേണമെങ്കിലും മെത്രാനായി വാഴിക്കാം".
വത്തിക്കാന്‍ സൂനഹദോസിലേയ്ക്ക് അയച്ച കത്ത് ഭാരതത്തിലെ റോമന്‍ സഭാധികാരികളെ ചൊടിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. ബോസ്കോ അച്ചനെതിരേ ശിക്ഷാനടപടികള്‍ ഉണ്ടായി. ലത്തീന്‍ സഭയോടുള്ള അന്ധമായ ആരാധനയും ഭയഭക്തിവിധേയത്വവും ജീവിതമാക്കിയിരുന്ന അന്നത്തെ സീറോ-മലബാര്‍ സഭാ നേതൃത്വം, സി.എം.ഐ. സഭാ ജെനറാളിനോട് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച്, കാര്യമെന്തെന്ന് വേണ്ടത്ര പഠിക്കാതെയും, യാഥാര്ത്ഥ്യമെന്തെന്നു അന്യേഷിക്കാതെയും സി.എം.ഐ. സഭാ ജെനറാള്‍ ബോസ്കോ അച്ചനെ ശിക്ഷിക്കുക മാത്രമല്ല, കലിതുള്ളി നിന്നിരുന്ന ലത്തീന്‍ മെത്രാന്മാര്ക്ക് പ്രസ്തുത ശിക്ഷാനടപടിയുടെ പകര്‍പ്പ് അയച്ചുകൊടുത്ത് സന്തോഷിപ്പിക്കുകയും ചെയ്തു! ബോസ്കോ അച്ചന് ‘നിശ്ശബ്ദ ഭോഷനായി’ അനുസരണയോടെ സി.എം.ഐ. സഭയുടെ കടലുണ്ടി ആശ്രമത്തില്‍ മൂന്നു മാസം താമസിച്ചു. പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നു പോലും അദ്ദേഹത്തെ വിലക്കിയിരുന്നു.
ഇതിനു ശേഷം, ബോസ്കോ അച്ചന് തന്നെ ശിക്ഷിച്ച സി.എം.ഐ. സഭാ ജെനറാളിന് കാര്യങ്ങളുടെ ഗൗരവവും യഥാര്‍ത്ഥ സ്ഥിതിയും വിവരിച്ചുകൊണ്ട് ഒരു മറുപടി നല്കി. മാത്രമല്ല, ആര്‍ക്കെല്ലമാണോ തന്റെ അധികാരി ശിക്ഷയുടെ പകര്‍പ്പ് അയച്ചു കൊടുത്തത്, അവര്‍ക്കെല്ലാം ഈ മറുപടിയുടെ പകര്‍പ്പും അയച്ചു കൊടുത്തു. അപ്പോഴാണ് തനിക്കു പറ്റിയ ചരിത്രപരമായ വിഡ്ഢിത്തത്തെക്കുറിച്ച് ജെനറാള്‍ ബോധവാനാകുന്നത്. പൌരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ യൂജിന്‍ തിസ്സറാങ്ങ്, ഈ വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം, അകാരണമായി ബോസ്കോ അച്ചനെ ശിക്ഷിച്ചതിന് അദ്ദേഹത്തോട് മാപ്പു പറയാന്‍ സി.എം.ഐ. സഭാ ജെനറാളിനോട് കര്‍ദ്ദിനാള്‍ തിസ്സറാങ്ങ് ആവശ്യപ്പെടുകയാണ് ഉണ്ടായത്. മാപ്പു പറയാതെ തടിയൂരിയ പ്രസ്തുത ജെനറാളിന്റെ നാമകരണ നടപടികള്‍ പുരോഗമിക്കുന്നു എന്നത് ചരിത്രത്തിലെ മറ്റൊരു കൗതുകമായി മാറുന്നു!
നിശ്ശബ്ദതയിലെ കണ്ണുനീരിനും തേങ്ങലുകള്ക്കുമൊപ്പം ബോസ്കോ അച്ചന് ദൈവസന്നിധിയിലേക്കുയര്ത്തിയ സ്തുതികീര്‍ത്തനങ്ങളും ക്ഷമയുടെ ഏറ്റുപറച്ചിലുകളും ഇന്ന് നാം ചവിട്ടി നില്ക്കുന്ന മണ്ണ് ഉറപ്പുള്ളതാകാന്‍ കാരണമായി. ബോസ്കോ അച്ചന്റെ ജീവിതത്തെ ധ്യാനിക്കുമ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നത് കര്‍ത്താവീശോമിശിഹായുടെ ഈ വാക്കുകള്‍ ആണ്, “...നിങ്ങളും കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം, ഞങ്ങള്‍ പ്രയോജനമില്ലാത്ത ദാസന്മാരാണ്; കടമ നിര്‍വഹിച്ചതേയുള്ളു എന്നു പറയുവിന്‍” (ലൂക്കാ 17, 10). സ്വയം പുകഴ്ചയും ചരിത്രസത്യങ്ങളോടുള്ള വഞ്ചനയും പുതുമയല്ലാതായിരിക്കുന്ന വര്‍ത്തമാനകാല സീറോ-മലബാര്‍ സഭാന്തരീക്ഷത്തില്‍, വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിന്റെയും, അനാരോഗ്യത്തിന്റെയും, ധാരാളം ജോലികള്‍ ചെയ്തതിന്റെയും ചരിത്രം അക്കമിട്ടു നിരത്താന്‍ അവകാശമുള്ളപ്പോഴും നമ്മുടെ കര്‍ത്താവ് നമ്മോടു പറയുന്നു - ഇതൊക്കെയും നിന്റെ കടമയായിരുന്നു എന്നു പറഞ്ഞു മാറി നില്ക്കുവിന്. ബോസ്കോ അച്ചന്റെ ജീവിതം നമ്മോടു പറയുന്നതും ഇതു മാത്രം.
മാർ ബോസ്കോ അച്ചാ, അങ്ങയുടെ പുണ്യ പാദങ്ങള്‍ ചുംബിച്ചുകൊണ്ടും, അങ്ങയുടെ മാധ്യസ്ഥ്യം യാചിച്ചുക്കുന്നു.
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
Tags:
സഭാ ചരിത്രം