Jn 6:37-44
ഈശോമിശിഹായ്ക്ക്
സ്തുതിയായിരിക്കട്ടെ. വി. യോഹന്നാൻ അറിയിച്ച സുവിശേഷം ആറാം അദ്ധ്യായം 37 മുതൽ 44 വരെയുള്ള വാക്യങ്ങളാണ് നാളത്തെ നമ്മുടെ ധ്യാന വിചിന്തന വിഷയം. ജീവന്റെ അപ്പത്തെപറ്റി ഉള്ള പ്രബോധനമാണ് നാം ഇവിടെ കാണുക. പിതാവ് പുത്രന് നൽകിയിരിക്കുന്ന ആരെയും പുത്രൻ തിരസ്കരിക്കുകയില്ല. കാരണം പുത്രൻ ഈ ലോകത്തിലേക്ക് വന്നിരിക്കുന്നത് പിതാവിന്റെ ഇഷ്ടം നിറവേറ്റാനാണ്. തന്റെ മനുഷ്യാവതാര ത്തിന്റെ ലക്ഷ്യം പോലും പിതാവിന്റെ ഇഷ്ടം നിറവേറ്റുക എന്നതാണ് എന്ന് ഈശോ വ്യക്തമാക്കുകയാണ്. ആരും നശിച്ചു പോകാതെ അവസാന വിധി ദിവസം ഉയർപ്പിക്കപെടണമെന്നാണ് പിതാവ് ആഗ്രഹിക്കുന്നത്.എല്ലാ മനുഷ്യരെയും തുല്യരായി കാണുന്ന മനോഭാവമാണ് പിതാവിന് ഉള്ളത് നമ്മുടെ ജീവിതത്തിലുംആരോടും യാതൊരു വിവേചനവും കൂടാതെ പെരുമാറുവാൻ നമുക്ക് സാധിക്കണം. അവിടുത്തെ അടുത്ത് അനുഗമിക്കാൻ വിളിക്കപ്പെട്ടിരുന്ന നമുക്കും ഈ മനോഭാവം സ്വന്തമാക്കാൻ സാധിക്കണം. ആറാം അധ്യായം 39, 40 വാക്യങ്ങളിൽ നീതിമാന്മാരുടെ ഉയിർപ്പ് മാത്രമേ സൂചിപ്പിക്കുന്നുള്ളൂ. എന്നാൽ അഞ്ചാം അധ്യായം 28ാം വാക്യത്തിൽ മരിച്ചവർ എല്ലാവരുടെയും ഉയർപ്പിനെ പറ്റിയാണ് പറയുന്നത്. പുത്രനെ കാണുകയും അവനെ വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവർക്കും നിത്യജീവൻ ലഭിക്കണമെന്നാണ് പിതാവ് ആഗ്രഹിക്കുന്നത്. അതിനാൽ അങ്ങനെയുള്ളവരെ പുത്രൻ അവസാന ദിവസം ഉയിർപ്പിക്കും. പല പ്രതിസന്ധിഘട്ടങ്ങളിലും നാം പലപ്പോഴും ദൈവത്തെ തള്ളി പറയാൻ ഇടയായിട്ടുണ്ടോ എന്ന് നമുക്ക് ചിന്തിച്ചു നോക്കാം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ നമുക്ക് അവിടുത്തോട് മാപ്പ് ചോദിക്കാം.
ആറാം അധ്യായം 41ാം വാക്യത്തിൽ യഹൂദർ സൂചിപ്പിക്കുന്നത് ഗലീലിയിൽ ഈശോയെ എതിർക്കുന്നവരെയാണ്. "സ്വർഗ്ഗത്തിൽ നിന്നിറങ്ങി വന്ന ജീവന്റെ അപ്പം ഞാനാണ് "എന്ന് ഈശോ പറഞ്ഞത് സ്വീകരിക്കാൻ അവർ തയ്യാറായില്ല. ഈ പ്രസ്താവനയെ തള്ളിക്കളയാൻ ഈശോയുടെ കുടുംബബന്ധങ്ങളെയാണ് അവർ എടുത്തു കാണിക്കുന്നത്. ഈശോയുടെ സ്വർഗ്ഗീയ ബന്ധം അംഗീകരിക്കാൻ അവർ തയ്യാറായില്ല. നമ്മുടെ ജീവിതത്തിലും നാം നേരിടേണ്ടി വന്നിട്ടുള്ള ഒരു പ്രതിസന്ധിയാണ് ഇത്. കേവലം നശ്വരമായ ഭൗതിക വസ്തുക്കൾക്ക് അനശ്വരമായ സ്വർഗീയ കാര്യങ്ങളേക്കാൾ പ്രാധാന്യം നൽകുക എന്നത്. എല്ലാത്തിനും ഉപരിയായ സ്ഥാനം അത് ദൈവത്തിന്ന് മാത്രം അർഹതപ്പെട്ടതാണ്. ആ സ്ഥാനം ദൈവത്തിന് നൽകിക്കൊണ്ട് ജീവിക്കാൻ ഈ ശ്ലീഹാ കാലത്തിൽ ക്രിസ്തു ശിഷ്യരാകാൻ വിളിക്കപ്പെട്ട നമ്മെ ഓരോരുത്തരെയും അവിടുന്ന് സഹായിക്കട്ടെ.
ആമേൻ
Bro. kureekattil (delbin)
Good Shepherd Major Seminary
Kunnoth
Tags:
വചന വിചിന്തനം