ഈശോയിൽ സ്നേഹമുള്ളവരെ, വിശുദ്ധ ലൂക്കായുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം 22 മുതൽ 34 വരെയുള്ള വാക്യങ്ങളാണ് ഇന്നത്തെ നമ്മുടെ ധ്യാന വിചിന്തന ഭാഗം.
ഈശോയുടെ ശിഷ്യന്മാർ ഉള്ളിൽ നിന്നും പുറത്തുനിന്നും എതിർപ്പുകൾ നേരിടുമ്പോൾ പണത്തിൽ ആശ്രയിക്കുന്നതു ഭോഷത്തമാണെന്നു തൊട്ടു മുകളിൽ ചർച്ച ചെയ്ത് കഥയിലൂടെ ലൂക്കാ വെളിപ്പെടുത്തി. പിന്നെ എന്തിലാണ് ശിഷ്യന്മാർ ആശ്രയിക്കേണ്ടത്? അതിനുള്ള ഉത്തരമാണ് ഇവിടെ നൽകപ്പെടുന്നത്. ശിഷ്യൻമാരോടുള്ള എതിർപ്പും പണത്തോടുള്ള അത്യാർത്തിയും ഇവയോടുള്ള സമീപനത്തെ അല്പം നവീനാ ഭാഷ ഉപയോഗിച്ചാണ് ലൂക്കാ ഈ ഭാഗത്ത് അവതരിപ്പിച്ചിരിക്കുന്നത്.
മതനിഷ്ഠ അനുസരിച്ച് അശുദ്ധ ജീവികളാണ് കാക്കകൾ എന്തുകൊണ്ടാണ് അവ അശുദ്ധമായിരിക്കുന്നതെന്നു വെളിപ്പെടുത്തിയിട്ടില്ല. ഏറിയ കൂറും അവ മാംസഭുക്കുകളായതുകൊണ്ടാകാം എന്ന് ഊഹിക്കാനേ നമുക്കു കഴിയൂ. സ്വന്തം കൂട്ടിലേക്ക് പോലും തിരിച്ചു വരാത്ത കാക്കകളെ ശ്രദ്ധയില്ലാത്ത ജീവികളായിട്ടാണ് പൗരാണിക മനുഷ്യർ കണ്ടിരുന്നത്. ശ്രദ്ധയില്ലാത്ത ജീവികളെ പോലും ശ്രദ്ധിക്കുന്നവനാണ് ദൈവം. ആ ദൈവത്തിൽ ആശ്രയിക്കുക എന്ന് കരുതി കൈയും കെട്ടിയിരിക്കണമെന്ന് പഠിപ്പിച്ചിട്ടില്ല. ഒരു കാക്കയുടെ വായിൽ ദൈവം ഭക്ഷണം വെച്ചു കൊടുക്കുന്നത് കാണാനാവില്ല. അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. അന്വേഷിക്കാൻ തയ്യാറുണ്ടെങ്കിൽ ആകുലതയ്ക്ക് സ്ഥാനമില്ല. അതിനാൽ ഭക്ഷണം തേടാൻ തയ്യാറുണ്ടെങ്കിൽ ഭക്ഷണത്തെക്കുറിച്ച് ആകുലത വേണ്ടാ. ഉദാഹരണമായിട്ടാണ് വയലിലെ ലില്ലികൾ അവ നൂൽ നൂൽക്കുന്നില്ല വസ്ത്രം നെയ്യുന്നില്ല എന്നിട്ടും സോളമന്റെ സർവ്വ മഹത്വത്തിൽ പോലും തേജസ്സോടു കിടപിടിക്കാൻ ആയിട്ടില്ല. അത്രയധികമാണ് ദൈവത്തിന് അവയുടെ കാര്യത്തിലുള്ള ശ്രദ്ധ. ഒരു ദിവസത്തെ മാത്രം ആയുസ്സുള്ള ലില്ലികളെ ദൈവം ഇത്രയധികമായി അലങ്കരിക്കുന്നെങ്കിൽ എത്ര അധികമായിരിക്കും അവനു നമ്മിലുള്ള ശ്രദ്ധ. എന്തുകൊണ്ട് ആകുലത യുടെ ആവശ്യമില്ലയെന്നു പറയുന്നത്. പലകാരണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ദൈവമാണ് ചരിത്രത്തെയും പ്രപഞ്ചത്തെയും ഭരിക്കുന്നത് പക്ഷികളെയും ചെടികളെയും അതീവ ശ്രദ്ധയോടെ ദൈവം പരിപാലിക്കുന്നെങ്കിൽ ദൈവത്തിൻറെ മക്കളായ മനുഷ്യരെ അവൻശ്രദ്ധിക്കുന്നതിന്റെ അളവെടുക്കാനാകുമോ? അതിനാൽ മനുഷ്യ ജീവിതത്തെപ്പറ്റി ഒരുപാട് ആകുലതയുടെ ആവശ്യമില്ല. ദൈവം തൻറെ രാജ്യം ഭൂമിയിൽ സംസ്ഥാപിച്ചുകഴിഞ്ഞു. അതു തന്റെ പുത്രനായ ഈശോയിലൂടെയാണ്. എല്ലാം താറുമാറായതും കുഴഞ്ഞുമറഞ്ഞതുമായ ഒരു അവസ്ഥയിലല്ല യേശുവിന്റെ ശിഷ്യന്മാർ ജീവിക്കുന്നത്. പ്രത്യുത ദൈവാത്മാവിന്റെ കൃപയാൽ ഭരിക്കപ്പെടുന്ന രാജ്യത്തിലാണ് അവർ ജീവിക്കുന്നത്. അതിനാൽ ഇനി ഉത്കണ്ഠ വേണോ? അൽപകാലത്തേക്ക് ജീവിക്കുന്ന കാക്കകളെയും ലില്ലി കളെയും പരിപാലിക്കുന്ന ദൈവം അല്പം വിശ്വാസികളായ തന്റെ മക്കളെയും കാത്തുപരിപാലിക്കും. മാത്രമല്ല ലോകം മുഴുവൻ എതിർക്കുന്ന ഈ ചെറിയ അജഗണത്തിനാണ് പരമപ്രധാനമായ ദൈവരാജ്യം കൊടുക്കാൻ ദൈവം തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ശിഷ്യന്മാരായ നാം എന്തു ചെയ്യണം സമ്പത്ത് വിറ്റ് ദാനം ചെയ്യുവിൻ. അപ്പോൾ പഴകി പോകാത്ത പണസഞ്ചിയായിരിക്കും നാം കരുതി വയ്ക്കുക. പണവും സമ്പത്തും പങ്കുവയ്ക്കാനുള്ളതാണ്. ഭോഷനായ പണക്കാരന്റെ പ്രശ്നം പണം സമ്പാദിച്ചതല്ല, സമ്പാദിച്ച പണം പങ്കുവയ്ക്കാതിരുന്നതാണ്. കിട്ടുന്ന സമ്പാദ്യം മറ്റുള്ളവരുമായി പങ്കു വയ്ക്കുക എന്നതാണ് ക്രിസ്തുശിഷ്യരായ നാം ചെയ്യേണ്ടത്.
സൃഷ്ടിച്ചുകഴിഞ്ഞ് കൈകഴുകി പിതൃത്വം നിഷേധിച്ച് ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞ് മാറി നിന്നവനല്ല നമ്മുടെ ദൈവം പുല്ലിനെ അലങ്കരിക്കുന്നതി നേക്കാൾ ആയിരം മടങ്ങ് ശ്രദ്ധയോടുകൂടി നമ്മെ പരിപാലിക്കുന്നവനാണ് നമ്മുടെ ദൈവം. നമ്മുടെ സൃഷ്ടാവു പരിപാലകനുമാണ്. കർത്താവിൻറെ പരിപാലനയുടെ ആഴമാണ് ഈശോ പഠിപ്പിക്കുന്നത്. ഈ പ്രത്യേക സാഹചര്യത്തിൽ നാമും പലവിധ ആകുലതകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നമ്മുടെ ദൈവം പരിപാലകനും സൃഷ്ടാവുമാണെന്നുള്ള ബോധ്യം നമുക്ക് ഓരോരുത്തർക്കും ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ നാമും പലവിധ ആകുലതകളിൽ പെട്ടുപോയേക്കാം. ദൈവം കൂടെയുണ്ട് എന്നുള്ള ഉറച്ച ബോധത്തിൽ വളരാൻ നമുക്കോരോരുത്തർക്കും സാധിക്കട്ടെ. അവിടുന്ന് ഒന്നുമറിയാതെ എന്റെ ജീവിതത്തിൽ ഒന്നും സംഭവിക്കില്ലാ എന്ന ബോധ്യം നമുക്കുണ്ടായിരിക്കണം. നമ്മുടെ ദൈവം ഉണർന്നിരിക്കുന്നു നമ്മെക്കുറിച്ച് അവന് കരുതലും സ്നേഹവുമുണ്ട് അതുമാത്രം മതി നമുക്ക് സമാധാനമായി ഉറങ്ങാനും ജീവിക്കാനും. ചെറിയൊരു തട്ടു മതി ജീവിതം എന്ന പളുങ്കുപാത്രം തവിടുപൊടിയാകാൻ. അതിനാൽ പൂർണമായ ദൈവത്തിൽ ആശ്രയിക്കാൻ നമുക്കോരോരുത്തർക്കും സാധിക്കട്ടെ. ഇതിനായി നമുക്ക് പ്രാർത്ഥിക്കാം.
ആമ്മേൻ.
"ഉൽക്കണ്ഠകൾ ഇല്ലാത്ത യാചകൻ അസ്വസ്ഥനായ രാജാവിനേക്കാൾ സമ്പന്നനാണ്."
Bro. Jino kallarackal
Good Shepherd Major Seminary
Kunnoth
Tags:
വചന വിചിന്തനം