മിശിഹായിൽ സ്നേഹം നിറഞ്ഞവരേ,
ഇന്ന് തിരുസഭാ മാതാവ് വിചിന്തനത്തിനായി നൽകിയിരിക്കുന്നത് വി. മത്തായി 18:6-9 വാക്യങ്ങളാണ്. അസാധാരണമായ ഒരു ജീവിത അവസ്ഥയിലൂടെ കടന്നുപോകുന്ന നമ്മിൽ ഒരു ആന്തരിക പരിവർത്തനത്തിന് വചനം ഇടവരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വി. മത്തായി 18 ന്റെ ആദ്യഭാഗത്ത് (18:1-5) ശിശുക്കളെക്കുറിച്ഛ് സംസാരിക്കുമ്പോൾ സമൂഹത്തിലെ ചെറിയവരും നിസാരരുമായവരെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ഈ ചെറിയവർ ക്രൈസ്തവ സഹോരങ്ങളാണ്. വിശ്വാസികളുടെ ഇടയിൽ ബലഹീനരും നിസാരരും ആയവരുടെ നേർക്ക് ഉണ്ടാകേണ്ട ശ്രദ്ധയെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. അന്നത്തെ ക്രൈസ്തവ സമൂഹത്തിലെ സ്ഥിതി വിലയിരുത്തികൊണ്ടാണ് മത്തായി സംസാരിക്കുക. അവരുടെ ഇടയിൽ ഉണ്ടായിരിക്കേണ്ട പരസ്പര സ്നേഹത്തിന്റെയും കരുത്തലിന്റെയും ആവശ്യകഥയെക്കുറിച് ക്രൈസ്തവ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് സുവിശേഷകന്റെ ലക്ഷ്യം. പ്രത്യേകിച്ചു ബാലഹീനരും എളിയവരുമായവരുടെ നേരെ സമൂഹത്തിൽ ദുഷ്പ്രേണകളുണ്ടാകുന്നത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സുവിശേഷകൻ. ഇത്തരം ദുഷ്പ്രേരണകൾ വിശ്വാസത്തിലുള്ളവരുടെ വളർച്ചക്ക് തടസ്സം സൃഷ്ടിക്കും. അത്തരത്തിൽ പ്രലോഭനഹേതു ആകാതിരിക്കാൻ സമൂഹത്തിലെ അംഗങ്ങൾക്ക് യേശു ശക്തമായ താക്കീതാണ് നൽകുക. തുടർന്നുവരുന്ന വാക്യങ്ങൾ ഉൾകൊള്ളുന്ന ശിക്ഷയെക്കുറിച്ചുള്ള ഭീഷണി ശിക്ഷയില്നിന്ന് ഒഴിഞ്ഞുമാറാനുള്ള മുന്നറിയിപ്പാണ്. മോശമായ മാതൃകവഴി ആരെങ്കിലും ഒരു സഹോദരന്റെ ധാർമികമായ വീഴ്ചക്ക് കാരണമാകുന്നുവെങ്കിൽ അവൻ കടലിൻറെ ആഴത്തിലേക്ക് താഴ്ത്തപെടണം. സാഹചര്യങ്ങളിൽ നിന്ന് സമൂഹത്തിൽ നേതൃത്വ നിലയിൽഉള്ളവരെയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തം. തിരികല്ല് ഹൂദരുടെ അനുദിന ജീവിതത്തിൽ നിന്നും എടുത്തതാണ്. അതു കഴുത്തിൽ കെട്ടി കടലിൽ താഴ്ത്തിയാൽ മൃദദേഹം വെള്ളത്തിൽ പൊങ്ങിവരുകയില്ല. സമൂഹത്തിൽ ബോധപൂർവം ദുഷ്പ്രേരണക്ക് കാരണമാകുന്നവരെ യേശു കഠിനമായ ഭാഷയിലാണ് കുറ്റപ്പെടുത്തുക. മറ്റുള്ളവർക്കു പാപഹേതു വകുന്ന കയ്യോ കാലോ വെട്ടികളയുക, കണ്ണ് ചൂഴ്ന്നെടുത് എറിഞ്ഞു കളയുക എന്നീ പ്രയോഗങ്ങൾ വിഷയത്തിന്റെ ഗൗരവം എടുത്തു കാണിക്കുന്നു. ദുഷ്പ്രേരണ നല്കുന്നവന് നഷ്ടമാകുന്നത് നിത്യജീവനാണ്, ലഭിക്കുന്ന ശിക്ഷ നിത്യാ അഗ്നിയും.
ഒട്ടേറെ നന്മകൾ ചെയ്ത് ഒരു വ്യക്തി നല്ലവനെന്ന് പേരുടുക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ? ഇങ്ങനെയുള്ളവർക്ക് എളുപ്പം സംഭവിക്കാവുന്ന ഒരു തെറ്റാണ്, നല്ലവനെന്ന് സമൂഹത്തിൽനിന്നും പേര് കിട്ടുന്നതോടുകൂടി താൻ ദൈവത്തിന്റെ മുന്പിലും നല്ലവനായി എന്ന ചിന്ത. യേശുവിന്റെ കാലത്ത് ജീവിച്ചിരുന്ന ഫരിസേയരുടെയും പുരോഹിതരുടെയും ഒക്കെ ജീവിതലക്ഷ്യം നല്ലവരാവുക എന്നതായിരുന്നു. അതിനായി അവർ നിയമങ്ങളുടെ അനുഷ്ഠാനത്തിൽ അതീവ ശ്രദ്ധ പുലർത്തുകയും, ബലികളർപ്പിക്കുകയും ദാനധർമ്മങ്ങൾ നൽകുകയും ഒക്കെ ചെയ്തിരുന്നു. യഹൂദരിൽ ഒട്ടേറെപ്പേർ അവരെ നല്ലവരായി കരുതുകയും ചെയ്തിരുന്നു. എന്നാൽ യേശുവാകട്ടെ, നല്ലവരെന്നു വിളിക്കപ്പെടുന്ന അവരെ ചൂണ്ടി തന്റെ അനുയായികളോട് പറഞ്ഞത്, നിങ്ങൾ അവരെപ്പോലെ ആകരുത് എന്നാണ്. നല്ലതും ചീത്തയുമൊക്കെ ഈ ലോകത്തിന്റെ സൃഷ്ടികളാണ്. സ്വർഗ്ഗരാജ്യത്തിൽ ദൈവത്തോടൊപ്പം വാഴുന്നവരെ നമ്മൾ വിളിക്കുന്നത് വിശുദ്ധർ എന്നാണ്, നല്ലവർ എന്നല്ല. ഇതിനർത്ഥം വിശുദ്ധർ നല്ലവരല്ല എന്നല്ല, മറിച്ച്, എല്ലാ നല്ലവരും വിശുദ്ധരല്ല എന്നാണ്. എന്താണ് ഒരു വ്യക്തിയെ ഈ ലോകത്തിൽ നല്ലവനാക്കുന്നത്? പലപ്പോഴും അത് അവർ ചെയ്യുന്ന പ്രവർത്തികളാണ്. ദരിദ്രരെയും അനാഥരെയും വിധവകളെയും രോഗികളെയും ശുശ്രൂഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തി നല്ലവനാണെന്ന് എളുപ്പത്തിൽ വിധിയെഴുതാൻ ലോകത്തിനാകും. പുറമേ കാണുന്നതുപയോഗിച്ചു വിധിക്കുന്നതാണ് ലോകത്തിന്റെ രീതി. എന്നാൽ ദൈവം വിധിക്കുന്നത് നമ്മുടെ ആത്മാവിന്റെ അവസ്ഥ കണ്ടിട്ടാണ്. ഒട്ടേറെ ദുഷ്ടതകൾ ഒളിപ്പിക്കാനും, തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കായി നന്മപ്രവർത്തികൾ ഒരു മറയായി ഉപയോഗിക്കുന്ന ഒട്ടനവധി ആൾക്കാരുണ്ട്. താൻ മൂലം സമൂഹത്തിനുണ്ടാവുന്ന നന്മകളെ ഉയിർത്തിക്കാട്ടി തന്നിലെ ദുഷ്ടതകളെ ന്യായീകരിക്കുന്നവരുണ്ട് എന്നാൽ പാപം ചെയ്തുകൊണ്ട്, ഒപ്പം ഉപശാന്തിയായി നന്മയും ചെയ്യുന്നവർക്ക് ദൈവം തരുന്ന താക്കീതാണ് ഇന്നത്തെ വചനഭാഗം. സ്വയംന്യായീകരണത്തിലൂടെ എങ്ങിനെയെങ്കിലും തട്ടികൂട്ടി കയറിപ്പറ്റാവുന്ന ഒന്നല്ല സ്വർഗ്ഗരാജ്യം എന്നാണ് യേശു നമ്മെ ഓർമ്മിപ്പിക്കുന്നത്. ലോകം നല്ലവൻ എന്ന പദവി കല്പ്പിച്ചുതരുന്നതു ആപേക്ഷികതയിൽ (relativism) അടിസ്ഥാനമിട്ടാണ്. നല്ലവൻ എന്ന പദം കൊണ്ട് ലോകം ഉദ്ദേശിക്കുന്നത്, ഒരു സമൂഹത്തിലെ മറ്റുചിലരെക്കാൾ മെച്ചപ്പെട്ടവൻ എന്നുമാത്രമാണ്. സമൂഹത്തിലെ നല്ലവൻ ദൈവസന്നിധിയിൽ സ്വീകര്യനാകണമെന്നില്ല. നമ്മൾ ചെയ്യുന്ന സൽപ്രവർത്തികൾ ഒരിക്കലും ദൈവത്തിൽനിന്നും വരുന്ന വിശുദ്ധീകരണത്തിനു പകരമാകുന്നില്ല. പ്രലോഭനഹേതുക്കളെയും ദുഷ്പ്രേരണകളെയും ഉപേക്ഷിച്ചു ദൈവാത്മാവിന്റെ പ്രചോദനമനുസരിച്ചു വിശുദ്ധിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ ദൈവസ്നേഹത്തോടുള്ള പ്രതികരണം മാത്രമായിരിക്കണം സൽപ്രവർത്തികൾ. നാമെല്ലാവരും വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു എന്ന് കത്തോലിക്കാസഭ നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധരിൽ വിശുദ്ധനായ സ്വർഗീയപിതാവ് പൂർണനായിരിക്കുന്നതുപോലെ പൂർണതയിലേക്ക് വിളിക്കപ്പെട്ടവരാണ് നമോരുത്തരും. "ഈ പൂർണത പ്രാപിക്കാൻ ക്രിസ്തുവിന്റെ ദാനങ്ങളാൽ പ്രദാനം ചെയ്യപ്പെട്ട ശക്തി വിശ്വാസികൾ ഉപയോഗിക്കണം... അങ്ങനെ എല്ലാക്കാര്യങ്ങളിലും പ്രവർത്തിച്ചുകൊണ്ട് പിതാവിന്റെ ഇഷ്ടം ദൈവമഹത്വത്തിനും അയല്ക്കാരുടെ സേവനത്തിനുമായി അവർ തങ്ങളെ ഹൃദയപൂർവം പൂർണഹൃദയത്തോടെ പ്രതിഷ്ഠിക്കണം." (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം: 2013).
പ്രിയ സഹോരന്മാരെ, നാം അനുദിന ജീവിതത്തിൽ ക്രിസ്തുവിന് സാക്ഷ്യം നൽകാൻ പ്രത്യകം തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഒരിക്കലും തിരികെ വരാത്തവിതം നമ്മെ മറ്റുള്ളവർ അകറ്റി നിർത്തുന്ന തിരികല്ലുകൾ നാം സമ്പാദിച്ചു വെച്ചിട്ട് ഉണ്ടെങ്കിൽ അവ ഈശോയ്ക്ക് കൊടുക്കാം. സ്വയം മറന്ന് നമുക്കുവേണ്ടി മുറിവേറ്റ ക്രിസ്തുനാഥന്റെ മുന്നിൽ മറ്റുള്ളവരെ മുറിപ്പെടുത്തുന്നവർ ആകാതെ മുറിയപ്പെടാനുള്ള ആത്മാർഥത കാണിക്കാം.
സ്നേഹനാഥാ, അങ്ങയിലേക്കുള്ള വഴി ഇടുങ്ങിയതും ക്ലേശങ്ങൾ നിറഞ്ഞതുമാണെന്നു ഞാനറിയുന്നു. പേരും പെരുമയുമാകുന്ന വിശാലവഴിയിൽക്കൂടി നടന്നുശീലിച്ച ഞാൻ അങ്ങയിലേക്കുള്ള വഴിയിൽ നിരന്തരം വീണുപോകുന്നു. എന്റെ വീഴ്ചകളിൽ താങ്ങായി കരുണാമയനായ കർത്താവേ അങ്ങുണ്ടാകണമേ. പകലുകളിൽ തണലായും ഇരുളിൽ പ്രകാശമായും അങ്ങെന്നെ നയിക്കണമേ. ആമേൻ.
ബ്രദർ. പീറ്റർ പൂതർമണ്ണിൽ.