മർത്ത് ശ്മോനി അമ്മയുടെയും ഏഴ് മക്കളുടെയും തിരുനാൾ.
പൗരസ്ത്യ സുറിയാനി സഭയുടെ പാരമ്പര്യത്തിൽ കൈത്താക്കാലം അഞ്ചാം വെള്ളിയാഴ്ച, വിശ്വാസത്തിന് വേണ്ടി ജീവൻ വെടിഞ്ഞ മർത്ത് ശ്മോനി അമ്മയുടെയും ഏഴ് മക്കളുടെയും തിരുനാൾ നാം ആഘോഷിക്കുന്നു
വിശ്വാസത്തിന്റെ സാക്ഷികളായ മർത്ത് ശ്മോനിയും അവളുടെ ഏഴ് മക്കളും..... മക്കബായരുടെ പുസ്തകത്തിൽ വിവരിക്കുന്ന യഹൂദയായ അമ്മയും അവളുടെ ഏഴ് മക്കളുമാണ് മർത്ത് ശ്മോനിയും മക്കളും.
വിശുദ്ധ ഗ്രന്ഥത്തിൽ ഇങ്ങനെ ആ അനുഗ്രഹീത രക്തസാക്ഷികളെക്കുറിച്ചു പറയുന്നു.
ഒരിക്കല്‍ രാജാവ് ഏഴു സഹോദരന്മാരെയും അവരുടെ അമ്മയെയും ബന്ധിച്ച് ചാട്ടയും ചമ്മട്ടിയുംകൊണ്ട് അടിച്ച് നിഷിദ്ധ മായ പന്നിമാംസം ഭക്ഷിക്കാന്‍ നിര്‍ബന്ധിച്ചു.
അവരിലൊരുവന് അവരുടെ വക്താവെന്ന നിലയില്‍ പറഞ്ഞു: ഞങ്ങളോട് എന്തു ചോദിച്ചറിയാനാണു നീ ശ്രമിക്കുന്നത്? പിതാക്കന്മാരുടെ നിയമങ്ങള്‍ ലംഘിക്കുന്നതിനെക്കാള്‍ മരിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.
ഇതുകേട്ടു രാജാവ് കോപാവേശംപൂണ്ടു വറചട്ടികളും കുട്ടകങ്ങളും പഴുപ്പിക്കാന്‍ ആജ്ഞാപിച്ചു.
ഉടനെ അവര്‍ അങ്ങനെ ചെയ്തു. സഹോദരന്മാരും അമ്മയും കാണ്‍കെ അവരുടെ വക്താവിന്‍െറ നാവും കൈകാലുകളും ഛേദിക്കാനും ശിരസ്സിലെ ചര്‍മം ഉരിയാനും രാജാവ് ഉത്തരവിട്ടു.
അങ്ങനെ അവന് തീര്‍ത്തും നിസ്സഹായനായപ്പോള്‍ അവനെ ജീവനോടെ വറചട്ടിയില്‍ പൊരിക്കാന്‍ രാജാവ് വീണ്ടും കല്പിച്ചു. ചട്ടിയില്‍നിന്നു പുക ഉയര്‍ന്നു. മറ്റു സഹോദരന്മാരും അമ്മയും ശ്രഷ്ഠമായ മരണം വരിക്കാന്‍ പരസ്പരം ധൈര്യം പകര്‍ന്നുകൊണ്ടു പറഞ്ഞു:
അവിടുത്തേക്ക് തന്‍െറ ദാസരുടെമേല്‍ കരുണ തോന്നും എന്നു പാടി മോശ ജനങ്ങള്‍ക്കു മുന്പില് സാക്ഷ്യം നല്കിയതുപോലെ, ദൈവമായ കര്‍ത്താവ് നമ്മെകടാക്ഷിക്കുകയും നമ്മുടെനേരേ സത്യമായും കരുണ കാണിക്കുകയും ചെയ്യുന്നു.
മൂത്തഹോദരന്‍ ഈ വിധം മരിച്ചു കഴിഞ്ഞപ്പോള്‍ രണ്ടാമനെ അവര്‍ തങ്ങളുടെ ക്രൂരവിനോദത്തിനു മുന്‍പോട്ടു കൊണ്ടുവന്നു. അവന്‍െറ ശിരസ്സിലെ ചര്‍മം മുടിയോടുകൂടെ ഉരിഞ്ഞതിനുശേഷം അവര്‍ ചോദിച്ചു: നീ ഭക്ഷിക്കുമോ അതോ പ്രത്യംഗം പീഡയേല്‍ക്കണമോ?
തന്‍െറ പിതാക്കന്മാരുടെ ഭാഷയില്‍ അവന് തറപ്പിച്ചു പറഞ്ഞു: ഇല്ല. അങ്ങനെ മൂത്തസഹോദരനെപ്പോലെ അവനും പീഡനം ഏറ്റു.
അന്ത്യശ്വാസം വലിക്കുമ്പോള്‍ അവന് പറഞ്ഞു: ശപിക്കപ്പെട്ട നീചാ, ഈ ജീവിതത്തില്‍നിന്നു നീ ഞങ്ങളെ പുറത്താക്കുന്നു; എന്നാല്‍, പ്രപഞ്ചത്തിന്‍െറ അധിപന് ഞങ്ങളെ അനശ്വരമായ നവജീവിതത്തിലേക്ക് ഉയിര്‍പ്പിക്കും; അവിടുത്തെനിയമങ്ങള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ മരിക്കുന്നത്.
പിന്നീടു മൂന്നാമന് അവരുടെ വിനോദത്തിന് ഇരയായി. അവര്‍ ആവശ്യപ്പെട്ടയുടനെ അവന് സധൈര്യം കൈകളും നാവും നീട്ടിക്കൊടുത്ത് അഭിമാനപൂര്‍വം പറഞ്ഞു: ഇവ എനിക്കു ദൈവം തന്നതാണ്.
അവിടുത്തെനിയമങ്ങള്‍ക്കുവേണ്ടി ഞാന്‍ അവയെ തുച്ഛമായി കരുതുന്നു. അവിടുന്ന് അവ തിരിച്ചുതരുമെന്ന് എനിക്കു പ്രത്യാശയുണ്ട്.
രാജാവും കൂട്ടരുംയുവാവിന്െറ ധീരതയില്‍ ആശ്ചര്യപ്പെട്ടു. കാരണം, അവന് തന്‍െറ പീഡകള്‍ നിസ്സാരമായി കരുതി.
അവനും മരിച്ചപ്പോള്‍ അവര്‍ നാലാമനെ ആ വിധം തന്നെ നീചമായി പീഡിപ്പിച്ചു.
മരണത്തോടടുത്തപ്പോള്‍ അവന് പറഞ്ഞു: പുന രുത്ഥാനത്തെക്കുറിച്ചു ദൈവം നല്‍കുന്നപ്രത്യാശ പുലര്‍ത്തിക്കൊണ്ടു മനുഷ്യകരങ്ങളില്‍നിന്ന് മരണം വരിക്കുന്നത് ഉത്തമമാണ്. എന്നാല്‍, നിങ്ങള്‍ക്ക് പുനരുത്ഥാനമില്ല; പുതിയ ജീവിതവുമില്ല.
അടുത്തതായി, അവര്‍ അഞ്ചാമനെ പിടിച്ച് മര്‍ദനം ആരംഭിച്ചു.
അവന് രാജാവിനെ നോക്കി പറഞ്ഞു: മര്‍ത്യനെങ്കിലും മറ്റുള്ളവരുടെമേലുള്ള അധികാരം നിമിത്തം നിനക്കു തോന്നുന്നതു നീ ചെയ്യുന്നു. എന്നാല്‍, ദൈവം ഞങ്ങളുടെ ജനത്തെ പരിത്യജിച്ചെന്നു വിചാരിക്കരുത്.
അവിടുത്തെ മഹാശക്തി നിന്നെയും സന്തതികളെയും പീഡിപ്പിക്കുന്നത് താമസിയാതെ നീ കാണും.
പിന്നീട്, അവര്‍ ആറാമനെ കൊണ്ടുവന്നു. അവന് മരിക്കാറായപ്പോള്‍ പറഞ്ഞു: വ്യര്‍ഥമായി അഹങ്കരിക്കേണ്ടാ; ഞങ്ങളുടെ ദൈവത്തിനെതിരേ ഞങ്ങള്‍ ചെയ്ത പാപത്തിന്‍െറ ഫലമാണ് ഞങ്ങള്‍ ഏല്ക്കുന്ന ഈ പീഡനം. അതുകൊണ്ടാണ് ഈ ഭീകരതകള്‍ സംഭവിച്ചത്.
ദൈവത്തെ എതിര്‍ക്കാന്‍ തുനിഞ്ഞനീ ശിക്ഷ ഏല്ക്കാതെ പോകുമെന്നു കരുതേണ്ടാ.
ആ മാതാവാകട്ടെ, സവിശേഷമായ പ്രശംസയും സംപൂജ്യമായ സ്മരണയും അര്‍ഹിക്കുന്നു. ഒറ്റദിവസം ഏഴു പുത്രന്മാര് വധിക്കപ്പെടുന്നത് കണ്ടെങ്കിലും, കര്‍ത്താവിലുള്ള പ്രത്യാശ നിമിത്തം അവള് സധൈര്യം അതു സഹിച്ചു.
പിതാക്കന്മാരുടെ ഭാഷയില്‍ അവള് അവരോരോരുത്തരെയും ധൈ ര്യപ്പെടുത്തി. ശ്രഷ്ഠമായ വിശ്വാസദാര്‍ഢ്യത്തോടെ സ്ത്രീസഹജമായ വിവേചനാശക്തിയെ പുരുഷോചിതമായ ധീരതകൊണ്ടു ബലപ്പെടുത്തി.
അവള് പറഞ്ഞു: നിങ്ങള്‍ എങ്ങനെ എന്‍െറ ഉദരത്തില്‍ രൂപംകൊണ്ടുവെന്ന് എനിക്ക് അറിവില്ല. നിങ്ങള്‍ക്കു ജീവനും ശ്വാസവും നല്കിയതും നിങ്ങളുടെ അവയവങ്ങള്‍ വാര്‍ത്തെടുത്തതും ഞാനല്ല.
മനുഷ്യനെ ഉരുവാക്കുകയും എല്ലാറ്റിന്‍െറയും ആരംഭം ഒരുക്കുകയും ചെയ്ത ലോകസ്രഷ്ടാവ്, തന്‍െറ നിയമത്തെപ്രതി നിങ്ങള്‍ നിങ്ങളെത്തന്നെ വിസ്മരിക്കുന്നതിനാല്‍ , കരുണാപൂര്‍വം നിങ്ങള്‍ക്കു ജീവനും ശ്വാസവും വീണ്ടും നല്‍കും.
അവള് തന്നെ അവഹേളിക്കുകയാണെന്ന് അവളുടെ സ്വരംകൊണ്ട് അന്തിയോക്കസിനു തോന്നി. ഏറ്റവും ഇളയ സഹോദരന് ഇനിയും ബാക്കിയുണ്ടായിരുന്നു. അവനോട് ആവശ്യപ്പെടുക മാത്രമല്ല, പിതാക്കന്മാരുടെ മാര്‍ഗത്തില്‍നിന്നു വ്യതിചലിക്കുകയാണെങ്കില്‍ അവന് ധനവും അസൂയാര്‍ഹമായ സ്ഥാനവും നല്‍കാമെന്നും തന്‍െറ സ്നേഹിതനായി സ്വീകരിച്ച് ഭരണകാര്യങ്ങളില്‍ അധികാരം ഏല്പിക്കാമെന്നും അന്തിയോക്കസ് അവനു ശപഥപൂര്‍വം വാക്കുകൊടുക്കുകയും ചെയ്തു.
ആയുവാവ് സമ്മതിച്ചില്ല. അവന്‍െറ അമ്മയെ അടുക്കല്‍ വിളിച്ചു, തന്നെത്തന്നെ രക്ഷിക്കാന്‍ കുമാരനെ ഉപദേശിക്കണമെന്നു രാജാവ് നിര്‍ബന്ധിച്ചു.
നിര്‍ബന്ധം കൂടിയപ്പോള്‍ അവള് പുത്രനെ പ്രരിപ്പിക്കാമെന്നേറ്റു.
പുത്രന്‍െറ മേല്‍ ചാഞ്ഞ് അവള് ക്രൂരനായ ആ സ്വേച്ഛാധിപതിയെ നിന്ദിച്ചുകൊണ്ടു മാതൃഭാഷയില്‍ പറഞ്ഞു: മകനേ, എന്നോടു ദയ കാണിക്കുക. ഒന്‍പതുമാസം ഞാന്‍ നിന്നെ ഗര്‍ഭത്തില്‍ വഹിച്ചു. മൂന്നുകൊല്ലം മുലയൂട്ടി, നിന്നെ ഇന്നുവരെ പോറ്റിവളര്‍ത്തി.
മകനേ, ഞാന്‍ യാചിക്കുന്നു, ആകാശത്തെയും ഭൂമിയെയും നോക്കുക. അവയിലുള്ള ഓരോന്നും കാണുക. ഉണ്ടായിരുന്നവയില് നിന്നല്ല ദൈവം അവയെ സൃഷ്ടിച്ചതെന്നു മനസ്സിലാക്കുക. മനുഷ്യരും അതുപോലെയാണ് സൃഷ്ടിക്കപ്പെട്ടത്.
ഈ കശാപ്പുകാരനെ ഭയപ്പെടേണ്ടാ. സഹോദരന്മാര്ക്കു യോജിച്ചവനാണു നീയെന്നു തെളിയിക്കുക; മരണം വരിക്കുക. ദൈവകൃപയാല്‍ നിന്‍െറ സഹോദരന്മാരോടൊത്ത് എനിക്കു നിന്നെ വീണ്ടും ലഭിക്കാനിടയാകട്ടെ!
അവള് സംസാരിച്ചു തീര്‍ന്നയുടനെയുവാവു ചോദിച്ചു: നിങ്ങള്‍ എന്തിനാണ് വൈ കുന്നത്. രാജകല്പന ഞാന്‍ അനുസരിക്കുകയില്ല, മോശവഴി ഞങ്ങളുടെ പിതാക്കന്മാര്ക്കു ലഭി ച്ചനിയമം ഞാന്‍ അനുസരിക്കുന്നു.
ഹെബ്രായജനത്തിനെതിരേ സകല ദുഷ്ടതകളും പ്രവര്‍ത്തിക്കുന്ന നീ ദൈവകരങ്ങളില്‍നിന്നു രക്ഷപ്പെടുകയില്ല.
ഞങ്ങള്‍ പീഡനമേല്‍ക്കുന്നത് ഞങ്ങളുടെ പാപത്തിന്‍െറ ഫലമായിട്ടാണ്.
ജീവിക്കുന്നവനായ കര്‍ത്താവ്, ഞങ്ങളെ ശാസിച്ചു നേര്‍വഴിക്കു തിരിക്കാന്‍ അല്പനേരത്തേക്കു ഞങ്ങളോടു കോപിക്കുന്നെങ്കിലും അവിടുന്ന് തന്‍െറ ദാസരോടു വീണ്ടും രഞ്ജിപ്പിലാകും.
പാപിയായ നീചാ, അങ്ങേയറ്റം നികൃഷ്ടനായ മനുഷ്യാ, ദൈവമക്കളുടെനേരേ കരമുയര്‍ത്തുന്ന നീ, വ്യാജപ്രതീക്ഷകള്‍ പുലര്‍ത്തി വ്യര്‍ഥമായി ഞെളിയേണ്ടാ.
സര്‍വശക്ത നും സര്‍വദര്‍ശിയുമായ ദൈവത്തിന്‍െറ ശിക്ഷാവിധിയില്‍നിന്നു നീ ഇനിയും രക്ഷപെട്ടിട്ടില്ല.
എന്നാല്‍, ദൈവത്തിന്‍െറ ഉട മ്പടി അനുസരിച്ച് ഞങ്ങളുടെ സഹോദരന്മാര് ഹ്രസ്വകാലപീഡനങ്ങള്‍ക്കുശേഷം അനുസ്യൂതം പ്രവഹിക്കുന്ന ജീവന് പാനംചെയ്തിരിക്കുന്നു. നിനക്കു ദൈവത്തിന്‍െറ ന്യായവിധിയില്‍ നിന്‍െറ ഗര്‍വിനനുസരിച്ച് ശിക്ഷ ലഭിക്കും.
ഞങ്ങളുടെ ജനത്തോടു കരുണ കാണിക്കണമെന്നും
ദുരിതങ്ങളും മഹാമാരികളും വഴി വേഗം നിങ്ങളെക്കൊണ്ട് അവിടുന്ന് മാത്രമാണ് ദൈവമെന്ന് ഏറ്റുപറയിക്കണമെന്നും, ഞങ്ങളുടെ ജനത്തിന്‍െറ മേല്‍ നീതിയായിത്തന്നെ നിപതിച്ചിരിക്കുന്ന ദൈവകോപം ഞാനും എന്‍െറ സഹോദരന്മാരുംവഴി അവസാനിപ്പിക്കാനിടയാക്കണമെന്നും ദൈവത്തോടുയാചിച്ചുകൊണ്ട് എന്‍െറ സഹോദരന്മാരെപ്പോലെ ഞാനും ശരീരവും ജീവനും പിതാക്കന്മാരുടെ നിയമങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കുന്നു.
അവന്‍െറ നിന്ദയാല്‍ കോപാവേശംപൂണ്ട രാജാവ് മറ്റുള്ളവരോടെന്നതിനേക്കാള്‍ ക്രൂരമായി അവനോടു വര്‍ത്തിച്ചു.
അവന് തന്‍െറ പ്രത്യാശ മുഴുവന്‍ കര്‍ത്താവില്‍ അര്‍പ്പിച്ചുകൊണ്ട് മാലിന്യമേല്ക്കാതെ മരിച്ചു.
പുത്രന്മാര്ക്കുശേഷം അവസാനം മാതാവും മരിച്ചു.
(2 മക്കബായര്‍ 7 : 1-41)
വിശ്വാസത്തിനു സാക്ഷ്യം വഹിക്കാന്‍ ഇവരുടെ ഓര്‍മ്മ നമ്മെ സഹായിക്കട്ടെ