🙏🙏🙏ഈശോയിൽ സ്നേഹം നിറഞ്ഞവരെ, 🙏🙏🙏
പത്തു നാണയത്തിന്റെ ഉപമയെകുറിച്ച് പറയുന്ന ലൂക്കയുടെ സുവിശേഷം 19: 11-27 വരെയുള്ള വാക്യങ്ങളാണ് ഇന്നത്തെ നമ്മുടെ വിചിന്തനഭാഗം. ഇവിടെ പ്രധാനമായും വിശ്വസ്തരും പരിശ്രമശാലികളുമായ സേവകരെകുറിച്ചാണ് പ്രതിപാദിക്കുന്നത്. ലൂക്കായുടെ സുവിശേഷത്തിൽ ഉപമയുടെ ആരംഭത്തിൽ 10 ഭ്രിത്യൻമാരുടെ കാര്യം പറഞ്ഞിരുന്നുവെങ്കിലും കണക്കു ചോദിച്ചപ്പോൾ മൂന്നുപേരെ മാത്രമേ കണ്ടുള്ളൂ. മറ്റ് ഏഴ് പേരെപറ്റി ഒന്നും പറയുന്നില്ല. അതിനാൽ ഈ ഉപമ ഈശോ പറഞ്ഞപ്പോൾ മൂന്നു ഭൃത്യന്മാരെ ഉണ്ടായിരുന്നുള്ളൂ എന്നും, പിന്നീട് വാമൊഴി കൈമാറ്റത്തിൽ അത് പത്തായി മാറിയതായിരിക്കും എന്നും കരുതപ്പെടുന്നു. ഉപമയിലെ ഭൃത്യന്മാർ ക്രിസ്തു ശിഷ്യന്മാരെ ആണ് പ്രതിനിധീകരിക്കുന്നത്. ഈശോയോട് വിശ്വസ്തത പുലർത്തുന്നവർക്കും പരിശ്രമശാലികൾക്കും കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽകുകയും ഏറെ പ്രതിഫലം ലഭിക്കുമെന്നും ആദരിക്കുകയും ചെയ്യുമെന്നും ഈ ഉപമവഴി സുവിശേഷകൻ അറിയിക്കുകയാണ്.
നമ്മുടെ പൗരോഹിത്യത്തിന്റെ പരിശീലന കാലഘട്ടത്തിൽ നാം എന്തുമാത്രം ഈശോയോട് വിശ്വസ്തത പുലർത്തി അവിടുത്തെ ശിഷ്യനാകാൻ ശ്രമിക്കുന്നുവോ അതിനനുസരിച്ചായിരിക്കും അവിടുന്ന് നമുക്ക് പ്രതിഫലം നൽകുക.
സുവിശേഷഭാഗത്ത് യജമാനൻ തന്റെ 10 ഭൃത്യൻമാർക്ക് നാണയങ്ങൾ കൊടുക്കുന്നുണ്ട്. എന്തിനാണ് കൊടുക്കുന്നത് എന്ന് കൃത്യമായി സുവിശേഷകൻ രേഖപ്പെടുത്തുന്നുമുണ്ട്. ഭ്രിത്യൻമാർക്ക് വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കാൻ വേണ്ടിയാണ് യജമാനൻ പണം നൽകിയിട്ട് രാജപദവി സ്വീകരിച്ചു വിദൂര ദേശത്തേക്ക് പോകുന്നത്. എന്നാൽ തിരിച്ചു വരുമ്പോൾ അവർ ചെയ്യുന്ന വ്യാപാരത്തിന് കണക്ക് ചോദിക്കും എന്ന സൂചനയും യജമാനൻ നൽകുന്നുണ്ട്. തിരിച്ചുവന്ന് യജമാനൻ ഭൃത്യന്മാരോട് കണക്ക് ചോദിക്കുവാൻ അവരെ വിളിച്ചു വരുത്തുകയാണ്. ഒന്നാമത്തെ ആൾ തനിക്ക് കിട്ടിയത് കൊണ്ട് പത്ത് കൂടി നേടിയിരിക്കുന്നു എന്ന് യജമാനനെ അറിയിച്ചു. അയാളുടെ പരിശ്രമത്തെ യും വ്യാപാര വിജയത്തെയും പ്രശംസിച്ച് യജമാനൻ സമ്മാനമായി അയാളെ തന്റെ കീഴിലുള്ള 10 നഗരങ്ങളുടെ അധികാരിയായി നിയമിച്ചു. രണ്ടാമത്തെ ആളും കണക്ക് അവതരിപ്പിച്ചു അയാളുടെ ആത്മാർത്ഥമായ പ്രവർത്തനത്തിൽ സന്തുഷ്ടനായ യജമാനൻ അയാളെ തന്റെ കീഴിലുള്ള അഞ്ചു നഗരങ്ങളുടെ അധികാരിയായി നിയമിച്ചു. എന്നാൽ മൂന്നാമത്തെ ആൾ യജമാനൻ കൊടുത്ത പണം കൊണ്ട് ഒന്നും ചെയ്തിട്ടില്ല എന്ന റിപ്പോർട്ടാണ് നൽകുന്നത്. യജമാനൻ നൽകിയ പണം സൂക്ഷിച്ചുവെച്ചു അത് തിരികെ യജമാനന് തന്നെ നൽകി. കിട്ടിയ താലന്തുകളെ ഉപയോഗിക്കണം. ഉപയോഗിക്കുക മാത്രമല്ല അതിനെ ഇരട്ടിയാക്കാൻ പരിശ്രമിക്കുകയും വേണം എന്ന ധ്വനി ഇതിലുണ്ട്. തനിക്കു കിട്ടിയത് കയ്യിൽ വച്ച് അതു തന്നെ തിരികെ യജമാനന് നൽകിയ ഭ്രിത്യന് നൽകുന്ന വിശേഷണം ദുഷ്ടഭ്രിത്യൻ എന്നാണ്. അതുമാത്രമല്ല ആ ഭൃത്യൻ തിരികെ നൽകിയത് വ്യാപാരം വഴി ഏറ്റവും കൂടുതൽ വരുമാനം നേടിയ ആദ്യത്തെ ഭ്രിത്യന് നൽകാൻ യജമാനൻ കൽപ്പിക്കുന്നു.
നമുക്ക് ചിന്തിക്കാം🤔 💥ദൈവം എനിക്ക് നൽകിയ താലന്തുകൾ ഏതൊക്കെ?
💥ദൈവം നൽകിയ താലന്തുകളെ ഞാൻ ഉപയോഗിക്കുന്നുണ്ടോ? 💥അതോ മൂടിക്കെട്ടി വച്ചിരിക്കുകയാണോ?
💥ഈ താലന്തുകളെ ഇരട്ടിയാക്കാൻ ഞാൻ എന്തുമാത്രം പരിശ്രമിക്കുന്നുണ്ട്? 💥നമ്മുടെ പരിശ്രമങ്ങളെ മാനിക്കുന്ന കർത്താവിനോട് ഞാൻ വിശ്വസ്തനാണോ?
ലൂക്കയുടെ 19:1-10 വരെയുള്ള വാക്യങ്ങളിലെ സക്കേവൂസ് സംഭവത്തിനു ശേഷം വരുന്ന ഈ ഉപമ ക്രിസ്തു ശിഷ്യരായ നാമോരോരുത്തരും ഭൗതികവസ്തുക്കൾ എങ്ങനെ ഉപയോഗിക്കാം എന്നും ഉപയോഗിക്കണമെന്നും പഠിപ്പിക്കുന്നതോടൊപ്പം ഈ കാലഘട്ടത്തിൽ നമുക്ക് ഭൗതിക സമ്പത്തിനോട് ഉണ്ടായിരിക്കേണ്ട മനോഭാവത്തെകുറിച്ചും നമ്മെ പഠിപ്പിക്കുന്നുണ്ട്. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി ജാഗ്രതയോടെ കാത്തിരിക്കുന്ന നമുക്ക് ഓരോരുത്തർക്കും ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന കാര്യങ്ങളോട് ഉത്തരവാദിത്വം ഉള്ളവർ ആയിരിക്കാം. കാരണം കർത്താവിന്റെ രണ്ടാമത്തെ ആഗമനത്തിൽ അവിടുന്ന് നമ്മോട് കണക്ക് സമർപ്പിക്കാൻ ആവശ്യപ്പെടുമ്പോൾ അതിൽ നമുക്ക് ലഭിച്ച നിരവധിയായ ദൈവാനുഗ്രഹങ്ങൾ നമ്മുടെ കഴിവുകൾ അങ്ങനെ അവിടുന്ന് നമുക്ക് ദാനമായി നൽകിയ താലന്തുകളൊക്കെ ഇരട്ടിയാക്കി അവിടുത്തെ മുൻപിൽ സമർപ്പിക്കാൻ നമുക്കാകണം. ഇരട്ടിയാക്കാൻ സാധിച്ചില്ലെങ്കിലും നമ്മുടെ ഭാഗത്തുനിന്ന് ഒരു പരിശ്രമമെങ്കിലും നടത്താൻ എനിക്ക് സാധിക്കുന്നുണ്ടോ?🤔 കാരണം നമ്മൾ എന്തുമാത്രം നേടി എന്നുള്ളത് മാത്രമല്ല എങ്ങനെ നേടി എന്നുള്ളതും ഇവിടെ പ്രധാനപ്പെട്ടതാണ്. അതിനാൽ ഈശോയോട് പൂർണ വിശ്വസ്തത പുലർത്തിക്കൊണ്ട് അവിടുത്തോട് നമുക്ക് ചേർന്ന്നിൽക്കാം. നമ്മെ ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി നിൽക്കാതെ നമുക്ക് നിരന്തരം പരിശ്രമിക്കുന്നവരാകാം. നമുക്ക് ഇപ്രകാരം പ്രാർത്ഥിക്കാം 🙏ദൈവമേ എന്നെ അങ്ങയുടെ ഒരു വിശ്വസ്ത ദാസനാക്കണമേ. ദൈവം നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
🙏🙏🙏 ശുഭദിനം🙏🙏🙏
Bro. Ebin Edassery
Archeparchy of Ernakulam - Angamaly
Tags:
വചന വിചിന്തനം