ആവാ മല്ലെൽ - ܗ
(റൂഹാ ദ്കുദ്ശായുടെ വീണയും സുറിയാനി സഭയുടെ എല്ലാം മല്പാനുമായ മാർ അപ്രേമിൻ്റെ അധ്യാത്മിക സങ്കീർത്തനങ്ങൾ)
സർവ്വസ്വവും അങ്ങേക്കു സമർപ്പിക്കാൻ അനുവദിച്ചാലും.
കർത്താവായ ദൈവമേ, അവിടുത്തെ കണ്ണിലെ കൃഷ്ണ മണിപോലെ എന്നെ പരിപാലിക്കണമേ.
അവിടുത്തെ ചിറകിൻ കീഴിൽ പ്രലോഭനങ്ങളിൽനിന്ന് എന്നെ കാത്തു കൊള്ളണമേ.
കള്ളൻ്റെ രീതിയിൽ ചുറ്റുപാടും പരതിനോക്കാത്തവണ്ണം എന്റെ കണ്ണുകളുടെയും, അസത്യം ഗ്രഹിക്കാതിരിക്കത്തക്കവണ്ണം എന്റെ ചെവികളുടെയും കാവൽക്കാരനായിരിക്കണമേ.
അപവാദവും കുറ്റപ്പെടുത്തലും വിമർശനങ്ങളും അലസഭാഷണങ്ങളും പുറപ്പെടാതിരിക്കത്തക്കവണ്ണം എന്റെ അധരങ്ങളുടെ കാവൽക്കാരനായിരിക്കണമേ.
തിന്മയിലേക്കു പായാതെയും അധർമ്മം പ്രവർത്തിക്കാതെയും ഇരിക്കത്തക്കവണ്ണം എന്റെ ഹൃദയത്തിന്റെ കാവൽക്കാരനായിരിക്കണമേ.
കർത്താവേ, എന്തു ചെയ്യണമെന്നതും എങ്ങനെ അതിനായി ഒരുങ്ങണമെന്നതും സംബന്ധിച്ച് ഞങ്ങൾക്ക് അറിവു പകരണമേ.
ഞങ്ങളുടെ കർത്താവേ, ഞങ്ങൾ അങ്ങേക്ക് സുഗന്ധദ്രവ്യങ്ങളെക്കാളും പരിമളവസ്തുക്കളെക്കാളും കൂടുതൽ സുഗന്ധവാഹിയായിത്തീരാൻ ഞങ്ങളെ അനുവദിക്കണമേ.
ഞങ്ങളുടെ കർത്താവേ, അങ്ങയെ സ്നേഹിക്കാനും ലോകത്തെ ദ്വേഷിക്കാനും ഞങ്ങളെ അനുവദിക്കണമേ.
അല്പായുസ്സായ എല്ലാ സമ്പാദ്യങ്ങളെക്കാളും കൂടുതലായി അങ്ങയെ സ്വന്തമാക്കുവാൻ കർത്താവേ, ഞങ്ങളെ അനുവദിച്ചാലും
ഞങ്ങളുടെ കർത്താവേ, മൂന്നു സവിശേഷ സമ്മാനങ്ങൾ അവിടുത്തേക്കു സമർപ്പിക്കാൻ ഞങ്ങളെ അനുവദിച്ചാലും!
സുരഭിലങ്ങളായ മൂന്നു ധൂപകലശങ്ങൾ അങ്ങയുടെ മുമ്പിൽ പുകയ്ക്കുവാൻ അനുവദിച്ചാലും.
ഞങ്ങളുടെ കർത്താവേ, അങ്ങേക്കുവേണ്ടി തീവപ്രകാശമുള്ള മൂന്നു വിളക്കുകൾ കത്തിക്കുവാൻ ഞങ്ങളെ അനുവദിച്ചാലും! ദേഹം, ദേഹി, ആത്മാവ് എന്നീ മൂന്നു വിളക്കുകൾ!
ഏകമായ ത്രിത്വത്തിനുവേണ്ടി മൂന്നു സമ്മാനങ്ങൾ.
ആത്മാവിനെ പിതാവിനും ദേഹിയെ പുത്രനും ദേഹത്തെ റൂഹാ ദ്കുദ്ശായ്ക്കും സമർപ്പിക്ക.
ആത്മാവാണല്ലൊ ധൂളിയിൽ നിന്ന് അതിനെ വീണ്ടും ഉയർത്തുന്നത്.
ആവാ, ഞങ്ങളുടെ ആത്മാവിനെ അങ്ങേക്കായി പവിത്രീകരിക്കണമേ.
ആലാഹാപുത്രാ, ഞങ്ങളുടെ മനസ്സിനെ അങ്ങേക്കായി പവിത്രീകരിക്കണമേ.
റൂഹാ ദ്കുദ്ശായേ, വൃണങ്ങളാൽ പീഡിതമായ ഞങ്ങളുടെ ശരീരത്തെ പവിത്രീകരിക്കണമേ.
ഞങ്ങളുടെ കർത്താവേ, അവസാനദിവസം അങ്ങയിൽ ആഹ്ലാദിക്കാൻ ഞങ്ങൾക്കും ഞങ്ങളിൽ ആഹ്ലാദിക്കാൻ അവിടുത്തേക്കും ഇടയാകട്ടെ.
ആത്മാവിൽ നിന്നും ദേഹീദേഹങ്ങളിൽ നിന്നും അവിടുത്തേയ്ക്ക് സ്തുതിസ്തോത്രങ്ങൾ ഉയരുന്നു.
അവിടുത്തെ കരുണകൾ ഞങ്ങളിലേക്ക് പ്രവഹിക്കട്ടെ.
Tags:
ആദ്ധ്യാത്മികത