വചന ധ്യാനം
മർക്കോസ് : 11: 12- 14 ; 20-26
അത്തി വൃക്ഷത്തെ ശപിക്കുന്ന യേശുവിനെയും അത് അവിടുത്തെ ശിഷ്യരിൽ ഉണ്ടാക്കിയ അദ്ഭുതതെയും വിവരിക്കുന്ന മർക്കോസിന്റെ സുവിശേഷ ഭാഗം ആണ് ഇന്നത്തെ ധ്യാന വിചിന്തനം .
അത്തിമരത്തിൽ എന്നപോലെ ഇസ്രയേലിൽ അരധനാനുഷ്ഠനങ്ങൾ വിവിധ തരം ബലികൾ എന്നീ ഇലകളാൽ ഇടതൂർന്ന് നിൽപ്പുണ്ടായിരുന്നു. എന്നാൽ നീതിയുടെ ഫലങ്ങൾ മാത്രം അതിൽ കണ്ടില്ല എന്ന വിമർശനം ആണ് ഇൗ സംഭവത്തിലൂടെ യേശു നൽകുന്നത്.എന്തിനെയെങ്കിലും യേശു നശിപ്പിക്കുന്ന ഏക അത്ഭുതമാണ് ഇത്.കാപട്യത്തിന്റെ പ്രതീകമായ അത്തിമരത്തെ ആണ് യേശു നശിപ്പിക്കുന്നത് എന്നത് കാപട്യം എത്ര മാത്രം അവിടുന്ന് വെറുക്കുന്നു എന്നതിന്റെ സൂചനയാണ്.
വിശുദ്ധ അഗസ്റ്റിൻ നൽകുന്ന വ്യാഖ്യാനം ഇപ്രകാരം ആണ്.നമ്മുടെ സത്പ്രവർത്തികൾക്ക് വേണ്ടി അല്ലാതെ മറ്റെന്തിന് വേണ്ടിയാണ് കർത്താവ് കൂടുതൽ വിശക്കുന്നത്? നമ്മുടെ വിശ്വസ്തമായ പ്രതികരണത്തിന് വേണ്ടി അല്ലാതെ മറ്റെന്തിന് വേണ്ടിയാണ് കർത്താവ് കൂടുതൽ ദാഹിക്കുന്നത്?
ഫലങ്ങളില്ല്ലാതെ നിറയെ ഇലകളുമായി തഴച്ചുവളർന്നു നിന്നിരുന്ന അത്തിമരം യേശുവിന്റെ വാക്കുകളുടെ ഫലമായി ഉടൻതന്നെ ഉണങ്ങിപ്പോയി. നമ്മെ സംബന്ധിച്ചിടത്തോളം എന്താണീ ഫലം തരാത്ത, എന്നാൽ ഇലകളാൽ മൂടപ്പെട്ട അത്തിവൃക്ഷം? നമ്മിലെ സ്വഭാവവൈകല്യങ്ങൾക്ക് പലപ്പോഴും ഇത്തരത്തിലുള്ള അത്തിമരങ്ങളുമായി ഒട്ടേറെ സാമ്യമുണ്ട്. മറ്റുള്ളവർ ദൂരെനിന്നു നോക്കുന്പോൾ വളരെ നല്ലത് എന്ന ധാരണ നൽകാൻ കഴിവുള്ളവരാണ് നാമെല്ലാവരും. എന്നാൽ, അഹങ്കാരവും വിദ്വേഷവും രഹസ്യപാപങ്ങളുമൊക്കെ ഒക്കെ കായ്ക്കാത്ത മരങ്ങളായി നമ്മുടെ ജീവിതത്തിൽ പലപ്പോഴും വേരുപാകാറുണ്ട്. ഇതുമൂലം, ഇലകളും പൂക്കളുമൊക്കെയായി തഴച്ചുവളരുന്ന നമ്മുടെ ജീവിതം യഥാർത്ഥത്തിൽ യാതൊരു ഫലവും പുറപ്പെടുവിക്കാത്ത അവസ്ഥയിൽ പലപ്പോഴും എത്തിനിൽക്കാറുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകളിൽനിന്നും നമ്മെ മോചിപ്പിക്കാൻ ദൈവത്തിനാകും. ദൈവത്തിന്റെ വചനം ഈ വൃക്ഷങ്ങളെ എല്ലാം ഉണക്കികളയാൻ മാത്രം ശക്തിയുള്ളതാണ്. നിഷ്ഫലമായ നമ്മുടെ ജീവിതത്തെ, പുതുജീവനേകുന്ന ദൈവാത്മാവിനാൽ നിറച്ച്, ദൈവത്തിനായി ധാരാളം ഫലം പുറപ്പെടുവിക്കുവാൻ നമുക്ക് കഴിയണം.
അത്തിവൃക്ഷം ഉണങ്ങിപ്പോയതിൽ അത്ഭുതപ്പെട്ട ശിഷ്യന്മാരുടെ ചോദ്യത്തിന് യേശു ഉത്തരം നൽകുന്നത് വിശ്വാസത്തിന്റെ ശക്തിയെക്കുറിച്ച് അവരെ പഠിപ്പിച്ചുകൊണ്ടാണ്. ജീവിതത്തിലെ അവസ്ഥകൾ എത്രയൊക്കെ നിരാശാജനകമാണെങ്കിൽ കൂടിയും, തരണം ചെയ്യേണ്ട പ്രതിസന്ധികൾ അസാധ്യമായി തോന്നാമെങ്കിലും, പ്രത്യാശാനിർഭരമായ പ്രാർത്ഥന തീർച്ചയായും ഫലദായകമാണ് എന്നാണു ഈശോ നമ്മോടു പറയുന്നത്. "മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്" (ലൂക്കാ 18:27). ആയതിനാൽ, "സംശയിക്കാതെ, വിശ്വാസത്തോടെവേണം ചോദിക്കാൻ. സംശയമനസ്കനും എല്ലാക്കാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കർത്താവിൽനിന്നു ലഭിക്കുമെന്ന് കരുതരുത്" (യാക്കോബ് 1:6,8). പ്രതിസന്ധികളുണ്ടാകുന്പോൾ അവ മാറ്റാൻ കഴിവുള്ളവനാണ് എന്റെ ദൈവം എന്ന വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ നമുക്കാവുന്നുണ്ടോ?
പലപ്പോഴും നമ്മുടെ ജീവിതപ്രശ്നങ്ങളെയെല്ലാം വലിയതായി കണ്ട്, അവയെക്കുറിച്ച് ദൈവസന്നിധിയിൽ ആവലാതി പറയുന്ന ഒരു രീതിയിലേക്ക് നമ്മുടെ പ്രാർത്ഥന ചെന്നെത്താറുണ്ട്. നമ്മുടെ പരിമിതമായ കാഴ്ചപ്പാടുകളുടെ വെളിച്ചത്തിൽ നമ്മുടെ പ്രശ്നങ്ങളെ കാണുന്പോഴാണ് അവയെല്ലാം വലിയ പ്രതിബന്ധങ്ങളായി നമുക്ക് തോന്നുന്നത്. ഈ തോന്നലുകളിൽ നിന്നാണ് ഭയവും നിരാശയുമൊക്കെ ഉടലെടുക്കുന്നത്. എന്നാൽ നാം അവയിൽനിന്നു കണ്ണെടുത്ത്, വിശ്വാസദൃഷ്ടികളോടെ ദൈവത്തെ തിരയുന്ന ഒരു വ്യക്തിക്ക് ദൈവംതന്നെ വെളിപ്പെടുത്തിത്തരുന്ന ഒരു കാര്യമാണ്, ദൈവത്തിന്റെ അപരിമിതമായ ശക്തിക്കുമുന്പിൽ നമ്മുടെ ജീവിതത്തിലെ പ്രസ്നങ്ങൾ എത്രയോ നിസ്സാരങ്ങളാണെന്നുള്ളത്. നാം വലുതെന്നു കരുതുന്ന അവയോട് നമുക്ക് പറയുവാൻ സാധിക്കണം നമ്മുടെ ദൈവം അവയെക്കാൾ വലിയവനാണെന്ന്. അപ്പോൾ നമ്മൾ യഥാർത്ഥ വിശ്വാസത്തിനു ഉടമകളായിത്തീരും.
കർത്താവായ യേശുവേ, അങ്ങയിലുള്ള എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ. അങ്ങയുടെ വചനമയച്ച് എന്നിലുള്ള ഫലം പുറപ്പെടുവിക്കാത്ത എല്ലാ അവസ്ഥകളെയും നശിപ്പിച്ചു
കളയണമേ. ജീവിതത്തിൽ പ്രശ്നങ്ങലുണ്ടാകുന്പോൾ അവയെ തരണം ചെയ്യുവാൻ സഹായിക്കുന്ന വചനമായി സദാ എന്നോടൊപ്പം ഉണ്ടായിരിക്കണമേ. ആമേൻ.
🤍🤍🤍💛💛💛🤍🤍🤍
✝️ ......എന്റെ അമ്മേ എന്റെ ആശ്രയമെ......✝️
Bro Tom Jose Mamalasseril
Eparchy of Palai