🕊️ *മക്ശാനീസാ* 🕊️
സ്വർഗ്ഗത്തിൻ്റെ പ്രതീകമായ മദ്ബഹായിൽ സ്രാപ്പേ മാലാകാമാരുടെ സാന്നിധ്യത്തെ ദ്യോതിപ്പിക്കുന്ന ഒരുപകരണമാണ് മക്ശാനീസാ (ܡܲܟܫܵܢܝܼܬܼܵܐ). ആറാം നൂറ്റാണ്ട് മുതലെങ്കിലും പൗരസ്ത്യ സുറിയാനി സഭയുടെ പരിശുദ്ധ കുർബാനയിൽ ഇതിൻ്റെ ഉപയോഗം ഉള്ളതായി കാണുവാൻ സാധിക്കും. പൗരസ്ത്യ സുറിയാനി വ്യാഖ്യാതാവായ മാർ നർസൈയുടെ വ്യാഖ്യാനങ്ങളിൽ നമുക്കത് കാണുവാൻ സാധിക്കും. പതിനൊന്നാം നൂറ്റാണ്ടിൽ പൗരസ്ത്യ സുറിയാനി സഭയുടെ കാസോലിക്കായായിരുന്ന മാർ ഈശോയാബ് നാലാമൻ (ഈശോയാബ് ബർ ഹെസ്കിയേൽ) നൽകുന്ന കൂദാശകളുടെ വ്യാഖ്യാനങ്ങളിലും മക്ശാനീസായുടെ സാന്നിധ്യം കാണുന്നുണ്ട്. ദൈവസന്നിധിയിൽ മാലാകാമാർ "കന്ദീശ്, കന്ദീശ്, കന്ദീശ്" എന്ന് അനവരതം ദൈവത്തെ സ്തുതിക്കുകയും അവിടുത്തേക്ക് ശുശ്രൂഷ ചെയ്യുകയും ചെയ്യുന്നു. ഈ മാലാകാമാരുടെ പ്രതീകമാണ് മദ്ബഹായിൽ ഉപയോഗിക്കുന്ന മക്ശാനീസാ.
മനുഷ്യബുദ്ധിക്കഗ്രാഹ്യമായ ഭയഭക്തിജനകമായ റാസകൾ പരികർമ്മം ചെയ്യപ്പെടുന്ന പരിശുദ്ധ മദ്ബഹായിൽ ധൂപം അർപ്പിക്കുന്നതോടൊപ്പം തന്നെ ഈ വിശറിമണികളും ഉപയോഗിക്കുന്നു. വ്യാഖ്യാതാക്കൾ വ്യാഖ്യാനങ്ങൾ നൽകുന്നുണ്ടെങ്കിലും അവരിലാരും തന്നെ (???) പരിശുദ്ധ കുർബാനയിൽ ഇതൊക്കെ സന്ദർഭങ്ങളിലാണ് ഇത് ഉപയോഗിക്കുന്നതെന്ന് പ്രതിപാദിക്കുന്നില്ല. പൗരസ്ത്യ സഭകളിൽ എല്ലാം തന്നെ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഈ ഉപകരണം ആരാധനക്രമത്തിൽ ഉപയോഗിക്കുന്നുണ്ട്. എല്ലായിടത്തും പൊതുവേ സ്രാപ്പേന്മാരുടെ ചിത്രീകരണം ഇവയിൽ കാണാം.
🖋️ _*ചില വ്യാഖ്യാനങ്ങൾ:*_ 📖
"പരിശുദ്ധ മദ്ബഹാ നിശ്ചയമായും നമ്മുടെ കർത്താവിൻ്റെ തിരുക്കബറിൻ്റെ പ്രതീകമാണ്. അതിനാൽ പരിശുദ്ധ മദ്ബഹായുടെ രണ്ട് വശങ്ങളിലും മക്ശാനീസാകളുമായി നിൽക്കുന്ന ശുശ്രൂഷകർ നമ്മുടെ കർത്താവിൻ്റെ തിരുശരീരത്തിൻ്റെ ശിരസ്സിൻ്റെയും പാദങ്ങളുടെയും സമീപത്ത് നിന്നിരുന്ന മാലാകാമാരെ പ്രതിനിധീകരിക്കുന്നു. മറ്റു ശുശ്രൂഷകർ അവിടുത്തെ കബറിടത്തിൽ ഉണ്ടായിരുന്ന മാലാകമാരെയും സൂചിപ്പിക്കുന്നു."
(മാർ നർസൈ(A.D. 399-502) നൽകുന്ന വ്യാഖ്യാനം)
"മക്ശാനീസാകളുമായി നിൽക്കുന്ന രണ്ട് ശുശ്രൂഷകർ നമ്മുടെ കർത്താവിൻ്റെ തിരുക്കബറിൽ നിലകൊണ്ട മിഖായേൽ, ഗവ്രിയേൽ എന്നീ മാലാകാമാരെ പ്രതിനിധീകരിക്കുന്നു"
(മാർ മാർ ഈശോയാബ് നാലാമൻ (A.D.1020-1025)കാസോലിക്ക നൽകുന്ന വ്യാഖ്യാനം)
"മക്ശാനീസാകളുമായി നിൽക്കുന്ന ശുശ്രൂഷകർ സ്രാപ്പേ മാലാകമാരെ സൂചിപ്പിക്കുന്നു. കർത്താവിൻ്റെ സിംഹാസനത്തിനുചുറ്റും ശുശ്രൂഷ ചെയ്യുന്നവരായി ഏശായാ നിവ്യാ ദർശിച്ച മാലാകാമാരുടെ സദൃശ്യമാണവർ."
ആർബേലിലെ ഗീവർഗീസ് (A.D.900-1000) നൽകുന്ന വ്യാഖ്യാനം.
"കൂദാശാ വേളയിൽ കാഹ്നാ മക്ശാനീസാ മ്ശംശാനാമാരെ ഏൽപ്പിക്കുന്നു. അവരത് വിറപ്പിക്കുകയും ചെയ്യുന്നു. കാഹ്നായാൽ നൽകപ്പെട്ടാലല്ലാതെ അവർ സ്വയം ഒന്നും എടുക്കുന്നില്ല. കൂദാശയ്ക്ക് ശേഷം അവരത് തിരികെ കാഹ്നായെ ഏൽപ്പിക്കുകയും ചെയ്യുന്നു."
(മാർ തിമോത്തി രണ്ടാമൻ (A.D. 1318-1332) കാസോലിക്ക നൽകുന്ന വ്യാഖ്യാനം)
"മക്ശാനീസായിലെ മണികൾ, അഹറോൻ്റെ പുരോഹിത വസ്ത്രത്തിലെ അരപ്പട്ടയിൽ ഉണ്ടായിരുന്ന മണികളെ സൂചിപ്പിക്കുന്നു. അഹറോൻ കർത്താവിന് ശുശ്രൂഷ ചെയ്തിരുന്ന സമയങ്ങളിൽ ഈ മണികൾ മുഴങ്ങിയിരുന്നു, അതുപോലെ കാഹ്നാ കർത്താവിന് ശുശ്രൂഷ ചെയ്യുമ്പോഴും ഈ മണികൾ മുഴങ്ങുന്നു."
(മാർ ശെമ്ഓൻ ശാഖ്ലാവാ നൽകുന്ന വ്യാഖ്യാനം)
സ്വർഗ്ഗത്തിലെ മാലാകാമാരുടെ ചിറകടിയെ മക്ശാനീസായുടെ ഉപയോഗം സൂചിപ്പിക്കുന്നു.
പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനാ വേളയിൽ ഉപയോഗിച്ചിരുന്നു എങ്കിലും ഇന്ന് ഒരിടത്തും ഉപയോഗിക്കുന്നില്ല. കാലക്രമേണ എല്ലാ പൗരസ്ത്യ സുറിയാനി സഭകളിലും നിന്ന് ഈ വിശറിമണി അപ്രത്യക്ഷമായി. നമ്മുടെ സഭയിലും മേല്പട്ടക്കാരെ പള്ളിയിലേക്ക് സ്വീകരിക്കുന്ന സമയങ്ങളിൽ ഈ വിശറിമണി ഉപയോഗിച്ചിരുന്നതായി മാർ പ്ലാസിഡ് പൊടിപാറ മല്പാൻ അദ്ദേഹത്തിൻ്റെ "നമ്മുടെ റീത്ത്" എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്.
- ഫെബിൻ ജോർജ്ജ് മൂക്കംതടത്തിൽ.
1. Malpan Malpane Koonammackal Thoma Kathanar.
2. Qasha Aprem Alkhori.
3. Liturgical Commentaries of Shem'on Shaqlawaea.
4. Liturgical Homilies of Mar Narsai.
5. Unnik, Willem, Nestorian Questions on the Administrisone of Eucaristi of Iso Yahb IV.
6. Timotheus II, Liber de Sacramentis Ecclesiae.
7. നമ്മുടെ റീത്ത്; പ്ലാസിഡ് പൊടിപാറ.
8. Baptismal Memra of Anonymous Author of Ninth Century; Francis Pittappillil.
9. Amal Joseph Pulluthuruthiyil.
10. Rithin Varghese Chilambuttusseri.
Tags:
ആരാധന ക്രമം