🕯️🕯️🕯️🕯️💒🕯️🕯️🕯️🕯️
ഈശോമിശിഹായിൽ സ്നേഹം നിറഞ്ഞ സഹോദരങ്ങളെ, വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനൊന്നാം അധ്യായം1 മുതൽ 6 വരെയുള്ള വാക്യങ്ങൾ ആണ് ഇന്നത്തെ വിചിന്തിനത്തിനായി തിരുസഭാ മാതാവ് നമുക്ക് നല്കിയിരിക്കുന്നത്.
വരാനിരിക്കുന്നവൻ നീ തന്നെയോ എന്ന് അന്വേഷിച്ചു വരുന്ന ശിഷ്യന്മാരെയാണ് നമ്മളിവിടെ കണ്ടുമുട്ടുന്നത്. ഈശോ തന്റെ ശിഷ്യന്മാരെ സുവിശേഷപ്രഘോഷണത്തിനായി അയച്ച ശേഷം ജനങ്ങളെ പഠിപ്പിക്കുവാനും സുവിശേഷം പ്രസംഗിക്കുവാനുമായി ഇറങ്ങിത്തിരിച്ചു. ശിഷ്യന്മാർ കൂടിയുള്ളതായി സൂചനയില്ല. ഈശോയും സ്നാപകന്റെ ശിഷ്യന്മാരും തമ്മിലുള്ള സംഭാഷണത്തിന് കളം ഒരുക്കുകയാണ് സുവിശേഷൻ.
സ്നാപകൻ ഈശോയെക്കുറിച്ച് നൽകിയ സാക്ഷ്യം തന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ ശക്തൻ എന്നാണ്. ഇത് സ്ഥലകാലങ്ങളെക്കാൽ കൂടുതലായി രക്ഷാകര ചരിത്രത്തിൽ പിന്നാലെ വരുന്നവൻ എന്ന അർത്ഥത്തിലാണ്. ഈ അർത്ഥത്തിൽ യോഹന്നാൻ രക്ഷകന് വഴിയൊരുക്കുന്നവനാണ്. സ്നാപകന് ഈശോ രക്ഷകൻ ആണെന്ന ബോധ്യമുണ്ട്. ഇഞാനസ്നാന അവസരത്തിൽ ഉണ്ടായ വെളിപാട് ഈശോ ദൈവപുത്രനാണ് എന്നതാണ്. അതുകൊണ്ട് സ്വന്തം സംശയനിവാരണത്തിന് വേണ്ടിയല്ല മറച്ച്
തന്റെ ശിഷ്യൻമാരെ ബോധപ്പെടുത്താൻ വേണ്ടിയാണ് യോഹന്നാൻ അവരെ അയക്കുന്നത്.
സ്നാപകന്റെ ശിഷ്യന്മാരുടെ ചോദ്യത്തിന് ഈശോ താൻ തന്നെയാണ് ആണ് വരാനിരിക്കുന്നൻ എന്ന് നേരിട്ട് മറുപടി നൽകുന്നില്ല. എന്നാൽ അവർക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന രക്ഷാകരകാലത്തിന്റെ അടയാളങ്ങളിലേക്ക് അവരുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. ഈശോയിലൂടെ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അതായത് അന്ധർ കാഴ്ച പ്രാപിക്കുന്നു, കുഷ്ഠരോഗികൾ ശുദ്ധരാക്കപ്പെടുന്നു, മുടന്തർ നടക്കുന്നു, മരിച്ചവർ ഉയർത്തപ്പെടുന്നു, ദരിദ്രരോട് സുവിശേഷം പ്രസംഗിക്കുന്നു തുടങ്ങിയവ ദൈവ രാജ്യത്തിന്റെ അടയാളങ്ങളാണ്. ദൈവരാജ്യത്തിന്റെ ആവിർഭാവമാണ് ആണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. ഈശോ രക്ഷകൻ ആണെന്ന് മനസ്സിലാക്കാൻ ഇത് മതിയായിരുന്നു. അതുകൊണ്ടായിരിക്കണം ശിഷ്യന്മാരുടെ പ്രതികരണത്തെക്കുറിച്ചൊന്നും പിന്നൊന്നും സൂചിപ്പിക്കാത്തത്. രക്ഷകനെക്കുറിച്ചുള്ള തെറ്റായ സങ്കല്പങ്ങൾ തിരുത്തുവാനും ഇത് സഹായിക്കുന്നു.
ഈശോ ഇത്തരത്തിൽ ഉത്തരം നൽകിയപ്പോൾ അവിടുന്ന് രണ്ടു കാര്യങ്ങൾ ഇതിലൂടെ വെളിപ്പെടുത്തി താൻ ദൈവപുത്രനാണന്ന കാര്യവും ഒപ്പം സമാഗതമായിരിക്കുന്നു ദൈവരാജ്യത്തിലെ തനിമയും. പക്ഷേ നാം ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് ഈശോ പ്രവാചകന്മാർ മുൻകൂട്ടി അറിയിച്ച രക്ഷകൻ ആണെന്ന് കാണിച്ചു കൊടുക്കുമ്പോഴും അവരുടെ ഗുരു അതായത് സ്നാപകയോഹന്നാൻ വരാനിരിക്കുന്ന അവനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ മുഴുവൻ ഈശോയിൽ നിറവേറുന്നതായി കാണില്ല. സ്നാപകൻ മൂന്നാം അധ്യായത്തിൽ ഈശോയെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. തന്നെക്കാൾ ശക്തനായവൻ തന്റെ പിന്നാലെ വരുന്നവൻ. അവൻ വൃക്ഷങ്ങളുടെ വേരിൽകോടാലി വയ്ക്കാനാണ് വരുന്നത്. വീശുമുറം അവന്റെ കയ്യിൽ ഉണ്ട്. ആയതിനാൽ അവൻ കളം വെടിപ്പാക്കും. അതുകൊണ്ട് ആ ശിഷ്യൻമാർ യോഹന്നാൻറെ വാക്കുകളുടെ പൂർത്തീകരണം വരാനിരിക്കുന്നവനിൽ പ്രതീക്ഷിച്ചു കാണണം. എന്നാൽ ഈശോ അത്തരം മാർഗം നടപ്പാക്കുന്നില്ല. അവിടുന്ന് ശക്തിയുടെയും അധികാരത്തെയും മാർഗം അല്ല. എളിമയുടെയും കാരുണ്യത്തിന്റെയും മാർഗ്ഗമാണ് സ്വീകരിക്കുന്നത്. യോഹന്നാൻ ശിക്ഷയെകുറിച്ച് പറഞ്ഞ കാര്യങ്ങൾ ഈശോ മറ്റൊരവസരത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ് അതായത് അന്ത്യവിധി. അതുകൊണ്ട് ഈശോയും യോഹന്നാനും പറഞ്ഞ കാര്യങ്ങൾ തമ്മിൽ വൈരുധ്യമില്ല.
പ്രിയമുള്ളവരെ ഈശോ ദൈവപുത്രനാണ് എന്നറിയാവുന്ന യോഹന്നാൻ ഈശോയുടെ അടുക്കലേക്ക് ശിഷ്യരെ പറഞ്ഞു വിടുന്നു. സത്യത്തിലേക്ക് മറ്റുള്ളവരെ നയിക്കുവാൻ കടപ്പെട്ടവരാണ്, ബാധ്യതയുള്ളവരാണ് നാം. യോഹന്നാനെ മാതൃകയാക്കാൻ നമുക്ക് സാധിക്കട്ടെ. താൻ എന്ന ഭാവം കാണിക്കാതെ ഈശോയിലേക്ക് ശിഷ്യന്മാരെ പറഞ്ഞു വിടുന്ന യോഹന്നാൻ, മത്സരബുദ്ധിയോടെ എല്ലാം കാണുന്ന ഈ ലോകത്തിന് ഒരു അത്ഭുതമാണ്.
ഈശോ ദൈവരാജ്യത്തിന്റെ പ്രത്യേകതകളെ കുറിച്ച് പറഞ്ഞു. ഇന്ന് ആ സവിശേഷതകൾ നമ്മുടെ സമൂഹത്തിൽ സംജാതമാക്കുവാനുള്ള കടമ നമുക്ക് ആണുള്ളത്. അത് നമുക്ക് മറക്കാതിരിക്കാം.
വിധികർത്താവായ ഈശോ വിനാശകനാകാതെ കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും അടയാളമായി മാറുന്നു. നമ്മുടെ ഗുരുവും നാഥനുമായ ഈശോയുടെ ഈ മാർഗം നമ്മുടെ പൗരോഹിത്യ ശുശ്രൂഷ നിർവഹണത്തിൽ നമുക്കും സ്വീകരിക്കാം
*നമുക്ക്* *ചിന്തിക്കാം*
1. ഞാൻ മറ്റുള്ളവരെ എത്രകണ്ട് സത്യത്തിലേക്ക് അടുപ്പിക്കുവാൻ ഈശോയിലേക്ക് എടുക്കുവാൻ, അല്പം കൂടി നല്ല മനുഷ്യരാക്കുവാൻ എനിക്ക് സാധിക്കുന്നുണ്ട്.
2. ദൈവരാജ്യ സ്ഥാപനത്തിനായി എത്രകണ്ടു തീക്ഷ്ണതയോടെ അധ്വാനിക്കാൻ എനിക്ക് സാധിക്കുന്നുണ്ട്.
3. അതിന്റെ സവിശേഷതകൾ ഞാൻ ആയിരിക്കുന്ന സമൂഹത്തിൽ കൊണ്ടുവരുവാൻ എനിക്ക് സാധിക്കുന്നുണ്ടോ
4. എൻറെ ജീവിതസാഹചര്യങ്ങളിൽ ഈശോയുടേതുപോലെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മാർഗങ്ങളാണോ സ്വീകരിക്കുന്നത് അതോ അധികാരത്തിന്റെ ദാഷ്ട്യവും കാർക്കശ്യവുമാണോ ?
എല്ലാർക്കും നല്ല ധ്യാനം ആശംസിക്കുന്നു
🙏🙏🙏🙏🙏🙏
Bro. Joseph kattel
Good Shepherd Major Seminary
Kunnoth