🔆🔆🔆 ✝️ 🔆🔆🔆
🔥🔥 ധ്യാന വിചിന്തനം🔥🔥
📖 മത്തായി: 12 : 33 - 37
പരിശുദ്ധാത്മാ വിനെതിരായ ദൂഷണം എന്ന ഭാഗത്തിന് ശേഷം വരുന്ന വചനങ്ങൾ ആണ് നമ്മുടെ ധ്യാന ചിന്ത.
നമ്മുടെ വാക്കുകളും പ്രവർത്തികളും നാം എങ്ങനെ ആയിരിക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും എന്ന് യേശു ക്രിസ്തു പഠിപ്പിക്കുക ആണിവിടെ.
33 - 37 വാക്യങ്ങളിൽ, യേശു പല അവസരങ്ങളിൽ പറഞ്ഞിട്ടുള്ള വചനങ്ങൾ ആശയ പൊരുത്തം കൊണ്ട് ഇവിടെ ഒരുമിച്ച് ചേർ ത്തിരിക്കുകയാണ്.മരവും ഫലവും തമ്മിൽ സ്വഭാവത്തിലുള്ള പൊരുത്തം പ്രകടമാണ്.അതിനാലാണ് ദുഷ്ടരായ ഫരിസീയർക്ക് നല്ലത് പറയാൻ കഴിയാത്തത്. ഹൃദയത്തില് നിറഞ്ഞു നിൽക്കുന്നത് ആണല്ലോ മനുഷ്യൻ സംസാരിക്കുക. 35 - )o വാക്യം വിജ്ഞാനത്തിന്റെ തലത്തിലുള്ള ഒരു ആപ്ത വാക്യമാണ്.ആന്തരിക മനുഷ്യന്റെ സ്വഭാവവും അവന്റെ പ്രവർത്തനങ്ങളും തമ്മിൽ വലിയ ബന്ധമുണ്ട്.36 - 37 വാക്യങ്ങൾ മനുഷ്യന്റെ സംസാരം അന്ത്യ വിധിയുമായി ബന്ധപ്പെടുത്തി ഉള്ള ഒരു പ്രവാചക ശബ്ദം ആണ്.ഒരു വ്യക്തിയുടെ തനിമ വെളിപ്പെടുത്തുന്ന വാക്കുകൾ അവന് രക്ഷയ്ക്കോ ശിക്ഷയ്ക്കോ കാരണമാവും.
ശബ്ദാനമയമായ ഒരു ലോകത്തിലാണ് നാമിന്നു ജീവിക്കുന്നത്; നിശ്ശബ്ധത എന്നത് നമുക്കിന്നു തികച്ചും അന്യമാണ്. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ചു ഒട്ടേറെപ്പേരുമായി നിരന്തരം ആശയവിനിമയം നടത്തുക എന്നതാണ് പുതിയ പ്രവണത. വാർത്തകളും മറ്റ് വിശേഷങ്ങളും മറ്റാരിലും മുൻപേ വെളിപ്പെടുത്താൻ ലോകമിന്ന് വ്യഗ്രത കൂട്ടുകയാണ്. ഇതുകൊണ്ടുതന്നെ പലപ്പോഴും കേൾക്കുന്ന വാർത്തകളുടെ യഥാർത്ഥ്യം അന്വേഷിക്കാൻ നാമാരും മിക്കവാറും മെനക്കെടാറില്ല. കേൾക്കുന്നതെന്തും, അതിന്റെ തെറ്റും ശരിയും അന്വേഷിക്കാതെ, തന്റെ കൂട്ടായ്മയിൽ എത്തിക്കുന്നതിനോടാണ് നമുക്ക് താൽപര്യം. ഇങ്ങനെയുള്ള നമ്മുടെ വാക്കുകളുടെ അനന്തരഫലം എന്തെന്ന് നാമാരെങ്കിലും ചിന്തിക്കാറുണ്ടോ?
അപകീർത്തിക്കും അപവാദത്തിനുമെതിരെ യേശു നല്കുന്ന ശക്തമായ താക്കീതാണ് ഇന്നത്തെ വചനഭാഗം. "വാക്കുകളിൽ നിയന്ത്രണം പാലിക്കുന്നവൻ തന്റെ ജീവൻ സുരക്ഷിതമാക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവൻ നാശമടയുന്നു" (സുഭാഷിതങ്ങൾ 13:3) എന്ന ദൈവോപദേശത്തിന്റെ ഗുരുതര സ്വഭാവവും, സൗമ്യശീലനായ ഈശോ അതിശയോക്തി അല്പംപോലും ഇല്ലാതെ ഇവിടെ നമ്മോടു പറയുന്നുണ്ട്. ഉയർത്തിക്കാട്ടാൻ സ്വന്തമായി കഴിവുകളൊന്നും ഇല്ലാതെ വരുംപോഴാണ് മറ്റുള്ളവരുടെ ന്യൂനതകൾ നമ്മൾ ലക്ഷ്യമിടാറ്. അധ്വാനിച്ചും ത്യാഗങ്ങൾ സഹിച്ചും സ്വന്തം പേര് ഉയർത്തുന്നതിലും എളുപ്പം മറ്റുള്ളവരുടെ കുറ്റങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന്, അവരെ തന്നെക്കാൾ താഴ്തുന്നതാണെന്ന ബോധ്യം ഉള്ളിൽ കൊണ്ടുനടക്കുന്നവരാണ് നമ്മിൽ ഒട്ടേറെപ്പേർ. ഇതുകൊണ്ടുതന്നെയാണ് സമൂഹത്തിൽ പ്രശസ്തരായവരെപറ്റി, അല്ലെങ്കിൽ നമ്മിൽ ഏതെങ്കിലും രീതിയിൽ അസൂയ ജനിപ്പിക്കുന്നവരെ കുറിച്ച് എന്തെങ്കിലും ഒരു വിലകുറഞ്ഞ വാർത്ത കേട്ടാൽ നാമത് മറ്റുള്ളവരിലേക്കെത്തിക്കാൻ തിടുക്കം കൂട്ടുന്നത്. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കും, നിയമപാലനത്തിനും അല്ലാതെ മറ്റൊരു ഉദ്ദേശ്യവും മനസ്സിൽ വച്ചുകൊണ്ട് മറ്റുള്ളവരുടെ കുറ്റങ്ങൾ വെളിപ്പെടുത്താൻ നമുക്ക് അവകാശമില്ല, ദൈവം അതനുവദിക്കുന്നില്ല.
നന്മയും തിന്മയും മനുഷ്യനിലെ സ്വഭാവമല്ല, മറിച്ചു അവ മനുഷ്യനെടുക്കുന്ന തീരുമാനങ്ങളാണെന്ന് അലക്സാണ്ട്രിയായിലെ വിശുദ്ധ സിറിൽ പറയുന്നു. ദൈവത്തിന്റെ മുന്നിൽ ദുഷ്ടനായി കുറ്റം വിധിക്കപ്പെടാൻ ആഗ്രഹിക്കാത്ത ഏതൊരാൾക്കും എളുപ്പത്തിൽ തീരുമാനമെടുക്കാൻ കഴിയുന്ന ഒരു മേഖലയാണ് തന്റെ സംസാരം. "വ്യർത്ഥഭാഷണത്തെ വെറുക്കുന്നവൻ തിന്മയിൽനിന്നു ഒഴിഞ്ഞിരിക്കും. കേൾക്കുന്നതെല്ലാം പറഞ്ഞു നടക്കരുത്; നിനക്കൊന്നും നഷ്ടപ്പെടുകയില്ല. മിത്രത്തോടായാലും ശത്രുവിനോടായാലും കേട്ടത് പറയരുത്; പാപം ആവുകയില്ലെങ്കിൽ, അത് നീ വെളിപ്പെടുത്തരുത്. കേൾക്കുന്നവന് നിന്നിൽ വിശ്വാസം നഷ്ടപ്പെടും; ക്രമേണ അവൻ നിന്നെ വെറുക്കും. കേട്ടകാര്യം നിന്നോടൊത്തു മരിക്കട്ടെ; ധൈര്യമായിരിക്കുക; നീ പൊട്ടിത്തെറിക്കുകയില്ല." (പ്രഭാഷകൻ 19: 6-10)
🌼🌼🌼🌼🌼🌼🌼🌼🌼
🙏🏻 ...എന്റെ അമ്മേ എന്റെ അശ്രയമേ..🙏🏻
Bro. Tom Jose Mamalasseril
Good Shepherd Major Seminary
Kunnoth
Sleeha Media ...and Bro. Tone Ponna till ...Allel the Best..👌
ReplyDeleteGood... Thank you
ReplyDeleteGood....Go head
ReplyDelete