ഈശോയിൽ വാഗ്ദാനം പ്രിയപെട്ടവരെ.
നീ പോയി കഴുകുക അവൻ പോയി കഴുകി, കാഴ്ച ലഭിച്ചു....
ലോകത്തിൻറെ പ്രകാശമായി ഭൂമിയിൽ വന്ന മിശിഹാ ജീവിതത്തിൽ അന്ധത ബാധിച്ച ഒരു മനുഷ്യനെ പ്രകാശത്തിലേക്ക്കൊണ്ടുവരുന്നതാണ് ഇന്നത്തെ വിശുദ്ധ ഗ്രന്ഥപ്രമേയം.
യോഹന്നാൻ്റെ സുവിശേഷത്തിലെ ഒമ്പതാം അദ്ധ്യായത്തില്‍ നാം ഒരു അന്ധനായ മനുഷ്യനെ കണ്ടുമുട്ടുന്നുണ്ട്. അവനെപ്പറ്റി സുവിശേഷകൻ നൽകുന്ന വിശേഷണം ഇപ്രകാരമാണ്.. ജന്മനാ അന്ധനായവൻ എന്നാൽ അവൻ്റെ ജീവിതത്തിലേക്ക് ഈശോ കടന്നു വരുമ്പോൾ അവിടെ നാടകീയമായ ഒരു മാറ്റമാണ് സംഭവിക്കുന്നത്. അന്ധനായവനു
കാഴ്ച ലഭിക്കുന്നത് മാത്രമല്ല മറിച്ച് അവന് ഒരു ക്രിസ്താനുഭവം ഉണ്ടാകുന്നു. ഇന്നത്തെ ഈ വചനഭാഗം നമ്മെ മൂന്ന് കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നു കാണുക, അനുസരിക്കുക, പ്രവർത്തിക്കുക.
ഇന്നത്തെ സുവിശേഷം തുടങ്ങുന്നത് ഇപ്രകാരമാണ് അവൻ കടന്നു പോകുമ്പോൾ ജന്മനാ അന്ധനായ ഒരുവനെ കണ്ടു ഇവിടെ അന്ധനായ വൻ ഈശോയെ കാണുകയല്ല ഈശോ അവനെ കാണുകയാണ് ചെയ്യുന്നത്. അതായത് തുടക്കം യേശുവാണ്.
ഈ സംഭവം നമ്മെ എല്ലാവർക്കും
ജീവിതത്തിൽ പുതിയൊരു അർത്ഥവും മാനവും തരുകയാണ് ചെയ്യുന്നത്.
ചുരുക്കത്തിൽ പഴമക്കാർ പറയുന്നതുപോലെ മുകളിൽ ഉള്ളവൻ എല്ലാം കാണുന്നുണ്ട്. അതേപോലെതന്നെ ചുറ്റുമുള്ളവരെ കാണാൻ കൂടിയുള്ള ഒരു ക്ഷണം കൂടി ആണ് നടത്തുന്നത്. ഇന്നത്തെ കാലത്ത് ആരാണ് തന്റെ അയൽവക്കത്ത് താമസിക്കുന്നത് എന്നുപോലും അറിയാൻ സാധിക്കാത്ത തരത്തിൽ
കാഴ്ച നഷ്ടപ്പെട്ടവരായി മാറിയിരിക്കുകയാണ് നമ്മൾ. പ്രിയപ്പെട്ടവരെ ക്രിസ്തു ശിഷ്യരായ നമ്മൾ അവനെപ്പോലെ ചുറ്റുമുള്ളവരെ കാണാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണം
തുടർന്നുള്ള വചനഭാഗത്തിൽ നമ്മൾ കാണുന്നത് ശിഷ്യന്മാരുടെ ഒരു ചോദ്യമാണ് അത് ഇപ്രകാരമാണ് ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്?
ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടെയോ ഈ ചോദ്യം അക്കാലത്തെ സമൂഹത്തിന്റെ ചിന്താഗതികളാണ് വെളിവാക്കുന്നത്. കാരണം രോഗങ്ങളും വേദനകളും പാപത്തിന്റെ ഫലം ആണ് എന്ന് അവർ വിശ്വസിച്ചിരുന്നു എന്നാൽ അതിന് പുതിയൊരു മാനം നൽകുകയാണ് ഈശോ. അതിന്റെ കാരണങ്ങളല്ല ഈശോ ശിഷ്യന്മാർക്ക് പറഞ്ഞു കൊടുക്കുന്നതു മറിച്ച് ദൈവത്തിന്റെ പ്രവൃത്തികൾ ഇവനിൽ പ്രകടമാക്കേണ്ടത് ആണ് എന്നാണ്. അവൻ്റെ അന്ധതയെ ദൈവത്തിന്റെ പ്രവർത്തി പ്രകടമാക്കേണ്ട ഒരു സാഹചര്യം ആയിക്കാണാനാണ്. നമ്മുടെ ജീവിതത്തിലും സഹനങ്ങൾ വരുമ്പോൾ അത് ദൈവത്തിന് ഇടപെടാനുള്ള സാഹചര്യം ആയി നമ്മൾ കാണാൻ പഠിക്കണം.
വിശ്വാസ ജീവിതത്തിന്റെ ആദ്യപടി അനുസരണമാണ്. തന്റെ കണ്ണില്‍ പുരട്ടിയത് ദൈവം ആണെന്നോ ശീലോഹ കുളത്തിൽ കഴുകിയാൽ കാഴ്ച കിട്ടുമെന്നോ അവന് അറിയില്ലായിരുന്നു എങ്കിലും യേശുവിൻറെ വാക്കുകളെ അനുസരിക്കാൻ അവൻ കാണിച്ച മനസ്സാണ് കാഴ്ച തിരികെ ലഭിക്കുന്നതിലേക്കു നയിക്കുന്നത്.
പ്രിയപ്പെട്ടവരെ അനുസരണം അനുഗ്രഹങ്ങളെ ക്ഷണിച്ചുവരുത്തുന്നു മറ്റൊരു തരത്തിൽ പറഞ്ഞാൽ അനുസരിക്കുന്നവൻ അനുഗ്രഹം കണ്ടെത്തുന്നു. കാനായിലെ കല്യാണവിരുന്നിൽ വച്ചു കൽഭരണികളിൽ വെള്ളം നിറച്ച് വച്ചിട്ട് ആണ് വിളമ്പാന്‍ പറയുന്നത്. അനുസരിച്ചപ്പോൾ അത് വീഞ്ഞ് ആയി മാറി. 5 അപ്പം കയ്യില്‍ പിടിച്ചിട്ട് ആണ് അയ്യായിരം പേര്‍ക്ക് അത് വർദ്ധിപ്പിച്ച് കൊടുത്തത്. ഏഴാം പ്രാവശ്യം മുങ്ങി പൊങ്ങിയപ്പോഴാണ് നാമാൻ സുഖ൦ പ്രാപിച്ചു. നമ്മുടെ യുക്തി ചിന്തകളും പഠനവുമെല്ലാം മാറ്റിവെച്ച് എളിമയോടെ ദൈവ വചനത്തെ സ്വീകരിക്കാൻ ഇന്നത്തെ സുവിശേഷം ആഹ്വാനം ചെയ്യുന്നു
മൂന്നാമത്തെ ചിന്ത പ്രവർത്തിക്കുക എന്നതാണ് ദൈവം തന്നെ പ്രവർത്തികളിൽ പങ്കുചേരാൻ നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു എന്നുള്ള യാഥാർത്ഥ്യം നമ്മൾ ഓർക്കേണ്ടതുണ്ട്. ഒറ്റ വാക്കാൽ കൽഭരണികൾ നിറയ്ക്കാനു൦ പുതുവീഞ്ഞു നൽകാനു൦ കഴിവുള്ള ദൈവം മനുഷ്യനെ അതിൽ സഹകരിപ്പിക്കുന്നതു നമ്മൾ കാണുന്നു ഒറ്റ വാക്കാൽ നാമാനെ സുഖം സുഖപ്പെടുത്താൻ കഴിയും എന്നിട്ടും അവൻ്റെ സഹകരണത്തെ ദൈവം ആവശ്യപ്പെടുന്നു. യാക്കോബ് ശ്ലീഹായുടെ ആഹ്വാനം ശ്രദ്ധേയമാണ് പ്രവർത്തി കൂടാതെയുള്ള വിശ്വാസം നിർജ്ജീവനാണ്. പ്രവർത്തിക്കുന്ന വിശ്വാസത്തിനാണ് ഫലം ഉണ്ടാകുന്നത് എന്ന് അന്ധനായ മനുഷ്യന് നമുക്ക് കാണിച്ചു തരുന്നു. വിശ്വാസത്തിന്റെ പിന്‍ബലം ഉള്ളത് കൊണ്ടാണ് അവന് അനുസരിക്കുന്നത്.
ഇന്നത്തെ സുവിശേഷ ത്തിലൂടെ കർത്താവു ഒരു സാഹസത്തിന് ക്ഷണിക്കുകയാണ്.. നമ്മൾ അതിനു തയ്യാറാണോ...? മൂന്ന് കാര്യങ്ങൾ ചെയ്യണം കാണുക അനുസരിക്കുക പ്രവര്‍ത്തിക്കുക..കാത്തിരിക്കുന്നത് അനുഗ്രഹവും അനുഗ്രഹദായകനായ ദൈവവുമാണ്.
ദൈവ൦ അനുഗ്രഹിക്കട്ടെ
Dn Pious Areekkatt
Archeparchy of Tellicherry