മർത്ത് മറിയത്തിന്റെ കരേറ്റതിരുനാളിനൊരുക്കമായുള്ള 15 നോമ്പ് തുടങ്ങുന്നു.
മാർത്തോമ്മാ നസ്രാണികൾ മാതൃഭക്തിയിൽ വളരെ മുമ്പന്മാരായിരുന്നു. ആണ്ടുവട്ടത്തിലെ ഉയിർപ്പുകാലം ഒഴികെ എല്ലാ ബുധനാഴ്ചാകളിലും അവർ അമ്മയെ പ്രതി നോബ് നോക്കുകയും ഉപവാസത്തിൽ കഴിയുകയും ചെയ്യുന്നത് പതിവാണ്. ഏതൊരാപത്തിലും അമ്മേ എന്നുള്ള വിളിയാണ് മാർത്തോമ്മാ നസ്രാണിയെ ഒരു തരത്തിൽ വ്യത്യസ്ഥനാക്കുന്നത്. ആണ്ടുവട്ടത്തിൽ കുറെയധികം തിരുനാളുകൾ അമ്മയുടെ ബഹുമാനത്തിനായി നോമ്പോടു കൂടെ നസ്രാണികൾ അനുഷ്ഠിച്ചിരുന്നു. അതിൽ പ്രധാനമായ ഒരു തിരുനാൾ നോമ്പാചരണമാണ് 15 നോമ്പ് അഥവാ ശൂനായ നോബ് . മാതാവിന്റെ സ്വാർഗ്ഗാരോപണം ലത്തീൻ സഭ വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ നസ്രാണി സഭയിൽ ഇത് നോബോടുകൂടിയ 15 ദിവസത്തെ ആചരണമാണ്. നമ്മുടെ ഒടുമിക്ക പുരാതന പള്ളികളും കല്ലിട്ട ദിവസം ഈ കരേറ്റമാതാവിന്റെ തിരുനാൾ ദിവസത്തിലാണ്. അതിനാൽ തന്നെ മിക്കപള്ളികളും കരേറ്റമാതാവിന്റെ നാമത്തിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണമാണ് 11 ആം നൂറ്റാണ്ടിലെ ഭരണങ്ങാനം, ചെങ്ങനാശേരി , കല്ലൂപ്പാറ പള്ളികൾ . പരിശുദ്ധ അമ്മക്ക് മാർത്തോമ്മാ ശ്ലീഹയോട് അമിതമായ വാത്സല്യം ഉണ്ടായിരുന്നു. കാരണം അവർ ഒരു കുടുബമായിരുന്നു എന്നാണ് പാരമ്പര്യം പറയുക. തന്റെ സ്വാർഗ്ഗാരോപണ വേളയിലാണ് മാർത്തോമ്മാ ശ്ലീഹായ്ക്ക് അമ്മ തന്റെ ഇടക്കച്ച സമ്മാനിച്ചത് എന്നൊരു പാരമ്പര്യവും സഭയിലുണ്ട്. മർത്ത മറിയത്തുമ്മയുടെ കരേറ്റത്തെ ഓർത്ത് നോബ് എടുത്തു പ്രാർത്ഥിക്കുന്ന ഈ ദിവസങ്ങളിൽ നമുക്ക് ശുദ്ധത എന്ന പുണ്യം നമ്മിലും സഭമുഴുവനിലും ഉണ്ടാകുവാനായി നമുക്ക് പ്രാർത്ഥിക്കാം..
Tags:
ആരാധന ക്രമം