സീറോ മലബാർ സഭയുടെ പാരമ്പര്യം അനുസരിച്ച് പള്ളിയുടെ ഘടന എങ്ങനെയാണ് നടത്തിയ ഒരു ചെറിയ പഠനം. ഇതിൽ നിന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരിക്കും. പരമാവധി ഉറവിടങ്ങളും പൗരസ്ത്യ സുറിയാനി സഭയുടെ പിതാക്കന്മാരുടെ വ്യാഖ്യാനങ്ങളും അടിസ്ഥാനമായി നടത്തിയ ഒരു പഠനമാണിത്.
കേരളീയ ശൈലിയും പൗരസ്ത്യ സുറിയാനി, യഹൂദ ശൈലികളും നമ്മുടെ പള്ളികളുടെ നിർമാണഘടനയിൽ കാണുവാൻ കഴിയും.
പള്ളിയെ പ്രധാനമായി മൂന്ന് ഭാഗങ്ങളായി തിരിക്കുന്നു: മദ്ബഹ/കങ്കേ, കെസ്ത്രോമ, ഹൈക്കല.
1. ബലിപീഠം/മദ്ബഹ.
മദ്ബഹ സ്വർഗ്ഗത്തിന്റെ പ്രതീകമാണ്. കല്ലിലോ തടിയിലോ ആണ് ബലിപീഠം നിർമ്മിക്കുന്നത്. ഉറപ്പിച്ചാണ് മദ്ബഹ നിർമ്മിക്കുന്നത്, കൂദാശ ചെയ്ത ശേഷം അത് ഒരിക്കലും മാറ്റുവാൻ പാടുള്ളതല്ല. അതിവിശുദ്ധ സ്ഥലമായ കങ്കേയിൽ കിഴക്കേ ഭിത്തിയോട് ചേർന്ന് ബലിപീഠം സ്ഥിതി ചെയ്യുന്നു. മദ്ബഹായ്ക്ക് പുറത്ത് കിഴക്ക് വശത്ത്, സങ്കീർത്തി ഉൾപ്പടെ, യാതൊരു നിർമാണവും പാടില്ല. വസ്തുക്കൾ ഒന്നും മദ്ബഹയിലോ കെസ്ത്രോമയിലോ പ്രവേശിപ്പിക്കാൻ പാടില്ല. പൂക്കളും മറ്റും ഈ വിശുദ്ധ സ്ഥലങ്ങളിൽ വയ്ക്കാറില്ല. മൈക്കും അനുബന്ധ വസ്തുക്കളും ബലിപീഠത്തിൽ വയ്ക്കാൻ പാടില്ല. ഹാശാ വെള്ളിയാഴ്ച സ്ലീവായുടെ കബറടക്ക ശുശ്രൂഷ നടത്തുവാനുള്ള സൗകര്യത്തിൽ മദ്ബഹയുടെ പ്രതലത്തിന് അടിയിലായി ഒരു അറ ഉണ്ടായിരിക്കും.
മദ്ബഹ മ്ശീഹായെയും, അവിടുത്തെ കബറിടത്തെയും, അവിടുത്തെ സിംഹാസനത്തെയും, പെസഹാമേശയെയും പ്രതിനിധാനം ചെയ്യുന്നു. തക്സ ഉൾപ്പടെ മദ്ബഹായിൽ എന്തൊക്കെ പ്രവേശിപ്പിച്ചാലും അവയൊക്കെയും ധൂപിച്ച ശേഷമാണ് മദ്ബഹായിലേക്ക് സ്വീകരിക്കുന്നത്.
വിരിക്കൂട്ട്.
മദ്ബഹയുടെ തിരുവസ്ത്രമാണ് വിരിക്കൂട്ട് എന്നറിയപ്പെടുന്നത്. ഒട്ടേറെ പ്രതീകങ്ങൾ നിറഞ്ഞതാണ് പൗരസ്ത്യ സുറിയാനി സഭയുടെ വിരിക്കൂട്ട്. മദ്ബഹയെ മ്ശീഹായായി കാണുന്നതാണ് നമ്മുടെ പാരമ്പര്യം. അതിനാൽ മ്ശീഹായുടെ പൗരോഹിത്യ വസ്ത്രങ്ങൾ മദ്ബഹായെ അണിയിക്കാറുണ്ട്. ചുവപ്പ്, സ്വർണ്ണം, പച്ച നിറങ്ങളാണ് വിരിക്കൂട്ടിൽ ഉള്ളത്. ചുവപ്പ് മ്ശീഹായുടെ ദൈവത്വവും, പച്ച അവിടുത്തെ മനുഷ്യത്വവും, സ്വർണ്ണം അവിടുത്തെ രാജത്വവും പ്രതിനിധാനം ചെയ്യുന്നു. ഇൗ വിരിക്കൂട്ടിൽ മൂന്ന് സ്ലീവാകളുള്ള ഒരു സൂനാറയും, അതിനു മുകളിൽ ഒരു ഊറാറയും ഉണ്ടായിരിക്കും. ഇത് മദ്ബഹായെ മാത്രമാണ് ധരിപ്പിക്കുന്നത്. ബേമ്മയിലും ബേസ് ഗസ്സാകളിലും സാധാരണ ചിത്തോലകൾ വിരിക്കുന്നു.
2. കൈസ്ലീവ.
പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന വേളയിൽ വൈദികൻ ദൈവജനത്തെ ആശീർവദിക്കുന്നത് പരിശുദ്ധ സ്ലീവായുടെ അടയാളത്താലാണ്. പരിശുദ്ധ കുർബാനയ്ക്ക് ശേഷം ദൈവജനം ഇൗ സ്ലീവ ചുംബിച്ച് പിരിഞ്ഞ് പോകുന്നു. മാർത്തോമ്മാ നസ്രാണി സഭയിൽ പുഷ്പിതമായ അഗ്രങ്ങളോട് കൂടിയ സ്ലീവയാണ് ഉപയോഗിക്കുന്നത്. മദ്ബഹായുടെ വലത് വശത്തായി (മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ വലത് വശം) ഇൗ കൈസ്ലീവ വച്ചിരിക്കുന്നു. സ്ലീവയുടെ ചുവട്ടിൽ (ചുവന്ന നിറത്തിലുള്ള) ശീല കെട്ടിയിരിക്കുന്നു. സ്ലീവയുടെ ഭാഗം തന്നെയാണ് ഇൗ ശോശപ്പ. ഇത് മ്ശീഹായുടെ തിരുവസ്ത്രത്തിന്റെ പ്രതീകമാണ്. പൗരസ്ത്യ സഭകളിൽ ഒന്നും നഗ്നമായ സ്ലീവ ഉപയോഗിക്കാറില്ല. മേൽപട്ടക്കാരും പട്ടക്കാരും ശോശപ്പയോട് കൂടിയ സ്ലീവയാണ് ഉപയോഗിക്കുന്നത്. (പ്രദക്ഷിണത്തിന് മുന്നിൽ സംവഹിക്കപ്പെടുന്ന പൊൻ,വെള്ളി,തടി സ്ലീവകളുടെ ചുവട്ടിൽ മൊന്ത കെട്ടുന്നതും ഇതേ അർഥത്തിലാണ്). സുവിശേഷ പ്രദക്ഷിണ സമയത്ത് ദണ്ഡിന്മേൽ ഉറപ്പിച്ച തിരുവസ്ത്രം ധരിപ്പിച്ച സ്ലീവ ഉപയോഗിക്കുന്നു.
3. ദപ്പ.
മദ്ബഹയിൽ കേന്ദ്രസ്ഥാനത്ത് ദപ്പ സ്ഥിതി ചെയ്യുന്നു. ഈശോ മരിച്ച സ്ലീവായെ ദപ്പ പ്രതിനിധാനം ചെയ്യുന്നു. ചെയ്യാത്ത ബലിപീഠത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നത് ദപ്പയിൽ വച്ചാണ്. കൂദാശ ചെയ്ത മദ്ബഹ ഉള്ളയിടങ്ങളിൽ ദപ്പ ഉപയോഗിക്കാറില്ല. ഫലം പുറപ്പെടുവിക്കുന്ന മരങ്ങളുടെ കാതലിലാണ് ദപ്പ നിർമ്മിക്കുന്നത്. ദപ്പയിൽ, അത് കൂദാശ ചെയ്ത മേൽപട്ടക്കാരന്റെ കയ്യൊപ്പ് ഉണ്ടായിരിക്കണം. ദപ്പ ചുവന്ന, അല്ലെങ്കിൽ വെളുത്ത നിറത്തിലുള്ള ഒരു തുണിയിൽ പൊതിഞ്ഞാണ് മദ്ബഹായിൽ വയ്ക്കുന്നത്. ഇൗ തുണിയിൽ ഇടതും വലതും ഓരോ സ്ലീവകൾ തയ്ച്ചു ചേർത്തിരിക്കും. പട്ടം ഇല്ലാത്തവർക്ക് ഇതിൽ സ്പർശിക്കാൻ അനുവാദമില്ല. തുണിയിൽ നിന്ന് പുറത്തെടുത്താലോ, പട്ടം ഇല്ലാത്തവർ സ്പർശിച്ചാലോ ദപ്പ വീണ്ടും കൂദാശ ചെയ്യണം. പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പ്യത്തിൽ കല്ല് അല്ല, തടിയാണ് ദപ്പ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.
മദ്ബഹായിൽ ദപ്പ ഉണ്ടെങ്കിൽ അതിന് മുകളിലോ, ഇല്ലെങ്കിൽ മദ്ബഹായുടെ പ്രതലത്തിലോ ഏഴ് സ്ലീവകളാൽ മുദ്രിതമായ സമചതുരത്തിലുള്ള ചുവപ്പോ വെള്ളയോ നിറത്തിലുള്ള ഒരു തിരുവസ്ത്രം (കെത്താന) വിരിച്ച്, അതിന്മേലാണ് പരിശുദ്ധ കുർബാന അർപ്പിക്കുന്ന വേളയിൽ കാസയും പീലാസായും വയ്ക്കുന്നത്.
4. ശോശപ്പ.
പൈനയുടെ അതേ തുണികൊണ്ട് നിർമ്മിക്കുന്ന സമചതുരത്തിലുള്ള തിരുവസ്ത്രമാണ് ശോശപ്പ. ഒരു സ്ലീവ ഇതിൽ തയ്ച്ച് ചേർത്തിരിക്കും. മ്ശീഹായുടെ കബറിടത്തിന്റെ മൂടിയെയും അവിടുത്തെ കബറടക്ക സമയത്ത് അവിടുത്തെ മുഖം മൂടിയ തിരുക്കച്ചയെയും ശോശപ്പ പ്രതിനിധാനം ചെയ്യുന്നു. പരിശുദ്ധ കുർബാന അർപ്പിക്കുന്ന വേളയിൽ ഓനീസാ ദ്റാസെ/ദിവ്യരഹസ്യ ഗീതം മുതൽ ശോശപ്പ ഉപയോഗിച്ച് കാസയും പീലാസയും ഈശോയുടെ കബറടക്കത്തെ സൂചിപ്പിക്കാനായി മൂടുന്നു, അവിടുത്തെ ഉത്ഥാനത്തെ സൂചിപ്പിക്കാൻ ഒന്നാമത്തെ ഗ്ഹാന്ത/പ്രണാമ ജപത്തിന് ശേഷം ഇൗ ശോശപ്പ മടക്കി കാസയ്ക്കും പീലാസയ്ക്കും ചുറ്റും വളച്ച് വയ്ക്കുന്നു, അനുതാപ ശുശ്രൂഷയ്ക്ക് മുൻപ് ഇൗ ശോശപ്പ മടക്കി മാറ്റി വയ്ക്കുകയും ചെയ്യുന്നു.
5. മാർത്തോമ്മാ സ്ലീവ.
മദ്ബഹയിൽ കിഴക്കേ അറ്റത്ത്, ഭിത്തിയിൽ കല്ലിലോ തടിയിലോ നിർമ്മിച്ച ഉത്ഥിതനായ ഈശോയുടെ പ്രതീകമായ മാർത്തോമ്മാ സ്ലീവ പ്രതിഷ്ഠിച്ചിരിക്കുന്നു.
6. ഡിപ്റ്റിക്സ്.
ഡിപ്റ്റിക്സ് തടിയിൽ നിർമ്മിച്ച ഒരു പുസ്തകമാണ്. ഒരു പുസ്തകം പോലെ രണ്ട് പാളികളായി ഇത് തുറക്കാം. പരിശുദ്ധ കുർബാനയിൽ അനുസ്മരിക്കുന്ന ജീവിച്ചിരുന്നവരുടെയും മരിച്ചവരുടെയും പേരുകളും നിയോഗങ്ങളും എഴുതി സൂക്ഷിക്കുന്നു. അനുസ്മരണ പ്രാർഥനാ വേളയിൽ ഈ നിയോഗങ്ങൾ മ്ശംശാന വായിക്കാറുണ്ട്. ഇത് മദ്ബഹയുടെ ഇടത് വശത്ത് വച്ചിരിക്കുന്നു. (മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ ഇടത് വശം).
7. ഏവൻഗാലിയോൻ/സുവിശേഷം ഗ്രന്ഥം.
പരിശുദ്ധ കുർബാനയിൽ വായിക്കുന്ന പ്രഘോഷണ ഗ്രന്ഥമാണ് ഇത്. ഇത് മദ്ബഹയുടെ ഇടത് വശത്ത് വച്ചിരിക്കുന്നു.(മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ ഇടത് വശം). സുവിശേഷം ഗ്രന്ഥം മ്ശീഹായുടെ പ്രതീകമായതിനാൽ പൊതിഞ്ഞാണ് മദ്ബഹയിൽ വയ്ക്കുന്നത്. ഏഴ് സ്ലീവകൾ തയ്ച്ച് ചേർത്തിരിക്കുന്ന ചുവപ്പോ വെള്ളയോ നിറത്തിലുള്ള ശോശപ്പ ഇതിനായി ഉപയോഗിക്കുന്നു. മദ്ബഹ മുതൽ ബേമ്മ വരെ സുവിശേഷ പ്രദക്ഷിണസമയത്ത് വൈദികൻ പൊതിഞ്ഞ് വച്ചിരിക്കുന്ന അവസ്ഥയിൽ തന്നെ ഏവൻഗാലിയോൻ നെറ്റിവരെ ഉയർത്തിപ്പിടിച്ച് കൊണ്ടുവന്ന്, ജനങ്ങളുടെ മുന്നിൽ വച്ച് ഈ ശോശപ്പ മാറ്റി ഏവൻഗാലിയോൻ പുറത്തെടുത്തത് വായിക്കുന്നു. ഇത് ലോകത്തിലുള്ള മ്ശീഹായുടെ വെളിപ്പെടുത്തലിനെ സൂചിപ്പിക്കുന്നു. വായന കഴിഞ്ഞ് വീണ്ടും ബേമ്മയിൽ വച്ച് തന്നെ പൊതിഞ്ഞ് മദ്ബഹയിൽ യഥാസ്ഥാനത്ത് തിരികെ പ്രതിഷ്ഠിക്കുന്നു.
8. മദ്ബഹയുടെ പടി.
മദ്ബഹയുടെ മുന്നിലുള്ള ഈ പടിയിലാണ് വൈദികൻ പരിശുദ്ധ കുർബാന അർപ്പിക്കുന്ന വേളയിൽ നിൽക്കുന്നത്.
9. കങ്കേ.
അതിവിശുദ്ധ സ്ഥലമാണ് കങ്കേ. കെസ്ത്രോമയിൽ നിന്നും മൂന്ന് പടി ഉയർന്നാണ് കങ്കേ സ്ഥിതി ചെയ്യുന്നത്. ഈ മൂന്ന് പടികൾ പൗലോസ് ശ്ലീഹാ ഉയർത്തപ്പെട്ട മൂന്നാം സ്വർഗത്തെയും, പരിശുദ്ധ ത്രിത്വത്തെയും സൂചിപ്പിക്കുന്നു എന്ന് പിതാക്കന്മാർ വ്യാഖ്യാനിക്കുന്നു. കങ്കേയുടെ മധ്യത്തിൽ കിഴക്കേ ഭിത്തിയോട് ചേർന്ന് മദ്ബഹ സ്ഥിതി ചെയ്യുന്നു. ഇവിടെ യാതൊരു തരത്തിലുള്ള രൂപങ്ങളും ചിത്രങ്ങളും വയ്ക്കുവാൻ പാടില്ല, ഇവിടെയെന്നല്ല, പള്ളിയിൽ ഒരിടത്തും രൂപങ്ങൾ പാടില്ല.
10. വലത് വശത്തെ ബേസ് ഗസ്സ.
11. (മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ വലത് വശം)
ബേസ് ഗസ്സ എന്ന സുറിയാനി വാക്കിന് നിക്ഷേപങ്ങളുടെ ഭവനം എന്നാണർത്ഥം..ബേസ് ഗസ്സ സാധാരണയായി ഭിത്തിയിൽ ഒരു അറയായി നിർമ്മിക്കുന്നു. വലത് വശത്തെ ബേസ് ഗസ്സയിൽ വീഞ്ഞും, കാസയും, വെള്ളവും ഒരുക്കുന്നു.
11. ഇടത് വശത്തെ ബേസ് ഗസ്സ.
12. (മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ ഇടത് വശം).
ഇടത് വശത്തെ ബേസ് ഗസ്സയിൽ അപ്പം ഒരുക്കുന്നു. പീലാസയും കൈ കഴുകുവാനുള്ള വെള്ളവും, തുടയ്ക്കുവാനുള്ള
തൂവാലയും ഇവിടെ വയ്ക്കുന്നു.
(കൈ കഴുകുവാനുള്ള വെള്ളവും തുടയ്ക്കുവാനുള്ള തൂവാലയും ബേമ്മയിൽ സജ്ജീകരിക്കുന്നതാണ് ഉത്തമം.)
12. തന്നൂർത്ത/അടുപ്പ്.
വിശുദ്ധ കുർബാനയ്ക്കുള്ള അപ്പം ചുടുന്നത് ഇവിടെയാണ്. ഇത് പള്ളിയുടെ ഇടത് വശത്ത് സ്ഥിതി ചെയ്യുന്നു. (മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ ഇടത് വശം).
13. ബേസ് ദിയാക്കോൻ/സങ്കീർത്തി.
തിരുവസ്ത്രങ്ങൾ ധരിക്കുവാനും, അവ സൂക്ഷിക്കുവാനും പരിശുദ്ധ കുർബാനയ്ക്ക് ഒരുങ്ങുവാനുമുള്ള സ്ഥലമാണിത്. ഇവിടെയാണ് വിശുദ്ധ പാത്രങ്ങളും, ആരാധന ക്രമ ഗ്രന്ഥങ്ങളും മറ്റും സൂക്ഷിക്കുന്നത്. ഇത് കങ്കേയുടെ പുറത്ത് പള്ളിയുടെ ഇടത് വശത്ത് (മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ ഇടത് വശം) സ്ഥിതി ചെയ്യുന്നു. പുരാതന ക്രമം അനുസരിച്ച് പരിശുദ്ധ കുർബാനയിൽ ലാകു മാറാ പാടുന്നത് / വിരി തുറക്കുന്നത് വരെ പട്ടക്കാരൻ ഇവിടെയിരുന്നു പ്രാർത്ഥിക്കുന്നു. വിരി തുറക്കുമ്പോൾ ആണ് പട്ടക്കാരൻ സ്കാക്കോനായിൽ കൂടി ബേമ്മയിലേക്ക് എത്തുന്നത്. അതുവരെ ഡീക്കനാണ് കുർബാനയ്ക്ക് നേതൃത്വം നൽകേണ്ടത്.) ബേസ് ദിയാക്കോനിന് പള്ളിക്കുള്ളിൽഹൈക്കലായിലേക്കും കെസ്ത്രോമയിലേക്കും തുറക്കുന്ന വാതിലുകളുണ്ട്.
14. ബേസ് മാമ്മോദീസ.
മാമ്മോദീസാ കൂദാശ പരികർമം ചെയ്യുന്ന വേദിയാണിത്. കങ്കേയുടെ പുറത്ത് തെക്ക് വശത്ത് (മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ വലത് വശം) ബേസ് മാമ്മോദീസ സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് മാമ്മോദീസാ തൊട്ടിയും സ്ഥാപിച്ചിരിക്കുന്നത്. പട്ടക്കാർ അല്ലാത്തവർക്ക് ഇവിടേക്ക് പ്രവേശനം വലത് വശത്തെ വരാന്തയിൽ നിന്ന് പടിഞ്ഞാറ് വശത്ത് നിന്നാണ്. പട്ടക്കാർക്ക് മദ്ബഹയിൽനിന്ന് മദ്ബഹായുടെ തെക്കേ ഭിത്തിയിൽ ഉള്ള വാതിൽ ഉപയോഗിക്കുന്നു. മാമ്മോദീസ സ്വീകരിച്ച ശേഷം പടിഞ്ഞാറ് വശത്തെ വാതിലിൽ കൂടി തന്നെ പുറത്തിറങ്ങി തെക്ക് വശത്തെ വാതിലിൽ കൂടി പള്ളിയിൽ പ്രവേശിക്കുന്നു. മാമ്മോദീസാ സ്വീകരണം വരെ മാമ്മോദീസാർത്ഥി പള്ളിയകത്ത് പ്രവേശിക്കാൻ പാടില്ല. ബേസ് മാമ്മോദീസായിലും സാക്ഷ്യമായി ഒരു മേശമേൽ സ്ലീവായും സുവിശേഷ പുസ്തകവും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.
15. മാമ്മോദീസാ തൊട്ടി.
മാമ്മോദീസാ നൽകപ്പെടുന്നത് ഇവിടെയാണ്. കല്ലിലാണ് മാമോദീസാ തൊട്ടി നിർമ്മിക്കുന്നത്. സഭയുടെ ഗർഭപാത്രമാണ് മാമ്മോദീസാ തൊട്ടി. വിശ്വാസികൾ സഭയിൽ ആത്മീയമായി ജന്മമെടുക്കുന്നത് മാമ്മോദീസാ തൊട്ടിയിലാണ്.
16. രണ്ടാമത്തെ വിരി.
ഇത് സുതാര്യമായ നേർത്ത ഒരു വിരിയാണ്. നിലവിലുള്ള പ്രധാന വിരിയുടെ അകത്തായി ഇത് സ്ഥിതി ചെയ്യുന്നു. ഒരുക്ക ശുശ്രൂഷയുടെ സമയത്തും (കാറോസൂസ) മാറാനായ (നമ്മുടെ കർത്താവിൻ്റെ) തിരുനാളുകളിൽ മദ്ബഹയിൽ ഉളളവർ പരിശുദ്ധ കുർബാന സ്വീകരിക്കുന്ന സമയത്ത് പ്രത്യേക ഗീതം (ദ്ഹീലത്ത്) ആലപിക്കുമ്പോഴും ഈ വിരി അടയ്ക്കുന്നു. പരിശുദ്ധ കുർബാനയുടെ രഹസ്യാത്മകത സൂചിപ്പിക്കാൻ ഈ വിരി ഉപയോഗിക്കുന്നു.
കാതേദ്റീൻ.
ബലിപീഠത്തിനു മുകളിലേക്ക്, ബലിപീഠത്തിൻ്റെ നാല് മൂലകളിലുമുള്ള നാല് തൂണുകളിൽ നിർമ്മിച്ചിരിക്കുന്ന ഒരു മേൽകട്ടിയാണ്. അതായത് തോറയുടെ ഉള്ളിലുള്ള മറ്റൊരു ചെറുകൂടാരം. നാല് തൂണുകൾ ഉള്ളതിൽ മുമ്പിലത്തെ രണ്ട് തൂണുകളിലായി സുതാര്യമായ രണ്ടാം വിരിയുണ്ട്. മാറാനായ തിരുനാളുകളിൽ ദ്ഹീലത്ത് പാടുന്ന അവസരത്തിൽ ഇൗ വിരി അടയ്ക്കുന്നു. ഇൗ സമയത്താണ് മദ്ബഹയിൽ ഉള്ളവർ പരിശുദ്ധ കുർബാന കൈക്കൊള്ളുന്നത്. വെളിപാട് പുസ്തകത്തിൽ 19:8 ലും ഏറെമ്യാ പ്രവചനത്തിൽ 33:16 ലും ഈ വിരിയുടെ പ്രതീകാത്മകത നമുക്ക് വേദപുസ്തകത്തിൽ ദർശിക്കനാകും. ലാകുമാറായുടെ സമയത്ത് തുറക്കുന്ന പ്രധാന വിരിക്ക് അകത്തുള്ള രണ്ടാമത്തെ വിരിയാണിത്. യഹൂദ ദൈവാലയഘടനയിൽ നിന്ന് നമ്മൾ സ്വീകരിച്ചതാണ് അതിവിശുദ്ധ സ്ഥലത്തെ വേർതിരിക്കുന്ന ഇൗ രണ്ടാം വിരി. മോസൂളിലെ പുരാതനമായ അൽ താഹിറ ദൈവാലയത്തിൽ ഇൗ രണ്ടാം വിരിക്കുള്ള സജ്ജീകരണം നമുക്ക് കാണാനാകും. അർമേനിയൻ, അന്ത്യോക്യൻ, കോപ്റ്റിക് സഭകളിലും ഇൗ രണ്ടാം വിരിയുണ്ട്. ഇൗ നിർമ്മിതിയുടെ നാല് തൂണുകൾ നമ്മുടെ കർത്താവ് പ്രദാനം ചെയ്യുന്ന ജ്ഞാനം, നീതി, വിശുദ്ധീകരണം, രക്ഷ എന്നീ ദാനങ്ങളെ സൂചിപ്പിക്കുന്നു (ഏറെമ്യാ 23:5-6). ഈ മേൽകട്ടി പല പുരാതന സഭകളുടെയും ദൈവാലയ നിർമ്മിതിയിൽ നമുക്ക് കാണാനാകും.
എവ്റായ (ഹീബ്രു) പാരമ്പര്യത്തിൽ ബൽദാക്കിൻ (Baldachin Canopy) എന്നാണ് ഇതിന് പേര്. വധു വരനെ കാത്തിരിക്കുന്ന മണിയറയുടെ പ്രതീകമാണിത്. മ്ശീഹായും അവിടുത്തെ വധുവായ സഭയും തമ്മിലുള്ള ബന്ധത്തിൻ്റെ പ്രതീകമായി ഈ മേല്ക്കട്ടി വ്യാഖ്യാനിക്കപ്പെടുന്നു.
പൗരസ്ത്യ സുറിയാനി സഭയുടെ മദ്ബഹായ്ക്ക് പദവി (മദ്ബഹായുടെ കിഴക്കേ വശത്ത് തിരികൾ വയ്ക്കാനുള്ള പടികൾ) ഇല്ല, ഇത് ലത്തീൻ രീതിയാണ്. അതുപോലെ തന്നെ പൂക്കളും ഇല്ല. അഴുകുന്നത് ഒന്നും മദ്ബഹായിൽ പ്രവേശിപ്പിക്കാൻ പാടില്ല. മാത്രവുമല്ല തക്സ, കാസ, പീലാസ, മ്കബലാന, ശോശപ്പ എന്നിങ്ങനെ എന്തൊക്കെ പരിശുദ്ധ മദ്ബഹായിലേക്ക് പ്രവേശിപ്പിച്ചാലും അവയെല്ലാം ധൂപിച്ച് റൂശ്മ ചെയ്തശേഷം മാത്രമേ അകത്തേക്ക് കൊണ്ടുപോവുകയുള്ളു. അത്രയും പരിപാവനമായ സ്ഥലമാണ് പരിശുദ്ധ മദ്ബഹ.)
17. കങ്കേ വിളക്ക്.
കങ്കേയുടെ രണ്ടാമത്തെ പടിയുടെ മുകളിൽ ഉള്ള തൂക്കു വിളക്കാണിത്.
18. ബേസ് സഹദേ.
സഹദാമാരുടെ/രക്ത സാക്ഷികളുടെ തിരുശേഷിപ്പുകൾ സൂക്ഷിക്കുന്ന കൂടാരം. ഇത് മദ്ബഹായുടെ ഉള്ളിൽ വടക്കേ (മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ ഇടത് വശം) ഭിത്തിയിൽ സ്ഥിതി ചെയ്യുന്നു.
[ഇത് ഹൈക്കലയുടെ വടക്കേ ഭിത്തിയിൽ ആയിരുന്നു എന്നും പറയപ്പെടുന്നു.]
19. ഗിയുത്ത/സക്രാരി.
മൽക, സൈത്ത്, കൂദാശ ചെയ്ത അപ്പം* എന്നിവ ഈ കൂടാരത്തിൽ സൂക്ഷിക്കുന്നു. ഇത് മദ്ബഹായുടെ ഉള്ളിൽ തെക്കേ ഭിത്തിയിൽ(മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ വലത് വശം) സ്ഥിതി ചെയ്യുന്നു. അസീറിയൻ സഭയും കൽദായ കത്തോലിക്കാ സഭയും ഇപ്രകാരമാണ് ചെയ്യുന്നത്. ഗിയൂത്ത സ്ഥിതിചെയ്യുന്ന ഭിത്തിയുടെ മറുവശത്ത് ബേസ് മാമ്മോദീസാ സ്ഥിതി ചെയ്യുന്നു. ഗിയൂത്തയിൽ നിന്നും സൈത്തുമായി വൈദികൻ ബേസ് മാമ്മോദീസായിലേക്ക് പോകുകയും, മാമ്മോദീസാ നൽകിയ ശേഷം അതേ വഴിയിലൂടെ തിരികെ വന്ന് സൈത്തു ഗിയൂത്തയിൽ തിരികെ വയ്ക്കുകയും ചെയ്യുന്നു.
[*പരിശുദ്ധ കുർബാന അർപ്പിക്കുന്ന വേളയിൽ ഒരിക്കലും നേരത്തെ കൂദാശ ചെയ്ത അപ്പവും വീഞ്ഞും മദ്ബഹയിൽ വയ്ക്കാൻ പാടില്ല. കൂദാശ ചെയ്ത അപ്പം സൂക്ഷിച്ച് വയ്ക്കുന്ന പതിവ് നമ്മുടെ സഭയ്ക്ക് ഇല്ലായിരുന്നു, അതിനാൽ അതിനുള്ള സജ്ജീകരണവും ഇല്ലായിരുന്നു.]
20. കെസ്ത്രോമ.
പള്ളിയുടെ രണ്ടാമത്തെ ഭാഗമാണ് കെസ്ത്രോമ. ഭൗമിക പറുദീസയയുടെ പ്രതീകം പ്രതീകം. ജനങ്ങൾ നിൽക്കുന്ന സ്ഥലമായ ഹൈക്കലയിൽ നിന്ന് രണ്ടുപടി ഉയരത്തിലാണ് കെസ്ത്രോമ സ്ഥിതി ചെയ്യുന്നത്. ഇവിടെയാണ് മദ്ബഹ ശുശ്രൂഷകരുടെ സ്ഥാനം. ഇതിന്റെ രണ്ട് വശങ്ങളിലുമായി ഗായക സംഘം നിൽക്കുന്നു. കെസ്ത്രോമയെയും കങ്കേയേയും തമ്മിൽ വേർതിരിക്കുന്ന വിരിയും അഴിക്കാലുകളും കെസ്ത്രോമയിൽ സ്ഥാപിച്ചിരിക്കുന്നു. കെസ്ത്രോമയുടെ ഉള്ളിലേക്ക് പട്ടം സ്വീകരിച്ചിട്ടില്ലാത്തവർക്ക് പ്രവേശനമില്ല. ഗായക സംഘവും മ്ശംശാന പട്ടത്തിന് താഴെയുള്ള പട്ടക്കാരും ഇവിടെ നിൽക്കുന്നു.
21. കങ്കേയുടെ മൂന്ന് പടികൾ.
ഇൗ മൂന്ന് പടികൾ ഗാഗുൽത്തായെ സൂചിപ്പിക്കുന്നു. വിശുദ്ധ സ്ഥലമായ കെസ്ത്രോമയിൽ നിന്ന് മൂന്ന് പടി ഉയരത്തിലാണ് കങ്കേയുടെ സ്ഥാനം. സ്ഥലസൗകര്യം അനുസരിച്ച് മൂന്നോ, അഞ്ചോ, ഏഴോ പടികൾ ആകാവുന്നതാണ്. എങ്കിലും മൂന്ന് പടികൾ ആയിരിക്കുന്നതാണ് ഉത്തമം.
22. മദ്ബഹ വിരി.
വിശുദ്ധ സ്ഥലത്തെയും ഹൈക്കലയേയും തമ്മിൽ വേർതിരിക്കുന്ന പ്രധാന വിരിയാണിത്. ചുവപ്പ്, ക്രീം, നീല നിറങ്ങളിൽ ഇൗ വിരി ഉപയോഗിക്കുന്നു. നടുവിൽ നിന്നും രണ്ട് വശത്തേക്ക് ഇൗ വിരി തുറക്കുന്നു. നിലവിൽ ഉത്ഥാനഗീതം/ലാകുമാറാ പാടുന്ന വേളയിൽ തുറക്കുന്ന ഇൗ വിരി അവസാനത്തെ ആശീർവാദം/ഹൂത്താമ്മ കഴിയുമ്പോൾ അടയ്ക്കുന്നു. യദാർത്ഥത്തിൽ സ്ലീവാ ചുംബന വേളയിലാണ് വിരി തുറക്കുന്നത്. പരിശുദ്ധ കുർബാന അർപ്പിക്കുന്ന സമയം ഒഴികെ മുഴുവൻ സമയത്തും ഇൗ വിരി അടച്ചിടുന്നു. വിരി തുറക്കുന്നത് സ്വർഗ്ഗം തുറക്കുന്നതിന്റെ പ്രതീകമാണ്.
യാമ നമസ്കാര സമയത്ത് "ശക്തനായ കർത്താവേ നിന്റെ കൂടാരം എത്ര മനോഹരമാകുന്നു" എന്ന ഗീതത്തിന് മുൻപ് തുറക്കുന്ന വിരി ഹൂത്താമ്മയ്ക്ക് ശേഷം അടയ്ക്കുന്നു. വിരിക്കുള്ളിൽ ഉള്ള സ്ഥലത്തെ മുഴുവനായി ബേസ് കുദ്ശാ എന്ന് പറയുന്നു.
[16 ആമത്തെ നമ്പറിൽ പറഞ്ഞിരിക്കുന്ന രണ്ടാം വിരി ഇല്ലാത്തയിടങ്ങളിൽ രണ്ടാം വിരി അടയ്ക്കേണ്ട സമയങ്ങളിൽ ഈ വിരി തന്നെയാണ് അടയ്ക്കുന്നത്]
23. ഗായക വേദി.
പ്രധാന വിരിക്ക് പുറത്ത് കെസ്ത്രോമയിൽ മദ്ബഹ ശുശ്രൂഷികൾ നിൽക്കുന്നതിന്റെ രണ്ട് വശങ്ങളിലുമായി ഗായക സംഘം നിൽക്കുന്നു.
24. കെസ്ത്രോമയുടെ പടി.
ഹൈക്കലായിൽ നിന്ന് രണ്ട് പടി ഉയർന്നാണ് കെസ്ത്രോമ സ്ഥിതി ചെയ്യുന്നത്.
25. ഇടത് വശത്തെ ഹൈക്കല. (മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ ഇടത് വശം)
ഭൂമിയുടെ പ്രതീകം. ഇവിടെ പുരുഷന്മാർ നിൽക്കുന്നു.
26. വലത് വശത്തെ ഹൈക്കല. (മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ വലത് വശം)
ഭൂമിയുടെ പ്രതീകം. ഇവിടെ സ്ത്രീകൾ നിൽക്കുന്നു.
[യദാർത്ഥത്തിൽ ബേമ്മയുടെ മധ്യത്തിൽ വച്ച് ഹൈക്കല അഴിക്കാലുകൾ ഉപയോഗിച്ച് രണ്ടായി വേർതിരിക്കുന്നു. മുന്നിൽ ഇരുവശത്തും പുരുഷന്മാരും, പിന്നിൽ ഇരുവശത്തും സ്ത്രീകളും നിൽക്കുന്നു]
27. സ്കാകോന.
ഇത് പള്ളിയുടെ മധ്യത്തിൽ ഹൈക്കലയെ രണ്ടായി പകുത്ത് കിഴക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. ബേമ്മ മുതൽ കെസ്ത്രോമ വരെയുള്ള ഇൗ ഭാഗത്ത് കൂടി വൈദികരും ശുശ്രൂഷികളും മദ്ബഹയിലേക്കും ബേമ്മയിലേക്കും പോകുന്നു. സ്വർഗത്തിലേക്കുള്ള ഗോവണിയെ സ്കാകോന പ്രതിനിധാനം ചെയ്യുന്നു. മരിച്ച വിശ്വാസികളുടെ ആത്മാക്കൾ പരിശുദ്ധ കുർബാനയിൽ പങ്കുചേരുന്ന സ്ഥലമായി ഇവിടം നിലകൊള്ളുന്നു. മരിച്ച വിശ്വാസികൾക്ക് വേണ്ടി അർപ്പിക്കപ്പെടുന്ന പരിശുദ്ധ കുർബാനയിൽ ശോശപ്പ വിരിക്കുന്നതും ഇവിടെ തന്നെ. അതിനാൽ ഇവിടെ ആരും ചവിട്ടി നിൽക്കാറില്ല. റാസയിൽ സാഷ്ടാംഗ പ്രണാമം ചെയ്യുന്നതും ഇവിടെ തന്നെ. ഇവിടം പ്രത്യേക നിറത്തിലുള്ള കയറ്റുപായ വിരിച്ച് വേർതിരിച്ചിടുന്നു. സ്കാകോന മുഴുവനായും അഴിക്കാലുകൾ ഉപയോഗിച്ച് വേർതിരിക്കപ്പെട്ടിരിക്കും.
(മദ്ബഹായുടെ തെക്ക്, വടക്ക് ഭിത്തികളിൽ (വിരിയ്ക്ക് സമാന്തരമായി) ആരംഭിക്കുന്ന അഴിക്കാലുകൾ സ്കാകോന മുഴുവനെയും ബേമ്മയെയും വേർതിരിക്കുന്നു; മദ്ബഹായുടെ കവാടത്തിൽ വടക്കോട്ട് മാറി ഈ അഴിക്കാലുങ്കൽ നിന്നുകൊണ്ടാണ് പരിശുദ്ധ കുർബാനയുടെ ഹൂത്താമ്മ നൽകുന്നത്)
28. ബേമ്മ.
പരിശുദ്ധ കുർബാനയുടെ ആമുഖ ശുശ്രൂഷ നടക്കുന്നത് ഇവിടെയാണ്. ജറുസലമിന്റെ പ്രതീകമാണ് ബേമ്മ. ഗാഗുൽത്തായുടെ പ്രതീകമായ വചന വേദി ഹൈക്കലയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്നു. ബേമ്മ സ്കാകോനയിൽ നിന്നും ഒരു പടിയും സ്കാകോന ഹൈക്കലയിൽ നിന്നും ഒരു പടിയും ഉയർന്നു സ്ഥിതി ചെയ്യുന്നു. മെത്രാൻ്റെ സിംഹാസനം കിഴക്കോട്ട് ദർശനമായി ബേമ്മയിൽ സ്ഥാപിക്കുന്നു. ബേമ്മയുടെ ചുറ്റും അഴിക്കാലുകൾ ഉണ്ടായിരിക്കും. ബേമ്മയിൽ നിന്നും പുറത്തേക്ക് മൂന്ന് വഴികളാണ് ഉള്ളത്; ഒന്ന് സ്കാകോനയിലേക്ക്, ഇടത് വശത്തും വലത് വശത്തും ഓരോന്ന് വീതവും. ബേമ്മയിൽ എല്ലാവരും കിഴക്കിന് അഭിമുഖമായി ഇരിക്കുന്നു. യഹൂദ സിനാഗോഗിലെ ബേമ്മയ്ക്ക് തുല്യമായ നമ്മുടെ ബേമ്മയും കോടതിയിൽ സാക്ഷികൾ നിൽക്കുന്ന സാക്ഷിക്കൂടിനെ പ്രതിനിധാനം ചെയ്യുന്നു. ഓർശ്ലെം ദൈവാലയം ഭൂമിയുടെ മധ്യത്തിൽ ആണെന്നുള്ള സങ്കല്പം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓർശ്ലത്തെ സൂചിപ്പിക്കുന്ന ബേമ്മ ഭൂമിയെ സൂചിപ്പിക്കുന്ന ഹൈക്കലയുടെ മധ്യത്തിൽ സ്ഥാപിക്കുന്നു.
29. വചന വേദി.
പരിശുദ്ധ കുർബാനയുടെ ആമുഖ ശുശ്രൂഷ നടത്തുന്ന വൈദികൻ നിൽക്കുന്നത് ഇവിടെയാണ്. സുവിശേഷ പ്രഘോഷണവും സുവിശേഷ വ്യാഖ്യാനവും നടത്തുന്നത് ഇവിടെ തന്നെ. വചന വേദിയിൽ സ്ലീവയും സുവിശേഷ ഗ്രന്ഥവും ഉണ്ടായിരിക്കും. ഇൗ സ്ലീവ ചുംബിച്ചാണ് വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കുന്നത്. സ്ലീവയുടെ രണ്ട് വശങ്ങളിലുമായി രണ്ട് തിരികൾ, പഴയ നിയമത്തിന്റെയും പുതിയ നിയമത്തിന്റെയും പ്രതീകങ്ങളായി നിലകൊള്ളുന്നു. വചന വേദി ഗാഗുൽത്തായെ പ്രതിനിധാനം ചെയ്യുന്നു.
30. വചന വേദിയിലെ മാർത്തോമ്മാ സ്ലീവ.
വചന വേദിയുടെ മധ്യത്തിൽ സ്ലീവ ഉണ്ടായിരിക്കും. ഇൗ സ്ലീവ ചുംബിച്ചാണ് വിശ്വാസികൾ പള്ളിയിൽ പ്രവേശിക്കുന്നത്. സ്ലീവ ഈശോയുടെ പ്രതീകമായതിനാൽ ഊറാറ, സൂനാറ തുടങ്ങിയ തിരുവസ്ത്രങ്ങൾ സ്ലീവയെ അണിയിക്കാറുണ്ട്.
31. കെറിയാന പീഠം.
പഴയ നിയമ വായനകൾ (കെറിയാന) ഇൗ പീഠത്തിൽ വച്ചാണ് നടത്തപ്പെടുന്നത്.ഇത് ബേമ്മയുടെ വലത് വശത്തായി സ്ഥിതി ചെയ്യുന്നു.
32. ഏങ്കർത്താ പീഠം.
പഴയ നിയമ ലേഖന (ഏങ്കർത്താ) വായനകൾ ഇൗ പീഠത്തിൽ വച്ചാണ് നടത്തപ്പെടുന്നത്.ഇത് ബേമ്മയുടെ ഇടത് വശത്തായി സ്ഥിതി ചെയ്യുന്നു.
33.ബേമ്മയിലെ ഇരിപ്പിടങ്ങൾ.
മേൽപട്ടക്കാരും പട്ടക്കാരും മ്ശംശാനമാരും ബേമ്മയുടെ ഇരുവശങ്ങളിലും ഉള്ള ഇരിപ്പിടങ്ങളിലാണ് ഇരിക്കുന്നത്.മെത്രാന്റെ സിംഹാസനവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
34.തെക്കേ വരാന്ത.
സ്ത്രീകൾക്കായി തെക്കു വശത്തുള്ള തുറന്ന ഒരു വരാന്തയാണ് ഇത്.
35.തെക്കേ നട.
സ്ത്രീകൾ പള്ളിയകത്ത് പ്രവേശിക്കുന്നത് ഇതിലൂടെയാണ്.
36.വടക്കേ നട.
പുരുഷന്മാർ പള്ളിയകത്ത് പ്രവേശിക്കുന്നത് ഇതിലൂടെയാണ്.
37.വടക്കേ വരാന്ത.
പുരുഷന്മാർക്കായി വടക്ക് വശത്തുള്ള തുറന്ന ഒരു വരാന്തയാണ് ഇത്.
[34-37 ഇങ്ങനെയല്ല,പള്ളികൾക്ക് തെക്ക് വശത്ത് രണ്ട് വാതിലുകളാണ് ഉള്ളത്,പുരുഷന്മാർ മുന്നിലെ വാതിലും,സ്ത്രീകൾ പുറകിലെ വാതിലും ആണ് പള്ളിയിൽ പ്രവേശിക്കാൻ ഉപയോഗിക്കേണ്ടത് എന്നും പറയുന്നുണ്ട്.കൂടാതെ പള്ളിയിൽ പുരുഷന്മാർ മുന്നിലും സ്ത്രീകൾ പിന്നിലും നിന്നിരുന്നു എന്നും പറയപ്പെടുന്നു.(വാതിലുകൾക്ക് പൊതുവെ ഉയരം കുറവായിരുന്നു.ദൈവത്തിന്റെ മുന്നിൽ എല്ലാവരും കുനിഞ്ഞ് പ്രവേശിക്കണം എന്ന ആശയമായിരുന്നു ഇതിന് പിന്നിൽ)]
38.വിളക്ക്, ആഴി.
വചന വേദിക്കും ആന വാതിലിനും ഇടയ്ക്ക് മധ്യത്തിലായി തൂക്കു വിളക്ക് സ്ഥാപിക്കുന്നു.സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവന്ന പ്രകാശത്തിന്റെ ദ്യോതകമാണ് തൂക്കു വിളക്ക്.സാധാരണ ഏഴ് തിരിയിട്ട വിളക്കുകളാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്.ഏഴ് പരിപൂർണ്ണതയുടെ സൂചകമാണ്. പാപമോചന കൂദാശയ്ക്ക് വേണ്ടിയുള്ള കുന്തുരുക്കം നിക്ഷേപിക്കാൻ വേണ്ടിയുള്ള ആഴിയുടെ സ്ഥാനം ഇതാണ്. ഇതാണ് പിന്നീട് വിളക്ക് ആയി മാറിയത്.
39. ആനവാതിൽ/പ്രധാന വാതിൽ.
പള്ളിയുടെ പ്രധാന കവാടം ഇതാണ്.പടിഞ്ഞാറ് വശത്തുള്ള ഇൗ വാതിൽ ബേമ്മയിലേക്ക് നോക്കാവുന്ന രീതിയിലാണ് തുറക്കുന്നത്.
40.ഇളം തിണ്ണ/മോണ്ടളം.
പള്ളിയുടെ പടിഞ്ഞാറ് വശത്ത് ഒരു ചെറിയ ഇളം തിണ്ണ ഉണ്ടായിരിക്കും.ഓനീസാ ദ്റാസെയ്ക്ക് (ദിവ്യ രഹസ്യ ഗീതം) മുൻപ് അയോഗ്യരെ പറഞ്ഞയയ്ക്കുമ്പോൾ അവർ നിന്നിരുന്ന സ്ഥലമായിരുന്നു ഇവിടം.
41.പ്രധാന നട.
ആനവാതിലിലേക്ക് മുറ്റത്ത് നിന്ന് പ്രവേശിക്കാനുള്ള നടയാണിത്.ഇത് പള്ളിയുടെ പടിഞ്ഞാറ് വശത്താണ്.
42.കൽ വിളക്ക്.
പള്ളിമുറ്റത്ത് ഏഴ് നിലയുള്ള ഒരു കൽവിളക്ക് ഉണ്ടായിരിക്കും. എണ്ണത്തിരി ഇട്ടാണ് ഇവ തെളിക്കുന്നത്.മുകളിൽ സ്ലീവയും ഉണ്ടായിരിക്കും.
43.മരം.
പള്ളിയോട് അനുബന്ധിച്ച് പള്ളിമുറ്റത്ത് ഒരു മരം പ്രത്യേകമായി നട്ട് വളർത്തിയിരുന്നു.ഇത് കൂടാതെ പള്ളിക്ക് ചുറ്റും ഒട്ടേറെ മരങ്ങളും ഉണ്ടായിരിക്കും.
44.കൽക്കുരിശ്.
കേരളത്തിലെ നസ്രാണി സഭയുടെ പള്ളികളുടെ ഒരു തനത് പ്രത്യേകതയാണ് പള്ളിമുറ്റത്ത് പടിഞ്ഞാറ് വശത്തുള്ള കരിങ്കൽ കുരിശുകൾ.ഇൗ കുരിശിന്റെ തറയിൽ എണ്ണവിളക്ക് കത്തിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.പള്ളിയിൽ നിന്ന് ഇറങ്ങുന്ന പ്രദക്ഷിണങ്ങൾ കുരിശിന്റെ ഇടത് വശത്തുകൂടി വന്ന് കുരിശിനെ വണങ്ങി വലത് വശത്ത് കൂടി വലം വച്ച് പള്ളിയെ പള്ളിയുടെ വലത് വശത്ത് കൂടി വലം വച്ച് വീണ്ടും ഇടത് വശത്ത് എത്തി തുടർന്ന് പ്രധാന നടയിൽ കൂടെ പള്ളിയിൽ പ്രവേശിക്കുന്നു.
45.കൊടിമരം.
ഇത് ഒരു ഭാരതീയ പാരമ്പര്യമാണ്.പള്ളിമുറ്റത്ത് പടിഞ്ഞാറ് വശത്ത് പള്ളിയുടെ ഇടത് വശത്ത് കൊടിമരം സ്ഥാപിക്കപ്പെടുന്നു.സ്ലീവാകളാൽ മുദ്രിതമായ കൊടികൾ ഇൗ കൊടിമരത്തിൽ കയറ്റുന്നു. പെരുന്നാളുകൾക്ക് കൊടിയേറ്റ് നടത്തുന്നത് ഇൗ കൊടിമരത്തിലാണ്.
46.പള്ളിക്കുളം.
രാക്കുളി (ദനഹാ) പോലുള്ള തിരുനാളുകൾക്ക് ആളുകൾ കുളിച്ച് ദേഹശുദ്ധി വരുത്തിയാണ് പള്ളിയിൽ പ്രവേശിക്കുന്നത്.പള്ളിയോട് ചേർന്ന് പള്ളിക്കുളം മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യമാണ്.സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ കുളങ്ങൾ ഉണ്ടായിരിക്കും.
47. കോട്ടമതിൽ/ആനമതിൽ.
പള്ളിക്ക് ചുറ്റും ഉയരത്തിലുള്ള കോട്ടമതിൽ നസ്രാണി പള്ളികൾക്ക് ഉണ്ടായിരിക്കും.ഇൗ മതിൽ ആനയുടെ പോലെ നല്ല വണ്ണം ഉള്ള മതിൽ ആയിരുന്നതിനാൽ ആനമതിൽ എന്നും വിളിക്കപ്പെടുന്നു.പള്ളിയിലേക്കുള്ള പ്രവേശന കവാടങ്ങളും, പ്രധാന കവാടത്തിൽ പടിപ്പുര മാളികയും, എണ്ണ വിളക്കുകൾ കത്തിക്കുവാനായി കൽവിളക്കുകളും കോട്ടമതിലിൽ ഉണ്ടായിരിക്കും.സാധാരണയായി വെട്ടുകല്ലിലാണ് ഇൗ മതിൽ ഉണ്ടാക്കുന്നത്.
48.പള്ളിക്ക് ചുറ്റുമുള്ള ഏഴ് വിളക്കുകൾ.
പള്ളിക്ക് പുറത്ത്,പള്ളിയുടെ ഭിത്തിയിൽ തെക്ക്,വടക്ക്,പടിഞ്ഞാറ് വശങ്ങളിൽ രണ്ട് വീതവും,കിഴക്ക് വശത്ത് ഒന്നും കൽവിളക്കുകൾ ഉണ്ടായിരിക്കും.ഇവ തെളിക്കുന്നത് മാർത്തോമ്മാ നസ്രാണികളുടെ ഒരു പാരമ്പര്യമാണ്.
49. വാദ്യപ്പുരയും ആയുധപ്പുരയും.
വാദ്യമേളങ്ങൾ നടത്തുവാനുള്ള വാദ്യപ്പുരയും അതിന്റെ അടിയിലായി ആയുധപ്പുരയും പള്ളിമുറ്റത്ത് തന്നെ പണ്ട് കാലത്ത് ഉണ്ടായിരുന്നു.
50.പള്ളിയുടെ ദർശനം കിഴക്കോട്ട്.
പള്ളികളുടെ ദർശനം കിഴക്ക് വശത്തേക്കാണ്. കിഴക്ക് ദിക്കിലേക്ക് നോക്കി പ്രാർത്ഥിക്കുന്നത് എല്ലാ ശ്ലൈഹിക സഭകളുടെയും പാരമ്പര്യമാണ്.
മോണ്ടളത്തിന്റെ മേൽക്കൂരയേക്കാൾ ഉയർന്നായിരിക്കും ഹൈക്കലയുടേത്,അതിലും ഉയർന്നാണ് മദ്ബഹയുടെ മേൽക്കൂര സ്ഥിതി ചെയ്യുന്നത്.മദ്ബഹയുടെ മേൽക്കൂര "തോറ" എന്ന് അറിയപ്പെടുന്നു.തോറയുടെ മുകളിൽ സ്ലീവ ഉണ്ടായിരിക്കും.
മദ്ബഹയുടെ ഘടന.
1.ദപ്പ.
മദ്ബഹയിൽ കേന്ദ്രസ്ഥാനത്ത് ദപ്പ സ്ഥിതി ചെയ്യുന്നു.കൂദാശ ചെയ്യാത്ത ബലിപീഠത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നത് ദപ്പയിൽ വച്ചാണ്.കൂദാശ ചെയ്ത മദ്ബഹ ഉള്ളയിടങ്ങളിൽ ദപ്പ ഉപയോഗിക്കാറില്ല.ഫലം പുറപ്പെടുവിക്കുന്ന മരങ്ങളുടെ കാതലിലാണ് ദപ്പ നിർമ്മിക്കുന്നത്. ദപ്പയിൽ,അത് കൂദാശ ചെയ്ത മേൽപട്ടക്കാരന്റെ കയ്യൊപ്പ് ഉണ്ടായിരിക്കണം.ദപ്പ ചുവന്ന,അല്ലെങ്കിൽ വെളുത്ത നിറത്തിലുള്ള ഒരു തുണിയിൽ പൊതിഞ്ഞാണ് മദ്ബഹായിൽ വയ്ക്കുന്നത്.ഇൗ തുണിയിൽ ഇടതും വലതും ഓരോ സ്ലീവകൾ തയ്ച്ചു ചേർത്തിരിക്കും.പട്ടം ഇല്ലാത്തവർക്ക് ഇതിൽ സ്പർശിക്കാൻ അനുവാദമില്ല.തുണിയിൽ നിന്ന് പുറത്തെടുത്താലോ, പട്ടം ഇല്ലാത്തവർ സ്പർശിച്ചാലോ ദപ്പ വീണ്ടും കൂദാശ ചെയ്യണം.പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പ്യത്തിൽ കല്ല് അല്ല,തടിയാണ് ദപ്പ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്.
മദ്ബഹായിൽ ദപ്പ ഉണ്ടെങ്കിൽ അതിന് മുകളിലോ, ഇല്ലെങ്കിൽ മദ്ബഹായുടെ പ്രതലത്തിലോ ഏഴ് സ്ലീവകളാൽ മുദ്രിതമായ സമചതുരത്തിലുള്ള ചുവപ്പോ വെള്ളയോ നിറത്തിലുള്ള ഒരു തിരുവസ്ത്രം (കെത്താന) വിരിച്ച്,അതിന്മേലാണ് പരിശുദ്ധ കുർബാന അർപ്പിക്കുന്ന വേളയിൽ കാസയും പീലാസായും വയ്ക്കുന്നത്.
2. കെത്താന.
മദ്ബഹായിൽ ദപ്പ ഉണ്ടെങ്കിൽ അതിന് മുകളിലോ, ഇല്ലെങ്കിൽ മദ്ബഹായുടെ പ്രതലത്തിലോ ഏഴ് സ്ലീവകളാൽ മുദ്രിതമായ സമചതുരത്തിലുള്ള ചുവപ്പോ വെള്ളയോ നിറത്തിലുള്ള ഒരു തിരുവസ്ത്രം (കെത്താന) വിരിച്ച്,അതിന്മേലാണ് പരിശുദ്ധ കുർബാന അർപ്പിക്കുന്ന വേളയിൽ കാസയും പീലാസായും വയ്ക്കുന്നത്.
3.കൈസ്ലീവ.
പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന വേളയിൽ വൈദികൻ ദൈവജനത്തെ ആശീർവദിക്കുന്നത് പരിശുദ്ധ സ്ലീവായുടെ അടയാളത്താലാണ്.പരിശുദ്ധ കുർബാനയ്ക്ക് ശേഷം ദൈവജനം ഇൗ സ്ലീവ ചുംബിച്ച് പിരിഞ്ഞ് പോകുന്നു. മാർത്തോമ്മാ നസ്രാണി സഭയിൽ പുഷ്പിതമായ അഗ്രങ്ങളോട് കൂടിയ സ്ലീവയാണ് ഉപയോഗിക്കുന്നത്.മദ്ബഹായുടെ വലത് വശത്തായി (മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ വലത് വശം) ഇൗ കൈസ്ലീവ വച്ചിരിക്കുന്നു.സ്ലീവയുടെ ചുവട്ടിൽ (ചുവന്ന നിറത്തിലുള്ള) ശീല കെട്ടിയിരിക്കുന്നു. സ്ലീവയുടെ ഭാഗം തന്നെയാണ് ഇൗ ശോശപ്പ.ഇത് മ്ശീഹായുടെ തിരുവസ്ത്രത്തിന്റെ പ്രതീകമാണ്.പൗരസ്ത്യ സഭകളിൽ ഒന്നും നഗ്നമായ സ്ലീവ ഉപയോഗിക്കാറില്ല.മേൽപട്ടക്കാരും പട്ടക്കാരും ശോശപ്പയോട് കൂടിയ സ്ലീവയാണ് ഉപയോഗിക്കുന്നത്.(പ്രദക്ഷിണത്തിന് മുന്നിൽ സംവഹിക്കപ്പെടുന്ന പൊൻ,വെള്ളി,തടി സ്ലീവകളുടെ ചുവട്ടിൽ മൊന്ത കെട്ടുന്നതും ഇതേ അർഥത്തിലാണ്).
4.ബലിപീഠം/മദ്ബഹ.
മദ്ബഹ സ്വർഗ്ഗത്തിന്റെ പ്രതീകമാണ്. കല്ലിലോ,തടിയിലോ ആണ് ബലിപീഠം നിർമ്മിക്കുന്നത്.ഉറപ്പിച്ചാണ് മദ്ബഹ നിർമ്മിക്കുന്നത്,കൂദാശ ചെയ്ത ശേഷം അത് മാറ്റുവാൻ പാടുള്ളതല്ല.അതിവിശുദ്ധ സ്ഥലമായ കങ്കേയിൽ കിഴക്കേ ഭിത്തിയോട് ചേർന്ന് ബലിപീഠം സ്ഥിതി ചെയ്യുന്നു. മദ്ബഹായ്ക്ക് പുറത്ത് കിഴക്ക് വശത്ത്, സങ്കീർത്തി ഉൾപ്പടെ, യാതൊരു നിർമാണവും പാടില്ല.വസ്തുക്കൾ ഒന്നും മദ്ബഹയിലോ കെസ്ത്രോമയിലോ പ്രവേശിപ്പിക്കാൻ പാടില്ല.പൂക്കളും മറ്റും ഈ വിശുദ്ധ സ്ഥലങ്ങളിൽ വയ്ക്കാറില്ല.മൈക്കും അനുബന്ധ വസ്തുക്കളും ബലിപീഠത്തിൽ വയ്ക്കാൻ പാടില്ല. ഹാശാ വെള്ളിയാഴ്ച സ്ലീവായുടെ കബറടക്ക ശുശ്രൂഷ നടത്തുവാനുള്ള സൗകര്യത്തിൽ മദ്ബഹയുടെ പ്രതലത്തിന് അടിയിലായി ഒരു അറ ഉണ്ടായിരിക്കും.
മദ്ബഹ മ്ശീഹായെയും,അവിടുത്തെ കബറിടത്തെയും,അവിടുത്തെ സിംഹാസനത്തെയും,പെസഹാ മേശയെയും പ്രതിനിധാനം ചെയ്യുന്നു.
5.ഏവൻഗാലിയോൻ/സുവിശേഷം ഗ്രന്ഥം.
പരിശുദ്ധ കുർബാനയിൽ വായിക്കുന്ന പ്രഘോഷണ ഗ്രന്ഥമാണ് ഇത്.ഇത് മദ്ബഹയുടെ ഇടത് വശത്ത് വച്ചിരിക്കുന്നു.(മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ ഇടത് വശം).സുവിശേഷം ഗ്രന്ഥം മ്ശീഹായുടെ പ്രതീകമായതിനാൽ പൊതിഞ്ഞാണ് മദ്ഹയിൽ വയ്ക്കുന്നത്.ഏഴ് സ്ലീവകൾ തയ്ച്ച് ചേർത്തിരിക്കുന്ന ചുവപ്പോ വെള്ളയോ നിറത്തിലുള്ള ശോശപ്പ ഇതിനായി ഉപയോഗിക്കുന്നു. മദ്ബഹ മുതൽ ബേമ്മ വരെ സുവിശേഷ പ്രദക്ഷിണസമയത്ത് വൈദികൻ പൊതിഞ്ഞ് വച്ചിരിക്കുന്ന അവസ്ഥയിൽ തന്നെ ഏവൻഗാലിയോൻ നെറ്റിവരെ ഉയർത്തിപ്പിടിച്ച് കൊണ്ടുവന്ന്,ജനങ്ങളുടെ മുന്നിൽ വച്ച് ഈ ശോശപ്പ മാറ്റി ഏവൻഗാലിയോൻ പുറത്തെടുത്തത് വായിക്കുന്നു.ഇത് ലോകത്തിലുള്ള മ്ശീഹായുടെ വെളിപ്പെടുത്തലിനെ സൂചിപ്പിക്കുന്നു.വായന കഴിഞ്ഞ് വീണ്ടും ബേമ്മയിൽ വച്ച് തന്നെ പൊതിഞ്ഞ് മദ്ബഹയിൽ യഥാസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു.
6.ഡിപ്റ്റിക്സ്.
ഡിപ്റ്റിക്സ് തടിയിൽ നിർമ്മിക്കുന്ന ഒന്നാണ്. ഒരു പുസ്തകം പോലെ രണ്ട് പാളികളായി ഇത് തുറക്കാം.പരിശുദ്ധ കുർബാനയിൽ അനുസ്മരിക്കുന്ന ജീവിച്ചിരുന്നവരുടെയും മരിച്ചവരുടെയും പേരുകളും നിയോഗങ്ങളും ഇതിൽ എഴുതി സൂക്ഷിക്കുന്നു.അനുസ്മരണ പ്രാർഥനാ വേളയിൽ ഈ നിയോഗങ്ങൾ മ്ശംശാന വായിക്കാറുണ്ട്.ഇത് മദ്ബഹയുടെ ഇടത് വശത്ത് വച്ചിരിക്കുന്നു.(മദ്ബഹയ്ക്ക് അഭിമുഖമായി നിൽക്കുന്ന വൈദികന്റെ ഇടത് വശം).
7-11.വിരിക്കൂട്ട്.
മദ്ബഹയുടെ തിരുവസ്ത്രമാണ് വിരിക്കൂട്ട് എന്നറിയപ്പെടുന്നത്.ഒട്ടേറെ പ്രതീകങ്ങൾ നിറഞ്ഞതാണ് പൗരസ്ത്യ സുറിയാനി സഭയുടെ വിരിക്കൂട്ട്. മദ്ബഹയെ മ്ശീഹായായി കാണുന്നതാണ് നമ്മുടെ പാരമ്പര്യം.അതിനാൽ മ്ശീഹായുടെ പൗരോഹിത്യ വസ്ത്രങ്ങൾ മദ്ബഹായെ അണിയിക്കാറുണ്ട്.സാധാരണയായി ചുവപ്പ്,സ്വർണ്ണം,പച്ച നിറങ്ങളാണ് വിരിക്കൂട്ടിൽ ഉള്ളത്.
7.പച്ച നിറം.
പച്ച നിറം മ്ശീഹായുടെ മനുഷ്യത്വത്തെ സൂചിപ്പിക്കുന്നു.
8.ചുവപ്പ് നിറം.
ചുവപ്പ് നിറം മ്ശീഹായുടെ ദൈവത്വത്തെ സൂചിപ്പിക്കുന്നു.
9.സ്വർണ്ണ നിറം.
സ്വർണ്ണ നിറം അവിടുത്തെ രാജത്വത്തെ പ്രതിനിധാനം ചെയ്യുന്നു.
10.ഊറാറ.
മ്ശീഹായുടെ പൗരോഹിത്യത്തെ സൂചിപ്പിക്കുന്ന പൗരോഹിത്യ വസ്ത്രം.
11. സൂനാറ.
ഇൗ വിരിക്കൂട്ടിൽ മൂന്ന് സ്ലീവാകളുള്ള ഒരു സൂനാറ ഉണ്ട്.നമ്മുടെ സഭയുടെ പാരമ്പര്യത്തിൽ സൂനാറയ്ക്ക് മുകളിലാണ് ഊറാറ ധരിക്കുന്നത്.അതുപോലെ നമ്മുടെ സഭയുടെ പാരമ്പര്യം അനുസരിച്ച് സൂനാറയിൽ മുന്നിൽ ഒന്നും,പുറകിൽ ഇരുവശത്തും ഓരോന്നും വീതം വരത്തക്ക രീതിയിൽ മൂന്ന് സ്ലീവകളാണ് ഉള്ളത്.
ഇൗ വിരിക്കൂട്ട് മദ്ബഹായെ മാത്രമാണ് ധരിപ്പിക്കുന്നത്.ബേമ്മയിലും ബേസ് ഗസ്സാകളിലും സാധാരണ ചിത്തോലകൾ വിരിക്കുന്നു.
12.കങ്കേ.
അതിവിശുദ്ധ സ്ഥലമാണ് കങ്കേ.കെസ്ത്രോമയിൽ നിന്നും മൂന്ന് പടി ഉയർന്നാണ് കങ്കേ സ്ഥിതി ചെയ്യുന്നത്.കങ്കേയുടെ മധ്യത്തിൽ കിഴക്കേ ഭിത്തിയോട് ചേർന്ന് മദ്ബഹ സ്ഥിതി ചെയ്യുന്നു.ഇവിടെ യാതൊരു തരത്തിലുള്ള രൂപങ്ങളും വയ്ക്കുവാൻ പാടില്ല, ഇവിടെയെന്നല്ല,പള്ളിയിൽ ഒരിടത്തും രൂപങ്ങൾ പാടില്ല.
ഫെബിൻ ജോർജ് മൂക്കംതടത്തിൽ.
സഹായക ഉറവിടങ്ങൾ:
1.മല്പാൻ കൂനമ്മാക്കൽ തോമ്മാ കത്തനാർ.
2.'പരിശുദ്ധ കുർബാന ചിത്രങ്ങളിലൂടെ'; മാർ ഔസേപ്പ് പെരുന്തോട്ടം മെത്രാപ്പോലീത്ത.
3.'Subsidiary Mysteries in the East' ; Fr.Lonappan Arangassery.
4.'Structure of Syro Malabar Church' ; Fr.Pauly Maniyaatt.
5.Nasrani Media.
6. Elevation to the Divine State through Holy Qurbana; Geo Pallikkunnel CMI
7.Roman Documents on the Syro Malabar Liturgy, OIRSI
8. East Syriac Theology; Ed. Fr. Pauly Maniyattu
9. Structure and Theology of East Syriac Qurbana; Sr. Jean Mathew S.H.
10. പിതാക്കന്മാരുടെ കുർബ്ബാനഭാഷ്യങ്ങൾ; ഡോ. തോമസ് മണ്ണൂരാംപറമ്പിൽ.
11. നമ്മുടെ റീത്ത്; മല്പാൻ മാർ പ്ലാസിഡ് പൊടിപാറ.
12. The St. Thomas Christian Encyclopedia of India; Thomas Menacherry.
13. A commentary on the mass by the Nestorian George, Bishop of Mosul and Arbela.
14. The Book of Governors; The Historia Monastica of Thomas Bishop of Marga A.D. 840.
15. പിതാക്കന്മാരുടെ കൂദാശഭാഷ്യങ്ങൾ; ഡോ. തോമസ് മണ്ണൂരാംപറമ്പിൽ.
16. സീറോ മലബാർ സഭയുടെ കുർബാന ഒരു പഠനം; ഡോ. തോമസ് മണ്ണൂരാംപറമ്പിൽ.
17. ORDO CELEBRATIONIS "QUDDASA" IUXTA ECCLESIAE SYRO - MALABARENSIS, ROMA 1959
Tags:
ആരാധന ക്രമം