കൈത്താക്കാല൦ രണ്ടാം വെള്ളിയാഴ്ച
പൗരസ്ത്യ സുറിയാനി ആരാധനക്രമ പ്രകാരം കൈത്താ രണ്ടാം വെള്ളി മാർ മാറി ശ്ലീഹായുടെ ഓർമ്മയാണ്. പൗരസ്ത്യ സുറിയാനി ആരാധനാക്രമ൦ പിൻതുടരുന്ന കൽദായ കത്തോലിക്കാ സഭയു൦ സീറോ മലബാര്‍ സഭയു൦ കിഴക്കിന്റെ അസീറിയൻ സഭയു൦ (അകത്തോലിക്കാ) മാർ മാറിയുടെ ഓര്‍മ്മ ആചരിക്കുന്നു.
തോമ്മാ ശ്ലീഹായുടെ ശിഷ്യനായിരുന്നു മാർ മാറി. മാർ തോമ്മാ ശ്ലീഹായുടെ കാലശേഷം അദ്ദേഹം മാർതോമ്മായുടെ തന്നെ ശിഷ്യനായിരുന്ന മാർ അദ്ധായിയുടെ ശിഷ്യത്വം സ്വീകരിച്ചു. ശ്ലീഹന്മാരാരുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്നതിനാലും ഒരു രാജ്യത്തെ മുഴുവനും സുവിശേഷം അറിയിച്ചതിനാലും പൗലോസ് ശ്ലീഹാ, ബര്‍ണാബാസ് , യോഹന്നാൻ മാർക്കോസ് എന്നിവരോടെപ്പം ശ്ലീഹാ എന്ന് പിൽക്കാലത്ത് സഭയിൽ അറിയപ്പെട്ടു.
പ്രധാനമായും മാർ മാറിയുടെ നടപടികൾ എന്ന അപ്രമാണിക ഗ്രന്ഥത്തിൽ നിന്നുമാണ് നമുക്ക് മാർ മാറി ശ്ലീഹായെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്
കൽദായ മെസപ്പൊട്ടോമിയൻ ഭാഗങ്ങളായ സെലൂഷിയാ-സ്റ്റെസിഫോൺ എന്നി പ്രദേശങ്ങളിലാണ് മാർ മാറി സുവിശേഷം അറിയിച്ചത്. നിനവെയിലു൦ നിസിബിസിലു൦ വിശുദ്ധൻ സുവിശേഷം പ്രസ൦ഗിച്ചതായി പറയപ്പെടുന്നു. അനവധി പള്ളികൾ സ്ഥാപിച്ചു എന്നും അനേകം ആളുകൾക്ക് സൗഘ്യം നൽകി എന്നും മരിച്ചവരെ ഉയിർപ്പിച്ചു എന്നും നാം വായിക്കുന്നു. സെലൂഷ്യയിൽ എത്തിയ മാറി അവിടെ വച്ച് സെലൂഷ്യയുടെയു൦ സ്റ്റെസിഫോണിന്റെയു൦ രാജാക്കന്മാരെയു൦ അത് വഴി അവിടുത്തെ മുഴുവന്‍ ജനങ്ങളെയും ക്രിസ്ത്യാനികളാക്കി. മാറിയുടെ നടപടികൾ എന്ന ഗ്രന്ഥം വിഗ്രഹാരാധനയ്ക്കും സൊരാഷ്ട്രിയ മതത്തിനെതിരായു൦ നല്ല രീതിയിൽ സ൦സാരിക്കുന്ന ഒരു പുസ്തകം ആണ്.പൌരസ്ത്യ സുറിയാനി സഭയുടെ ഏറ്റവും പ്രധാനപ്പെട്ട കൂദാശക്രമം ക്രമം അറിയപ്പെടുന്നത് മാർ അദ്ധായിയുടെയും മാർ മാറിയുടെയും പേരിലാണ് . ശ്ലീഹന്മാരുടെ കുർബാനക്രമം എന്നറിയപ്പെടുന്ന ഈ കുർബാന ക്രമം ക്രൈസ്തവലോകത്ത് ലഭ്യമായ ഏറ്റവും പഴക്കം ചെന്ന കുർബാനക്രമമാണ്.
Tags:
വിശുദ്ധർ