ധ്യാനം -
വചന ഭാഗം .മത്തായി.7:21-28.
തിയതി: 27/7/2020
ഈശോ മിശിഹായിൽ സ്നേഹിക്കപ്പെടുന്നവരെ ,
നാളത്തെ ധ്യാന വിചിന്തനത്തിനായി തിരുസഭാ മാതാവ് നമുക്ക് നൽകിയിരിക്കുന്നത് വി.മത്തായിയുടെ സുവിശേഷത്തിൽ നിന്നുള്ള ഭാഗമാണ് ( 7 - :21-28) യഥാർത്ഥ ക്രിസ്തു ശിഷ്യനുണ്ടായിരിക്കേണ്ട സവിശേഷതകളെന്തെന്ന് ക്രിസ്തു വ്യക്തമാക്കുന്നതാണ് ഈ സുവിശേഷ ഭാഗത്തിലെ മുഖ്യ പ്രമേയം. ഇവിടെ പരാമർശിക്കുന്ന വസ്തുതകൾ വി. ലൂക്കായുടെ സുവിശേഷത്തിലെ 13-ാം അദ്ധ്യായം 25-27 വാക്യത്തിലും, ആറാം അദ്ധ്യായം നാൽപത്തി ഏഴാം വാക്യത്തിലും കാണാനാവുന്നതാണ്.
. കർത്താവേ ,കർത്താവേ എന്ന് വിളിക്കുന്നവനല്ല മറിച്ച് സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ ഇഷ്ടം നിറവേറ്റുന്നവരാണ് സ്വർഗ്ഗരാജ്യത്തിന് അർഹരാവുകയെന്ന ഓർമ്മ പ്പെടുത്തലോടെയാണ് ഈ വചന ഭാഗം ആരംഭിക്കുന്നത്. കർത്താവിൻ്റെ നാമത്തിൽ പ്രവചിച്ചതോ, പിശാചുക്കളെ ബഹിഷ്കരിച്ചതോ,അത്ഭുത
ങ്ങൾ പ്രവർത്തിച്ചതോ ഒന്നും സ്വർഗ്ഗ രാജ്യ പ്രവേശനത്തിനുള്ള പരിഗണനാവിഷയങ്ങളല്ലെന്നും ,അത്തരത്തിലുള്ള ബാഹ്യ കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്നവരോട് വിധി നിർണ്ണത്തിൻ്റെ നിർണ്ണായക നിമിഷങ്ങളിൽ താൻ അവരെ അറിഞ്ഞിട്ടില്ലെന്ന് അവിടുന്ന് പറയുമെന്നുമുള്ള മുന്നറിയിപ്പ് ക്രിസ്തു നൽകുന്നതിലൂടെ തൻ്റെ വചനം അനുസരിച്ച് ജീവിക്കുന്നതിലൂടെ മാത്രമെ സ്വർഗ്ഗരാജ്യം കരഗതമാവുകയുള്ളുവെന്ന വസ്തുത യേശു ഇവിടെ വ്യക്തമാക്കുകയാണ്.
24-ാം വാക്യത്തിൽ തൻ്റെ നിലപാടിനെ സാധൂകരിക്കാനായി യേശു ഒരു ഉപമയും പറയുന്നു.തൻ്റെ വചനം അനുസരിച്ച് ജീവിക്കുന്ന ശിഷ്യനെ പാറമേൽ ഭവനം പണിത വിവേകമതിയായ മനുഷ്യനോട് സാദൃശ്യപ്പെടുത്തുന്ന ക്രിസ്തു ,എന്നാൽ തൻ്റെ വചനത്തെ നിരാകരിക്കുന്നവരെ മണൽപ്പുറത്ത് ഭവനം പണിത വിവേകശൂന്യനോടുപമിക്കുന്നു. ഇത്തരത്തിൽ ജീവിക്കുന്നവരുടെ അധ:പതനം ദാരുണമായിരിക്കുമെന്ന് ഓർമ്മപ്പെടുത്തുന്ന യേശുവിൻ്റെ പ്രബോധനം കേട്ട ജനം അവൻ്റെ ആധികാരകമായ സംസാരത്തിൽ വിസ്മയിച്ചുവെന്ന് സുവിശേഷകൻ ഇവിടെ എഴുതുന്നു.കാരണം അവരുടെ നിയമജ്ഞരെപ്പോലെയല്ല മറിച്ച് അധികാരമുള്ളവനെപ്പോലെയാണ് അവൻ പഠിപ്പിച്ചത്.
നമ്മൾ എന്തെല്ലാം പ്രവൃത്തികളിൽ വ്യാപൃതരായി എന്നതല്ല മറിച്ച് ക്രിസ്തുവിൻ്റെ ഹിതം അഥവാ വചനം നാം എത്രത്തോളം നിറവേറ്റുന്നതിൽ ജാഗ്രത പുലർത്തിയെന്നതാണ് അന്ത്യവിധിയുടെ മാനദണ്ഡം. അതിനാൽ ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കുന്ന ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അവർ ആന്തരികതയിൽ എത്രത്തോളം ക്രിസ്തുവിൻ്റെ വചനത്തെ ഉൾപ്പേറി ജീവിക്കുന്നു എന്നതാണ് പ്രധാനം. ഇപ്രകാരം വചനാനുസൃതം ജീവിക്കാനുള്ള വിവേകം പരിശുദ്ധാത്മാവിലൂടെ യാണ് നമുക്ക് ലഭിക്കുന്നത്. പലപ്പോഴും ദൈവീക ശുശ്രൂഷയിൽ പങ്കുകാരായ നമ്മൾ ആത്മീയരാണെന്നും കുറവുകളില്ലാത്തവരാണെന്നുമുള്ള അഹന്തയിൽ അഭിരമിക്കാൻ സാധ്യതയുണ്ട്. എന്നാൽ ആന്തരികതയിൽ പലപ്പോഴും നാം സുവിശേഷ മൂല്യത്തിൽ നിന്ന് ഏറെ ദൂരെയുമായിരിക്കും. അതിനാൽ അത്തരം കാഴ്ചപ്പാട് ആത്മീയ പരാജയത്തിലേക്ക് നമ്മെ നയിച്ചേക്കാം .
നമുക്ക് ചിന്തിക്കാം.
ഞാൻ വ്യാപൃതനാകുന്ന ദൈവീക ശുശ്രൂഷയിൽ ആത്മാർത്ഥതതയോടെ വ്യാപരിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടോ? വചന കേന്ദ്രീകൃതമായ ഒരു ജീവിതമാണോ ഞാൻ നയിക്കുത്?. ദൈവ വചനത്തിൻ്റെ ആന്തരിക സത്ത ഉൾക്കൊള്ളാതെ ഞാൻ ചെയ്യുന്ന പ്രവൃത്തികളാണ് എൻ്റെ സ്വർഗ്ഗരാജ്യ പ്രവേശത്തിനുള്ള മാനദണ്ഡം എന്ന് ഞാൻ ചിന്തിച്ചുണ്ടോ.? വചനം പാലിക്കുന്ന ഒരു വിവേക മതിയായ ക്രിസ്തു ശിഷ്യനായിരിക്കുന്നതിൽ ഞാൻ എത്രത്തോളം വിജയിച്ചിട്ടുണ്ട്.?
വചനത്തിൽ അടിയുറച്ച ഒരു ജീവിതം ജീവിച്ച് യഥാർത്ഥ ക്രിസ്തു ശിഷ്യനാകുവാൻ നമുക്ക് പരിശ്രമിക്കാം. അവിടുത്തെ വചനം അനുസരിച്ച് വിവേക ത്തോടെ ജീവിക്കണമെങ്കിൽ പരിശുദ്ധാത്മാവിനെ നിരന്തരം വിളിച്ചപേക്ഷിക്കുവാൻ നാം തയ്യാറാവണം. അതിനായി പ്രാർത്ഥനയിൽ നമുക്ക് കൂടുതൽ ശക്തി പ്രാപിക്കാം.വചനത്തിനുസരിച്ച് ജീവിതം ക്രമീകരിക്കാനുള്ള കൃപക്കായി വി.ബലിയിൽ പ്രാർത്ഥിക്കാം ഈശോ നമ്മെ അനുഗ്രഹിക്കട്ടെ ഏവർക്കും ഒരു നല്ല ധ്യാനം ആശംസിക്കുന്നു.
Bro Robins Kumbalakuzhi
Eparchy of Manathavady