മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ, ഓഗസ്റ്റ് 15
ഈ വിശ്വാസ സത്യത്തിനു പിന്നിലെ ചരിത്രവും പഠനങ്ങളും.
1950 നവംബർ 1-ന് പന്ത്രണ്ടാം പീയുസ് മാർപാപ്പ മാതാവിന്റെ സ്വർഗ്ഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. അനുഗ്രഹീതയായ കന്യകാ മാതാവ് ദേഹവും ദേഹിയും ഒരുമിച്ച് ദൈവസന്നിധിയിലേക്ക് കരേറ്റപ്പെട്ടുവെന്നത് ഒരു വിശ്വാസസത്യമാകുന്നു.
ഉദ്ഭവ പാപത്തിന്റെ എല്ലാ മാലിന്യങ്ങളിൽ നിന്നും സ്വതന്ത്രയാക്കിസൂക്ഷിക്കപ്പെട്ടിരുന്ന നിർമ്മലകന്യക അവളുടെ ഇഹലോക വാസത്തിന്റെ പരിസമാപ്തിയിൽ ആത്മശരീരങ്ങളോടെ സ്വർഗ്ഗീയമഹത്വത്തിലേക്ക് എടുക്കപ്പെട്ടു. ഭാഗ്യവതിയായ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണം തന്റെ പുത്രന്റെ പുനരുത്ഥാനത്തിലുള്ള അനന്യമായ പങ്കുചേരലും മറ്റു ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്റെ മുന്നാസ്വാദനവുമാണ് എന്ന് സഭ പഠിപ്പിക്കുന്നു.
വിശുദ്ധ ജനനിയുടെ ഏറ്റവും പുരാതനമായ തിരുനാളാണ് സ്വർഗ്ഗാരോപണം. പൗരാണികത കൊണ്ടു തന്നെ അതിന്റെ ആരംഭത്തെ പറ്റി നമുക്ക് വ്യക്തമായ ഒരു ചിത്രമില്ല.
AD 135-ാ മാണ്ടോടെ ഹഡ്റൈൻ എന്ന റോമൻ ചക്രവർത്തി ജെറുസലേമിനെ വിഗ്രഹാരാധകരുടെ ഒരു നഗരമാക്കി മാറ്റി. യേശുവിനെ പറ്റിയുള്ള എല്ലാ തെളിവുകളും നശിപ്പിച്ച്, അദ്ദേഹത്തിന്റെ ആവാസകേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളെല്ലാം വിഗ്രഹ ആരാധനയ്ക്കുള്ള ക്ഷേത്രങ്ങളാക്കി മാറ്റി. അങ്ങനെ 200 വർഷങ്ങളോളം ജെറുസലേം നഗരം യേശുവിനെ വിസ്മരിച്ച് ജീവിച്ചു. പിന്നീട് റോമൻ ചക്രവർത്തിയായി തീർന്ന കോൺസ്റ്റാന്റെൻ AD 336 - ൽ വിശുദ്ധ നഗരം പുനഃസ്ഥാപിക്കുകയും ദേവാലയങ്ങൾ പുനരുദ്ധരിക്കുകയും ചെയ്തു. യേശുവിന്റെ വിശുദ്ധ കബറിടത്തിലെ ദേവാലയം പുനർനിർമ്മിച്ചുകൊണ്ടാണ് കോൺസ്റ്റ്ന്റെൻ ചക്രവർത്തി തന്റെ ആത്മീയ ദൗത്യം തുടങ്ങിയത്. അക്കാലത്ത് സിയോൺ താഴ്വരയിൽ ജീവിച്ചിരുന്ന പുരാതന ക്രിസ്ത്യൻ സമൂഹങ്ങളിൽ 'മേരിയുടെ കബറിടം' സുപരിചിതമായിരുന്നു എന്നതിന് തെളിവുകളുണ്ട്.
പരിശുദ്ധ മാതാവ് ഗാഢനിദ്രയിൽ അകപ്പെട്ട 'Place of Dormition' സിയോൺ മലമുകളിലാണ്. മാതാവിന്റെ കബറിടവും' അവിടെ തന്നെയാണ്.
അക്കാലത്ത് ക്രിസ്തീയ സമൂഹങ്ങൾ മേരിയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചിരുന്നു. പിന്നീട് തിരുസഭ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷിക്കാൻ ആരംഭിച്ചു.
ആദ്യകാലത്ത് പാലസ്തീനിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ആഘോഷം ക്രൈസ്തവ സഭയുടെ വളർച്ചയോടെ പൂർവ്വ ദേശത്തെ ദേവാലയങ്ങളിലേക്കും 7-ാം നൂറ്റാണ്ടിൽ റോമിലേക്കും വ്യാപിച്ചു. അക്കാലത്ത് 'മേരിയുടെ ഗാഢനിദ്ര' (Dormitio of the Mother of God ) എന്നാണ് സ്വർഗ്ഗാരോപണ തിരുനാൾ അറിയപ്പെട്ടിരുന്നത്.
പരിശുദ്ധ ജനനിയുടെ സ്വർഗ്ഗാരോപണ വൃത്താന്തം യേശുവിന്റെ ശിഷ്യന്മാരിൽ നിന്നു തന്നെയാണ് നമുക്ക് ലഭിക്കുന്നത്. മാതാവിന്റേതെന്നു പറയാവുന്ന പരിശുദ്ധാവിശിഷ്ടങ്ങളൊന്നും അക്കാലത്തു തന്നെ ലഭ്യമായിരുന്നില്ല. ജറുശലേം നഗരത്തിനടുത്തുള്ള ഒരു ശൂന്യമായ കല്ലറ- "മാതാവ് ഗാഢനിദ്രയിൽ അകപ്പെട്ടു" എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലത്തിന് സമീപം തന്നെയാണ് ഈ കല്ലറയും സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം ക്രമേണ ഒരു തീർത്ഥാടന കേന്ദ്രമായി തീർന്നു.
AD 451-ലെ ചാൽസിഡോൺ കൗസിലിൽ ജെറുസലേം പാത്രിയാർക്കീസിനോട് അന്നത്തെ റോമൻ ചക്രവർത്തി മാർഷ്യൻ പരിശുദ്ധ ജനനിയുടെ തിരുശേഷിപ്പുകൾ കൊണ്ടുവരുവാനും ആരാധനയ്ക്കായി കോൺസ്റ്റന്റിനോപ്പിളിലെ ദേവാലയത്തിൽ സൂക്ഷിക്കാനും ആവശ്യപ്പെട്ടു. മാതാവ് ദേഹം വെടിഞ്ഞപ്പോൾ കൂടെയുണ്ടായിരുന്ന ശിഷ്യർക് മാതാവിനെ അടക്കം ചെയ്ത കല്ലറയിൽ നിന്നും തിരുശേഷിപ്പുകൾ ഒന്നും ലഭിച്ചില്ലെന്നും മാതാവ് ഉടലോടെ സ്വർഗ്ഗത്തിലേക്ക് കരേറി എന്ന് വിശ്വസിക്കപ്പെടുന്നതായും ജെറുസലേമിലെ പാത്രിയാർക്കീസ് ചക്രവർത്തിയെ അറിയിച്ചു. എട്ടാം നൂറ്റാണ്ടിൽ സെന്റ് ജോൺ ഡമാസിൻ പ്രസ്തുത കബറിടത്തിൽ വെച്ച് പരിശുദ്ധ ജനനിയുടെ സ്വർഗ്ഗാരോപണ തിരുനാളിനെ പറ്റി തിരുസഭയുടെ കാഴ്ചപ്പാട് ഇങ്ങനെ വിവരിച്ചു..
"... അവിടന്ന് സ്വർഗ്ഗത്തിലേക്ക് ആനയിക്കപ്പെട്ടുവെന്നത് തിരുസഭയുടെ വിശ്വാസ സത്യമാകുന്നു."
മനുഷ്യകുലത്തിന്റെ പാപവിമോചന പദ്ധതിയിൽ പരിശുദ്ധ ജനനിയുടെ നിർമ്മലോൽഭവത്തിനും ജീവിതത്തിനും വലിയ പങ്കുണ്ട്.
ദൈവജനനിയുടെ മഹത്വം ക്രിസ്തുമസ് ദിനത്തിലും ഒരാഴ്ച കഴിഞ്ഞുള്ള ജനുവരി ഒന്നിനും സഭയിൽ കൊണ്ടാടപ്പെടുന്നു.
മാതാവിന്റെ സ്വർഗ്ഗാരോപണം ദൈവജനനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ദൈവാനുഗ്രഹമാകുന്നു. അത് നമ്മുടെ ജീവിതത്തിനും മാർഗ്ഗ നിർദ്ദേശം നൽകുന്നു.
1950-ൽ അപ്പോസ്തലിക് നിയമ സംഹിതയിൽ പന്ത്രണ്ടാം പീയുസ് മാർപാപ്പ ഇങ്ങനെ വിളംബരം ചെയ്തു. "അമലോൽഭവ മാതാവ് തന്റെ ദൈവീകദൗത്യനിർവ്വഹണത്തിനു ശേഷം ഉടലോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു."
അങ്ങനെ മാതാവിന്റെ സ്വർഗ്ഗാരോപണം തിരുസഭയുടെ അടിസ്ഥാന സത്യങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി. പരിശുദ്ധ മാതാവിന് അർഹമായ സ്ഥാനം നൽകി മനുഷ്യകുലത്തിന്റെ മദ്ധ്യസ്ഥയായ മാതാവിനോട് പ്രാർത്ഥിക്കുവാൻ നമുക്ക് കൂടുതൽ അവസരമൊരുക്കി.
Byzantine Liturgyയിൽ സഭ ഇപ്രകാരം പ്രാർത്ഥിക്കുന്നു "ദൈവത്തിന്റെ അമ്മേ നീ പ്രസവിച്ചപ്പോൾ നീ നിന്റെ കന്യകാത്വം സൂക്ഷിച്ചു. നിന്റെ നിദ്രയിൽ നീ ലോകത്തെ വെടിഞ്ഞില്ല. ജീവന്റെ സ്രോതസ്സിനോട് ഒന്നുചേർന്നു നിൽക്കുകയാണ് ചെയ്തത്. സജ്ജീവനായ ദൈവത്തെ നീ ഗർഭം ധരിച്ചു. നിന്റെ പ്രാർത്ഥനകൾ വഴി ഞങ്ങളുടെ ആത്മാക്കളെ മരണത്തിൽ നിന്നും നീ രക്ഷിക്കും".
മർത്ത് മറിയവും മാർത്തോമ്മാ ശ്ലീഹായും.
ആപത്തിലാലാഹാ കൂടെയുണ്ട്
താപത്തിൽ തോമ്മായും കൂടെയുണ്ട്
തോമ്മാതൻ കർത്താവ് കൂടെയുണ്ട്
അമ്മയും തോമ്മായുമുണ്ടെനിക്ക്.
അഞ്ചൊരു പത്തും പിന്നൊരു പത്തും
വീണ്ടും പത്തൊരു രണ്ടുംകൂടെ
അമ്പതുകാലം രണ്ടാമൂഴം
മുമ്പേപിമ്പേ പോകാം വെക്കം.
(നസ്രാണികളുടെ, പ്രത്യേകിച്ച് കുറവിലങ്ങാട് പ്രദേശത്തെ ഒരു പുരാതന പാട്ട്)
വേദപുസ്തകത്തിൽ നമ്മൾ കാണുന്ന മാർത്തോമ്മാ ശ്ലീഹായ്ക്ക് "താമാ" എന്നൊരു പേരുകൂടെയുണ്ട്. താമാ എന്ന സുറിയാനി വാക്കിന് ഇരട്ടപിറന്നവൻ എന്നാണ് അർത്ഥം. ഈശോയോട് നല്ല മുഖാസാദൃശ്യം ഉള്ള ആളായിരുന്നതിനാലാണ് തോമ്മായെ ഇരട്ട എന്ന് വിളിച്ചത്. ഇതിനാൽ തന്നെ പരിശുദ്ധ അമ്മയ്ക്ക് തോമ്മായോട് പ്രത്യേകമായ പുത്രവാത്സല്യം ഉണ്ടായിരുന്നു. ഈശോ നാഥന്റെ വാക്കുകൾ അനുസരിച്ച് ശ്ലീഹരിൽ ഏറ്റവും ദൂരത്ത് പോയത് ഒരുപക്ഷേ തോമ്മാ ആയിരിക്കും. വിദൂരസ്ഥമായ ഹെന്ദോയിൽ (ഇന്ത്യയിൽ) അദ്ദേഹം സുവിശേഷം അറിയിച്ചു. പരിശുദ്ധ അമ്മയുടെ വേർപാടിന്റെ (ശൂനായ) സമയത്ത് വിദൂരസ്ഥനായ തോമാ ഒഴികെ മറ്റു ശ്ലീഹർ ഓറശ്ലത്ത് ഉണ്ടായിരുന്നു. അവർ അമ്മയെ ബഹുമാനപൂർവ്വം കബറിൽ വച്ചു. അമ്മയുടെ വേർപാട് അറിഞ്ഞ തോമ്മാ തിടുക്കത്തിൽ ഹെന്ദോയിൽ നിന്ന് ഓറശ്ലത്ത് എത്തി. മയിലിന്റെ പുറത്താണ് അദ്ദേഹം യാത്ര ചെയ്തത് എന്നാണ് ഒരു പാരമ്പര്യം. ഈശോയെ കാണണം എന്ന് വാശി പിടിച്ചത് പോലെ മാതാവിനെ കാണണം എന്നും തോമ്മാ വാശിപിടിച്ചു. എല്ലാവരും ചേർന്ന് കബറിന്റെ മൂടി മാറ്റി എങ്കിലും പരിശുദ്ധ അമ്മയുടെ പൂജ്യശരീരം അവിടെ കണ്ടില്ല. പകരം സുഖന്ധപൂരിതമായ കബറിടമാണ് അവർ കണ്ടത്. തോമ്മാ അതീവ ദുഃഖിതനായി. പെട്ടന്ന് അത്മ ശരീരങ്ങളോടെ മാലാകാമാരാൽ ആകാശത്തിലേക്ക് സംവഹിക്കപ്പെടുന്ന മർത്ത് മറിയത്തെ അവർ കണ്ടു. ദുഃഖിതനായി കാണപ്പെട്ട തന്റെ വത്സല പുത്രന് ആ അമ്മ തന്റെ സൂനാറ (അരക്കച്ച) താഴേയ്ക്ക് ഇട്ടുകൊടുത്തു. വിവിധ സഭകളിലായി ഇന്നും ഈ സൂനാറയുടെ ഭാഗങ്ങൾ സൂക്ഷിക്കപ്പെടുന്നു. പ്രധാന ഭാഗം ഗ്രീസിലെ മൗണ്ട് ആത്തോസിൽ ആണുള്ളത്.
മാർത്തോമ്മാ ശ്ലീഹാ ഹെന്ദോയിൽ വന്നത് മാതാവിന്റെ ഒരു ഐക്കൺ ചിത്രവുമായിട്ടാണ് എന്ന് ഒരു വിശ്വാസവും നിലവിലുണ്ട്. ഇത്തരത്തിൽ ഒരു പുരാതന ഐക്കൺ ഇപ്പോഴും മൈലാപ്പൂരിൽ സൂക്ഷിക്കപ്പെടുന്നു. ഹെന്ദോയിലെ പൗരസ്ത്യ സുറിയാനി മലങ്കര മാർത്തോമ്മാ നസ്രാണികളായ നമ്മുടെ മാതൃഭക്തിയുടെ അടിസ്ഥാനം തന്നെ വിശ്വാസത്തിൽ നമ്മുടെ പിതാവ് മാർത്തോമ്മാ ശ്ലീഹയ്ക്ക് മാതാവിനോടുള്ള ഈ ഭക്തി ആണ്. അത് നമ്മുടെ നമസ്കാരങ്ങളിലും പ്രകടമാണ്. ആണ്ടുവട്ടത്തിലെ എല്ലാ ബുധനാഴ്ച്ചകളിലും സൂവാറാ (മംഗള വാർത്ത) കാലത്തും നമ്മൾ അമ്മയെ പ്രത്യേകമായ വിധത്തിൽ അനുസ്മരിക്കുന്നു.
Tags:
വിശുദ്ധർ