20 July 2020
Mt 21:28-32✝️
✍️മിശിഹായിൽ സ്നേഹമുള്ളവരെ,
മത്തായിയുടെ സുവിശേഷത്തിൽ മാത്രമുള്ള രണ്ട് പുത്രന്മാരുടെ ഉപമ ഈശോയുടെ അധികാരത്തെ പറ്റിയുള്ള വിവാദത്തോട് ചേർത്തിരിക്കുന്നു. ഉപമകളിലൂടെ ജനത്തെ വിമർശിക്കുകയും ഒപ്പം സ്വയം ചിന്തിക്കാനും തെറ്റുകൾ തിരുത്താനും പ്രേരിപ്പിക്കുകയും ചെയ്യുന്നത് ക്രിസ്തുവിൻറെ ശൈലിയാണ്. രണ്ടു മക്കളുടെ പെരുമാറ്റശൈലി അവതരിപ്പിച്ചതിനു ശേഷം ഇവരെക്കുറിച്ച് വിധിതീർപ്പ് കൽപ്പിക്കാൻ യഹൂദരോട് ഈശോ ആവശ്യപ്പെടുന്നു. സ്വർഗരാജ്യം തങ്ങളുടെ സ്വന്തമെന്ന് കരുതിയ യഹൂദർക്കെതിരെ വിധിയാണിത്. രക്ഷയുടെ നിഷേധമാണ്. കാരണം അവർ യേശുവിനെ ചോദ്യംചെയ്യുകയും തിരസ്കരിക്കുകയും സ്നാപക യോഹന്നാനിൽ വിശ്വസിക്കാതിരിക്കുകയും ചെയ്തു. അവർ യോഹന്നാനിൽ നിന്ന് സ്നാനം ഏൽക്കാൻ പോയവരാണ്. എന്നാൽ മാനസാന്തരത്തിന് യോജിച്ച ഫലം പുറപ്പെടുവിക്കാൻ തയ്യാറാകാത്തവർ. അവർ തങ്ങളെകുറിച്ചുള്ള ദൈവഹിതം നിരസിച്ചു. അതിനാൽ പഴയനിയമത്തിലെ ദൈവജനത്തിന്റെ സ്ഥാനത്ത് രൂപംകൊണ്ട ദൈവജനം ദൈവഹിതം നിറവേറ്റാൻ ജാഗ്രതയുള്ളവരും മുമ്പേനടന്ന് മാതൃക കാണിച്ചു കൊടുക്കേണ്ട വരവാണെന്നും ഈ വചനഭാഗം പഠിപ്പിക്കുന്നു. തൻറെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിയ പ്രധാന പുരോഹിതന്മാരുടെയും പ്രമാണികളുടെയും പരിചിന്തനത്തിനും തീരുമാനത്തിനും ആയിട്ടാണ് ഈശോ ഈ ഉപമ പറഞ്ഞത്.
അവരുടെ ഹൃദയകാഠിന്യത്തെപ്പറ്റി ചിന്തിപ്പിക്കുകയാണ് ലക്ഷ്യം. അത്യാവശ്യമുള്ള ജോലിചെയ്യാൻ വാത്സല്യപൂർവ്വം ആവശ്യപ്പെട്ട് പിതാവിനോട് പുത്രൻ ധിക്കാരപൂർവ്വം മറുപടി നൽകിയെങ്കിലും പിന്നീട് മനസ്സ് തിരിഞ്ഞുപോയി യഥാർത്ഥത്തിൽ പിതാവിൻറെ ഹിതം നിറവേറ്റി. മറ്റൊരു പുത്രൻ ഞാൻ ചെയ്യാം എന്ന് പറഞ്ഞെങ്കിലും ചെയ്തില്ല. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിലുള്ള വൈരുദ്ധ്യം ഇവിടെ ഉദാഹരിക്കുന്നു. ആരാണ് പിതാവിൻറെ ഹിതം നിർവഹിച്ചത് എന്ന ചോദ്യം ചിന്തിക്കാനും മറുപടി പറയാനും ഇവിടെ എതിരാളികളെ പ്രേരിപ്പിക്കുന്നു.
യഹൂദ വീക്ഷണത്തിൽ വിശുദ്ധരും നിയമം അനുഷ്ഠാനത്തിൽ ശ്രദ്ധിക്കാത്ത വരും പാപികളായ ചുങ്കക്കാരും വേശ്യകളും ദൈവഹിതം നിറവേറ്റിയവനായ യോഹന്നാൻറെ പ്രസംഗം ശ്രവിച്ച് മാനസാന്തരപ്പെട്ട് വിശ്വസിച്ചു. തന്നിമിത്തം നീതിമാന്മാരായ അതായത് മോശയുടെ നിയമങ്ങൾ അക്ഷരംപ്രതി പാലിക്കുകയും എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന ദൈവഹിതം അവഗണിക്കുകയും ചെയ്യുന്ന വരായ പുരോഹിതശ്രേഷ്ഠരേയും മറ്റും പിന്നിലാക്കി ദൈവരാജ്യത്തിൽ പ്രവേശിക്കാൻ യാതൊരു യോഗ്യതയും ഇല്ലാത്തവർ ആയ ചുങ്കക്കാരും വേശ്യകളും ആദ്യമേ പ്രവേശിക്കുമെന്ന് യേശുവിന്റെ വചനം വിപ്ലവകരമാണ്.അനുതപിച്ച് വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ പ്രവേശിക്കുകയില്ല എന്ന് 21: 32 വ്യക്തമാക്കുന്നുണ്ട്.
ചുങ്കക്കാരും വേശ്യകളും പിതൃഹിതം നിറവേറ്റിയ ഒന്നാമത്തെ പുത്രനെയും മത നേതാക്കന്മാർ രണ്ടാമത്തെ പുത്രനെയും അനുസ്മരിപ്പിക്കുന്നു. യോഹന്നാൻറെ പ്രസംഗം മുതൽ തന്നെ ദൈവഹിതം യഥാർത്ഥത്തിൽ അനുവർത്തിക്കുന്നവരും അല്ലാത്തവരും വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും തമ്മിലുള്ള വേർതിരിവ് സ്പഷ്ടമായിരുന്നു. ചുങ്കക്കാരും വേശ്യകളും മത്തായിയുടെ വീക്ഷണത്തിൽ സുവിശേഷം ശ്രവിക്കുകയും അനുവർത്തിക്കുകയും ചെയ്യുന്ന വിജാതിയരുടെ മുൻഗാമികളാണ്.
സ്നേഹമുള്ളവരെ നമുക്ക് ചിന്തിക്കാം
1️⃣ദൈവം എന്നിൽ നിന്നും എന്താണ് ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയാറുണ്ടോ?
2️⃣പലപ്പോഴും നമ്മെ ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ ദൈവഹിതം ആണെന്ന് തിരിച്ചറിയാറുണ്ടോ?
3️⃣ഞാൻ ചെയ്യുന്ന പ്രവർത്തികൾ ദൈവഹിതത്തിനനുസരിച്ചുള്ളതാണോ എന്ന് വിലയിരുത്താറുണ്ടോ?
4️⃣എനിക്കിഷ്ടപ്പെട്ട ജോലികൾ മാത്രമേ ഞാൻ ചെയ്യാറുള്ളോ ?
🌹🌹🌹
Bro Shan Ayalloor
Eparchy of Kanjirappally
Tags:
വചന വിചിന്തനം