ക്ഷമയുടെ ഉത്തമമാതൃകയായി തിരുസ്സഭ ചൂണ്ടിക്കാണിക്കുന്ന വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ ജോസഫൈൻ ബക്കിത.
ഒരടിമപ്പെണ്ണായിരുന്നപ്പോൾ ഉഴവുചാൽ കീറുന്ന പോലെ ക്രൂരമർദ്ദനത്താൽ തൻറെ ദേഹമെങ്ങും ചോര വരുത്തിയിരുന്നവരോട് അവൾക്കു ക്ഷമിക്കാൻ കഴിഞ്ഞു .അവൾ പറഞ്ഞതിങ്ങനെയായിരുന്നു,
“എന്നെ കടത്തിക്കൊണ്ടുപോയ അടിമച്ചവടക്കാരെ, പീഡിപ്പിച്ചവരെപോലും ഞാൻ കണ്ടുമുട്ടിയാൽ, ഞാൻ മുട്ടുകുത്തി അവരുടെ കൈകൾ ചുംബിക്കും. കാരണം, അത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഞാനൊരു ക്രിസ്ത്യാനിയോ വിശ്വാസിയോ ആയിട്ടുണ്ടാവില്ലായിരുന്നു". ഒരു സാധാരണമനുഷ്യന് താങ്ങാൻ കഴിയുന്നതിലും എത്രയോ അപ്പുറത്താണ് ചെറുപ്രായത്തിൽ തന്നെ ഈ വിശുദ്ധക്ക് അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ!
1869ൽ സുഡാനിലെ ദാർഫൂറിൽ ജനിച്ച ബക്കിതയെ 7 വയസ്സുള്ളപ്പോൾ അടിമക്കച്ചവടക്കാർ തട്ടിയെടുത്ത് അവിടെനിന്നു 960 കിലോമീറ്ററോളം ഒരു ചെരിപ്പുപോലുമില്ലാതെ അവളെ നടത്തിക്കൊണ്ടുപോയി. എൽ ഒബെയ്ദിലെത്തുമ്പോഴേക്ക് പലവട്ടം വിൽക്കലുകളും കൈമാറ്റവും നടന്നു. ശാരീരികമായും മാനസികമായും കടുത്ത പീഡനങ്ങളും അപമാനങ്ങളുമാണ് കളിച്ചുനടക്കേണ്ട പ്രായത്തിൽ അവളനുഭവിച്ചത് . അതിന്റെ ആധിക്യം മൂലം തൻറെ ശരിയായ പേരുപോലും അവൾ മറന്നു പോയി . ബക്കിത എന്ന പേര് അടിമകച്ചവടക്കാർ നൽകിയതാണ് . ഭാഗ്യശാലി എന്നാണ് അറബിക്കിൽ അതിനർത്ഥം. അവളെ ഇസ്ലാം മതത്തിലേക്ക് ബലം പ്രയോഗിച്ചു മാറ്റുക കൂടി അവർ ചെയ്തു .
12 വയസ്സിനുള്ളിൽ ഒരു ഡസനോളം പ്രാവശ്യം അവൾ വിൽക്കപ്പെട്ടു കഴിഞ്ഞിരുന്നു. എൽ ഒബൈദിൽ അവളെ വാങ്ങിച്ച ധനികനായ ഒരു അറബി അവളെ തൻറെ രണ്ടു പുത്രിമാരുടെ ദാസിയായി വെച്ചു. യജമാനന്റെ മകനോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞ് ക്രൂരമായി മർദ്ദിക്കപ്പെട്ടതിന്റെ ഫലമായി ഒരു മാസത്തോളം അവൾ തൻറെ വയ്ക്കോൽ കിടക്കയിൽ തന്നെ കഴിയേണ്ടി വന്നു .
അവളെ പിന്നീട് വാങ്ങിച്ച ഒരു ടർക്കിഷ് ജനറൽ അടിമകളോട് ഒട്ടും അലിവില്ലാത്ത തൻറെ അമ്മായിയമ്മയുടെയും ഭാര്യയുടെയും വേലക്കായി അവളെ നിർത്തി.ആ കാലഘട്ടത്തെ കുറിച്ച് ബക്കിത പറഞ്ഞതിങ്ങനെ, "ഞാനാ വീട്ടിൽ നിന്ന കൊല്ലങ്ങളിൽ, ഏതെങ്കിലും ഒരു മുറിവോ ചതവോ ഇല്ലാതെ ഒരു ദിവസം പോലും കടന്നുപോയതായി ഞാനോർക്കുന്നില്ല. ചാട്ടവാറേറ്റു കൊണ്ടുള്ള ഒരു മുറിവ് കരിയുമ്പോഴേക്ക് കൂടുതൽ മുറിവുകൾ എന്നിലേക്ക് വന്നുകൊണ്ടിരുന്നു".
അതിൽ ഏറ്റവും ഭയാനകമായ ഓർമ്മ സുഡാനിൽ അന്നത്തെ കാലത്ത് അടിമകളെ പച്ചകുത്താൻ ചെയ്തിരുന്ന പോലെ ശരീരത്തിൽ മുറിവുകളുണ്ടാക്കിയതാണ്. ഊരിപ്പിടിച്ച ചാട്ടവാറുമായി യജമാനത്തി നോക്കിക്കൊണ്ടു നിൽക്കെ ധാന്യമാവ് കൊണ്ട് ബക്കിതയുടെ ശരീരത്തിലാകെ അടയാളമിട്ട് ബ്ലേഡ് കൊണ്ട് ആഴത്തിൽ അവിടമെല്ലാം വരഞ്ഞുകീറി, മുറിവിന്റെ പാട് മാഞ്ഞു പോവാതിരിക്കാനായി അതിലെല്ലാം ഉപ്പുപുരട്ടി . 114 പാടുകളാണ് അവളുടെ ശരീരത്തിൽ ഈ പ്രവൃത്തി അവശേഷിപ്പിച്ചത് . മിക്കതും ജീവിതാവസാനം വരെ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്നു. ആരിലും വെറുപ്പും ആത്മാവിൽ കയ്പ്പും ഉളവാക്കുന്ന ഇത്തരത്തിലുള്ള പീഡനങ്ങൾ ഏൽപ്പിച്ചവരോടാണ് അവൾ പിൽക്കാലത്ത് ക്ഷമിക്കുകയും നന്ദിയോടെ ഓർക്കുകയും ചെയ്തത്.
അവസാനം സുഡാന്റെ തലസ്ഥാനമായ ഖാർത്തൂമിൽ വെച്ച് ഇറ്റാലിയൻ വൈസ് കോൺസുൽ ആയ കാലിസ്റ്റസ് ലിഞ്ഞാനി അവളെ വാങ്ങി . ചാട്ടവാറിന്റെ സ്വരവും ആക്രോശങ്ങളുമില്ലാത്ത അവിടെ അവൾക്കു സമാധാനം നിറഞ്ഞ ദിനങ്ങളുണ്ടായി. അവർക്ക് ഇറ്റലിയിലേക്ക് മടങ്ങിപോകേണ്ട സമയമായപ്പോൾ ബക്കിതയെ കൂടെ കൊണ്ടുപോകാൻ അവൾ യാചിച്ചു. ഇറ്റലിക്കാരന്റെ സുഹൃത്തായ അഗസ്റ്റോ മിച്ചിയെലിയുടെ കുടുംബത്തിന്റെ കൂടെ അവരെല്ലാം ഇറ്റലിയിലേക്ക് പോയി. ജനീവയിലെത്തിയപ്പോൾ Mrs. മിച്ചിയെലിയുടെ അപേക്ഷപ്രകാരം അവളെ അവരുടെ വീട്ടിൽ നിർത്തി. അവർക്കുണ്ടായ മിമ്മിന എന്ന മകളെയും നോക്കി അവിടെ കഴിയവേ അവളുടെ യജമാനത്തിക്ക് ഭർത്താവിന്റെ ഹോട്ടൽ പണിയുന്നിടത്തേക്ക് കുറെ നാളത്തേക്ക് പോകേണ്ടി വന്നു. ബക്കിതയെയും മകളെയും ഇറ്റലിയിൽ കനോസ്സിയൻ സിസ്റ്റേഴ്സിന്റെ സംരക്ഷണയിൽ നിർത്തി അവർ പോയി .
ആ കന്യാസ്ത്രീകളിൽ നിന്ന് ബക്കിത താൻ ചെറുപ്പം മുതൽ ഉള്ളിൽ അനുഭവിച്ചിരുന്ന, എന്നാൽ തിരിച്ചറിയാതിരുന്ന ദൈവത്തെ അറിഞ്ഞു. “സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിയിരുന്നപ്പോൾ ഞാൻ സ്വയം ചോദിച്ചു,ഇത്ര മനോഹരമായതിന്റെയെല്ലാം യജമാനൻ ആരായിരിക്കും ? അവിടുത്തെ കാണാനും അറിയാനും എന്റെ സ്നേഹാദരങ്ങൾ നൽകാനും ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു".
അവിടെവെച്ച് 1890 ജനുവരി 9 ന് ബക്കിത 21 വയസ്സ് പ്രായമുള്ളപ്പോൾ കത്തോലിക്കസഭയെ ആശ്ലേഷിച്ച് മാമോദീസ , സ്ഥൈര്യലേപനം ,കുർബ്ബാന എന്നിവ സ്വീകരിച്ചു. ' ദൈവം വർദ്ധിപ്പിക്കും' എന്നർത്ഥമുള്ള ജോസഫൈൻ എന്ന പേര് സ്വീകരിച്ചു. വിദ്യാഭ്യാസമില്ലാത്ത അവൾക്ക് തൻറെ അടക്കാനാവാത്ത സന്തോഷം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയില്ലായിരുന്നു. അവളുടെ തിളങ്ങുന്ന വലിപ്പമേറിയ കണ്ണിലൂടെ ആനന്ദകണ്ണുനീർ ധാരധാരയായി പ്രവഹിച്ചു.
അവളുടെ യജമാനത്തി തിരികെ വന്നപ്പോൾ ബക്കിതയെ തിരിച്ചുകൊണ്ടുപോവാൻ ആഗ്രഹിച്ചു. പക്ഷെ തൻറെ സ്നേഹം പലവിധ കാര്യങ്ങളിലൂടെ കാണിച്ചുകൊടുത്ത നല്ലദൈവത്തെ സേവിച്ചു കൊണ്ട് കന്യാസ്ത്രീകളുടെ കൂടെത്തന്നെ താമസിക്കുന്നതായിരുന്നു അവളുടെ ഇഷ്ടം . പ്രശ്നം വെനീസിലെ കോടതി വരെയെത്തി . ബക്കിത തൻറെ അടിമയാണെന്ന് പറഞ്ഞു വാദിക്കുന്ന, യജമാനത്തിയുടെ കൂടെ ആഫ്രിക്കയിലേക്ക് തിരിച്ചുപോകണമോ അതോ മാതൃരാജ്യത്തില്നിന്നകന്ന് ഇറ്റലിയിൽ ഒരു സ്വതന്ത്രവ്യക്തിയായി ജീവിക്കണമോ എന്ന് കോടതി ചോദിച്ചപ്പോൾ ബക്കിതയുടെ മറുപടി ഇങ്ങനെയായിരുന്നു, "ഞാൻ യജമാനത്തിയെ വളരെ സ്നേഹിക്കുകയും അവളെ എതിർക്കേണ്ടി വരുന്നതിൽ ഖേദിക്കുകയും ചെയ്യുന്നു. പക്ഷെ എന്റെ നല്ല ദൈവത്തെ നഷ്ടപ്പെടുത്താൻ ആഗ്രഹം ഇല്ലാത്തതിനാൽ ഞാൻ ഈ സ്ഥലം വിട്ടുപോകാൻ ആഗ്രഹിക്കുന്നില്ല". ബക്കിതയെ സ്വതന്ത്രയാക്കികൊണ്ടും അവിടെ തന്നെ താമസിക്കാൻ അനുവദിച്ചുകൊണ്ടുമാണ് വിധി വന്നത് . അങ്ങനെ അനേകവർഷങ്ങളുടെ അടിമത്തത്തിനു ശേഷം ബക്കിത സ്വാതന്ത്ര്യം പൂർണ്ണമായി അനുഭവിച്ചു.
ദൈവം തന്നെ സമർപ്പിതജീവിതത്തിലേക്ക് ക്ഷണിക്കുന്നതായി അവൾക്കനുഭവപ്പെട്ടു. അവളുടെ അപേക്ഷ മഠത്തിൽ സ്വീകരിക്കപ്പെട്ടു. 1893 ഡിസംബർ 7 നു നൊവിഷ്യേറ്റിൽ പ്രവേശിച്ച ബക്കിത 1896 ഡിസംബർ 8ന് നിത്യവ്രതവാഗ്ദാനം നടത്തി. അടുത്ത 50 കൊല്ലത്തേക്ക് ഉപവിയുടെ പുത്രിമാരിൽ ഒരുവളായി കനോസ്സിയൻ സഭക്ക് ഒരു നിധിയായി അവൾ അവിടെ താമസിച്ചു.
തൻറെ എല്ലാ യജമാനന്മാരിൽ നിന്നും വ്യത്യസ്തനായ , സ്നേഹം മാത്രമായ, ഒരു യജമാനൻ സ്വർഗ്ഗത്തിലുണ്ടെന്ന് അവളറിഞ്ഞു . മാസ്റ്റർ ( യജമാനൻ ) എന്ന് വിളിക്കാൻ അവൾ ഇഷ്ടപെട്ട ദൈവത്തിന് , പൂർണ്ണമായും അവൾ സ്വയം സമർപ്പിച്ചു. തന്നെ പീഡിപ്പിച്ച എല്ലാ ഭൗമിക യജമാനന്മാരോടും അവൾ ആ യജമാനനെപ്രതി ക്ഷമിച്ചു. അവളുടെ എളിമ, ലാളിത്യം , നിഷ്കളങ്കത, വിശാലമായ ചിരി എന്നിവയൊക്കെ എല്ലാവരുടെയും ഹൃദയം കവർന്നു. അവളുടെ മധുരമായ പെരുമാറ്റം , വൈശിഷ്ട്യമാർന്ന നന്മ, ദൈവം എല്ലാവരാലും അറിയപ്പെടണമെന്ന ആഴമേറിയ അവളുടെ ആഗ്രഹം .. ഇതൊക്കെ അവരെല്ലാം തിരിച്ചറിഞ്ഞു. അവളെപ്പോഴും പറയുമായിരുന്നു, " നല്ലവരായിരിക്കുക , ദൈവത്തെ സ്നേഹിക്കുക, അവിടുത്തെ അറിയാത്തവർക്ക് വേണ്ടി പ്രാർത്ഥിക്കുക, ദൈവത്തെ അറിയാൻ സാധിക്കുക എന്നത് എത്ര വലിയ അനുഗ്രഹമാണ്".
കുട്ടികൾ അവളെ ഇഷ്ടത്തോടെ കറുത്ത അമ്മ എന്ന് വിളിച്ചു. പാചകക്കാരി ആയും തയ്യൽക്കാരി ആയും അൾത്താരസൂക്ഷിപ്പുകാരി ആയും വാതിൽ കാവൽക്കാരി ആയുമൊക്കെ അവൾ പണിയെടുത്തു. എന്തും ഏതും അവൾക്ക് സമ്മതമായി . രോഗികൾക്ക് സമാധാനം പകർന്നു. അവളുടെ അനുസരണം തിടുക്കത്തിലുള്ളതും ഹൃദയത്തിൽ നിന്നുമായിരുന്നു. സുപ്പീരിയർ വിളിപ്പിച്ചാൽ അക്ഷരാർത്ഥത്തിൽ അവൾ പറക്കുമായിരുന്നു അവിടേക്ക്. " എന്നോട് എന്താണ് ചെയ്യേണ്ടതെന്ന് പറയുകയേ വേണ്ടൂ , എന്നോട് പറയുന്നതെന്തും ചെയ്യാൻ ഞാനൊരുക്കമാണ് ".
മുമ്പുണ്ടായിരുന്ന ക്രൂരന്മാരായ യജമാനരെ അവൾ ദയയോടെ ഓർത്തു. "അവർക്ക് ഈശോയെപ്പറ്റി അറിയുമായിരുന്നില്ല. പിന്നെ അവർക്കെങ്ങനെ എന്നോട് നന്നായി പെരുമാറാൻ കഴിയും?" ഇതായിരുന്നു അവളുടെ ന്യായം. ക്രിസ്ത്യാനികളായി വളർന്നുവന്ന ചിലർ അവരുടെ വിശ്വാസത്തിനു യോജിച്ച വിധം ജീവിക്കാത്തതു കണ്ട് അവൾ അമ്പരന്നു. " ഇത്ര നല്ലൊരു യജമാനനെ എങ്ങനെ ദ്രോഹിക്കാൻ പറ്റും?" അവൾ പറഞ്ഞു .
ഭൗതികകാര്യങ്ങളിൽ ഒട്ടും ഭ്രമിക്കാത്തതായിരുന്നു ബക്കിതയുടെ മനസ്സ്. അവളുടെ സുപ്പീരിയറിനോട് അവൾ പറഞ്ഞു, " മദർ , എന്റെ കയ്യിൽ സ്വന്തമായി ആകെയുള്ളത് ജപമാലയും ക്രൂശിതരൂപവുമാണ് . പക്ഷെ അങ്ങ് ആവശ്യപ്പെടുകയാണെങ്കിൽ അത് പോലും ഉപേക്ഷിക്കാൻ ഞാനൊരുക്കമാണ് ".
രണ്ടാം ലോകമഹായുദ്ധസമയത്തെ ഭീതിയിലും അന്നാട്ടുകാർക്ക് അവൾ പ്രതീക്ഷ പകർന്നു. ഒരു വിശുദ്ധയായി തന്നെയാണ് അവളെ അവർ കണ്ടിരുന്നതും. ബോംബുകൾ വർഷിക്കപ്പെട്ടെങ്കിലും മരണങ്ങളൊന്നും പറയാനില്ലാതെ ആ കാലഘട്ടം കഴിഞ്ഞു.
വർഷങ്ങൾ കടന്നുപോകവേ അസുഖങ്ങളുടെ, വേദനയുടെ നീണ്ട വർഷങ്ങൾ കടന്നുവന്നു. എങ്കിലും പ്രത്യാശയും ക്രിസ്തീയതയിൽ അടിയുറച്ച പ്രതീക്ഷയും നന്മയും വീരോചിതമായി അവൾ മുറുകെപ്പിടിച്ചു. എങ്ങനെയുണ്ടെന്നു ചോദിക്കുന്നവരോട് ചിരിച്ചുകൊണ്ട് പറയും , "അവിടുത്തെ തിരുവിഷ്ടംപോലെ" എന്നിട്ട് ക്രൂശിതരൂപത്തിലേക്ക് തിരിഞ്ഞ് അവൾ പറയും, "ഞാൻ അവനെ നോക്കിയിരിക്കുന്നു. ഞാൻ അവനെ നോക്കിയിരിക്കുന്നു. എനിക്ക് വേണ്ടി അവൻ എത്രമാത്രം സഹിച്ചു ! അവനായി കൊടുക്കാൻ എനിക്ക് യാതൊന്നുമില്ല, ഒന്നും തന്നെയില്ല ".
മാതാപിതാക്കളെയും കുടുംബത്തെയുമൊക്കെ ചെറുപ്പത്തിൽ തന്നെ നഷ്ടപ്പെട്ടിരുന്ന ബക്കിത, പരിശുദ്ധ കന്യകയിൽ തൻറെ അമ്മയെ കണ്ടെത്തി. "പരിശുദ്ധ കന്യകയെ അമ്മയായി ലഭിക്കുന്നതിലും മനോഹരമായ എന്താണുള്ളത് ?" എന്നവൾ പറയുമായിരുന്നു. 1947 ഫെബ്രുവരി 8 ന് അവളെ ഈ ലോകത്തിലെ എല്ലാ വേദനകളിൽ നിന്നും മോചിപ്പിക്കാൻ പരിശുദ്ധ അമ്മ തന്നെയായിരുന്നു വന്നത്. " പരിശുദ്ധ അമ്മയുടെ അടുത്തേക്ക് പോകാൻ എനിക്കെത്ര സന്തോഷമാണെന്നോ ... മാതാവേ ... മാതാവേ !" ഇതായിരുന്നു അവളുടെ അവസാന വാക്കുകൾ. അവളുടെ മുഖത്തുണ്ടായിരുന്ന സ്വർഗീയമായ പുഞ്ചിരി അവൾ പരിശുദ്ധ അമ്മയെ കണ്ടെന്ന കാര്യം ഉറപ്പിക്കുന്നതായിരുന്നു.
1992 മെയ് 17 നു വിശുദ്ധ ജോൺപോൾ രണ്ടാമൻ പാപ്പയാൽ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട ജോസഫൈൻ ബക്കിതയെ അതേ പാപ്പ തന്നെ 2000 ഒക്ടോബർ 1 ന് വിശുദ്ധയായി ഉയർത്തി.
സങ്കീർത്തനം 19:8 ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു, 'കര്ത്താവിന്റെ സാക്ഷ്യം വിശ്വാസ്യമാണ്; അതു വിനീതരെ വിജ്ഞാനികളാക്കുന്നു'.പാപ്പ തുടർന്നു, "ഈ വചനം സിസ്റ്റർ ജോസെഫയ്ൻ ബക്കിതയുടെ ജീവിതത്തിൽ ശക്തിയായി പ്രതിധ്വനിക്കുന്നു. ഏഴുവയസ്സെന്ന ചെറുപ്രായത്തിൽ തട്ടിയെടുക്കപ്പെട്ട് അടിമത്തത്തിലേക്ക് വിൽക്കപ്പെട്ട അവൾ തൻറെ ക്രൂരന്മാരായ യജമാനരുടെ കയ്യിൽ വളരെ ദുരിതമനുഭവിച്ചു. പക്ഷെ , ദൈവമാണ് മനുഷ്യനല്ല എല്ലാ മനുഷ്യജീവിതങ്ങളുടെയും, ഓരോ മനുഷ്യന്റെയും ശരിയായ യജമാനൻ എന്ന പരമമായ സത്യം അവൾ മനസ്സിലാക്കി. ആ തിരിച്ചറിവ് ആഫ്രിക്കയുടെ ഈ എളിയ മകളിൽ മഹത്തായ ജ്ഞാനം പ്രദാനം ചെയ്തു. അവളുടെ ജീവചരിത്രം, പെൺകുട്ടികളെയും സ്ത്രീകളെയും അടിച്ചമർത്തലിൽ നിന്നും അക്രമങ്ങളിൽ നിന്നും മോചിപ്പിക്കാനും അവരുടെ അവകാശങ്ങള് അതിന്റെ പൂർണ്ണതയിൽ, അവരുടെ അന്തസ്സിനു ചേർന്ന വിധം പുനഃസ്ഥാപിക്കാൻ വേണ്ടി ശ്രമിക്കാനുമുള്ള നിഷ്ക്രിയമായ ഒരു സമ്മതമല്ല , ഉറപ്പായും പരിഹാരമുണ്ടാക്കാനുള്ള പ്രചോദനമാണ് നമ്മളിൽ ഉളവാക്കുന്നത്".
ഏൽപ്പിക്കപ്പെട്ട വേദനകളും മുറിവുകളും ക്ഷമിച്ച് , സ്നേഹം നിറച്ച്, ക്ഷമയുടെ മധ്യസ്ഥയായി അൾത്താരയിൽ സ്ഥാനം പിടിച്ച വിശുദ്ധ ജോസഫൈൻ ബക്കിതയുടെ തിരുന്നാൾ ആശംസകൾ എല്ലാവർക്കും നേരുന്നു.
ജിൽസ ജോയ് ✍️
Tags:
വിശുദ്ധർ