*കൈത്താക്കാലം 1-ാം ഞായർ*
ഈശോയിൽ ഏറെ സ്നേഹം നിറഞ്ഞ മാതാപിതാക്കളേ , സഹോദരീസഹോദരന്മാരേ, വാത്സല്യം നിറഞ്ഞ കുഞ്ഞുമക്കളേ,
കൈത്താക്കാലത്തിന്റെ ഒന്നാം ഞായറാഴ്ച യിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്.കൈത്താ എന്ന വാക്കിന്റെ അർത്ഥം വേനൽ എന്നാണ് നമുക്കറിയാം. സാധാരണയായി വേനൽക്കാലത്താണ് ഫലമൂലാദികൾ പാകമാകുന്നത്.അതായത് കൈത്താകാലം സഭയുടെ ഫലാഗമന കാലഘട്ടമാണ് ആണ്. ഈ സഭയുടെ വളർച്ചയ്ക്ക് ആരംഭം കുറിച്ചത് അപ്പസ്തോലന്മാർ ആയതിനാൽ കൈത്താകാലം ആദ്യ ഞായറാഴ്ചയായ ഇന്ന് നാം ഈ പന്ത്രണ്ട് അപ്പസ്തോലന്മാരെയാണ് അനുസ്മരിക്കുന്നത്. ശ്ലീഹമാരെപ്പോലെ ദൈവഹിതത്തിന് അനുയോജ്യമായ ഫലങ്ങൾ പുറപ്പെടുവിക്കുവാൻ നമുക്കും സാധിക്കട്ടെ എന്ന് ആദ്യംതന്നെ ആശംസിക്കട്ടെ .
സഭ ദൈവത്താൽ തെരഞ്ഞെടുക്കപ്പെടുകയും വിളിച്ചുകൂട്ടപ്പെടുകയും ചെയ്തവരുടെ സമൂഹമാണ്.ഈ സമൂഹത്തിൽ നിന്ന് നേരത്തെ സൂചിപ്പിച്ചതുപോലെ, ദൈവം ആഗ്രഹിക്കുന്ന ഫലങ്ങൾ പുറപ്പെടണം. എങ്കിലേ ദൈവസന്നിധിയിൽ നാം സ്വീകാര്യരാ വുകയുള്ളൂ.ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ആദ്യം ദൈവം നമ്മിൽനിന്ന് ആഗ്രഹിക്കുന്ന ഫലങ്ങൾ ഏതൊക്കെ എന്ന് തിരിച്ചറിയുവാൻ നമുക്ക് സാധിക്കണം. ഇന്നത്തെ നാല് വായനകളും നമുക്ക് പറഞ്ഞുതരുന്നത് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്ന ഈ ഫലങ്ങളെ പറ്റിയാണ്.
ഇന്നത്തെ ഒന്നാം വായനയിൽ നാം ശ്രവിച്ചത് കാർമ്മൽ മലയിൽവച്ച് ഏലിയാ പ്രവാചകന്റെ കരം വഴി ശക്തമായ ഒരു അടയാളം നൽകിയ ദൈവത്തെ പറ്റിയാണ്. ആകാശത്തുനിന്ന് അഗ്നി ഇറക്കി താൻ തന്നെയാണ്, താൻ മാത്രമാണ് ദൈവം എന്ന് അവൻ ജനത്തെ അവൻ പഠിപ്പിച്ചു. സ്നേഹമുള്ളവരേ, ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്ന ഒന്നാമത്തെ ഫലം ഈ അടയാളം കണ്ട് ഇസ്രായേൽജനം വിളിച്ചു പറഞ്ഞത് പോലെ കർത്താവാണ് ദൈവം എന്ന ബോധ്യത്തിൽ ഉറയ്ക്കുകയാണ്.കർത്താവാണ് എന്റെ ദൈവമെങ്കിൽഎന്റെ ജീവിതത്തിലെ പ്രഥമസ്ഥാനം അവിടുത്തേക്ക് ആയിരിക്കണം.മാത്രമല്ല ദൈവത്തിന്റെ സ്ഥാനത്തേക്ക് മറ്റൊന്നിനെയും ഞാൻ പ്രതിഷ്ഠിക്കാൻ പാടില്ല. എന്റെ സമ്പത്തോ കഴിവുകളോ കുടുംബമോ സുഹൃത്തുക്കളോ ഞാൻ തന്നെയോ ആസ്ഥാനത്തേക്ക് പ്രതിഷ്ഠിയ്ക്കപ്പെടാൻ പാടില്ല എന്ന സത്യം ഇന്നത്തെ ഒന്നാം വായന നമ്മെ പഠിപ്പിക്കുന്നു.
ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്ന രണ്ടാമത്തെ ഫലം ഈ സത്യം ജീവിതംകൊണ്ട് ആഘോഷിക്കുന്നവരാവുക എന്നതാണ്.നടപടി പുസ്തകത്തിൽ നിന്നുള്ള ഇന്നത്തെ രണ്ടാമത്തെ വായനയിൽ നാം കണ്ടതുപോലെ ഈ സത്യം പ്രഘോഷിക്കുമ്പോൾ ലോകം ഒരുപക്ഷേ നമുക്ക് എതിരായേക്കാം.എങ്കിലും മർദ്ദനങ്ങൾക്കു മുമ്പിൽ കീഴടങ്ങാതിരുന്ന ശ്ലീഹന്മാരെപ്പോലെ ഏതു പ്രതിസന്ധികൾക്ക് നടുവിലും നാം ഈ സത്യം സധൈര്യം പ്രഘോഷിക്കുന്നവരായിത്തീരണമെന്ന് ഇന്നത്തെ രണ്ടാം വായനയിലൂടെ തിരുസഭാ മാതാവ് നമ്മെ പഠിപ്പിക്കുന്നു.
ഇന്നത്തെ 3 വായനയിൽ പൗലോസ് ശ്ലീഹ പറയുന്നതുപോലെ നാമെല്ലാവരും മനസ്സിലും ചിന്തയിലും ഐക്യപ്പെടണം എന്നതാണ് ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്ന മൂന്നാമത്തെ ഫലം.ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ സമൂഹത്തിൽ ഭിന്നത ഉണ്ടാകാൻ പാടില്ല. ഭിന്നത മിശിഹായുടെ ശരീരത്തിന് യോജിച്ചതല്ല.കാരണം മിശിഹാ നമുക്ക് നൽകിയ സ്നേഹത്തിൻറെ കൽപ്പനയ്ക്ക് വിരുദ്ധമാണിത്.
ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള ഉള്ള നാലാം വായനവഴി മിശിഹായെപ്പോലെ നാം തന്നെത്തനെ താഴ്ത്തുന്നവരാകണമെന്നും അഗതികളോടും സമൂഹം ഉപേക്ഷിക്കപ്പെട്ടവർ എന്ന് കരുതുന്നവരോടും കരുണയുള്ളവരാകണമെന്ന് കർത്താവ് നമ്മെ പഠിപ്പിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട അവരുടെ ജീവിതത്തിൽ ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്ന ഈ ഫലങ്ങൾ നമ്മുടെ ജീവിതത്തിലും സംലഭ്യമാണോ എന്ന് ചിന്തിക്കുവാൻ തിരുസഭാ മാതാവ് ഇന്ന് നമ്മെ പ്രേരിപ്പിക്കുന്നു. പ്രിയപ്പെട്ട സഹോദരങ്ങളേ ദൈവം ആഗ്രഹിക്കുന്ന ഈ ഫലങ്ങൾ നമ്മുടെ ജീവിതത്തിൽ സമൃദ്ധമാകുവാൻ ഇന്നത്തെ വിശുദ്ധ കുർബാനയിൽ തീക്ഷ്ണതയോടെ നമുക്ക് പ്രാർത്ഥിക്കാം.ഈ ലക്ഷ്യത്തിനായി നമ്മുടെ ജീവിതങ്ങൾകർത്താവിന് സമർപ്പിക്കുകയും സമർപ്പിക്കുകയുംനമ്മെത്തന്നെ ഒരുക്കുകയും ചെയ്യാം. ദൈവം നമ്മളെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ .
Fr Thomas Kanniyakonil
St. Mary's Forane Church Athirampizha