രാജാവായിരുന്ന വിശുദ്ധ റിച്ചാര്‍ഡ്, ഫെബ്രുവരി 7
മറ്റേതൊരു രാജവംശത്തേക്കാളും ആംഗ്ലോ സാക്സണ്‍സ് ക്രിസ്ത്യന്‍ സഭക്ക് വേണ്ടി വളരെയേറെ പ്രവര്‍ത്തികള്‍ നടപ്പാക്കിയിട്ടുള്ള ഒരു രാജകീയ വംശമാണ്. രാജാക്കന്മാരും അവരുടെ കുടുംബങ്ങളും അവരുടെ രാജ്യത്തും, വിദേശങ്ങളിലും സുവിശേഷം പ്രചരിപ്പിക്കുന്നതിനായി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. വിശുദ്ധ റിച്ചാര്‍ഡും കുടുംബവും ഇതില്‍ എടുത്തുപറയേണ്ട ഉദാഹരണങ്ങളാണ്. കെന്റ് രാജകീയ കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്ന വെസ്സെക്സിലെ രാജാക്കന്മാരിലും, രാജകുമാരന്മാരിലും പെട്ട ഒരാളായിരിന്നു വിശുദ്ധ റിച്ചാര്‍ഡ്.
വിശുദ്ധ റിച്ചാര്‍ഡ് ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായാണ് വളര്‍ന്നു വന്നത്. അദ്ദേഹത്തിന്റെ വിശ്വാസം വളരെ ആഴപ്പെട്ടതായിരുന്നു. റിചാര്‍ഡിന്റെ മൂത്തമകനായ വില്ലിബാള്‍ഡിനു മൂന്ന് വയസ്സുള്ളപ്പോള്‍ ഒരു മാരക രോഗത്തിനടിമയായി, രോഗം ഭേദമാകുമെന്ന പ്രതീക്ഷ അവരുടെ കുടുംബത്തിന് ഇല്ലായിരുന്നു. രാത്രിയില്‍ അവന്റെ പിതാവ് അവനെ ഒരു പുതപ്പില്‍ പൊതിഞ്ഞ് തന്റെ കുതിരപ്പുറത്തു കയറ്റി നാല്കവലയില് സ്ഥാപിച്ചിട്ടുള്ള ക്രൂശിത രൂപത്തിനരികിലെത്തി, തന്റെ മകനെ അവിടെ കിടത്തി, മുട്ടിന്മേല് നിന്ന് പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. വിശുദ്ധ റിച്ചാര്‍ഡ് തന്റെ മകന്റെ ജീവനുവേണ്ടി അപേക്ഷിക്കുകയും, അത്ഭുതകരമായി വില്ലിബാള്‍ഡ് സുഖപ്പെടുകയും ചെയ്തു.
രണ്ട് വര്‍ഷങ്ങള്‍ക്ക ശേഷം വില്ലിബാള്‍ഡിനെ വിഞ്ചെസ്റ്ററിനടുത്തുള്ള വാര്‍ഹാമിലെ ആശ്രമാധിപതിയായ എഗ്ബാള്‍ഡിന്റെ സംരക്ഷണത്തില്‍ പരിശീലനത്തിനായി ഏല്‍പ്പിച്ചു. വില്ലിബാള്‍ഡിനു പ്രായപൂര്‍ത്തിയായപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കി അദ്ദേഹം തന്റെ ഭവനത്തിലേക്ക് തിരികെ വന്നു. വിദേശ രാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുക എന്ന ശക്തമായ ആഗ്രഹവുമായാണ് അദ്ദേഹം തന്റെ ഭവനത്തില്‍ തിരിച്ചെത്തിയത്. തന്റെ പിതാവിനേയും, സഹോദരനേയും കൂട്ടി റോമിലേക്കും വിശുദ്ധ നഗരത്തിലേക്കും ഒരു തീര്‍ത്ഥയാത്ര നടത്തുവാന്‍ വില്ലിബാള്‍ഡ് ആഗ്രഹിച്ചു.
വിശുദ്ധ റിച്ചാര്‍ഡിനു തന്റെ രണ്ടാം വിവാഹത്തില്‍ വാള്‍ബുര്‍ഗാ എന്ന് പേരായ ഒരു മകള്‍ കൂടിയുണ്ടായിരുന്നു. അവള് ടെറ്റയുടെ മേല്‍നോട്ടത്തിലുള്ള വിംബോര്‍ണെയിലെ കന്യകാമഠത്തില്‍ ചേര്‍ന്നു. വിശുദ്ധ റിച്ചാര്‍ഡ് തന്റെ രാജകീയ ഭൂസ്വത്തെല്ലാം ഉപേക്ഷിച്ച് തന്റെ രണ്ടുമക്കളുമൊത്ത് സൗത്താംപ്ടണ്‍ സമീപമുള്ള ഹാംബിള്‍ഹാവെനില്‍ നിന്നും തീര്‍ത്ഥയാത്ര ആരംഭിച്ചു. റൌവ്വന് തുടങ്ങിയ നിരവധി ക്രിസ്തീയ കേന്ദ്രങ്ങളില്‍ സമയം ചിലവഴിച്ചുകൊണ്ടവര്‍ വളരെ സാവധാനം ഫ്രാന്‍സിലൂടെ മുന്നേറി. ഈ തീര്‍ത്ഥയാത്രയിലെപ്പോഴോ അദ്ദേഹം സന്യാസവൃതം സീകരിച്ചു.
നീണ്ട യാത്രകള്‍ക്ക് ശേഷം അവര്‍ ഇറ്റലിയിലെ ലൂക്കായിലെത്തി. ഫ്രിജിഡിയന്‍ എന്ന് പേരായ ഐറിഷ് പുരോഹിതന് നിര്‍മ്മിച്ച ഒരു കത്ത്രീഡല്‍ ദേവാലയം അവിടെ ഉണ്ടായിരുന്നു. തദ്ദേശീയര്‍ അദ്ദേഹത്തെ ഫ്രെഡിയാനോ എന്നായിരുന്നു വിളിച്ചിരുന്നത്. പ്രായാധിക്യവും, നിരന്തരമായ യാത്രകളും വിശുദ്ധന്റെ ആരോഗ്യത്തെ ക്ഷയിപ്പിച്ചു, കഠിനമായ ചൂട് സഹിക്കുവാന്‍ കഴിയാതെ വിശുദ്ധന് മരണപ്പെടുകയും ചെയ്തു. വിശുദ്ധ ഫ്രെഡിയാനോസിന്റെ ദേവാലയത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിട്ടുള്ളത്. അദ്ദേഹത്തിന്റെ രണ്ടുമക്കളും ഈ ചടങ്ങിനു സന്നിഹിതരായിരുന്നു.
പിന്നീട് അവര്‍ അവരുടെ അമ്മാവനായ ബോനിഫസും, സഹോദരി വാള്‍ബുര്‍ഗും ചേര്‍ന്ന് ജെര്‍മ്മന്‍കാരെ ക്രിസ്തുവിനെ പ്രഘോഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാനായി ഒപ്പം കൂടി. അവരുടെ പിതാവായ വിശുദ്ധ റിച്ചാര്‍ഡ് ഇന്നും ലുക്കായില്‍ വളരെയേറെ ആദരിക്കപ്പെടുന്നു. അദ്ദേഹം മരണപ്പെട്ട തീര്‍ത്ഥയാത്രയെ കുറിച്ചുള്ള വളരെ പ്രസിദ്ധമായൊരു വിവരണം അദ്ദേഹത്തിന്റെ ബന്ധുവും കന്യാസ്ത്രീയുമായിരുന്ന ഹുഗേബൂര്‍ എഴുതിയിട്ടുണ്ട്. ഈ പുസ്തകത്തിന്റെ പേര് "ഹോഡോയെപ്പോറികോണ്‍ (Baring-Gould)" എന്നാണ്.
Tags:
വിശുദ്ധർ