മാര്‍ അപ്രേം
പരിശുദ്ധാത്മാവിന്റെ വീണ എന്നറിയപ്പെടുന്ന സുറിയാനി സഭാപിതാവ്
മാര്‍ അപ്രേം പിതാവ് മെസോപ്പൊട്ടോമിയയില്‍ നിസിബിസ് നഗരത്തില്‍ ജനിച്ചു. കോണ്സ്റ്റന്റൈന് (306-337) തന്റെ ഭരണം ആരംഭിക്കുന്ന കാലത്താണ് അപ്രേമിന്റെ ജനനം. മാതാപിതാക്കന്മാര് ക്രിസ്ത്യാനികളായിരുന്നു. പില്ക്കാലത്ത് അദ്ദേഹം പറഞ്ഞു:
"എനിക്ക് ജന്മം തന്നവര്‍ എന്നില്‍ കര്‍ത്താവിനെപ്പറ്റിയുള്ള ഭയം ജനിപ്പിച്ചു. എന്റെ പൂര്വ്വികന്മാര് ജഡ്ജിമാരുടെ ട്രൈബ്യൂണലുകള്‍ മുന്‍പാകെ ക്രിസ്തുവിനെ ഏറ്റുപറഞ്ഞു. ഞാന്‍ രക്തസാക്ഷികളുടെ ബന്ധുവാണ്. എന്റെ പിതാമഹന്മാര് വാര്‍ദ്ധക്യം വരെ ജീവിച്ചു. അവര്‍ കര്‍ഷകരായിരുന്നു. എന്റെ മാതാപിതാക്കന്മാരും ആ തൊഴില്‍ തന്നെ ചെയ്തു".
മാര്‍ അപ്രേമിന് ദൈവത്തില്‍ നിന്ന് വരദാനമായി അത്ഭുതകരമായ ജ്ഞാനം ലഭിച്ചിരുന്നു. ശ്രവിക്കുന്നവരുടെ ആത്മാവില്‍ അനുതാപത്തിന്റെ മഞ്ഞുപെയ്യിച്ച് അദ്ദേഹത്തിന്റെ അധരങ്ങളില്‍ നിന്ന് ദൈവകൃപ മാധുര്യനദിപോലെ ഒഴുകി. വ്യാജസിദ്ധാന്തങ്ങളും ശീശ്മകളും അബദ്ധപ്രബോധനങ്ങളും സത്യവിശ്വാസത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്ന കാലഘട്ടത്തില്‍ മാര്‍ അപ്രേം വിശ്വാസസംരക്ഷണത്തിന് സര്‍വ്വസജ്ജനായി രംഗത്തിറങ്ങി. സത്യവിശ്വാസസംഹിതകളും സഭാപ്രബോധനങ്ങളും സംഗീതരൂപത്തിലാക്കി പ്രചരിപ്പിക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
പരിശുദ്ധ ത്രിത്വം, ദൈവത്തിന്റെ സര്‍വ്വാതിശായിത്വം, വചനത്തിന്റെ മനുഷ്യാവതാരം, സഭയുടെ ശരിയായ പ്രാര്‍ത്ഥന, എല്ലാക്കാര്യങ്ങളിലും ദൈവത്തില്‍ സ്ഥിരമായി പ്രത്യാശ, മനുഷ്യന്റെ സ്വാതന്ത്ര്യം എന്നിങ്ങനെ വിശ്വാസവിധേയമായ എല്ലാ വിഷയങ്ങളെയും അദ്ദേഹം ഗാനരൂപത്തിലാക്കി യുവജനങ്ങളെ വിളിച്ചുകൂട്ടി അവരെ ആലപിക്കുവാന്‍ ശീലിപ്പിച്ചു. ഈ ഗാനങ്ങളെല്ലാം ജനങ്ങള്‍ക്കിടയില്‍ വ്യാപിച്ചു. അവരുടെ ഹൃദയവും മനസ്സും ആകര്‍ഷിക്കും വിധം ചിട്ടപ്പെടുത്തിയവയായിരുന്നു ഓരോ വരിയും.
തിരുസ്സഭക്കുവേണ്ടി അദ്ദേഹം വളരെയേറെ കീര്‍ത്തനങ്ങള്‍ രചിച്ചു. വിശുദ്ധരുടെയും രക്തസാക്ഷികളുടെയും തിരുനാള്ദിനങ്ങള്ക്കു വേണ്ടിയുള്ള കീര്‍ത്തനങ്ങള്‍, അനുതാപകീര്‍ത്തനങ്ങള്‍, മൃതസംസ്കാരത്തിനുവേണ്ടിയുള്ള കീര്‍ത്തനങ്ങള്‍ എന്നിവ ശ്രദ്ധേയങ്ങളാണ്.
ധീരവും വിശുദ്ധവുമായി ജീവിതം നയിച്ച് മഹാനായ തിയഡോഷ്യസ് ചക്രവര്‍ത്തിയായി ഭരിക്കുന്ന കാലത്ത് (379-395) മാര്‍ അപ്രേം കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. മാര്‍ അപ്രേം നേരത്തേ തന്നെ നിര്ദ്ദേശിച്ചിരുന്നതുപോലെയാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചത്:
"എന്നെ അള്‍ത്താരയുടെ കീഴെ വയ്ക്കരുത്. എന്നെപ്പോലെ അശുദ്ധനായവന്‍ വിശുദ്ധസ്ഥലത്ത് കിടക്കാന്‍ അര്‍ഹനല്ല. എന്നെ പള്ളിയകത്ത് അടക്കരുത്. ആ മഹത്വത്തിന് ഞാന്‍ യോഗ്യനല്ല. . . സ്വന്തം അഭിമാനം പുലര്‍ത്താന്‍ കഴിയാത്തവന് എന്തൊരു ബഹുമതി? ഞാന്‍ അപരിചിതരുടെ കൂടെ കിടക്കുമെന്ന് ദൈവത്തോട് വാഗ്ദാനം ചെയ്തിട്ടുണ്ട്. കാരണം അവരെപ്പോലെ ഞാനും ഒരപരിചിതനാണ്. അവരുടെയിടയില്‍ എന്നെ കുഴിച്ചിടുക. അനുതപിച്ച ഹൃദയങ്ങള്‍ കിടക്കുന്ന സ്ഥലത്ത് എന്നെ സംസ്കരിച്ചാലും.!"
പരിശുദ്ധാത്മപ്രേരിതമായി മാര്‍ അപ്രേം രചിച്ച കൃതികള്‍ ഇന്നും ക്രിസ്തുവിന്റെ അനുയായികള്‍ക്ക് ആദ്ധ്യാത്മികപോഷണം നല്കിക്കൊണ്ടിരിക്കുന്നു. അന്വേഷികളുടെ ഹൃദയങ്ങള്‍ക്ക് അവ യഥാര്‍ത്ഥമായ ആത്മീയാനുഭൂതികള്‍ പ്രദാനം ചെയ്യുന്നു.
✍️ നോബിള്‍ തോമസ് പാറക്കല്‍