- Lk 8: 4 -15
ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ. പ്രിയമുള്ളവരേ, വി ലൂക്കാ അറിയിച്ച സുവിശേഷം 8 അധ്യായം 4 - 15 വരെയുള്ള വാക്യങ്ങളാണ് നമ്മുടെ ധ്യാന വിചിന്തന ഭാഗം. പലസ്തീനയിലെ കൃഷിരീതിയെ ഉപജീവിച്ച് ദൈവരാജ്യത്തെ കുറിച്ച് പഠിപ്പിക്കുന്ന യേശുവിനെയാണ് ലൂക്കാ സുവിശേഷകൻ പരിചയപ്പെടുത്തുന്നത്. ഈ വചനത്തിൻ്റെ പശ്ചാത്തലം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഈശോ സിനഗോഗുകളിൽ നിന്ന് പുറത്താക്കപ്പെട്ടരിക്കുന്നു. ഫരിസേയരും നിയമജ്ഞരും മതനേതാക്കന്മാരും ഈശോയ്ക്ക് എതിരായിരുക്കുന്നു. ഈ സാഹചര്യത്തിൽ ധൈര്യം ചോർന്നു പോയ തൻറെ ശിഷ്യരെ ബലപ്പെടുത്താനാണ് മിശിഹാ ഇത് പറയുന്നത്. എതിരാളികളും തിരിച്ചടികളും നിരുത്സാഹപ്പെടുത്തലുകളും ഉണ്ടാകാം. എന്നാൽ നിരാശപ്പെടരുത്, തീർച്ചയായും വിളവെടുപ്പ് നടക്കുക തന്നെ ചെയ്യുമെന്ന് ഉറപ്പു നൽകുകയാണ് നാഥൻ. വിതക്കാരൻ്റെ ഉപമ എന്നീ ഉപമയെ വിളിക്കുന്നതിനേക്കാൾ വിതക്കപ്പെട്ട വിത്തിൻ്റെ ഉപമ എന്നു വിളിക്കുന്നതായിരിക്കും കൂടുതൽ ഉചിതം എന്നാണ് വ്യാഖ്യാതാക്കൾ പലരും അഭിപ്രായപ്പെടുന്നത്. വിവിധ ഇടങ്ങളിൽ വീണ വിത്തിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
നാല് നിലങ്ങളെ കുറിച്ച് നാം ഇവിടെ കാണുന്നുണ്ട് ഉണ്ട്. വഴിയരിക്, പാറപ്പുറം, മുൾചെടികൾക്കിടയിൽ, നല്ല നിലം. ഒന്നാമതായി രക്ഷാകരമായ വിശ്വാസമില്ലാത്തവർ. വചനം ശ്ര വിച്ചിട്ട് അതിന് രക്ഷാകരമായി പ്രതികരിക്കുവാൻ കഴിയുന്നതിന് മുമ്പ് ദുഷ്ടആത്മാവ് അതിനെ മാറ്റി കളയുന്നു. രണ്ടാമതായി വചനം ശ്രമിച്ചെങ്കിലും പ്രലോഭനസമയത്ത് വീണു പോകുന്നവരാണ്. മൂന്നാമതായി വചനം ശ്രവിച്ചു വിശ്വാസത്തോടെ പ്രതികരിച്ചു എങ്കിലും പ്രലോഭനങ്ങളിൽ വീണ് ആ പ്രതികരണം നഷ്ടപ്പെടുത്തുന്നു. ലൗകിക താൽപര്യങ്ങൾ അവരുടെ ശ്രെദ്ധ ദൈവവചനത്തിൽ നിന്ന് അകറ്റി കളയുന്നു. ദൈവവചനത്തെ തുറവിയോടെ സ്വീകരിക്കുന്ന നാലാമത്തെ ഗണമാണ് ക്രിസ്തീയതയിൽ വളർന്നു ധാരാളം ഫലം പുറപ്പെടുവിക്കുന്നത്. ഈ നാലാമത്തെ ഗണം ദൈവവചന ശ്രോതാക്കളെയാണ് ക്രിസ്തീയ സമൂഹങ്ങൾക്ക് മാതൃകയായി ലൂക്കാ അവതരിപ്പിക്കുന്നത്.
യേശു പറഞ്ഞ ഉപമയുടെ അർത്ഥം കൃത്യമായി മനസ്സിലാക്കാതെ ഇരുന്ന ശിഷ്യൻമാർ വിശദീകരണം വേണമെന്ന ആവശ്യവുമായി അവനെ സമീപിക്കുന്നു. തൻറെ ശിഷ്യന്മാർക്ക് കരഗതമായിരിക്കുന്ന അസാധാരണ ഭാഗ്യമാണ് ഈശോ പ്രസംഗിക്കുന്ന ദൈവരാജ്യത്തിൻറെ രഹസ്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുക എന്ന് അവിടുന്ന് അവരെ ഓർമ്മിപ്പിക്കുകയാണ്. ദൈവത്തിൽ നിന്ന് പ്രചോദനം ലഭിച്ചാൽ മാത്രമേ ദൈവരാജ്യത്തെ കുറിച്ച് ഈശോ പഠിപ്പിക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളൂ. ജനക്കൂട്ടത്തിന് ലഭിക്കാത്ത ഈ ദൈവിക പ്രചോദനമാണ് തൻറെ ശിഷ്യന്മാർക്ക് ലഭിക്കുന്നതെന്ന് ഈശോ അവരെ ഓർമിപ്പിക്കുകയാണ്. കാരണം അവരെ യേശു വിളിച്ച് ദൈവരാജ്യത്തിനുവേണ്ടി വേർതിരിച്ചതാണു. അത് ഗ്രഹിക്കാൻ കഴിയാത്തവർക്ക് അങ്ങനെ സംഭവിച്ചത് അവരുടെ തിരസ്കരണമനോഭാവം കൊണ്ടാണ്. അവരുടെ എതിർപ്പിൻ്റെ മനോഭാവം ദൈവകൃപ അവരിലേക്ക് ഒഴുകിയെത്തുന്നത് തടസ്സപ്പെടുത്തി. ഈശോയുടെ സന്ദേശം സ്വീകരിക്കാനുള്ള സന്നദ്ധതയാണ് ദൈവകൃപ ലഭിക്കാനുള്ള മാനദണ്ഡം ആയി ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
ദൈവിക വെളിപാടുകൾക്ക് നേരെ ഒരാളുടെ ഹൃദയം തുറക്കാതിരിക്കുന്നതും പശ്ചാത്തപിക്കാൻ തയ്യാറാകാതെ ഇരിക്കുന്നതും വഴി ഈശോയുടെ സന്ദേശം തിരസ്കരിക്കുന്ന അവർ കുറ്റക്കാരായി തീരുകയും ചെയ്യുന്നു. യഹൂദരുടെ കുറ്റകരമായ വിശ്വാസത്തെയാണ് സുവിശേഷകൻ ഇവിടെ എടുത്തു കാണിക്കുന്നത്. ദൈവവചനത്തിൻ്റെ അർത്ഥം മനസ്സിലാക്കാൻ തെല്ലും താല്പര്യം കാണിക്കാത്ത ഒരു ജനതയെയാണ് യേശു കണ്ടുമുട്ടിയത്. വചനം ശ്രവിക്കാനും വിശ്വസിക്കാനും ചിന്തിച്ചു തീരുമാനമെടുക്കാനും ആഹ്വാനംചെയ്യുന്ന യേശുവിനെ പൊതുജനം അവഗണിച്ചു. അലക്സാണ്ട്രിയയിലെ ക്ളെമെൻറ് പറയുന്നു “മനുഷ്യനിലെ ആന്തരിക നിലങ്ങളിൽ കൃഷി ഇറക്കുന്നവൻ ഒരുവൻ മാത്രം. വിളവിൽ കൂടുതലും കുറവും വചനത്തെ സ്വീകരിച്ച സ്ഥലകാലങ്ങളെ ആശ്രയിച്ചിരിക്കുന്നു.” വചനം ഉൾക്കൊണ്ട് ദേവാലയത്തിൽ നിന്നും പുറത്തു കടക്കുന്ന നിമിഷത്തിൽ തന്നെ നാം ദിവ്യ പ്രബോധനങ്ങൾ എല്ലാം മറക്കുകയും പതിവ് ജീവിതശൈലിയിൽ വ്യാപരിക്കുകയും ചെയ്യുന്നു. ക്രൈസ്തവ വിശ്വാസത്തിനു പ്രശ്നങ്ങൾ നേരിടാത്ത കാലത്തോളം പരീക്ഷണങ്ങൾ ഉണ്ടാകാത്ത കാലത്തോളം കഷ്ടി വിശ്വാസമുണ്ടെന്ന് തരത്തിൽ നാം ജീവിച്ചുപോകുന്നു. എന്നാൽ മതഞെരുക്കങ്ങൾ ഉണ്ടാവുകയും രക്ഷകനെ, സഭയെ, സത്യ വിരോധികൾ ആക്രമിക്കുകയും ചെയ്യുമ്പോൾ ഹൃദയം പ്രതിരോധം തീർക്കാൻ നാം അശക്തരാകുന്നു. “മനസ്സ് പരിചകൾ വലിച്ചെറിഞ്ഞ ഓടി രക്ഷപ്പെടുന്നു” അലക്സാണ്ട്രിയയിലെ സിറിളിൻ്റെ ഈ വാക്കുകൾ ശ്രദ്ധേയമാണ്.
“എൻറെ വചനം വൃഥാ മടങ്ങി വരില്ല” എന്ന് ഏശയ്യാ പ്രവാചകൻറെ പുസ്തകം 55 ആം അധ്യായം 11 ആം വാക്യം നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്. വിത്തുകളിൽ നാലിലൊന്ന് നൂറുമേനി ഫലം പുറപ്പെടുവിച്ചത് മായി തുലനം ചെയ്യുമ്പോൾ നഷ്ടപ്പെട്ടത് കേവലം നിസ്സാരമാണ്. സുവിശേഷത്തിന് ഭാവിയിൽ ലഭിക്കാനിരിക്കുന്ന വിജയമായി ലൂക്കാ ഇതിനെ കാണുന്നു. പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഉണ്ടായാലും വചനത്തിന് അന്തിമ വിജയം ലഭിക്കും. “നന്മയായി ഉള്ളതെല്ലാം വിതയ്ക്കുന്നത് ഈശോയാണ്. നമ്മൾ അവിടുത്തെ നിലവും ആണ്. ആത്മീയ ഫലങ്ങളുടെ വിളവെടുപ്പ് മുഴുവൻ അവനിലൂടെയും അവനിൽ നിന്നുമാണ്” എന്ന് അലക്സാണ്ട്രിയയിലെ സിറിൽ പറയുന്നു. യുദാസിനെയും അനനിയാസ് - സഫിറാ ദമ്പതികളേയും പോലെ ആയിത്തീരാൻ നമുക്ക് ഇടയാകാതിരിക്കട്ടെ. ജീവിത ക്ലേശങ്ങൾ, ജീവിത പ്രാരാബ്ദങ്ങൾ, ജോലിഭാരം, മാറാരോഗങ്ങൾ, ആപത്തുകൾ, ലൗകിക വ്യഗ്രത, സമ്പത്ത്, സുഖഭോഗങ്ങൾ എന്നിവ നാം സ്വീകരിച്ച വചനത്തെ ഞെരുക്കി കളയാറുണ്ടോ എന്ന് നമുക്ക് ചിന്തിക്കാം.
സ്വർഗ്ഗരാജ്യത്തിലെ രഹസ്യങ്ങൾ അറിയാനുള്ള കഴിവ് വിശ്വാസത്തെ ആശ്ലേഷിച്ച് നമുക്കാണ് നൽകപ്പെട്ടിരിക്കുന്നത്. അപ്രേം പറയുന്നതുപോലെ “നല്ല നാഥൻ തൻ്റെ കരുണ നമുക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്.” നൂറുമേനി ഫലം പുറപ്പെടുവിക്കാൻ ശക്തിയുള്ള വിത്താണ് എല്ലായിടത്തും വിതക്കപ്പെട്ടത്. ആവേശത്തിന് വചനം സ്വീകരിച്ചാൽ പോരാ എല്ലാ സാഹചര്യത്തിലും ദൈവവചനം ഹൃദയത്തിൽ സംഗ്രഹിച്ച ക്ഷമയോടെ കാത്തു നിന്നാൽ മാത്രമേ നൂറുമേനി ഫലം പുറപ്പെടുവിക്കാൻ സാധിക്കു എന്ന് നമുക്ക് മറക്കാതിരിക്കാം. നമ്മൾ സമർഥരായ കൃഷിക്കാരെ പോലെ ക്ഷമാപൂർവ്വം മുള്ളുകൾ എടുത്തുകളയുകയും മുറിപ്പെടുത്തുന്നവയെ തിരുത്തുകയും വേണം. ദൈവീകവിത്ത് നമ്മിൽ മുളച്ച് വളർന്ന് പൂത്തുലയാൻ നമ്മുടെ മനസ്സിനെ ലൗകിക വ്യഗ്രതയിൽ നിന്നും ധനസമ്പാദന ചിന്തയിൽ നിന്നും നമ്മൾ വിമുക്തമാക്കണം. അങ്ങനെ ഒരുക്കപ്പെട്ട ചാലുകളിൽ നമ്മൾ വിതയ്ക്കണം. ഒരിജൻ പറയുന്നു “പ്രഘോഷിക്കപ്പെടുന്ന വചനങ്ങൾ നമ്മുടെ കാതുകളിൽ അമർന്നു വീണ് ആഴമേറിയ വേരുകൾ രൂപപ്പെടുത്തി ഫലങ്ങൾ പുറപ്പെടുവിക്കുകയും ഭാവി പ്രവർത്തികൾ ഉള്ള വിത്തിനു രൂപം നൽകുകയും ചെയ്യുന്നു.” നമുക്ക് ഉള്ളുതുറന്ന് ദൈവികവചനത്തെ സ്വീകരിക്കാം. ഉഴുതു ഒരുക്കിയ ഫലപുഷ്ടി നിറഞ്ഞ മണ്ണ് പോലെ ആയി തീർന്നു അക്ഷയ ജീവനിലേക്ക് നമ്മെ ഉയർത്തുന്ന ഫലങ്ങൾ ദൈവത്തിനായി പുറപ്പെടുവിക്കാം.
ഈ വിചിന്തനത്തിന് അവസാനം എന്റെ ഹൃദയ വയലുകളെ പാഴ്നിലങ്ങളിൽ ആക്കുന്ന തിന്മകൾ ഏതെല്ലാം എന്ന് നമുക്ക് ആത്മശോധന ചെയ്ത് കണ്ടെത്താം. വചനമാകുന്ന വിത്തിന് നൂറുമേനി ഫലം പുറപ്പെടുവിക്കാൻ എന്നിൽ തടസ്സമായി നിൽക്കുന്ന മുൾച്ചെടികൾ ഏതെല്ലമെന്നു ഞാൻ തിരിച്ചറിയുന്നുണ്ടോ? തിരിച്ചറിവുണ്ടായാൽ മാത്രം പോരാ മുൾചെടികളെ നീക്കിക്കളയാൻ ദൃഢമായ തീരുമാനങ്ങൾ ഞാൻ എടുക്കുന്നുണ്ടോ? അനുദിന വചന വിചിന്തനത്തിലൂടെ ഞാൻ എടുക്കുന്ന തീരുമാനങ്ങളിൽ എത്രത്തോളം ഞാൻ ഉറച്ചുനിന്ന് എന്റെ കർത്താവിനോട് ഞാൻ വിശ്വസ്തത പാലിക്കുന്നുണ്ട്? ഒരുപക്ഷേ ഈ കോവിഡ് കാലത്തു നമ്മെ കാത്തു പരിപാലിക്കുന്ന തമ്പുരാന്റെ
വചനത്തെ ഏറെ സ്വസ്ഥമായി നമ്മുടെ ഹൃദയങ്ങളിലേക്ക് പാകുവാനുള്ള നല്ലൊരു സമയം എത്രത്തോളം നന്നായി വിനിയോഗിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ട് എന്നത് നാം ഓരോരുത്തരും ചിന്തിക്കുകയും ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യാം. എല്ലാവർക്കും ദൈവാനുഗ്രഹപ്രദമായ ഒരു ദിനം ആശംസിക്കുന്നു.
Bro Thennattil Mathew (tony) tonyjose19@gmail.com