....................
വി.യോഹ: 6:64-71
...............................
.ഈശോ മിശിഹായിൽ സ്നേഹിക്കപ്പെടുന്നവരെ , ഇന്നത്തെ ധ്യാന വിചിന്തനത്തിനായി തിരുസഭാ മാതാവ് നമുക്ക് നൽകിയിരിക്കുന്നത് വി.യോഹന്നാൻ്റെ സുവിശേഷം 6 അദ്ധ്യായം 64 മുതൽ 71 വരെയുള്ള വാക്യങ്ങളാണ്.ക്രിസ്തു തെരഞ്ഞെടുത്ത ശിഷ്യന്മാരിൽ ചിലർ അവനെ വിശ്വസിച്ചില്ലെന്നും അവനെ ഒറ്റിക്കൊടുക്കാൻ ഇരുന്നവൻ ആരെന്ന് അവൻ ആദ്യം മുതലേ അറിഞ്ഞിരുന്നുവെന്നുമുള്ള പ്രസ്താവനയോടെയാണ് പ്രസ്തുത സുവിശേഷ ഭാഗം ആരംഭിച്ചിരിക്കുന്നത്. പിതാവിൽ നിന്ന് വരം ലഭിച്ചവർക്കല്ലാതെ മറ്റാർക്കും അവൻ്റെ സന്നിധിയിലേക്കെത്തിപ്പെടുക സാധ്യമല്ലായെന്ന ക്രിസ്തു മൊഴികൾ അനേകരവനെ വിട്ടു പോകാൻ ഇടവരുത്തിയെന്ന് സുവിശേഷകൻ ഇവിടെ രേഖപ്പെടുത്തുന്നു. 61-ാം വാക്യത്തിൽ തൻ്റെ വചനത്തെ ഉൾക്കൊള്ളാൻ കഴിയാത്തതു നിമിത്തം പ്രതിഷേധിക്കുന്ന ശിഷ്യരോട് തൻ്റെ വചനം ഇടർച്ചയ്ക്ക് കാരണമാകുന്നുണ്ടോ എന്ന ക്രിസ്തുവിൻ്റെ ചോദ്യത്തിനുള്ള ശിഷ്യരുടെ പ്രത്യുത്തരമായി ഈ ഉപേക്ഷിച്ചു പോകലിനെ മനസ്സിലാക്കാവുന്നതാണ്.ഇവിടെ 64-ാം വാക്യം സംശോധകർ കൂട്ടിച്ചേർത്തതാകാമെന്ന് വ്യാഖ്യാതാക്കൾ കരുതുന്നു. തന്നെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസിൻ്റെ തിരഞ്ഞെടുപ്പും ദൈവീക പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും അല്ലാതെ അത് ആകസ്മികമായി സംഭവിച്ചതല്ലായെന്നുമുള്ള വസ്തുതയെ സാധൂകരിക്കാനാണ് ഇപ്രകാരം ഒരു വാക്യം ഇവിടെ ബോധപൂർവ്വം എഴുതിച്ചേർത്തിരിക്കുന്നത്. അല്ലാത്തപക്ഷം യേശുവിന് ദൈവീക ജ്ഞാനമില്ലായെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കപ്പെടുവാൻ ഇടയുണ്ട്. യേശുവിൻ്റെ അനുയായികൾ അവനെ വിട്ടു പോയതിനെക്കുറിച്ച് പരാമർശിച്ച ശേഷം സമാന്തര സുവിശേഷകർ രേഖപ്പെടുത്തിയതുപോലെ കേസറിയ ഫിലിപ്പിയിൽ വച്ച് പത്രോസ് നടത്തിയ വിശ്വാസ പ്രഖ്യാപനത്തോട് സാദൃശ്യമുള്ള വി.പത്രോസിൻ്റെ വിശ്വാസ പ്രഖ്യാപനമാണ് വി.യോഹന്നാൻ ഇവിടെ ചേർത്തിരിക്കുന്നത്.ഇവിടെ ക്രിസ്തു തന്നെ വിട്ടു പോകാനുള്ള സ്വാതന്ത്ര്യം ശിഷ്യന്മാർക്ക് നൽകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. തൻ്റെ ശിഷ്യരുടെ വ്യക്തിസ്വാതന്ത്ര്യത്തെ അവൻ എത്രത്തോളം ബഹുമാനിച്ചിരുന്നുവെന്ന വസ്തുതയാണ് ഇതിൽ നിന്നും നാo മനസ്സിലാക്കേണ്ടത്.നിർബന്ധങ്ങളോ ശാഠ്യങ്ങളോ അല്ല ശിക്ഷ്യത്വത്തിൻ്റെ അളവുകോലെന്നും മറിച്ച് സ്നേഹത്തിൽ നിന്നും രൂപപ്പെടുന്ന സമ്പൂർണ്ണ സമർപ്പണമാണ് ശിഷ്യത്വത്തിന് അഴകും ആഴവും നൽകുന്നതെന്നും ഈ വചന ഭാവം നമ്മെ ഓർമ്മപ്പെടുത്തുന്നു. ലോകത്തിൻ്റെ വശ്യമായ ആകർഷണങ്ങളെ ആഗ്രഹിക്കുന്നവർക്ക് ക്രിസ്തു ശിഷ്യനാവുകയെന്നത് അസാധ്യമാണ്. പരിഭവങ്ങളും പരാതികളും കൂടാതെ ക്രിസ്തുവിനെ സ്നേഹിക്കുന്നവർക്ക് മാത്രമേ ദൈവവിളിയുടെ മഹത്വം ഉൾക്കൊള്ളാനാവു. അല്ലാത്തപക്ഷം അവൻ്റെ വചനത്തിൻ്റെ ആഴം ആസ്വദിക്കാൻ കഴിയാത്ത ശിഷ്യരെപ്പോലെ അവനിൽ നിന്ന് ഇടറി അകലാനുള്ള പ്രലോഭനമുണ്ടായേക്കാം. യൂദാസിനുണ്ടായത് ഇത്തരത്തിലുള്ള പ്രലോഭനമായിരുന്നു. അതിനാൽ ക്രിസ്തു ശിഷ്യനാകാൻ ആഗ്രഹിക്കുന്നവൻ പത്രോസിനുണ്ടായിരുന്ന ആന്തരിക പ്രഭ സ്വായക്തമാക്കാൻ ശ്രമിക്കണം."നിങ്ങളും പോകാൻ ആഗ്രഹിക്കുന്നോ " എന്ന ക്രിസ്തു മൊഴികളോട് പത്രോസ് പ്രത്യുത്തരിച്ചത് ശ്രദ്ധിക്കുക " ഞങ്ങൾ എവിടെ പോകും, നിത്യ ജീവൻ്റെ വചനം നിൻ്റെ പക്കലുണ്ട്, നീയാണ് ദൈവത്തിൻ്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നു." ഇവിടെ യൂദാസിൻ്റെ ഇടറിപ്പോയ ശിഷ്യ സങ്കല്പ്പത്തിന് ബദലായി വിശ്വാസത്തിൻ്റെ തീക്കനലിൽ ശുദ്ധീകരിക്കപ്പെട്ടതും സ്ഫുടം ചെയ്യപ്പെട്ടതുമായശിഷ്യത്വത്തെ അവതരിപ്പിക്കുകയാണ് വി.യോഹന്നാൻ. പ്രിയപ്പെട്ടവരെ ദൈവവിളിയുടെ പാതയിൽ സഞ്ചരിക്കുന്ന നമുക്ക് ഈ വചനഭാഗം വലിയ ഉൾക്കാഴ്ച നൽകുന്നുണ്ട്. ശിഷ്യത്വമെന്നത് വിശ്വാസത്തിൻ്റെ ഉലയിലുരിക്കിയ സ്വർണ്ണം പോലെയാണ്. അത് തിക്താനുഭവങ്ങളുടെ ഉള്ളുരുക്കത്തിലൂടെ യാത്ര ചെയ്യുന്ന ക്രിസ്തു ശിഷ്യനു മാത്രമെ ശിഷ്യത്വത്തിൻ്റെ ആന്തരിക പ്രഭ ഉൾക്കൊള്ളാൻ കഴിയു. പ്രാർത്ഥനയുടെ പിൻബലം അതിന് അനിവാര്യമാണ്. കുരിശിൻ്റെ ഭോഷത്വം ഉൾക്കൊള്ളാനുള്ള ധൈര്യവും ക്രിസ്തു മൊഴികളെ നെഞ്ചിലേറ്റാനുള്ള കരളുറപ്പും, തൻ്റേടവുമാണ് ഒരു ക്രിസ്തു ശിഷ്യനെ ലോകത്തിൻ്റെ ക്ഷണിക സൗന്ദര്യത്തിൽ നിന്നും അതിൻ്റെ ആസ്ക്തികളിൽ നിന്നും വിമോചിപ്പിച്ച് നസ്രത്തിലെ തച്ചൻ്റെ കാഠിന്യമേറിയതും. രക്താഭിക്ഷിക്തവുമായ കുരിശിൻ്റെ ബലിയോർമ്മകളോട് ചേർത്തുനിർത്തുന്നതും മറ്റുള്ളവർക്കുള്ള യഥാർത്ഥ ബലിയാടായി നമ്മെ രൂപാന്തരപ്പെടുത്തുന്നതും. അതിനാൽ ക്രിസ്തുവിലേക്കു ആ പരകായ പ്രവേശത്തിനായ് നമ്മെ തന്നെ വെട്ടിയൊരുക്കനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം. അവൻ്റെ വചനത്തിൽ ഇടറിപ്പോയ സമർപ്പിത ജീവിതങ്ങൾ മാനസാന്തരപ്പെടുന്നതിനായും അവൻ്റെ ശിഷ്യത്വത്തിൽ ജീവിക്കുന്നവരും അത് സ്വീകരിക്കാനിരിക്കുന്നവരും അവരുടെ വിളിയോട് വിശ്വസ്തരായിരിക്കാനുമുള്ള കൃപയ്ക്കായി ഈശോയോട് പ്രാർത്ഥിക്കുകയും ചെയ്യാം.
Bro. kumbalakuzhy mathew (robins)
Good Shepherd Major Seminary
Kunnoth
Tags:
വചന വിചിന്തനം