- Mark 1: 16- 20*
ഈശോ തന്റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്ന ഭാഗമായ വിശുദ്ധ മർക്കോസ് അറിയിച്ച സുവിശേഷം ഒന്നാം അദ്ധ്യായം 16 മുതൽ 20 വരെയുള്ള വചനങ്ങളാണ് നമ്മുടെ ധ്യാനം ഭാഗം. ആദ്യ ശിഷ്യന്മാരെ യേശു സന്ധിക്കുന്നത് ഗലീലി കടൽ തീരത്ത് വച്ചാണ്. ഗലീലി കടൽ വാസ്തവത്തിൽ ഒരു തടാകമാണ്. ഇതിന്റെ കിഴക്കുവശത്ത് വിജാതിയ നഗരങ്ങളും പടിഞ്ഞാറ് വശത്ത് പ്രധാനമായും യഹൂദ നഗരങ്ങളും ആണ് ഉണ്ടായിരുന്നത്. ഈ തടാകത്തിന്റെ കിഴക്കും പടിഞ്ഞാറും യേശു പ്രവർത്തിച്ചത് യഹൂദരുടെ ഇടയിൽ ഉള്ള യേശുവിന്റെ പ്രവർത്തനത്തെ ദ്യോതിപ്പിക്കുന്നു. മുക്കുവൻമാരായ ആദ്യ ശിഷ്യന്മാരുടെ ജോലി സ്ഥലമായിരുന്നു കടലും കടൽത്തീരവും. യഥാർത്ഥത്തിൽ തടാകമായ ഗലീലയിലെ ഉയർന്ന തൊഴിൽ ആയിരുന്നു മീൻപിടുത്തം. സ്വന്തമായി വലകളും വേലക്കാരും ഉയർന്ന വരുമാനം നേടിയിരുന്നവരുമായിരുന്നു അവർ. ശിഷ്യസമൂഹത്തിലെ ആദ്യത്തെ നാല് പേരെയാണ് നാം ഇവിടെ പരിചയപ്പെടുന്നത്. ശിമയോൻ അന്ത്രയോസ് യാക്കോബ് യോഹന്നാൻ.
യേശു തന്റെ ആദ്യ ശിഷ്യരെ വിളിക്കുന്ന രംഗം പലതുകൊണ്ടും ശ്രദ്ധേയമാണ്. അക്കാലത്തെ റബ്ബിമാരുടെ രീതിയിൽ നിന്ന് വ്യത്യസ്തമായാണ് യേശു പെരുമാറുന്നത്. യഹൂദ റബ്ബിമാർ ശിഷ്യരെ അന്വേഷിച്ച് നടന്നിരുന്നില്ല. എന്നാൽ ഇവിടെ ഗുരുവായ ഈശോ തന്നെ ശിഷ്യരെ തിരഞ്ഞെടുക്കുകയാണ്. ഈശോ തന്റെ ശിഷ്യരെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ കുടുംബ പശ്ചാത്തലമോ വിദ്യാഭ്യാസമോ ഒന്നും ചോദിക്കുന്നില്ല. കടലിൽ വലയെറിഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഈശോ ശിഷ്യരെ വിളിക്കുന്നത്. യഹൂദ റബ്ബിമാരുടെ ഏതാനും ചുവട് പുറകിലാണ് അവരുടെ ശിഷ്യന്മാർ നടന്നിരുന്നത്. തന്നെ അനുഗമിക്കുക എന്ന് ഈശോ പറയുന്നതും ഇതേ അർത്ഥത്തിൽ തന്നെയാണ്. പിന്നാലെ ചൊല്ലുക എന്നതിന്റെ അർത്ഥം ശിഷ്യത്വം ചലനാത്മകമാണ്, ക്രിയാത്മകം ആണ്, ഒരു യാത്രയാണ് എന്നൊക്കെയാണ്. ഗുരുവിന്റെ കാലടികൾ പിന്തുടരുക എന്നതാണ് ശിഷ്യന്റെ ധർമ്മം. തങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന് ഈശോതൻ പറഞ്ഞപ്പോൾ സുവിശേഷം എന്ന വല ഉപയോഗിച്ച് യേശുവിനായി മനുഷ്യരെ നേടുക എന്നാണ് ഈശോ ഉദ്ദേശിക്കുന്നത്. സുവിശേഷം ആകുന്ന വലയിൽ അകപ്പെടുന്ന മനുഷ്യർക്ക് ഈശോ വാഗ്ദാനം ചെയ്യുന്നത് രക്ഷയാണ്. ഈശോയുടെ ആഹ്വാനം ശ്രവിച്ച ശിഷ്യന്മാർ വല ഉപേക്ഷിച്ച് അവനെ പൊടുന്നനെ പിൻചെല്ലുന്നത് അവിശ്വസനീയമായ പ്രതികരണമായി നമുക്ക് തോന്നാം. ഭാവിയിൽ ഈശോയുടെ ശിഷ്യന്മാർ ആകാൻ ഇരിക്കുന്നവർക്ക് ഉദാത്തമായ ഒരു മാതൃക തന്നെ കാണിച്ചു കൊടുക്കുകയായിരുന്നു അവർ. ഈശോയുടെ വാക്കുകേട്ട് അവനെ അനുഗമിച്ച തങ്ങളുടെ ഭാവി എന്താകും, തങ്ങളെ ആശ്രയിച്ചുകഴിയുന്ന കുടുംബാംഗങ്ങളുടെ സ്ഥിതി എന്താകും എന്നൊന്നും അവർ അന്വേഷിച്ചില്ല, ചിന്തിച്ചില്ല. ഇക്കാര്യത്തെക്കുറിച്ച് ഈശോയോട് ഒരു സംശയ നിവാരണത്തിനും അവർ തുനിയുന്നുമില്ല. അത്രമാത്രം അപ്രതിരോധ്യമായിരുന്നു അവന്റെ ആജ്ഞാസ്വരം. വാസ്തവത്തിൽ അതൊരു അത്ഭുതം തന്നെയായിരുന്നു. തനിക്കായി ഒരു ശിഷ്യ സമൂഹത്തെ അത്ഭുതകരമായി ഈശോ സൃഷ്ടിക്കുകയായിരുന്നു അവിടെ.
മുന്നോട്ടു നടക്കുന്ന ഈശോ സെബദി പുത്രന്മാരായ യാക്കോബിനെയും യോഹന്നാനെയും കണ്ടുമുട്ടുകയാണ്. ഉടൻതന്നെ വീശാൻ പാകത്തിൽ വലയൊരുക്കി കൊണ്ടിരുന്ന അവരുടെ പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് തന്നെ ഈശോ അവരെയും വിളിച്ചു. ജോലിയുടെ മധ്യത്തിലും ജോലിക്ക് ഒരുങ്ങുമ്പോഴും ആണ് ഈശോ തന്റെ ശിഷ്യരെ വിളിച്ചത്. ഈശോയുടെ വിളിയുടെ ശക്തിയാൽ തങ്ങളുടെ പദ്ധതികൾ വളരെ നിസ്സാരമായി അവർക്ക് വലിച്ചെറിയാൻ ആയി. പിതാവിനോട് മാതാവിനോട് യാത്ര ചോദിക്കാനുള്ള സാവകാശം പോലും ഇവിടെ ഇല്ല. വള്ളവും വലയും ഉപേക്ഷിക്കുക വഴി സാമ്പത്തിക സുരക്ഷിതത്വവും പിതാവിനെ ഉപേക്ഷിക്കുക വഴി കുടുംബസുരക്ഷിതത്വവും അവർ ഉപേക്ഷിക്കുന്നു. ഇതിനെക്കുറിച്ച് വിശുദ്ധ ജെറോം പറയുന്നത് ഇവിടെ പ്രസക്തമാണ് “വാസ്തവത്തിൽ അവർ പിതാവിനെ ഉപേക്ഷിക്കുകയില്ല ദൈവപിതാവിനെ കണ്ടെത്തുകയായിരുന്നു.” മറ്റുള്ളവർക്ക് സുവിശേഷം അറിയിക്കുന്നതിനായി നാം എന്തെങ്കിലുമൊക്കെ ഉപേക്ഷിക്കേണ്ടത് ഉണ്ട് എന്ന സന്ദേശമാണ് ഈശോ ഇവിടെ നമുക്ക് നൽകുന്നത്. ഒന്നും ഉപേക്ഷിക്കാൻ തയ്യാറാകാത്തവർക്ക് മറ്റുള്ളവർക്കുള്ള സുവിശേഷം ആകാനോ മറ്റുള്ളവർക്ക് സുവിശേഷം ഏകാനോ കഴിയില്ല.
യേശുവും അവന്റെ വിളിയും യാതൊരു ഒരുക്കുമോ പരിചയമോ ആവശ്യമില്ലാത്ത വിധം പ്രേരകമായിരുന്നു. ആദ്യ ശിഷ്യന്മാർക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരുന്നില്ല യേശുവിനെ അനുഗമിക്കാൻ. അത്രമേൽ ആകർഷകമായ അവന്റെ വിളിക്ക് പ്രത്യുത്തരം കൊടുക്കാതിരിക്കാൻ അവർക്ക് കഴിയുന്നില്ല. ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തവരെ അല്ല മറിച്ച് വിലപ്പെട്ട പലതും നഷ്ടപ്പെടാനുള്ള വരെയാണ് യേശു വിളിക്കുന്നത്. തന്റെ കൂട്ടത്തിൽ വിളിച്ചുചേർത്ത ശിഷ്യന്മാരെല്ലാം കുടുംബവും ജീവിതമാർഗവും ഉള്ളവർ തന്നെയാണ്. ഇക്കാലത്തും ഈശോ ചെയ്യുന്നത് ഇതു തന്നെയാണ്. ഏക മകനെയോ ഏക മകളെയോ വൈദികനാകാൻ കന്യാസ്ത്രീയാകാൻ യേശു വിളിക്കുന്നു. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർ അല്ല ഏറ്റവും വിലപ്പെട്ടത് നഷ്ടപ്പെടുത്താൻ തയ്യാറുള്ള വരെയാണ് ഈശോ വിളിക്കുന്നത്. ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന യേശുവിന്റെ വാഗ്ദാനം ഒരു ബലപ്രയോഗത്തിന്റെ ഭാഷയിൽ അല്ല. മറിച്ച് മനുഷ്യരെ സ്നേഹിക്കുന്ന ഭാഷയിലൂടെ ദൈവ രാജ്യത്തിലേക്ക് ആളുകളെ ആകർഷിക്കുക എന്നതാണ്. ഗുരുവിനോടൊപ്പം ആയിരിക്കുക, ഗുരുവിനെപ്പോലെ പ്രസംഗിക്കുക, ഗുരുവിനെപ്പോലെ മരിക്കുക ഇതാണ് ശിഷ്യത്വത്തിന്റെ കാതൽ. ഈശോയുടെ വിളിക്കുള്ള പ്രത്യുത്തരം നൽകൽ ത്യാഗവും അപകടസാധ്യതകൾ ഉള്ളതുമായ ഒന്നാണ്. നമ്മിൽ പലരും അത് സ്വന്തം ജീവിതത്തിൽ തന്നെ അനുഭവിച്ചിട്ടുള്ള വരും ആയിരിക്കാം. ഈശോയുടെ വിളി സ്വാഭാവിക വിളി അല്ല. പ്രത്യേകമായ ആ വിളിക്ക് അസ്വാഭാവികമായ, ഉപാധികളില്ലാത്ത പൂർണ്ണമായ പ്രത്യുത്തരം നൽകണം. അതിനു നാം തയ്യാറാണോ എന്നുള്ളതാണ് നമ്മുടെ ധ്യാനം വിഷയം.
Bro Tony Thennattil