മിശിഹായിൽ പ്രിയപ്പെട്ടവരേ,
സഭാമാതാവ് വി. കുര്യക്കോസിന്റെ തിരുനാൾ ആഘോഷിക്കുകയാണ്. എല്ലാവർക്കും തിരുനാൾ മംഗളങ്ങൾ ഒത്തിരി സ്നേഹത്തോടെ നേരുകയും, കുരിയാക്കോസ് നാമധാരികളായ എല്ലാവർക്കും പ്രാർത്ഥനാപൂർവ്വം ദൈവ തിരുമുൻപിൽ ഓർക്കുകയും ചെയ്യുന്നു. .
ഇന്ന് നാം വിചിന്തനം ചെയ്യുന്ന സുവിശേഷ ഭാഗം വി. ലൂക്കാ 16:9-17 വരെയാണ്. അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമയാണ് യേശു ഇവിടെ പറയുന്നത്.പതിനാറാം അദ്ധ്യായം ഒന്നുമുതൽ എട്ടുവരെയുള്ള വാക്യങ്ങളിൽ കഥയും ഒമ്പതുമുതൽ പതിമൂന്നുവരെയുള്ള വാക്യങ്ങളിൽ പല ഗുണപാഠങ്ങളുമാണ് നാം കാണുന്നത്. ഉപമയുടെ ആദിരൂപം എന്തുതന്നെയായാലും, ലൂക്കയുടെ രചനയിൽ 16:1-13ഒരു ഏകകമാണ്. ഉപമക്ക് അനുഗുണങ്ങളായ ഗുണപാഠങ്ങളെല്ലാം ലൂക്കയുടെ സുവിശേഷത്തിൽ പലയിടങ്ങളിലും അവർത്തിക്കുന്നവയുമാണ്. ഈ ഉപമ ഒരു ഉദാഹരണകഥ ഉപമയാക്കിയതാണ്. കഥയുടെ മൗലിക സന്ദേശം, കാര്യസ്ഥൻ ജീവിതത്തിലെ ഒരു പ്രതിസന്ധി ഘട്ടത്തിൽ തന്റെ ജീവിതം ഭദ്രമാക്കാൻ വിവേകപൂർവം പ്രവർത്തിച്ചതുപോലെ ശിഷ്യർ വിവേകപൂർവം പ്രവർത്തിക്കണം എന്നായിരുന്നിരിക്കണം. 9-13 വാക്യങ്ങളിൽ 3ഗുണപാഠങ്ങൾ ചേർത്തിട്ടുണ്ട്. ഇത് യേശുവിനുശേഷം നിലവിൽ വന്ന പാരമ്പര്യമോ സുവിശേഷകനോ ചേർത്തതാകും. 9-ആം വാക്യം വ്യാഖ്യനിക്കുക ദുഷ്കരമാണ്. ഹീബ്രുമൂല പദം അനുസരിച്ചു ഒരാൾ ആശ്രയം വെക്കുന്നു വസ്തു /സംഗതി ആണ് "മാമോന ".ലോകത്തിൽ മനുഷ്യൻ കൂടുതൽ ആശ്രയിക്കുന്നതും മനസുറപ്പിക്കുന്നതും ധനത്തിലായതിനാൽ സാധരണഗതിയിൽ മാമോന ലൗകിക ധനമാണെന്നു കരുതാം. യുഗാന്തപരമായ കാഴ്ചയില്ലാതെ ധനം വിനിയോഗിക്കരുത് എന്ന് നമ്മെ വചനം ഓർമ്മിപ്പിക്കുന്നു. 10-12 വാക്യങ്ങൾ മുൻ വാക്യത്തിൽ നിന്നു വ്യത്യസ്തമായി അനുദിന വിശ്വസ്തതക്ക് ഊന്നൽ നൽകുന്നു.ഈ ഭാഗവും ആദിമസഭ ഇവിടെ ചേർത്തതാകും. യഥാർത്ഥ സമ്പത്തായ നിത്യധനം ദൈവം ശിഷ്യരെ ഏൽപ്പിക്കണമെങ്കിൽ അവർ ഈ ലോകധനത്തിന്റെ കാര്യത്തിൽ വിശ്വസ്തരായിരിക്കണം. നമ്മുടെയും നമ്മെ ഏല്പിക്കുന്ന മറ്റുള്ളവരുടെയും ധനം നാം വിശ്വസ്തതയോടും ഉത്തരവാദിത്തത്തോടും കൈകാര്യം ചെയ്യണം. പതിമൂന്നാം വാക്യം ഉപമയുടെ ആദിരൂപത്തോടു ബന്ധമില്ലാത്ത ഒരു സ്വതന്ത്ര ഉപമാവാക്യം ചേർത്തതാണ്. ഒരാൾക്കു ഒരേ സമയം പരസ്പരവിരുദ്ധരായ രണ്ടു യജമാനന്മാരെ സേവിക്കാനാവില്ല. പാദസേവകരെയും സ്തുതിപാടകരെയും ആളിക്കത്തിക്കുന്ന ധനമോഹവും ദൈവ സ്നേഹവും ഒരുമിച്ചു പോകില്ല. പതിനഞ്ചാം വാക്യം യേശു ഫരിസേയരെ കുറ്റപ്പെടുത്തുന്നതാണ്. അവർ പണക്കൊതിയർ ആണെങ്കിലും നീതിമാന്മാരാണെന്നു മനുഷ്യരെ കാണിക്കാൻ തത്രപ്പെടുന്നു. പക്ഷെ ഹൃദയങ്ങളെ അറിയുന്ന ദൈവതിരുമുൻപിൽ അവർ നിന്ദ്യരാണ്. വാക്ദാനത്തിന്റെ യുഗത്തിൽ നിന്നു പൂർത്തീകരണത്തിന്റെ സുവിശേഷം പ്രഘോഷിക്കപ്പെടുന്ന യുഗമായിക്കഴിഞ്ഞു എന്ന് 16:16സൂചിപ്പിക്കുന്നു. നിയമത്തിന്റെയും പ്രവാചകന്മാരുടെയും പൂർത്തീകരണമാണ് /പരിസമാപ്തിയാണ് യേശുവിൽ സമാഗതമായിക്കഴിഞ്ഞ ദൈവരാജ്യം.നിയമത്തിന്റെ യുഗത്തിൽനിന്നു ദൈവരാജ്യത്തിന്റെ യുഗത്തിലേക്ക് കടന്നതുകൊണ്ട് നിയമപ്രകാരമുള്ള കടപ്പാടുകളൊന്നും വിസ്മരിക്കാമെന്നു ധരിക്കരുത് എന്ന് 16:17സൂചിപ്പിക്കുന്നു
പ്രിയമുള്ളവരേ നമുക്ക് വിചിന്തനം ചെയ്യാം, ദൈവതിരുമുൻപിൽ വിശ്വസ്തതയോടെ വ്യാപാരിക്കാൻ വിളിക്കപെട്ടവരാണ് നമ്മൾ. "ദൈവം എന്നെ വിളിച്ചിരിക്കുന്നത് വിജയിയായിരിക്കാനല്ല വിശ്വസ്തനായിരിക്കാനാണ്"എന്ന വി. മദർ തെരേസയുടെ വാക്കുകൾ നമുക്ക് വളരെ പ്രചോദനം നൽകുന്നതാണ്. ലൂക്കാ സുവിശേഷകൻ നമ്മെ ഓർമിപ്പിക്കുംപോലെ ക്രിസ്തുവിനോട് വിശ്വസ്തനായിരിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? ധനമോഹവും അവിശ്വസ്തതയും പലപ്പോഴും നമ്മുടെ വിളിയെയും നശിപ്പിക്കാറുണ്ടോ? . ക്രിസ്തു എന്ന ധനം സമ്പാദിക്കുന്നതിൽ ഞാൻ എത്രത്തോളം ശ്രദ്ധാലുവാണ്? നിത്യ ധനത്തിന്റെ സൂക്ഷിപ്പുകാരായ നമുക്ക് പലപ്പോഴും ലോകധനം വിവേകത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല എന്ന സത്യം എന്റെ ജീവിതത്തിൽ എന്ത് മാറ്റം സൃഷ്ട്ടിക്കുന്നുണ്ട്?
നമുക്ക് പ്രാർത്ഥിക്കാം, സ്നേഹസ്വരൂപനായ തമ്പുരാനെ ലോകധനത്തിനും അപ്പുറം സ്വർഗ്ഗധനം അന്വേഷിക്കുവാനും അങ്ങയെ ഞങ്ങളുടെ യജമാനനായി സ്വീകരിച്ചു, തിന്മയെ ഉപേക്ഷിച്ചു വിശ്വാസത്തിനു സാക്ഷികളാകാനും ഞങ്ങളെ അങ്ങ് ശക്തരാക്കണമേ. ആമ്മേൻ.
Bro Thuravackal Augustine (jesvin) jesvinjoseph196@gmail.com