🙏🏻 💒 🙏🏻 ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ, വി. യോഹന്നാൻ അറിയിച്ച സുവിശേഷം അധ്യായം 6, 1 മുതൽ 15 വരെയുള്ള വാക്യങ്ങളാണ് നാളത്തെ നമ്മുടെ ധ്യാന വിചിന്തന ഭാഗം. നാല് സുവിശേഷകന്മാരും വിവരിച്ചിരിക്കുന്ന ഏക അത്ഭുതം അപ്പം വർദ്ധിപ്പിക്കുന്നതാണ്.പരി.കുർബാനയുടെ സുചനുള്ളതുകൊണ്ടാകാം ഇതിന് ഇത്ര പ്രധാന്യം ലഭിച്ചിരിക്കുന്നത്. സമാന്തര സുവിശേഷങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു വിവരണമാണ് യോഹന്നാൻ ശ്ലീഹായുടേത്. പരി. കുർബാനയാഘോഷവുമായി ഈ അത്ഭുതത്തെ ബന്ധപ്പെടുത്തുന്ന ശ്രദ്ധേയമായ ചില ഘടകങ്ങൾ നമുക്ക് കാണാൻ സാധിക്കും. യഹൂദരുടെ പെസഹാ തിരുനാൾ അടുത്തിരുന്നു(6:4). എന്ന പരാമർശം പരി. കുർബാനയാഘോഷത്തിലേക്ക് നമ്മെ എത്തിക്കുന്നു. സമാന്തര സുവിശേഷങ്ങളിൽ തന്റെകൂടെയായിരുന്നവർ ക്കാണ് ഈശോ അപ്പം വർധിപ്പിച്ചു കൊടുക്കുന്നത്. എന്നാൽ ഇവിടെ തന്റെ അടുത്തേക്ക് വന്നവർക്കു വേണ്ടിയാണ്(6:5) ഈ അത്ഭുതം പ്രവർത്തിക്കുന്നത്. ഈശോയുടെ പക്കലേക്ക് വരുക എന്നതുകൊണ്ട് ഈശോയിൽ വിശ്വസിക്കുക എന്നാണ് അർത്ഥമാക്കുന്നത്. നമ്മളും അവിടുത്തെ പക്കലേക്ക് പോകുന്നവരാകണം. വിശ്വാസികളുടെ ആഘോഷമാണ് പരി. കുർബാന എന്നത് ഇവിടെ സ്മരണീയമാണ്. ഈശോ അപ്പം എടുത്തു കൃതജ്ഞതാ സ്തോത്രം ചെയ്തു. വിതരണം ചെയ്തു(6:11)പരി. കുർബാനയുടെ സ്ഥാപനവിവരണത്തിലും ഈ ക്രിയകളെല്ലാമുണ്ട്. ഈശോ വർദ്ധിപ്പിച്ച അപ്പം മാനുഷിക വിശപ്പുമാറ്റി ജീവനെ പ്രോത്സാഹിപ്പിച്ചപ്പോൾ അന്ത്യഅത്താഴവേളയിൽ സ്ഥാപിച്ച കുർബാന മനുഷ്യന് നിത്യജീവനാണ് പ്രദാനം ചെയ്യുന്നത്. നിത്യജീവന്റെ അപ്പം എന്നും നിലനിൽക്കുന്നതും ഒരിക്കലും നശിക്കാത്തതുമാണ്. ലോകത്തിന്റെ എല്ലാ ജനതകൾക്കും അവരുടെ ആത്മീയ വിശപ്പു മാറ്റാനും നിത്യജീവൻ പ്രാപിക്കാനുള്ള ജീവന്റെ അപ്പം പ്രദാനം ചെയ്യുന്നവനാണ് ഈശോ. വിശന്നുവലഞ്ഞ ഗലീലി നിവാസികളെ അവരുടെ ആവശ്യം അറിഞ്ഞ് ഈശോ സഹായിച്ചതുപോലെ ക്രിസ്തുവിൽ വിശ്വസിക്കുകയും അവിടുത്തെu അനുഗമിക്കുകയും ചെയ്യുന്ന എല്ലാവർക്കും അവരുടെ ആവശ്യനേരങ്ങളിൽ അവിടുത്തെ സാന്നിധ്യവും സഹായവും ലഭിക്കും. മാനുഷികമായി മാത്രം ചിന്തിച്ചാൽ,അഞ്ചപ്പവും രണ്ടു മത്സ്യവും കൊണ്ട് വലിയ ജനക്കൂട്ടത്തിന്റെ വിശപ്പടക്കാൻ സാധിക്കുകയില്ല. പക്ഷേ, നിസ്സാരമായ നമ്മുടെ അദധ്വാനവും അതിന്റെ ഫലവും കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുമ്പോൾ അവിടുന്ന് അതെടുത്ത് ആശിർവദിച്ചു നല്കുമ്പോൾ അത്ഭുതം സംഭവിക്കും. ഓരോ പരിശുദ്ധ കുർബാനയർപ്പണത്തിലും ഈ അത്ഭുതമാണ് സംഭവിക്കുന്നത്. മനുഷ്യാധ്വാനഫലമായ അപ്പവും വീഞ്ഞും നിത്യ ജീവൻ നല്കുന്ന മിശിഹായുടെ ശരീരവും രക്തവുമായി മാറുന്നു. അപരന്റെ ഉള്ളിലെ മനസ്സിന്റെ നൊമ്പരങ്ങൾ മനസ്സിലാക്കുന്നവർ ആണോ നമ്മൾ? മറ്റു സഹോദരങ്ങളുടെ ആത്മീയവും ഭൗതികവുമായ വിശപ്പടക്കാൻ ശ്രമിക്കുന്നവരാണോ നാം ? സ്വന്തം ശരീരരക്തങ്ങൾ മുറിച്ച് നമുക്കായി നൽകി നമ്മുടെ ആത്മീയ ഭൗതിക വിശപ്പും ദാഹവും ശമിപ്പിക്കുന്ന വസ്തുത നാം മനസ്സിലാക്കുന്നുണ്ടോ? ക്രിസ്തുവിനെ അനുഗമിക്കുന്നത് എല്ലാം വിശപ്പുകളുടെയും ശമനത്തിന് വേണ്ടിയാണെന്നതും എല്ലായ്പ്പോഴും നമ്മുടെ ഓർമ്മയിലുണ്ടാകണം. വചനമാകുന്ന അപ്പത്തിലും വി.കുർബാനയാകുന്ന അപ്പത്തിലും നിറഞ്ഞ ഈശോയുടെ മക്കളായി ജീവിക്കാം. ആമേൻ 🙏🏻
Bro. nayathuparambil Jacob
Good Shepherd Major Seminary
Kunnoth