സ്നേഹമുള്ളവരെ
നമ്മുടെ ധ്യാനവിഷയ൦ വി. യോഹന്നാന്റെ സുവിശേഷം 📜 ആറാം അധ്യായം 30
മുതൽ 36 വരെയുള്ള വാക്യങ്ങളാണ്.
ആറാം അദ്ധ്യായത്തിലെ വിവരണങ്ങള്‍ പെസഹായുടെയു൦ വി. കുർബാനയുടെയു൦ പശ്ചാത്തലത്തിലാണ് സുവിശേഷകൻ അവതരിപ്പിക്കുന്നത്.
യോഹന്നാന് 6 : 30 ൽ അവര്‍ കർത്താവിനോട് ഇങ്ങനെ ചോദിക്കുന്നതായി നമുക്ക് വായിക്കാം "ഞങ്ങള്‍ കണ്ട് നിന്നെ വിശ്വസിക്കേണ്ടതിന് എന്തടയാളമാണു നീ ചെയ്യുക? എന്താണു നീ പ്രവര്‍ത്തിക്കുക"? 29ാ൦ വാക്യത്തിൽ ഈശോ പറയുന്ന താൻ ദൈവത്താൽ അയക്കപെട്ടവനാണെന്ന അവകാശവാദത്തിനാണ് അവർ തെളിവ് ആവശ്യപ്പെടുന്നത്. ഈശോ അഞ്ചപ്പവു൦ 🍞 രണ്ടു മീനും 🐟 അയ്യായിരം പേർക്കായി വര്‍ദ്ധിപ്പിച്ചു നൽകിയപ്പോൾ
"ലോകത്തിലേക്കു വരാനിരുന്ന പ്രവാചകന് സത്യമായും ഇവനാണ്".
(യോഹ6 : 14) എന്ന് പറഞ്ഞ അതേ ജനക്കൂട്ടമാണ് ഇപ്പോൾ കര്‍ത്താവില്‍ നിന്ന് തെളിവ് ആവശ്യപ്പെടുന്നത്. തലേദിവസം കര്‍ത്താവിനെ പ്രവാചകനായി ഏറ്റുപറഞ്ഞവർ എന്ത് പെട്ടെന്നാണ് അതെല്ലാം മറന്ന് പോയത്.? ചിലപ്പോഴൊക്കെ നമ്മളും ഇങ്ങനെ തന്നെ അല്ലെ? നമ്മുടെ ജീവിതത്തിലും കര്‍ത്താവ് എന്തെല്ലാം കാര്യങ്ങളാണ് നമുക്കായി ചെയത് തന്നതു൦ ഇപ്പോഴും ചെയ്തു കൊണ്ടിരിക്കുന്നതു൦..? നമ്മുടെ ജീവിതത്തിൽ നന്മകള് സംഭവിക്കുമ്പോൾ അത് സന്തോഷത്തോടെ നമ്മൾ സ്വീകരിക്കും. പക്ഷേ പലപ്പോഴും അത് ദൈവത്തിന്റെ ദാനം ആണെന്ന് നാം കരുതുകയോ ദൈവത്തിനു നന്ദി പറയുകയോ ചെയ്യാറില്ല മറിച്ച് നമ്മുടെ തന്നെ കഴിവുകളുടെ ഫലമായാണ് എന്നാണ് കരുതുന്നതും അഹങ്കരിക്കുന്നതു൦.അടുത്ത നിമിഷം തന്നെ ദൈവം തന്ന നന്മ നമ്മൾ മറക്കുകയും ചെയ്യും. ദൈവം നമുക്ക് ആയി നല്കുന്ന എല്ലാ സൗകര്യങ്ങളു൦ സാഹചര്യങ്ങളു൦ നമ്മുടെ കുടുംബവും സമൂഹവും നമ്മുടെ ഭൂമിയും ഒക്കെ ദൈവത്തിന്റെ ദാനം തന്നെ ആണ്. അനുദിന ജീവിതത്തില്‍ കര്‍ത്താവ് തരുന്ന നന്മകളെ കൃതജ്ഞതയോടെ സ്വീകരിച്ചു കർത്താവിന്റെ പരിപാലനയിൽ നമുക്ക് വിശ്വസിക്കാ൦. അതിന് നമ്മുക്ക് കഴിഞ്ഞില്ലെങ്കിൽ നമ്മൾ മരുഭൂമിയിലെ ഇസ്രായേല്‍ക്കാരെ പോലെ നമ്മള് കഠിനഹൃദയരാകു൦. "അവര്‍ക്കു ഭക്ഷിക്കാന്‍ അവിടുന്നു മന്നാ വര്‍ഷിച്ചു; സ്വര്‍ഗീയധാന്യം അവര്‍ക്കു നല്കി".
(സങ്കീ78 : 24) . ഈ സങ്കീർത്തനമാണ് ജനക്കൂട്ടം ഈശോയോട് തെളിവ് ആവശ്യപ്പെടുമ്പോള്‍ ഉപയോഗിക്കുന്നത്. അവരുടെ തന്നെ ഭൗതികമായ ലാഭങ്ങൾക്കുവേണ്ടിയാണ് അത്ഭുദകരമായി അവർക്ക് എല്ലാദിവസവും സ്വര്‍ഗത്തില്‍ നിന്ന് മന്നാ നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. സങ്കീ. 78 മരുഭൂമിയിൽ പിതാക്കന്മാർ
തങ്ങളുടെ ഹൃദയം കാഠിനമാക്കിയതിനെക്കുറിച്ചാണ് പറയുന്നത്.
"എന്നിട്ടും അവര്‍ വീണ്ടും പാപം ചെയ്തു; അവിടുന്നു ചെയ്ത അദ്ഭുതങ്ങള്‍ കണ്ടിട്ടും അവര്‍ വിശ്വസിച്ചില്ല".(സങ്കീ78 : 32). അനുദിനം ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്ന അത്ഭുതങ്ങള്‍ കാണാതെ മനസ്സിലാക്കാതെ നമ്മുടെ ഹൃദയം നമ്മൾ കഠിനമാക്കിയാൽ നമുക്ക് എങ്ങനെ ജിവിതത്തിൽ സംതൃപ്തരായി കഴിയാൻ പറ്റു൦.
"കര്‍ത്താവേ, ഈ അപ്പം ഞങ്ങള്‍ക്ക് എപ്പോഴും നല്കണമേ" .🙏
(യോഹ6 : 34) എന്ത് മനോഹരമായ പ്രാർത്ഥനയാണിത്.. എന്നാൽ അവരെ തൃപ്തരാക്കുന്ന യഥാര്‍ത്ഥ ഭക്ഷണത്തിനുവേണ്ടിയാണോ അവർ പ്രാർത്ഥിച്ചത്. ഭൗതികമായ ആവശ്യങ്ങളെക്കാളുപരി ആത്മീയമായ ആവശ്യങ്ങൾക്കാണ് ഈശോ മുൻഗണന കൊടുക്കുന്നത്.
സഭാ പിതാവായ അഗസ്തീനോസ് ഇങ്ങനെ പറയുന്നു 🔊 "ദൈവമേ നീ എന്നെ നിനക്കായി സൃഷ്ടിച്ചു നിന്നില്‍ മാത്രം ഞാൻ സംതൃപ്തി കണ്ടെത്തുന്നു". ബെനഡിക്ട് 16-Ɔമൻ മാര്‍പാപ്പ യുവജനങ്ങളോട് ഇങ്ങനെ പറഞ്ഞു 🔊 "യുവജനങ്ങളെ നിങ്ങൾ അന്വേഷിക്കുന്ന ആനന്ദത്തിന്, നിങ്ങള്‍ക്ക് അനുഭവിക്കാന്‍ അവകാശമുള്ള ആനന്ദത്തിന് ഒരു പേരും മുഖവുമുണ്ട് അത് നസറത്തിലെ ഈശോയാണ്".ഞാനാണ് ജീവന്‍െറ അപ്പം. എന്‍െറ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല. എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.
(യോഹ6 : 35). മനുഷ്യന്റെ എല്ലാ പ്രശ്നങ്ങള്ക്കു൦ ഉത്തരമായ ദിവ്യകാരുണ്യത്തെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ കാണാനും മനസ്സിലാക്കാനും നമ്മുടെ ജീവിതത്തിന്റെ ശക്തികേന്ദ്രമാക്കി മാറ്റാനുമാണ് സഭ നമ്മോട് ആവശ്യപ്പെടുന്നത്. കർത്താവ് എല്ലാദിവസവും എനിക്കായി ഒരുക്കുന്ന അത്ഭുതങ്ങളെ കാണാനു൦ നന്ദി പറയാനും എനിക്ക് സാധിക്കുന്നുണ്ടോ..? വി. കുര്‍ബാന എന്റെ ജിവിതത്തിന്റെ കേന്ദ്രവു൦ ശക്തിയുമാണോ. നിത്യജീവന്റെ അപ്പം ആയ വി. കുര്‍ബാനയിൽ ഈശോയെ ഞാൻ അനുഭവിക്കുന്നുണ്ടോ.?
നമുക്ക് ചിന്തിക്കാം തീരുമാനമെടുത്ത് ജീവിതത്തെ നവീകരിക്കാ൦.. ദൈവ൦ അനുഗ്രഹിക്കട്ടെ.. 🙏
Bro. ജോസഫ് പൊന്നാറ്റിൽ
Good Shepherd Major Seminary
Kunnoth