സുറിയാനി സഭയിൽ ഉപയോഗിക്കുന്ന കൈസ്ലീവാ
- Judeson Kochuparampan
ദൈവജനത്തെ ആശീർവദിക്കുവാൻ പുരോഹിതൻ കൈകളിൽ വഹിക്കുന്ന രക്ഷയുടെ അടയാളമാണ് കൈസ്ലീവാ. വലിയ കാരുണ്യമായി തനിക്കേൽപിക്കപ്പെട്ട താലന്ത് ശിരസിൽ വഹിക്കുബോഴും തന്റെ ബലഹീനതയോർത്ത് അതിൽ എളിമപ്പെടുന്ന പുരോഹിതനെയാണ് ഇതിലൂടെ സഭ വരച്ചു കാട്ടുന്നത്. താനല്ല ഇനി തന്നിൽ വസിക്കുന്നത് മിശിഹായാണ് എന്നുള്ള പൗലോസിന്റെ ദൈവശാസ്ത്രത്തെ അടിവരിയിട്ട് ഉറപ്പിക്കുകയാണിവിടെ .
സ്ലീവാ സ്വർഗ്ഗീയ കൃപയുടെ ദണ്ഡ് ..
സഖറിയാ പ്രവാചകന്റെ പുസ്തകത്തിൽ ഇടയന്റെ രണ്ടു വടികളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് . ഒന്ന് കൃപയുടെ വടിയും രണ്ടാമത്തേത് ഐക്യത്തിന്റെ വടിയും ( സഖ 11-7). ഐക്യത്തിന്റെ വടി എന്നത് ഇടയൻ ആടുകളെ നയിക്കുന്ന വടിയാണ്. അതാണ് ഇന്നു കാണുന്ന ഹുതറാ അഥവാ അംശവടി ( പത്തേരിസ് ) അപ്പോൾ കൃപയുടെ വടി എന്താണ് ? അത് മ്ശിഹായുടെ കൃപ നമ്മിലേക്ക് ഒഴുക്കുന്ന അവന്റെ സ്ലീവാ തന്നെ . വീണ്ടും സങ്കീർത്തകൻ പറയുന്നുന്ന ആശ്വാസം നൽകുന്ന വടിയും ചെങ്കോലും പുരോഹിതൻ കൈകളിൽ വഹിക്കുന്ന സ്ലീവായാണ്. സങ്കീർത്തകൻ പറയുന്ന യൂദായുടെ ചങ്കോലും ഈ സ്ലീവായാണ് ... യൂദാ ഗോത്രത്തിൽ നിന്നും മായാത്ത രാജകീയതയുടെ അടയാളമാണ് അവന്റെ രക്ഷാകരമായ സ്ലീവാ.
കൈസ്ലീവാ സാധാരണയായി സുറിയാനി പാരമ്പര്യത്തിൽ ഒരു ശോശപ്പായോട് കൂടിയാണ് കാണപ്പെടുക. സ്ലീവായുടെ താഴത്തെ തണ്ടിനോട് ചേർത്ത് കെട്ടുന്ന ഈ അംശവസ്ത്രം അവന്റെ പൗരോഹിത്യവസ്ത്രത്തിന്റെ പ്രതീകമാണ് . സ്ലീവായിൽ നിന്നും ഒഴുകുന്ന രക്ഷയുടെ നീർച്ചാലായും ഈ തിരുവസ്ത്രത്തെ വിശേഷിപ്പിക്കുന്നു. പറുദീസയിലെ മരം മനുഷ്യന്റെ നഗ്നതയെ വെളിവാക്കി.. എന്നാൽ ജീവന്റെ വ്യക്ഷഫലമായ സ്ലീവായോ അവനെ രാജകീയമായ വസ്ത്രം ധരിപ്പിച്ചു. നഗ്നരായ ജനതതിയെ പുതു വസ്ത്രം ധരിപ്പിക്കുവാൻ നഗ്നയായി നമ്മുടെ കർത്താവ് സ്ലീവായിൽ തൂക്കപ്പെട്ടു. അതിന്റെ ഫലമോ തന്റെ സഭയെ അവൻ ആനന്ദത്തിന്റെ രക്ഷാകരമായ രാജകീയ വസ്ത്രം ധരിപ്പിച്ചു.
- ജൂഡ്സൺ കൊച്ചുപറമ്പൻ
Tags:
ആരാധന ക്രമ൦