മത്തായി 19: 1-12
ഈശോമിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ
മിശിഹായിൽ സ്നേഹം നിറഞ്ഞവരെ ഇന്നത്തെ നമ്മുടെ വചനവിചിന്തനത്തിനായി തിരുസഭാമാതാവ് നമുക്ക് നൽകിയിരിക്കുന്നത് മത്തായിയുടെ സുവിശേഷം അധ്യായം 19: 1 മുതൽ 12 വരെ ഉള്ള വാക്യങ്ങളാണ്. ക്രിസ്തുവിന്റെ ജെറുസലേമിലേക്കുള്ള യാത്രയിൽ ഉണ്ടായ
ചില സംഭവങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. ജെറുസലേമിൽ ഉള്ള
മതഭക്തരായ പ്രീശന്മാർ യേശുവിനെ കുടുക്കുന്നതിനായി വിവാഹമോചനത്തെക്കുറിച്ച് ഈശോയോട് സംസാരിച്ചു. വിവാഹബന്ധത്തെ കുറിച്ചുള്ള
ദൈവത്തിന്റെ കാഴ്ച്ചപ്പാടും മനുഷ്യന്റെ കാഴ്ച്ചപ്പാടും തമ്മിലുള്ള അന്തരത്തെ ഈശോ ഇവിടെ വിവരിച്ചു വ്യക്തമാക്കുന്നു.
ദൈവം ആദിയിൽ വിവാഹബന്ധത്തെ മാന്യമായി നിയോഗിച്ചു നൽകി. ഭാര്യഭർത്താക്കന്മാർ വേർപിരിയാതെ കഴിയണം എന്നുള്ളതായിരുന്നു ദൈവിക കൽപന.
എന്നാൽ മനുഷ്യൻ നിസ്സാര കാരണങ്ങൾ പറഞ്ഞ് വിവാഹബന്ധങ്ങൾ വേർപെടുത്താൻ തുടങ്ങി. ആയതിനാൽ,
ഭാര്യയുടെ ഭദ്രതയെ പ്രതി വിവാഹമോചനം അനുവദിച്ചു നൽകി. പരസംഗം ഒഴികെയുള്ള
മറ്റു കാരണങ്ങളാൽ വിവാഹമോചനം അനുവദിച്ചിരുന്നില്ല. പ്രിയമുള്ളവരെ ഇവിടെ യേശുവിനെ വാക്കിൽ കുടുക്കുവാനാണ്
പ്രീശന്മാർ പരിശ്രമിക്കുന്നത്. എന്നാൽ ഈശോയുടെ മറുപടി നിയമത്തെ അടിസ്ഥാനമാക്കിത്തന്നെയായിരുന്നു. ഈശോ വിവാഹമോചനത്തെ പ്രോത്സാഹിപ്പിക്കുകയോ, കൽപിക്കുകയോ ചെയ്തില്ല, മറിച്ച് വിവാഹമോചനത്തിന്റെ അനന്തരഫലം എത്ര ദോഷമുള്ളതായിരിക്കുമെന്നും, അതെങ്ങനെ പാപത്തിലേക്ക് നയിക്കും എന്നുമാണ് ഈശോ പഠിപ്പിച്ചത്. ദൈവം വൈമനസ്യത്തോടെ അനുവദിച്ച വിവാഹമോചനത്തെ അവർ നിർബന്ധമുള്ള ഒന്നാക്കി മാറ്റി. പഴയനിയമത്തിൽ നാം കാണുന്നു, ദൈവം മോശ മുഖാന്തരം അവരെ മനസ്സിലാക്കി വിവാഹമോചനത്തിന് അനുവാദം നൽകി. എന്നാൽ ആരംഭത്തിൽ ദൈവം അത് ഉദ്ദേശിച്ചിരുന്നില്ല എന്നാണ് ഈശോ നമ്മെ പഠിപ്പിക്കുന്നത്. അവൻ ഒരിക്കലും വിവാഹമോചനത്തെ ഉദാരവൽക്കരിച്ചില്ല. വാസ്തവത്തിൽ അവൻ അതിനെ നിയന്ത്രിക്കുകയായിരുന്നു.
വിവാഹബന്ധത്തിൽ ആദ്യമുണ്ടായിരുന്ന വിശുദ്ധി നിലനിർത്തുവാനാണ് ഈശോ പഠിപ്പിച്ചത്. ഈശോ നൽകിയ കല്പന ഇതായിരുന്നു."ആകയാൽ ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപെടുത്തരുത് ". ഈശോയുടെ ഈ കല്പന മനസ്സിലാക്കാൻ സാധിക്കാത്ത ശിഷ്യന്മാർ പോലും ഈശോയോട് ഈ കല്പനയുടെ അർത്ഥത്തെ പറ്റി ചോദിക്കുന്നതായി നാം സുവിശേഷത്തിൽ കാണുന്നു. അതിനു മറുപടിയായി ഈശോ അവരോട് പറഞ്ഞത് ഇപ്രകാരമാണ് " വരം ലഭിച്ചവർ അല്ലാതെ എല്ലാവരും ഇത് മനസ്സിലാക്കണമെന്നില്ല " എന്നായിരുന്നു.
മിശിഹായിൽ പ്രിയമുള്ളവരെ, നമ്മുടെ അനുദിന ജീവിതത്തിലും ദൈവകൽപനകൾക്ക് വിരുദ്ധമായി നാം പലപ്പോഴും ചിന്തിക്കുകയും പെരുമാറുകയും ചെയ്തിട്ടുണ്ടാവാം, അതുപോലെ പലപ്പോഴും ദൈവകല്പനകളെ ന്യായീകരിച്ച് സംസാരിച്ചിട്ടും ഉണ്ടാവാം.
📸 https://www.instagram.com/p/B0_BeMkJV7w/?igshid=1twx84ntztmqk
ഈ അവസരത്തിൽ നമ്മുക്ക് ഒന്ന് വിചിന്തനം നടത്താം.
1) മറ്റുള്ളവരെ നന്മ ചെയ്യുന്നതിൽ നിന്നും ഞാൻ പിന്തിരിപ്പിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കാം.
2)മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിൽ ഞാൻ സംസാരിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കാം.
3)ദൈവകല്പനകൾക്ക് പ്രാധാന്യം നൽകാതെ ഞാൻ ജീവിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കാം. പ്രിയമുള്ളവരേ,
ഈശോയുടെ ശിഷ്യന്മാരെപ്പോലെ ദൈവകൽപനകളുടെ അർത്ഥം മനസിലാക്കാൻ സാധിക്കാതെ വരുന്ന അവസരത്തിൽ അവിടുത്തെ കൃപയാൽ ഞങ്ങളുടെ ബുദ്ധിയേയും പ്രകാശിപ്പിക്കണമേയെന്ന് നമുക്ക് പ്രാർത്ഥിക്കാം. അങ്ങനെ ദൈവിക കല്പനകളും പ്രമാണങ്ങളും മനസ്സിലാക്കി വിവേകപൂർവ്വം ജീവിക്കുവാൻ സർവ്വേശ്വരന്റെ അനുഗ്രഹത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
ദൈവം നമ്മെ ഓരോരുത്തരേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമ്മേൻ
Bro Aby Puthiyaparambil
Archeparchy of Changanacherry