🎙️*ധ്യാന വിചിന്തനം*🎙️
📜മത്തായി 23:34-39📜
യേശു യഹൂദ നേതൃത്വവുമായി നടത്തുന്ന വാദപ്രദിവാദങ്ങളാണ് മത്തായിയുടെ സുവിശേഷം 23 അദ്ധ്യായത്തിൽ നാം കാണുന്നത്. ഫരിസേയരും നിയമജ്ഞരും രക്ഷകനായി അവതരിച്ച യേശുവിനെയും അവിടുന്നു പ്രഘോഷിച്ച ദൈവരാജ്യത്തെയും തിരസ്കരിച്ചു.
വാക്കുകളും പ്രവർത്തികളും തമ്മിൽ പൊരുത്തപ്പെടാത്തതും ആന്തരികതയ്ക്ക് പ്രാധാന്യം കൊടുക്കാതെയുള്ള ആചാരാനുഷ്ടാങ്ങളുമാണ് യേശുവും യഹൂദനേതൃത്വവും തമ്മിലുള്ള തർക്കത്തിന് കാരണമാകുന്നത്.
അവസാനമായി അവരുടെ വിശുദ്ധ നഗരത്തിനെതിരായി അവിടുന്നു ഒരു പ്രവചനവും, ശിക്ഷാവിധിയും നടത്തുകയായിരുന്നു. ഇസ്രായേലിനു ദൈവം നൽകിപോന്നിരുന്ന പരിപാലന ചിറകുകളുടെ സാദൃശ്യത്തിൽ അവതരിപ്പിക്കുന്ന രീതി പഴയനിയമത്തിൽ പരിചയമുള്ളതാണ്. ഏശ 31:5, മത്താ 23:38 നോട്
വളരെയേറെ സാദൃശ്യമുള്ളതാണ്. പക്ഷി ചിറകിൻ കീഴിൽ എന്നപോലെ സൈന്യങ്ങളുടെ കർത്താവ് ജറുസലെമിനെ സംരക്ഷിക്കുന്നു. അല്പം വ്യത്യസ്തമായ രീതിയിൽ ഇതേ ആശയം തന്നെ പുറപ്പാടുപുസ്തകത്തിൽ കാണാം. "കഴുകന്മാരുടെ ചിറകുകളിൽ സംവഹിച്ച് ഞാൻ നിങ്ങളെ എങ്ങനെ എന്റെ അടുക്കലേക്കു കൊണ്ടുവന്നു എന്നു നിങ്ങൾ കണ്ടു കഴിഞ്ഞു" (പുറ 19:4)
ദൈവം ഔദാര്യപൂർവ്വം നൽകുന്ന ഈ ദാനം പോലും ഇസ്രായേൽ തിരസ്കരിച്ചു. അവർക്ക് ദൈവജനത്തിന്റെതായ പരിഗണനയ്ക്ക് ഇനി അർഹതയൊന്നുമില്ല. ഇതാ നിങ്ങളുടെ ഭവനം പരിത്യക്തവും ശൂന്യവുമായിരിക്കുന്നു (23:38). യേശു ജറുസലേമിലേക്കു രാജകീയമായി പ്രവേശിച്ചപ്പോൾ അവിടുത്തെ മുമ്പിലും പിമ്പിലും പോയിരുന്നവർ ആർത്തുവിളിച്ചപ്പോൾ അതിൽ കർത്താവിൻറെ നാമത്തിൽ വരുന്നവൻ എന്ന വാക്കുകൾ പ്രത്യേകം ശ്രദ്ധേയമാണ്. 23:37-39 ൽ യേശു ജറുസലെമിനെതിരെ വിധി പ്രസ്താവിച്ചപ്പോഴും പ്രത്യാശയോടെ വാക്കുകൾ പറഞ്ഞു കൊണ്ടാണ് അവസാനിപ്പിക്കുക. കർത്താവിൻറെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ എന്നു നിങ്ങൾ പറയുന്നതുവരെ
ഇനി നിങ്ങൾ എന്നെ കാണുകയില്ല (23:39). അങ്ങനെ പറഞ്ഞാൽ അവർ വീണ്ടും അവിടുത്തെ കാണാനുള്ള സാധ്യത തള്ളിക്കളയുന്നില്ല എന്നാണല്ലോ അതിൻറെ സൂചന. എന്താണ് ഇതിൻറെ അർത്ഥം? ഇസ്രായേൽ (ജറുസലെം) വീണ്ടും വീണ്ടും ദൈവം അയച്ച പ്രവാചകന്മാരെ തിരസ്കരിച്ചു. സുവിശേഷം എഴുതുമ്പോൾ ക്രൈസ്തവ മിഷണറിമാരെയും അവർ തിരസ്കരിച്ചു. സ്തേഫാനോസിനെ കല്ലെറിഞ്ഞു കൊന്ന കാര്യവും സുവിശേഷകൻ അറിഞ്ഞിരിക്കണം. (അപ്പ 7:54-8:1). ദൈവത്തിൻറെ സംരക്ഷണം പിടകോഴി ക്കുഞ്ഞുങ്ങളെ കാത്തു സൂക്ഷിക്കുന്നതുപോലെ അവരെ സംരക്ഷിച്ചു പോന്നു. പ്രത്യേകിച്ച് ജറുസലെമിനെ നാശത്തിൽ നിന്ന് രക്ഷിക്കാൻ അവിടുന്ന് അവസാനം വരെ ശ്രമിച്ചു എന്നാൽ ഇപ്പോൾ ഇസ്രായേലിലെന്നപോലെ യൂദയായെയും അതിന്റെ കേന്ദ്രബിന്ദുവായ ദേവാലയത്തെയും അവിടുന്നു തിരസ്കരിച്ചിരിക്കുന്നു. എന്നാൽ വ്യക്തികൾക്ക് മാനസാന്തരത്തിനും തിരിച്ചു വരവിനുമുള്ള തിരിച്ചുവരവിനുള്ള അവസരങ്ങൾ ഇനിയുമുണ്ട്. കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതർ എന്നു പറഞ്ഞാൽ അതായത് രക്ഷകനിൽ വിശ്വസിക്കുകയും അവിടുത്തെ അംഗീകരിക്കുകയും ചെയ്താൽ ഇനിയും അവർക്കു രക്ഷപ്പെടാം.
സ്നാപകയോഹന്നാൻ നൽകിയപോലെ മാനസാന്തരതിനുള്ള മുന്നറിയിപ്പും ക്ഷണവുമാണ് 23:33 ൽ നാം കാണുക. ജെറമിയ പ്രവാചകൻ ദേവാലയത്തിലേക്ക് പോകുന്ന ജറുസലേം നിവാസികളെ ശാസിക്കുന്ന ശൈലിയോടു സമാനമായ ഭാഷയിൽ സംസാരിക്കുമ്പോൾ ഇവിടെ പഴയനിയമത്തിലെ പ്രവാചകൻമാരെയല്ല, ക്രൈസ്തവ മിഷണറിമാരെയാണ് വിവക്ഷിക്കുന്നതെന്ന് സ്ഷ്ടം: അതുകൊണ്ടാണ് ഇതാ പ്രവാചകന്മാരെയും, ജ്ഞാനികളെയും, നിയമജ്ഞരെയും ഞാൻ നിങ്ങളുടെ അടുക്കലേക്ക് അയക്കുന്നു എന്ന് യേശു പറയുന്നത് (23:34) ക്രൈസ്തവ മിഷണറിമാരുടെ ഇടയിലും നിയമജ്ഞരും പ്രവചകന്മാരുമുണ്ടായിരുന്നു. പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവൻ എന്നുള്ള പ്രയോഗങ്ങൾ ഇതിനു തെളിവാണ്.
ക്രിസ്തു ശിഷ്യന്മാർ ഭയം കൂടാതെ പ്രവാചക ദൗത്യം നിർവഹിക്കുന്നതിനുള്ള ആഹ്വാനമാണ് ഇവിടെ നൽകുന്നത്. പഴയനിയമത്തിൽ ദൈവം പ്രവാചകന്മാരെ അയച്ചത് പോലെ യേശു തൻറെ ശിഷ്യന്മാരെ അയക്കുന്നു അവരുടെയും സ്ഥിതി പഴയനിയമത്തിലെ പ്രവാചകന്മാരിൽ നിന്നും വ്യത്യസ്തമായിരിക്കുകയില്ല.
പഴയ നിയമത്തിന്റെ തുടർച്ചയായതുകൊണ്ടാണ് ആബേലിന്റെ രക്തം മുതൽ ഭൂമിയിൽ ചൊരിയപ്പെട്ട എല്ലാ നീതിമാന്മാരുടെയും രക്തത്തിന് അവർ ഉത്തരവാദികളാകുന്നത്. പഴയനിയമത്തിൽ ആദ്യം വധിക്കപ്പെടുന്ന നിരപരാധിയായി ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് ആബേലാണ്. ബറാക്കിയായുടെ പുത്രനായ സഖറിയാ ആരാണ് എന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. 2 ദിന 24:20-22 ൽ പ്രതിപാദിക്കുന്ന സഖ റി യായാണെങ്കിൽ പഴയനിയമത്തിന്റെ അവസാന ഘട്ടത്തിലെ സംഭവമാണ്. ഈ സഖറിയായുടെ പിതാവ് ബറാക്കിയായല്ല, ജോയിയാദായാണ്. ഈ സഖറിയായാണ് വധിക്കപ്പെട്ടത്. എങ്ങനെയാണ് ഈ പേര് വന്നതെന്ന് കൃത്യമായി പറയാൻ കഴിഞ്ഞിട്ടില്ല. ഏതായാലും ഇവിടെ ഉദ്ദേശിചിട്ടുള്ളത് രക്ഷകരചരിത്രത്തിന്റെ ആരംഭം മുതൽ പുതിയ നിയമത്തിന്റെ ആരംഭത്തിനു മുമ്പുള്ള സമയം വരെയാണ്. ഇതുമായി ബന്ധപ്പെട്ട് ഈ തലമുറക്ക് എന്താണ് സംഭവിക്കുക എന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കിലും ജറുസലേമിന്റെ നാശത്തിലേക്കാണ് യേശു വിരൽ ചൂണ്ടുക. ഭാവിയിൽ ക്രൈസ്തവ സമൂഹം ഇത്തരമൊരു ദുരന്തത്തിലേക്കുള്ള പാതയിൽ ചരിക്കാതിരിക്കണമെന്നുള്ള ഒരു ആഹ്വാനവും ഇതിൽ അടങ്ങിയിട്ടുണ്ട്.
◆ ഭയം കൂടാതെ ദൈവരാജ്യത്തിനുവേണ്ടി അദ്ധ്വാനിക്കാൻ വിളിക്കപ്പെട്ട നമ്മിൽ നിയമജ്ഞരിലും ഫരിസേയരിലും കണ്ട കാപട്യം ഉണ്ടോ? സ്വാർഥ ലക്ഷ്യങ്ങൾക്ക് പിന്നാലെ പോയി നമ്മുടെ പ്രവാചക ദൗത്യം നഷ്ടപ്പെട്ടോ?
◆ "ജറുസലെം ജറുസലെം" എന്ന ആവർത്തിച്ചുള്ള വിളി ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ഹൃദയകാഠിന്യമോർത്തുള്ള യേശുവിന്റെ വേദനയുടെ വാക്കുകളാണ്. നമ്മെ ഓർത്ത് യേശു വേദനിക്കാൻ ഇടവന്നിട്ടുണ്ടോ?
◆ അനുതപിക്കാൻ അവസരം നിഷേധിച്ച് അവിടുന്ന് നമ്മെ മാറ്റി നിർത്തിയിട്ട് ഇല്ല. മാനസാന്തരത്തിന്റെ ഇടുങ്ങിയ വാതിൽ നമുക്ക് ഏറ്റവും ദുഷ്കരമായി എന്നാൽ നമ്മെ കടത്തിവിടാൻ ദൈവത്തിനു സാധ്യമാണ്.
പ്രിയപ്പെട്ട സഹോദരൻമാരെ തിരുവചനത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് നമുക്ക് നമ്മുടെ ജീവിതം പരിവർത്ഥനപ്പെടുത്താം.
✝️🙏
Bro Brijin Poothermannil
Eparchy of Thamarssery