തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പുകൾ
AD 72 ൽ നമ്മുടെ പിതാവായ മാർത്തോമ്മാ ശ്ലീഹ മൈലാപ്പൂരിൽ മരിക്കുകയും അവിടെ അടക്കം ചെയ്യുകയും ചെയ്തു. മൂന്നാം നൂറ്റാണ്ടിൽ, ദക്ഷിണേന്ത്യയിൽ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ പശ്ചാത്തലത്തിൽ. തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ സുരക്ഷിതമായിരിക്കാനായി ശ്ലീഹായുടെ ആദ്യ പ്രേഷിത ഭൂമിയായ എദേസയിലേക്ക് (232 ഓടെ) വിശ്വാസി സമൂഹം മാറ്റുകയുണ്ടായി. പിന്നീട് അറബി അധിനിവേശത്തെ തുടർന്ന് എദേസയിൽ നിന്നും ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ കൂടുതൽ സുരക്ഷിതമെന്ന് വിശ്വസിക്കുന്ന സ്ഥലത്തേക്ക് - ഗ്രീസിലെ ചിയോസ് ദ്വീപിലേയ്ക്ക് - മാറ്റി (ഏകദേശം 1146). 1258-ൽ ഇറ്റലിയിൽ നിന്നുള്ള സായുധ സേനകൾ ചിയോസ് ദ്വീപിൽ എത്തുന്നതുവരെ തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ അവിടെ സൂക്ഷിക്കപ്പെട്ടു. തുർക്കികളുടെ അധിനിവേശത്തിൽ നിന്നും ശ്ലീഹായുടെ പൂജ്യ അവശിഷ്ടങ്ങൾ സംരക്ഷിക്കാനായി അവർ ദ്വീപിൽ നിന്നും തോമ്മാ ശ്ലീഹായുടെ അസ്ഥികളും അവ മൂടിയ മാർബിൾ ഫലകവും കപ്പലിൽ ഇറ്റലിയിലേക്ക് കൊണ്ടുപോയി. 1258 സെപ്റ്റംബർ 6-ന് അവർ ഇറ്റലിയിലെ ഓർത്തോണ തുറമുഖത്ത് എത്തി. ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ അസ്ഥികളും പൂജ്യ അവശിഷ്ടങ്ങളും ഘോഷയാത്രയായി അവിടെ ഉള്ള മാതാവിന്റെ നാമത്തിലുള്ള പള്ളിയിലേക്ക് കൊണ്ടുപോയി അവിടെ പ്രതിഷ്ഠിച്ചു. 1556 ൽ തുർക്കികൾ ഈ ദൈവാലയം തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചു എങ്കിലും മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പുകൾ അത്ഭുതകരമായി സംരക്ഷിക്കപ്പെടുകയും ചെയ്തു. നൂറ്റാണ്ടുകളായി കത്തീഡ്രൽ ആയിരുന്ന ദൈവാലയം തുടർന്ന് 1859 ൽ ഒൻപതാം പീയൂസ് പാപ്പാ ബസലിക്ക ആയി ഉയർത്തുകയും പള്ളിയുടെ പേര് മാർത്തോമ്മാ ശ്ലീഹാ ബസലിക്ക (ബസലിക്ക ദി സാൻ തോമസോ അപ്പൊസ്തൊലോ) എന്ന് മാറ്റുകയും ചെയ്തു. തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ 750 വർഷത്തിലേറെയായി അവിടെ സംരക്ഷിക്കപ്പെടുന്നു.