ഈശോ മിശിഹായിൽ സ്നേഹം നിറഞ്ഞവരെ വിശുദ്ധ മർക്കോസ് അറിയിച്ച സുവിശേഷം 4 അധ്യായം 21 മുതൽ 25 വരെയുള്ള വാക്യങ്ങളാണ് നാളത്തെ നമ്മുടെ ധ്യാന വിചിന്തന ഭാഗം. വിളക്ക് ദൈവരാജ്യത്തെ കുറിച്ച് യേശു നൽകിയ വെളിപാടിന്റെ പ്രതീകമാണ്. പ്രസ്തുത വെളിപാട് ഈശോ ശിക്ഷ്യന്മാർക്കാണ് നൽകിയത്. ദൈവീക രാജ്യത്തെക്കുറിച്ച് തങ്ങൾക്കു ലഭിച്ച വെളിപാട് അവർ മറ്റുള്ളവരുമായി പങ്കു വയ്ക്കണം എന്നതാണ് ദൈവഹിതം. ``` . ചിലർ വചനം സ്വീകരിക്കാത്തതിനെയും മറ്റു ചിലർ തങ്ങൾ സ്വീകരിച്ച വചനം നഷ്ടപ്പെടുത്തുന്നതിന്റെ വിതക്കാരൻ ഉപമ. പിന്നാലെ വിത്തിന്റെ ഉപമ പറഞ്ഞതിന്റെയർത്ഥം പ്രഘോഷണം തുടരണമെന്നാണ്. വിളക്ക് യേശുവിന്റേയും പ്രതീകമാണ്(jn8:12). മറഞ്ഞിരിക്കാൻ വേണ്ടിയല്ല ഈശോ വന്നിരിക്കുന്നതെന്നും ഈശോയെ ചുറ്റിപ്പറ്റിയുള്ള രഹസ്യാത്മകതയെല്ലാം മാറി അത് പരസ്യമാകും എന്നുമാണ് ഇവിടെ മർക്കോസ് സൂചിപ്പിക്കുന്നത്. യേശുവാകുന്ന പ്രകാശത്തെ ശിഷ്യർ ലോകത്തിന് നൽകണം. ``` . വിലപിടിച്ച ആഭരണങ്ങളും മറ്റും നാം രഹസ്യമായി സൂക്ഷിച്ചുവയ്ക്കാറുണ്ട്. പക്ഷേ ആഘോഷാവസരങ്ങളിൽ നാം അത് ധരിക്കും. എന്നേക്കും ഉപയോഗിക്കാതെ രഹസ്യമായി ഇതുപോലെതന്നെ സൂക്ഷിക്കപ്പെടുന്നത് നഷ്ടപ്പെടുന്നതിന് തന്നെ തുല്യമാണ്. ദൈവരാജ്യത്തിന്റെ രഹസ്യങ്ങളും ഇതുപോലെതന്നെ. തൽക്കാലത്തേക്ക് അത് മറ്റുള്ളവരിൽ നിന്നും മറഞ്ഞിരുന്നാലും ശിഷ്യരുടെ പ്രഘോഷണത്തിലൂടെ അതു മഹത്വപൂർണമായി വെളിപ്പെടുത്തുക തന്നെ ചെയ്യും. ``` . ഈശോ പറയുന്ന കാര്യങ്ങൾ എത്രമാത്രം ശ്രദ്ധയോടെ, തുറവി ഓടെ തീഷ്ണതയോടെ, വിശ്വാസത്തോടെ നമ്മൾ കേൾക്കുന്നുവോ അത്രമാത്രം നമുക്ക് അതിൽ നിന്ന് പ്രയോജനം ലഭിക്കും. യേശുവിന്റെ വചനത്തോട് ഭാവാത്മകമായി പ്രതികരിച്ച വചനം സ്വായത്തമാക്കാൻ ശ്രമിക്കുന്നവർക്ക് യേശുവിനെക്കുറിച്ചുള്ള ജ്ഞാനം സമൃദ്ധമായി നൽകപ്പെടും. ``` . സാമ്പത്തികമേഖലയിൽ പണക്കാർ തങ്ങളുടെ ധനം മെച്ചപ്പെട്ട രീതിയിൽ ഉപയോഗിച്ച് കൂടുതൽ ധനികരായകുന്നതും ദരിദ്രർ കൂടുതൽ ഞെരുക്കത്തിലുടെ കടന്നു പോകുന്നതുമാണല്ലോ സാധാരണ നാം കാണുന്നത്. ആത്മീയകാര്യത്തിലും ഇത് ഏറെക്കുറെ ശരിയാണ് ദൈവിക വെളിപാട് സ്വീകരിക്കാൻ ആഗ്രഹവും തുറവിയും സന്മനസ്സുമുള്ളവന് വചനത്തെയും അതിന്റെ ആന്തരികാർത്ഥത്തെയും കുറിച്ച് കൂടുതൽ വെളിപാടുകൾ ലഭിക്കും. എന്നാൽ വചനത്തെ നിസ്സംഗമായി വീക്ഷിക്കുന്നവർക്ക് നേരത്തെ ഉണ്ടായിരുന്ന വെളിപാട് പോലും നഷ്ടപ്പെട്ടു പോകുന്നു. ``` . **നാം കുടുംബത്തിലും സമൂഹത്തിലും അപരർക്ക് വെളിച്ചമായി തീരുന്നുണ്ടോ? **നമ്മുടെ നന്മകൾ അന്ധകാര ശക്തികൾ എത്രമാത്രം മൂടിവെച്ചാലും മറനീക്കി പുറത്തുവരും. നമ്മുടെ ജീവിതമാകുന്ന വിളക്കുകൾ സഭയാകുന്ന തിരിക്കാലിൽ വെച്ച് അനേകർക്ക് പ്രകാശമാകുന്നതിന് നാം തയ്യാറാണോ? **വിളക്കുകളായി പ്രകാശിച്ചാൽ മാത്രം പോരാ, സഹോദരങ്ങളെ വിധിക്കുന്ന രീതി നാം ഒഴിവാക്കുന്നുണ്ടോ?. ``` . ദീപത്തെപ്പോലെ പ്രകാശം ചൊരിഞ്ഞ് അപരർക്ക് വേണ്ടി പങ്കുവയ്ക്കുന്നവർക്ക് ദൈവാനുഗ്രഹം സമൃദ്ധമായി അനുഭവിക്കും എന്ന് ഈ വചനങ്ങൾ വ്യക്തമാക്കുന്നു. ഈ മഹനീയ മാതൃക നമുക്കും പിന്തുടരാം അതിനായി ദൈവത്തോട് നമുക്ക് പ്രാർത്ഥിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ആമേൻ.🙏🏻
Bro Jacob Nayathuparambil
Good Shepherd Major Seminary
Kunnoth
Tags:
വചന വിചിന്തനം