ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,
വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന ഈ ദിനത്തിൽ, തിരുസഭാ മാതാവ് വചന വിചിന്തനത്തിനായി നമ്മുക്ക് നല്കിയിരിക്കുന്ന വചനഭാഗം- അപ്പം വർദ്ധന, വെള്ളത്തിന് മീതെയുള്ള നടത്തം, ജീവന്റെ അപ്പത്തെ കുറിച്ചുള്ള പ്രഭാഷണം, ജീവന്റെ അപ്പതോടുള്ള മനുഷ്യന്റെ പ്രതികരണം- ഇത്രയും കാര്യങ്ങളാണ് ഈ അധ്യായത്തിൽ നാം കാണുന്നത്.
സമരക്കാർക്ക് ജീവജലം വാഗ്ദാനം ചെയ്ത യേശു ഇവിടെ വിശ്വസിക്കുന്ന എല്ലാവർക്കും ജീവന്റെ അപ്പം വാഗ്ദാനം ചെയ്യുന്നു. പാറയിൽ നിന്ന് ജലവും മരുഭൂമിയിൽ നിന്ന് മന്നാ എന്ന അപ്പവും കൊടുത്ത മോശയെ യഹൂദർ ഓർക്കുന്നു. എന്നാൽ മോശയെ കാൾ ഉയർന്നവൻ ആയ യേശു നൽകുന്ന അപ്പം ഭക്ഷിക്കുന്നവർ മരിക്കുകയില്ല എന്ന് വ്യക്തമായ സന്ദേശം ഇവിടെ നൽകപ്പെടുന്നു. എന്താണ് ജീവന്റെ അപ്പം? അത് ഭക്ഷിക്കുന്നവർ മരിക്കുകയില്ല എന്ന് പറഞ്ഞതിന് അർത്ഥം എന്ത്? തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിക്കുന്ന അപ്പത്തിന് അധ്യായമായ വിശുദ്ധ യോഹന്നാൻ 6:51-64 ആണ്.
കാൽവരിയിൽ മനുഷ്യ രക്ഷയ്ക്ക് വേണ്ടി മുറിപ്പെട്ട ശരീരവും ചിന്തപ്പെട്ട രക്തവുമാണ് കൗദാശികമായി ഇന്ന് ഓരോ അൾത്താരയിലും മുറിയപെടുന്നതും ചിന്തപെടുന്നതും, ഈ അപ്പമാണ് നാം ഭക്ഷിക്കുന്നത്. 51-നം തിരുവചനം ഇതു വ്യക്തമാക്കി തരുന്നുണ്ട്.
ഈ അപ്പത്തിന് വേണ്ടിയുള്ള വിശപ്പാണ് ഓരോ വിശ്വാസിക്കും പ്രത്യേകിച്ച് നമുക്കോരോരുത്തർക്കും ഉണ്ടാകേണ്ടത്. ഏത് വിശപ്പിനും സംതൃപ്തി നൽകുവാൻ ഒരുവനു മാത്രമേ സാധിക്കൂ എന്ന സത്യം സ്വീകരിക്കുവാനും വിശ്വസിക്കുവാനും നമുക്ക് സാധിക്കണം. അവൻ ക്രിസ്തുവാണ് എന്ന യാഥാർത്ഥ്യം നാം ഉൾക്കൊള്ളണം. കാണുന്ന അത്ഭുതങ്ങളുടെ പിന്നാലെ കാര്യസാധ്യത്തിനുവേണ്ടി പായുമ്പോൾ വിവേകവും വിവേചനവും നാം പുലർത്തേണ്ടിയിരിക്കുന്നു. ഏറ്റവും വലിയ അത്ഭുതം വിശുദ്ധ കുർബാനയാണ് എന്ന യാഥാർത്ഥ്യം നാം മനസ്സിലാക്കണം. എല്ലാ മാനുഷിക ആവശ്യങ്ങളും ആഗ്രഹങ്ങളും ദൈവത്തിന്റെതാക്കി മാറ്റുവാൻ ശക്തമായതാണ് പരിശുദ്ധ കുർബാന എന്ന യാഥാർഥ്യം മനസ്സിലാക്കുക. പരിശുദ്ധ കുർബാനയിൽ മിശിഹായുടെ ശരീരത്തോടും രക്തത്തോടും ചേർന്ന് നമ്മുടെ ശരീരരക്തങ്ങൾ പിതാവായ ദൈവത്തിന് അർപ്പിച്ചും മിശിഹായുടെ ശരീരരക്തങ്ങൾ ഭക്ഷിച്ചും പാനം ചെയ്തും മിശിഹാ യോട് ഐക്യപ്പെടുന്നവർക്ക് അത് ജീവൻ പ്രദാനം ചെയ്യുന്ന അപ്പമായി തീരും.
ഈ വചന ഭാഗത്തിലൂടെ പരിശുദ്ധ കുർബാനയുടെ പ്രാധാന്യവും കൗദാശിക മായ അവിടുത്തെ സജീവ സാന്നിധ്യവും വിശ്വാസത്തിന്റെ കണ്ണുകളോടെ നോക്കി കാണുവാൻ ഈശോ നമ്മെ ക്ഷണിക്കുകയാണ്. അന്ന് കാൽവരിയിൽ മുറിപ്പെട്ട ശരീരവും ചിന്തപ്പെട്ട രക്തവും ഇന്ന് ഓരോ അൾത്താരയിലും കൗദാശിക മായി പുനർ ആവിഷ്കരിക്കുമ്പോൾ വിശ്വാസത്തിന്റെ സമർപ്പണത്തോടെ ഈ രഹസ്യത്തിലേക്ക് കടന്നു ചെല്ലുവാൻ ഈശോ ആവശ്യപ്പെടുകയാണ്. അപ്പോൾ പരിശുദ്ധ കുർബാന നമുക്ക് നിത്യജീവനും ഉത്ഥാനത്തിനും ദൈവത്തിലുള്ള സഹവാസത്തിന് ഉറവിടമായി തീരും. ജീവന്റെ അപ്പത്തെ കുറിച്ചുള്ള പ്രഭാഷണം അസ്വീകാര്യമായ തീർന്നതിനാൽ അനേകംപേർ ഈശോയെ വിട്ടുപോയി. ജീവന്റെ അപ്പം എന്ന ദൈവിക രഹസ്യത്തെ ഉൾക്കൊള്ളുവാൻ കഴിയാതെ പോയതിന് കാരണം ഈ രഹസ്യ തോടുള്ള നമ്മുടെ വെറും മാനുഷികമായ സമീപനം ആണ്. പരിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ക്രിസ്തീയജീവിതം വേണ്ടവിധം നയിക്കുവാൻ നമുക്ക് കഴിയണം എങ്കിൽ നാം പരികർമ്മം ചെയ്യുന്ന രഹസ്യങ്ങളെ ഉറച്ച വിശ്വാസത്തോടെ തികഞ്ഞ സ്നേഹത്തോടെ സമീപിക്കണം. കലുഷിതമായ ഈ കാലഘട്ടത്തിൽ കുർബാന നഷ്ടപ്പെടുന്ന അവസരങ്ങൾ ആഘോഷമാക്കി എടുക്കുന്ന സമൂഹത്തിൽ ജീവിക്കുമ്പോൾ ഓരോ അനുദിന ജീവന്റെ മന്ന നഷ്ടപ്പെടുമ്പോൾ സ്വന്തം ക്രിസ്തുവിനെ എന്റെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തുന്ന അനുഭവത്തിലേക്ക് വളർന്നു വരുവാൻ ഓരോ ക്രൈസ്തവനും പ്രത്യേകിച്ച് സെമിനാരി കാരൻ എന്ന നിലയിൽ എനിക്കും സാധിക്കുന്നുണ്ടോ ക്രിസ്തുവിൽ ഇല്ലാത്ത ജീവിതം അർത്ഥശൂന്യം ആണെന്ന് മനസ്സിലാക്കുവാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കണം അങ്ങനെ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന ഈ അവസരത്തിൽ എങ്കിലും വിശുദ്ധ കുർബാനയുടെ മാധുര്യം ആസ്വദിക്കുവാൻ സർവേശ്വരാ ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കാം.
പരിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന അവസരത്തിൽ നമുക്ക് ചിന്തിക്കാം എന്റെ ഈ ജീവിതത്തിൽ പരിശുദ്ധ കുർബാനയുടെ സ്ഥാനമെന്ത്?
ഓരോ പരിശുദ്ധ കുർബാനയും എനിക്ക് അനുഭവമായി തീരാറുണ്ടോ?
കലുഷിതമായ ഈ കാലഘട്ടത്തിൽ വിശുദ്ധ കുർബാനയ്ക്ക് എന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകുവാൻ സാധിക്കുന്നുണ്ടോ?
ആമ്മേൻ
Bro. madathil joseph (jismon)
Good Shepherd Major Seminary
Kunnoth
Tags:
വചന വിചിന്തനം