മാർ ശെമയോൻ ബർസാബേ ca AD +341
കൈത്താക്കാല൦ ആറാം വെള്ളിയാഴ്ച പൗരസ്ത്യ സുറിയാനി സഭാ രക്തസാക്ഷിയായ മാർ ശെമയോൻ ബർസാബേയുടെ ദുക്റാന ആചരിക്കുന്നു.
സെലൂഷ്യ - സ്റ്റെസിഫോണിന്റെ ആദ്യത്തെ കാതോലിക്കോസായിരുന്ന മാർ പാപ്പയുടെ ആര്‍ച്ച്ഡീക്കനായിരുന്നു ശെമയോൻ. മാർ പാപ്പായ്ക്ക് ശേഷ൦ AD 327 ല്‍ അദേഹം കാതോലിക്കോസായി സ്ഥാനമേറ്റു. പൗരസ്ത്യ സുറിയാനി ആരാധനാക്രമ൦ പരിഷ്കരിക്കുന്നതിൽ മാർ ശെമയോൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആരാധന സമൂഹത്തെ രണ്ടായി തിരിച്ച് പ്രാര്‍ത്ഥനകളും പാട്ടുകളും ചൊല്ലുന്ന രീതി നടപ്പിലാക്കിയത് അദ്ദേഹമാണ്. നമ്മുടെ കുർബാനയിലെ ഉത്ഥാനഗീത൦, സർവ്വാധിപനാ൦ കർത്താവേ... അദ്ദേഹം രചിച്ചതാണെന്ന് പറയപ്പെടുന്നു.

പേർഷ്യൻ ചക്രവർത്തിമാർ സൊരാസ്ട്രിയൻ മതവിശ്വാസികളായിരുന്നുവെങ്കിലു൦ അവർ സഭയ്ക്ക് ആരാധന സ്വാതന്ത്ര്യം നല്‍കിയിരുന്നു. എന്നാൽ കോൺസ്റ്റൻറ്റൈൻ ചക്രവര്‍ത്തി ക്രിസ്തുമതത്തിന് സ്വാതന്ത്ര്യം നൽകി റോമാക്കാരുടെ ഔദ്യോഗിക മതമാക്കിയതോടെ സ്ഥിതിഗതികള്‍ മാറി. പേർഷ്യയിലെ സാപ്പൂർ ചക്രവര്‍ത്തിമാർ ക്രിസ്ത്യാനികളെ വിദേശികളായു൦ ശത്രുരാജ്യത്തിന്റെ ചാരന്മാരായു൦ കരുതാന്‍ തുടങ്ങി. സെലൂഷ്യ സ്റ്റെസിഫോണിന്റെ കാതോലിക്കോസായിരുന്ന മാർ ശെമയോനെ റോമാക്കാരുടെ ചാരാനാണെന്ന് മുദ കുത്തി രാജസന്നിധിയിലേക്കു വിളിച്ചു. സാപ്പൂർ രണ്ടാമന് രാജാവ് രണ്ട് കാര്യങ്ങളാണ് കാതോലിക്കോസിനോടു ആവശ്യപ്പെട്ടത്. ഒന്ന് സഭാ മക്കളിൽ നിന്ന് ഇരട്ട മതനികുതി ഖജനാവിലേക്ക് പിരിച്ചു നൽകുക എന്നതും രണ്ട് ഏക ദൈവ വിശ്വാസത്തില്‍ നിന്നും വിശ്വാസികളെ പിന്തിരിപ്പിച്ചു സൂര്യദേവന്റെ ആരാധകരാക്കുക എന്നതും ആയിരുന്നു. എന്നാൽ അതിനു തയാറാകാതിരുന്ന അദേഹത്തിന്റെ മറുപടി അവരെ കോപിപ്പിച്ചു. അദ്ദേഹത്തിന്റെ മുൻപിൽ വച്ചു തന്നെ അദേഹത്തിന്റെ അഞ്ച് സഹോദര മെത്രാന്മാരെയു൦ നൂറിലധികം വൈദികരെയു൦ ശിരഛേദ൦ ചെയ്യാന്‍ രാജാവ് കൽപന നൽകി. ഇത് AD 341 ലെ പെസഹാ വ്യാഴാഴ്ച ആയിരുന്നു. ശെമയോൻ കണ്ണുകളുയർത്തി ദൈവത്തോട് തന്റെ നാഥന് മരിച്ച അതേ ദിവസം അതേ സമയം മരിക്കാൻ തന്നെ അനുവദിക്കണം എന്ന് പ്രാര്‍ത്ഥിച്ചു. അവന്റെ പ്രാർത്ഥന കേള്‍ക്കപ്പെട്ടു. നീസാൻ മാസം 14 ാ൦ തിയതി വെള്ളിയാഴ്ച 9ാ൦ മണിക്കൂറില്‍ സ്വന്തം ജനത്തിനു വേണ്ടി അവന് സ്വന്തം ജീവൻ നല്കി. അദേഹത്തിന്റെ ശിരസ്സ് ഛേദിക്കപ്പെട്ട ആ നാഴികയിൽ കര്‍ത്താവിന്റെ മരണത്തിൽ സംഭവിച്ചതു പോലെ സൂര്യൻ മറയ്ക്കപ്പെടുകയു൦ ഭൂമിയില്‍ ഇരുളു വ്യാപിക്കുകയും ചെയ്തു.
ദുഃഖവെള്ളിയാഴ്ച നമ്മുടെ കർത്താവിന്റെ പീഡാനുഭവ൦ അനുസ്മരിക്കുന്നതിനാൽ അത് കഴിഞ്ഞുള്ള വെള്ളിയാഴ്ചയാണ് ഈ പിതാവിന്റെയും സഹ രക്തസാക്ഷികളുടെയു൦ ഓര്‍മ്മ ആചരിച്ചിരുന്നത് കാലക്രമത്തില്‍ ഇത് സകല വേദസാക്ഷികളുടെയു൦ തിരുനാളാവുകയു൦ കൈത്താക്കാല൦ ആറാം വെള്ളിയാഴ്ച ഇവരുടെ ഓര്‍മ്മ ആചരിക്കുവാൻ തുടങ്ങുകയും ചെയ്തു.