ഈശോമിശിഹായിൽ സ്നേഹം നിറഞ്ഞ വരെ, വിശുദ്ധ യോഹന്നാന്റെ സുവിശേഷം 10 അധ്യായം 22 മുതൽ 28 വരെയുള്ള വാക്യങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാന വിചിന്തന ഭാഗം.
ജറുസലേമിൽ പ്രതിഷ്ഠയുടെ തിരുനാളായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് സുവിശേഷകൻ ഈ ഭാഗം ആരംഭിക്കുന്നത്. ബിസി 165 ൽ ജെറുസലേം ദേവാലയത്തെ വിജാതീയരുടെ കൈവശത്തിൽ നിന്ന് വിമുക്തമാക്കി ശുദ്ധീകരിച്ച് വീണ്ടും ബലിയർപ്പണങ്ങൾക്കായി പ്രതിഷ്ഠിച്ചതിനെയാണ് ഈ തിരുനാൾ അനുസ്മരിക്കുന്നത്. കൂടാരത്തിരുനാളിന്റെ മാതൃകയിൽ ഈ ആഘോഷം അവർ എട്ടുദിവസം നടത്തി. ഈ യഹൂദത്തിരുനാൾ ഹനുക്കാ എന്നാണ് ഹീബ്രുഭാഷയിൽ അറിയപ്പെടുന്നത്. ഹനുക്കാ തിരുനാളിന്റെ അവസരത്തിൽ ഈശോ സോളമന്റെ മണ്ഡപത്തിൽ നടക്കുകയായിരുന്നുവെന്നാണ് പശ്ചാത്തലമായി ഇവിടെ പറയുന്നത്. ദേവാലയത്തിന്റെ പുറത്തെ ഭിത്തിയോടു ചേർന്ന് കിഴക്കുഭാഗത്തായിരുന്നു ഈ മണ്ഡപം. തിരുനാളിന് എത്തിയിരിക്കുന്ന യഹൂദ ജനമാണ് ഈശോയുടെ ചുറ്റും കൂടി അവിടുന്ന് ആരാണെന്ന് ആരായുന്നത്. ഈ ചോദ്യം അവരുടെ പ്രതീക്ഷ നിറഞ്ഞ സന്തോഷം കൊണ്ടല്ല ചോദിച്ചതെന്നാണ് വ്യാഖ്യാതാക്കൾ കരുതുന്നത്. സമാന്തര സുവിശേഷങ്ങളിൽ ഈശോയെ വിസ്തരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു ചോദ്യം അവിടുത്തോട് യഹൂദ നേതാക്കൾ ചോദിക്കുന്നത്. താങ്കൾ അതുമിതും പറഞ്ഞ് ഞങ്ങളെ ശല്യപ്പെടുത്തുകയും പ്രകോപിതരാക്കുകയും ചെയ്യാതെ ആരാണെന്ന് വ്യക്തമായി പറയാനാണ് അവർ ഈശോയോട് ആവശ്യപ്പെടുന്നത്. അത് അവിടുത്തെ മാലയിട്ട് സ്വാഗതം ചെയ്യാനല്ല, മറിച്ച് ദൈവദൂഷണം ആരോപിച്ച് ഇല്ലാതാക്കാനായിരുന്നു. ഈശോയുടെ വചനം ശ്രവിക്കാൻ മാത്രം തുറവി യഹൂദ ജനതയ്ക്കും അവരുടെ നേതാക്കൾക്കുമില്ലായിരുന്നു. യഹൂദ നേതാക്കളുടെ ചോദ്യത്തിന് ഈശോ നൽകുന്ന മറുപടിയാണ് 10:25-30 വാക്യങ്ങളിലുള്ളത്. 10:25-ാം വാക്യത്തിലാണ് ഈശോയുടെ മറുപടി ആരംഭിക്കുന്നത്. "ഞാൻ പറഞ്ഞു എന്നാൽ നിങ്ങൾ വിശ്വസിക്കുന്നില്ല." എവിടെയാണ് ഈശോ മിശിഹാ ആണെന്നു പറഞ്ഞിട്ടുള്ളതെന്നു പരിശോധിച്ചാൽ 4:26ലെ പ്രസ്താവനയൊഴിച്ച് മറ്റൊരിടത്തും അങ്ങനെ വ്യക്തമായി പറഞ്ഞതായി നാം കാണുകയില്ല. 4:26ൽ പരസ്യം ആയിട്ടല്ല മറിച്ച് ഒരു വ്യക്തിയോട് മാത്രമാണ് ഈശോ തന്നെത്തന്നെ വെളിപ്പെടുത്തിയത്. അവ്യക്തമായി ഈശോയുടെ സംസാരത്തിലെല്ലാം അവിടുന്നാരാണെന്ന് പറയുന്നുണ്ടായിരുന്നു. സ്വർഗ്ഗസ്ഥനായ തന്റെ പിതാവാണ് തന്നെ അയച്ചതെന്നു പറയുമ്പോൾ അതിൽ നിന്ന് അനുമാനിച്ചെടുക്കാവുന്ന തായിരുന്നു അവിടുന്ന് വരാനിരിക്കുന്ന മിശിഹാ ആണെന്ന്. കണ്ണുകളും കാതുകളും തുറന്നിരിക്കുന്നവർക്ക് ഈ സത്യം വിഷമം കൂടാതെ മനസ്സിലാക്കാമായിരുന്നു. ഈശോയുടെ വാക്കുകളിൽനിന്ന് അവിടുന്ന് ആരാണെന്നു മനസ്സിലാക്കാൻ കഴിയാത്തവർക്ക് അവിടുന്ന് ചെയ്ത പ്രവർത്തികളിൽ നിന്ന് അതു ഗ്രഹിക്കാമായിരുന്നു. കാരണം അവിടുന്ന് ചെയ്തഅത്ഭുത പ്രവർത്തികളും നൽകിയ രോഗ സൗഖ്യങ്ങളും സ്വർഗ്ഗസ്ഥനായ പിതാവിന്റെ പേരിലായിരുന്നു. ഈശോ തന്നെയാണോ മിശിഹാ എന്ന് ശിഷ്യന്മാരിലൂടെ അന്വേഷിച്ച സ്നാപക യോഹന്നാനോടും മിശിഹാ അടയാളമായി ചൂണ്ടികാണിക്കുന്നത് അവിടുന്ന് ചെയ്ത പ്രവർത്തികൾ ആണ്.10:26-ൽ തന്റേതല്ലാത്ത ആടുകളെക്കുറിച്ചും 10:27ൽ തന്റെ ആടുകളെ ക്കുറിച്ചുമാണ് ഈശോ പറയുന്നത്. ഈശോ ഇതുവരെ പറഞ്ഞതൊന്നും യഹൂദ ശ്രോതാക്കൾ വിശ്വസിക്കാതിരുന്നതിന്റെ കാരണമാണ് 10:26-ാം വാക്യത്തിൽ പറയുന്നത്. അവർ അവിടുത്തെ ആടുകളല്ല. ഈശോയാകുന്ന ഇടയന്റെ ആട്ടിൻപറ്റത്തിൽപ്പെടുന്നവരല്ലാത്തതുകൊണ്ടാണ് യഹൂദർ അവിടുത്തെ മനസ്സിലാക്കാനോ അവിടുന്ന് പറയുന്നതു ഗ്രഹിക്കാനോ പ്രവർത്തിക്കുന്നത് തിരിച്ചറിയാനോ കഴിയാത്തവരായിരിക്കുന്നത്.
പലപ്പോഴും നാമം ഇതുപോലെയാണ്. ഇടയനായ മിശിഹായെ തിരിച്ചറിയാതെ മറ്റു പല വഴിയെ നാം പോകുന്നു. അവിടുത്തെ വിളി തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നില്ല. കാരണം മറ്റു വ്യഗ്രതകൾ ക്കിടയിലാണ് നാം ജീവിക്കുന്നത്. ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഉത്തരം കണ്ടെത്താനുള്ള യാത്രയിൽ തമ്പുരാനേ തിരിച്ചറിയാൻ നമുക്ക് സാധിക്കുന്നില്ല. യഹൂദ പ്രമാണികളെ പോലെ നാമം പലപ്പോഴും അവിടുത്തെ തിരിച്ചറിയാതെ അങ്ങ് ആരാണെന്ന് ചോദിച്ചു പോയിട്ടുണ്ട്. കാര്യ സാധ്യതയ്ക്ക് വേണ്ടി പല വഴികളും നാം ശ്രമിച്ചുനോക്കൂം. അതൊന്നും നടക്കാതെ വരുമ്പോൾ തമ്പുരാൻറെ മുൻപിൽ നാം അഭയം പ്രാപിക്കും. ഇതും ഒരു വിധത്തിൽ പറഞ്ഞാൽ ഈശോയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. നമ്മുടെ നാഥനും രക്ഷകനുമായ ഈശോയെ തിരിച്ചറിയാതെ ഇരിക്കുന്നത് നമ്മുടെ ജീവിതത്തിൽ വളരെ വലിയ പരാജയമാണ്. അതിനാൽ ഒരു നല്ല ക്രിസ്ത്യാനിയായി ക്രിസ്തുവിന് സാക്ഷ്യം നൽകുന്നവനായി നമുക്ക് ജീവിക്കാം.
എന്റെ ജീവിതം എന്റെ തമ്പുരാനായി സമർപ്പിക്കാൻ ഞാൻ തയ്യാറാകണം. ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിസന്ധികളും വരുമ്പോൾ തമ്പുരാൻറെ മുൻപിൽ അണയാൻ എനിക്കു സാധിക്കണം. ഈ ലോകജീവിത മോഹങ്ങളും പ്രലോഭനങ്ങളും എന്നെ അലട്ടുമ്പോൾ കുരിശിലേക്ക് നോക്കാൻ എനിക്ക് കഴിയണം. ക്രിസ്തു എനിക്ക് ആരാണ്? ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഞാൻ എത്രത്തോളം ആഴപ്പെട്ടിട്ടുണ്ട് ? അതിനാൽനമുക്ക് ചിന്തിക്കാം
* ക്രിസ്തു ശിഷ്യനാകാൻ വിളിക്കപ്പെട്ടിരുന്ന നാമോരോരുത്തരും എത്രത്തോളം തുറവിയോടു കൂടിയാണ് അവിടുത്തെ അനുഗമിക്കുന്നത്?
* ഈശോയെ പൂർണമായി മനസ്സിലാക്കാൻ നമുക്ക് സാധിച്ചിട്ടുണ്ടോ?
* ഈശോ മിശിഹായാണെന്നുളള ഉറച്ച ബോധ്യം നമുക്കുണ്ടോ?
* ഈശോ നൽകുന്ന നിത്യജീവനിലേക്ക് പ്രവേശിക്കാൻ നാം പരിശ്രമിക്കുന്നുണ്ടോ?
* അവിടുത്തെ കരങ്ങളിൽ നാം പൂർണ സുരക്ഷിതരാണെന്ന് ബോധ്യം നമുക്കുണ്ടോ?
ഇതിനായി നമുക്ക് ആത്മാർത്ഥമായി പരിശ്രമിക്കാം പ്രാർത്ഥിക്കാം സർവ്വേശ്വരൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
ആമ്മേൻ
Bro Jino kallarackal
Eparchy of Kothamamglam