യാഹ് ܞ YAH
പൗരസ്ത്യ സുറിയാനി / ആറാമായ പാരമ്പര്യത്തിൽ സർവ്വശക്തനായ ആലാഹായുടെ നാമം സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു മുദ്രയാണ് ܞ (യാഹ്). ആദിമകാലം മുതലേ സുറിയാനി പിതാക്കന്മാർ, പ്രത്യേകിച്ച് പൗരസ്ത്യ സുറിയാനിക്കാർ വിശുദ്ധ ഗ്രന്ഥത്തിൻ്റെയും, ആരാധനക്രമ ഗ്രന്ഥങ്ങളുടെയും, തങ്ങളുടെ ആത്മീയ കൃതികളുടെയും ആരംഭഭാഗത്ത് അവയുടെ ശ്രേഷ്ഠത സൂചിപ്പിക്കുവാനായി ഈ മുദ്ര ആലേഖനം ചെയ്തിരുന്നു. അപ്രകാരം ലിഖിതപ്പെടുത്തുന്നതിലൂടെ, ഈ ഗ്രന്ഥങ്ങൾ സത്യവിശ്വാസം പഠിപ്പിക്കുന്നവയാണ് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ഈ മുദ്ര പിന്നീട് പൗരസ്ത്യ സുറിയാനി സഭയുടെ മുഖമുദ്രയായിത്തന്നെ മാറി.
പുറപ്പാട് പുസ്തകത്തിൽ ആലാഹാ മൂശെ നിവ്യായ്ക്ക് വെളിപ്പെടുത്തി നൽകിയ അവിടുത്തെ നാമമാണിത്.
സുറിയാനി അക്ഷരമാലയിലെ പത്താമത്തെ അക്ഷരമായ യോദ് 'ܝ', അഞ്ചാമത്തെ അക്ഷരമായ ഹേ 'ܗ' എന്നീ അക്ഷരങ്ങൾ ചേർത്തെഴുതിയാണ് യാഹ് മുദ്ര ലഭിക്കുന്നത്. 'ഹേ'യ്ക്ക് മുകളിലുള്ള മൂന്ന് ബിന്ദുക്കൾ പിതാവായ ആലാഹായും പുത്രനായ ഈശോമ്ശീഹായും റൂഹാദ്കുദ്ശായുമാകുന്ന പരിശുദ്ധ ത്രിത്വത്തിൻ്റെയും, താഴെയുള്ള ഒരു ബിന്ദു പരിശുദ്ധ ത്രിത്വത്തിൻ്റെ വേർപെടുത്തപ്പെടുവാനാകാത്ത ഏകത്വത്തിൻ്റെയും സൂചകമാണ്. ഈ മുദ്രയുടെ സംഖ്യാമൂല്യം പതിനഞ്ചാണ്.
"യാഹ്" എന്ന നാമം "യാഹ്വേ" (YHWH/יהוה) എന്ന എവ്റായ (ഹെബ്രായ) നാമത്തിൽ നിന്നും ഉത്ഭവിച്ചതാണ്. പരിശുദ്ധ ഗ്രന്ഥത്തിൽ തോറാ, ഒറായ്ത്താ, നിയമങ്ങൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന പഞ്ചഗ്രന്ഥിയിൽ ഈ നാമം നാം കാണുന്നുണ്ട്. മൂശെ നിവ്യായുടെ കാലത്ത് നൽകപ്പെട്ടതും തലമുറകൾ തോറും യൂദാജനം പാലിക്കേണ്ടതുമായ അറുനൂറിലേറെ നിയമങ്ങൾ നമുക്ക് കാണുവാനാകും. ശുദ്ധീകരണം, പാരമ്പര്യം, ആരാധന എന്നിങ്ങനെ വിവിധ ഗണങ്ങളിലുള്ളവയാണ് ഈ നിയമങ്ങൾ. കാഹ്നാ (പുരോഹിതർ) മാർക്കും വിശ്വാസികൾക്കുമായി നൽകപ്പെട്ട നിയമങ്ങളാണ് ഇവയെല്ലാം.
പുറപ്പാട് പുസ്തകത്തിൽ, ഇസ്രയേൽ ജനം തന്നെ നിത്യകാലവും "യാഹ്വേ" എന്ന് വിളിക്കണം എന്ന് മൂശെ നിവ്യാ വഴിയായി ആലാഹാ കല്പിക്കുന്നത് നാം കാണുന്നു.
പക്ഷേ ആ നാമത്തോടുള്ള ഭയവും ആദരവും മൂലം ഇസ്രയേൽ ജനം ആ നാമം ഉപയോഗിക്കുവാൻ തയാറായിരുന്നില്ല. പരിശുദ്ധ ഗ്രന്ഥവായനയിലും ആരാധനയിലും അവർ ഒരിക്കലും തിരുനാമം ഉപയോഗിച്ചിരുന്നില്ല. രാജകീയ പുരോഹിതജനമായിരുന്നിട്ട് പോലും ഇസ്രായേൽ ജനം ഈ നാമം അതിൻ്റെ ശ്രേഷ്ഠതമൂലം അവരത് വളരെ വിരളമായി മാത്രമേ ഉപയോഗിച്ചിരുന്നുള്ളു.
മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകമുള്ള സഭകളായ ഇന്ത്യൻ സഭ (മാർത്തോമ്മാ നസ്രാണി സഭ) ,അസീറിയൻ സഭ, കൽദായ സഭ കത്തോലിക്കാ, പുരാതന കിഴക്കിന്റെ സഭ എന്നീ സഭകൾ ഈ മുദ്ര അഥവാ ഈ നാമം അത്യധികം ശ്രേഷ്ഠവും പരിപാവനവുമായി ഉപയോഗിക്കുന്നു. ഈ സഭകളിൽ പള്ളികളിൽ കേന്ദ്ര ഭാഗത്തും, പരിശുദ്ധ ഗ്രന്ഥത്തിൻ്റെയും, ആരാധന പുസ്തകങ്ങളുടെയും ആരംഭത്തിലും ഈ മുദ്ര പാവനമായി ഉപയോഗിക്കുന്നു.
ഈ പരിശുദ്ധ മുദ്രയിലൂടെ പൗരസ്ത്യ സുറിയാനി സഭ സത്യവിശ്വാസം ഉദ്ഘോഷിക്കുന്നു. അതായത്, ഏക ദൈവമായ പിതാവും, പുത്രനായ ഈശോമ്ശീഹായും, റൂഹാദ്കുദ്ശായും പരസ്പരം വേർതിരിക്കപ്പെടുവാനാകാത്ത മൂന്നാളുകളാണെന്നും തിരുസ്സഭ പഠിപ്പിക്കുന്നു.
Tags:
ദൈവ ശാസ്ത്ര൦