16/7/2020
Meditation point..... Mt 23:13-22
നാളത്തെ നമ്മുടെ വിചിന്തനത്തിന് ആയി തിരുസഭ മാതാവ് നമുക്ക് നൽകിയിരിക്കുന്ന ധ്യാന വിഷയം വിശുദ്ധ മത്തായിയുടെ സുവിശേഷം 23 ആം അധ്യായം 13 മുതൽ 22 വരെയുള്ള വാക്യങ്ങൾ ആണ്. ഇവിടെ ഈശോ നിയമജ്ഞരുടെയും ഫരിസേയരുടെയും കാപട്യത്തെ പ്രതി അവരെ കുറ്റം വിധിക്കുകയാണ്. ഫരിസേയരും നിയമജ്ഞരും രക്ഷകനായി അവതരിച്ച ഇശോയെയും അവിടുന്ന് പ്രഘോഷിച്ച ദൈവരാജ്യത്തെയും തിരസ്കരിച്ചു. ഈശോയെ രക്ഷകനായി അംഗീകരിച്ചവരെ അവർ പുറത്താക്കി അങ്ങനെ അവർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നവരും പ്രവേശിക്കാൻ വരുന്നവരെ ദൈവരാജ്യ പ്രവേശനത്തിൽ നിന്നും തടസ്സപ്പെടുത്തുന്നവരും ആണ്.
പതിനഞ്ചാം വാക്യത്തിൽ ഇരട്ടി നരക സന്തതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, യഹൂദ മതം സ്വീകരിച്ച വിജാതിയർ പരിച്ഛേദനം സ്വീകരിച്ചവരും നിയമങ്ങൾ കൃത്യമായി പാലിക്കുന്നവരുമായിരുന്നു. പലപ്പോഴും അവരുടെ തീഷ്ണത നിയമജ്ഞരുടെയും ഫരിസേയരുടെയും തീക്ഷ്ണതയെ അതിശയിപ്പിക്കുന്നതായിരുന്നു. അവരുടെ സ്ഥിതിയെക്കുറിച്ച് ആണ് ഇരട്ടി നരക സന്തതികൾ എന്ന് അതിശയോക്തി കലർന്ന ഭാഷയിൽ വിവരിക്കുന്നത്. വിശ്വാസത്തിൽ അധികമായി നിയമാനുഷ്ഠാനങ്ങൾക്ക് ഊന്നൽ കൊടുത്തപ്പോൾ അവർ ക്രൈസ്തവരെ കൂടുതൽ വെറുക്കുന്നവരായിത്തീർന്നു. നിയമാനുഷ്ഠാനം വഴിയല്ല വിശ്വാസം വഴിയാണ് മനുഷ്യൻ നീതി കരിക്കപ്പെടുന്നതെന്ന് വിശുദ്ധ പൗലോസ് ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽ ശക്തിയായി വാദിക്കുന്നു. 16 മുതൽ 22 വരെയുള്ള വാക്യങ്ങളിൽ നേർച്ച നേരുകയും ആണയിട്ട് അതിനെ ഉറപ്പിക്കുകയും ചെയ്യുന്നതിന്റെ ഫലമായി വരുന്ന നിയമപരമായ ബാധ്യതയിൽനിന്ന് ഒഴിഞ്ഞു മാറുവാൻ നിയമത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ വിശകലനം ചെയ്തു, ഒഴിവുകഴിവുകൾ കണ്ടുപിടിക്കുന്ന യഹൂദ നേതൃത്വത്തേയാണ് അന്ധരായ മാർഗദർശികൾ എന്ന് വിശേഷിപ്പിക്കുന്നത്.
ദേവാലയത്തെയും ബലിപീഠത്തെയും കെട്ടിടവും ഭൗതിക വസ്തുക്കളും മാത്രമായി വ്യാഖ്യാനിച്ച് ബാധ്യതയിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ ഉള്ള പ്രവണതെയാണ് ഈശോ അവിടെ കുറ്റം വിധിക്കുക. നിയമം വ്യാഖ്യാനിച്ച് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് സത്യത്തിനു നേരെ അന്ധത ഭാവിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് ഈശോ അവരെ അന്ധരും മുടരുമെന്നു കുറ്റം വിധിക്കുന്നത്.
ഈശോ ഈ വചനഭാഗത്തിലൂടെ നിയമജ്ഞരുടെയും ഫരിസേയരുടെയും കാപട്യത്തെ നിഷിദ്ധമായി വിമർശിക്കുകയാണ് ചെയ്യുന്നത്. യഹൂദ ജനങ്ങൾക്ക് വഴികാട്ടിയായി നിലകൊള്ളേണ്ട നിയമജ്ഞരും ഫരിസേയരും ദൈവരാജ്യത്തിലേക്ക് ഉള്ള അവരുടെ വഴി മുടക്കുന്നവർ ആയിട്ടാണ് ഇവിടെ നിലകൊള്ളുന്നത്. ഇവിടെ നിയമജ്ഞരും ഫരിസയരും ദൈവത്തോടും ദൈവജനത്തോടുള്ള കടമ നിർവഹിക്കുന്നതിൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ദൈവത്തോടുള്ള വിശ്വാസത്തിലധിഷ്ഠിതമായ ജീവിതത്തിൽ ഉപരി നിയമാനുസൃതമായ ഒരു ജീവിതം നയിക്കാനാണ് ജനങ്ങളെ അവർ ബോധിപ്പിക്കുന്നത്. അത് ഓരോ ദൈവജനത്തെയും സർഗ്ഗരാജ്യത്തിൽ നിന്ന് മാറ്റി നിർത്തുവാൻ ഇടയായി. തങ്ങളുടെ കാപട്യം നിറഞ്ഞ ജീവിതത്തിലൂടെ ദൈവത്തെയും ദൈവജനത്തെ വഞ്ചിക്കാമെന്നു അവർ കരുതി. എന്നാൽ ഈശോ അതിനെ നിശിതമായി എതിർത്തുകൊണ്ട് അത് അവരുടെ ഉത്തരവാദിത്വത്തിൽ നിന്ന് അവർക്ക് ഒഴിഞ്ഞു മാറുവാൻ ഉള്ള ഒരു ഉപായമായി കണക്കാക്കി.
നാമെല്ലാവരും ഈശോമിശിഹായുടെ പൗരോഹിത്യത്തിലേക്ക് വിളിക്കപ്പെട്ടവരാണ്, അങ്ങനെയുള്ള നമ്മെ സംബന്ധിച്ച് ദൈവത്തോടും ദൈവജനത്തോടും വലിയ ഉത്തരവാദിത്വം നമുക്കുണ്ട്. അവരുടെ വേദനകളിലും സന്തോഷങ്ങളിലും അവരോടൊപ്പം ആയിരിക്കുവാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും നാം കടപ്പെട്ടരാണ്. പൗരോഹിത്യം എന്ന് പറയുന്നത് ജനങ്ങളോടുള്ള കൂട്ടം ചേരലാണ്, അതായത് അവരുടെ പക്ഷം പിടിച്ചുകൊണ്ട് ദൈവത്തിലേക്ക് അവരെ അടുപ്പിക്കുക എന്നുള്ളത്. ആയതിനാൽ നമുക്ക് ദൈവസന്നിധിയിൽ എളിമ ഉള്ളവരായി നമ്മെ തന്നെ അവിടുത്തേക്കു സമർപ്പിക്കാം.
നാളെ നമ്മൾ കർമ്മല മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്ന ഈ സമയത്ത് അമ്മയുടെ പ്രത്യേകം മാധ്യസ്ഥ്യം തേടാം. ദൈവസന്നിധിയിൽ പൂർണ്ണ വിനയത്തോടെ തന്നെ സമർപ്പിച്ചു അനേകരെ ദൈവരാജ്യത്തിലേക്ക് നയിച്ച മറിയത്തിന്റെ മാതൃകയിൽ നമുക്കും അവിടുത്തെ മുമ്പിൽ എളിയവരായി വർത്തിക്കാം. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ, ആമേൻ.
Bro justine Varavukalayil
Archeparchy of Changanacherry
Holy Mary Pray for us..
ReplyDeleteGood thoughts for good day