🕯️🕯️🕯️
ഈശോമിശിഹായിൽ ഏറ്റവും സ്നേഹം നിറഞ്ഞവരെ, നാളത്തെ വിചിന്തനത്തിനായി സഭ മാതാവ് നമുക്ക് നൽകിയിരിക്കുന്ന വചന ഭാഗം, വിശുദ്ധ മാർക്കോസ് എഴുതിയ സുവിശേഷം 12: 1-12 വരെയുള്ള വാക്യങ്ങളാണ്. മുന്തിരി തോട്ടത്തിലെ കൃഷിക്കാരന്റെ ഉപമയാണ് ഇത്.
സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നതുപോലെ കൃഷിക്കാർക്ക് ഉടമസ്ഥൻ കൃഷിക്കായി സ്ഥലം വാടകക്ക് കൊടുക്കുന്നത് പതിവുള്ളതാണ്. പതിവുപോലെ തന്നെ വിഹിതത്തിനായി ഉടമസ്ഥൻ കൃഷിക്കാരുടെ അടുത്തേക്ക് ഭൃത്യനെ അയക്കുന്നതായി രണ്ടാം വാക്യത്തിൽ നാം കാണുന്നു. വിഹിതം നൽകാതെ ഭൃത്യനെ തിരികെ അയക്കുന്നത് ഉടമസ്ഥനും കൃഷിക്കാരും തമ്മിലുള്ള കരാറിലുള്ള ലംഘനത്തെയാണ് സൂചിപ്പിക്കുക. വീണ്ടും അയക്കപ്പെട്ട ഭൃത്യന്മാരെ വെറും കയ്യോടെ തിരികെ അയക്കുന്നതും അവഹേളിക്കുന്നതും പരുക്കേൽപിക്കുന്നതുമെല്ലാം കൃഷിക്കാർ ഉടമസ്ഥനെതിരെ ചെയ്യുന്ന അന്യായത്തിനു സാക്ഷ്യമായി തീരുന്നു. തന്റെ പ്രിയ പുത്രനെ തന്നെ അയക്കുമ്പോൾ അധികാരവും അവകാശവുമുള്ള ഒരാളെ അവർ ബഹുമാനിക്കുമെന്നു ഉടമസ്ഥൻ പ്രതീക്ഷിക്കുന്നെങ്കിലും അവനെ ഇല്ലാതാക്കി മുന്തിരിത്തോട്ടം സ്വന്തമാക്കാൻ കൃഷിക്കാർ ശ്രെമിക്കുന്നതായി 7, 8 വാക്യങ്ങളിൽ നാം വായിക്കുന്നു. ഉടമസ്ഥൻ മരിച്ചു, അല്ലെങ്കിൽ പ്രായാധിക്യത്താലോ ദൂരത്താലോ എത്തിച്ചേരാൻ സാധികാത്ത സാഹചര്യത്തിൽ ആയിരിക്കണം പുത്രനെ അയച്ചതെന്ന ചിന്തയാലായിരിക്കാം ഒരുപക്ഷെ പുത്രനെ കൊന്നുകളയാൻ അവർ തീരുമാനിക്കുന്നത്. ഒമ്പതാം വാക്യത്തിൽ ഈശോ ഒരു ചോദ്യം ചോദിക്കുകയാണ് വായനക്കാരനോട്, ഉടമസ്ഥൻ എങ്ങനെ പ്രതികരിക്കുമെന്ന്. ഉത്തരവും അവിടുന്ന് തന്നെ പറഞ്ഞു വയ്ക്കുന്നു, " അവൻ വന്നു ആ കൃഷിക്കാരെ നശിപ്പിച്ചു മുന്തിരി തോട്ടം വേറെ ആളുകളെ ഏല്പിക്കും " എന്നു. ഇവിടെ മുന്തിരി തോട്ടം ദൈവജനമാണ്. ഉടമസ്ഥൻ ദൈവവും. മുന്തിരിത്തോട്ടത്തിലെ ഫലം പൂർണ വിശ്വാസമാണ്. ഇതാണ് ദൈവജനം ദൈവത്തിനു കൊടുക്കാൻ കടപ്പെട്ടിരിക്കുന്നത്. അയക്കപെടുമെന്ന ഭൃത്യന്മാർ പ്രവാചകന്മാരാണ്. കൃഷിക്കാർ സമൂഹത്തിലെ ഫരിസേയരും പ്രമാളികളുമടങ്ങുന്ന നേതൃത്വ നിരയിലുള്ളവരെ സൂചിപ്പിക്കുന്നു. അവസാനം അയക്കുന്ന പ്രിയപുത്രൻ ഈശോ തന്നെയാണ്.
നമ്മുക്ക് ചിന്തിക്കാം. ഈ ലോക ജീവിതത്തിലെ വെറും കാവൽക്കാർ മാത്രമാണ് നാം ഓരോരുത്തരും. വൈദികരാകാൻ വിളിക്കപെട്ടവരായ നാമാകട്ടെ നമ്മെ ഭരമേല്പിച്ച തോട്ടത്തിലെ ഓരോ മുന്തിരി ചെടിയെയും സൂക്ഷിച്ചു പരിപാലിച്ചു ഉടമസ്ഥനായ ദൈവത്തിനു തിരികെ ഏല്പിക്കാൻ ഏറ്റവും കടപ്പെട്ടവരും. നമ്മുടെ ജീവിതം പൂർണമായും ദൈവത്തിന്റെ ദാനമാണ് എന്ന ഉറച്ച ബോധ്യം നമുക്കുണ്ടോ? നമ്മുടെ സ്വന്തമാണെന്നു നാം ചിന്തിക്കുന്ന എല്ലാം എന്റെ നല്ല ദൈവം എന്നെ പരിപാലിക്കാൻ മാത്രം ഏല്പിച്ചിരിക്കുന്ന, ദൈവത്തിന്റെ സ്വന്തമായിട്ടുള്ളവയാണെന്ന തിരിച്ചറിവിലാണോ നാം ജീവിക്കുന്നത്? അതോ എല്ലാം എന്റെ മാത്രമാണെന്ന അഹങ്കാരത്തിൽ ആണോ നാം ജീവിക്കുന്നത്, പരിശോധിച്ചു നോക്കാം. എല്ലാം ദൈവത്തിന്റെ ദാനമാണ് എന്ന തിരിച്ചറിവിൽ നിന്നെ നിസ്വാർത്ഥമായ സേവനം ഉണ്ടാകുകയുള്ളൂ, ദൈവത്തിനു വേണ്ടിയുള്ള സ്വയം വ്യെയം ചെയ്യലുണ്ടാകുകയൊള്ളു. എല്ലാം ദൈവത്തിന്റെ, ദൈവത്തിനായി എന്ന ചിന്തയിലേക്ക് വളരാൻ നാളത്തെ ധ്യാനത്തിലൂടെ നമുക്ക് പരിശ്രെമിക്കാം.
ഉടമസ്ഥത സ്വന്തമാക്കാൻ, യഥാർത്ഥ അവകാശിയെ തന്നെ കൊന്നു കളയുവാൻ ഈ കൃഷിക്കാർ തയ്യാറാക്കുകയാണ്. അവനെ കൊന്നുകളഞ്ഞാൽ മുന്തിരിത്തോട്ടം അവരുടേതാകുമെന്ന വ്യാമോഹവും സ്വാർത്ഥതയും അവരെക്കൊണ്ടു അത് ചെയ്യിക്കുന്നു. തെറ്റായ മോഹങ്ങളും സ്വാർത്ഥതയും നമ്മെ പല തിന്മകളിലേക്കും നയിക്കും. വൈദികരാകാൻ വിളിക്കപെട്ടവരായ നമുക്കും വൈദികർക്കും പോലും ഇത്തരം വ്യാമോഹങ്ങളും സ്വാർത്ഥതയും ഉണ്ടാകാറുണ്ട്. പലപ്പോഴും ക്രിസ്തുവിനെ മറന്നുപോലും പല വലിയ തിന്മകൾക് അടിമകളുമായി തീരുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ അത്തരം തിന്മകൾ ഉണ്ടോ എന്നു ചിന്തിച്ചു നോക്കാം. തെറ്റായ മോഹങ്ങൾക്കോ സ്വാർത്ഥതയ്ക്കോ ജഡിക താല്പര്യങ്ങൾക്കോ അടിമപ്പെട്ടു ക്രിസ്തുവിനേക്കാൾ ദൈവേഷ്ടത്തെക്കാൾ മറ്റുള്ളവയ്ക്ക് പ്രാധാന്യം കൊടുക്കാനിട വന്നിട്ടുണ്ടെങ്കിൽ മാപ് ചോദിച്ചു തിരുത്താൻ നമുക്ക് ശ്രെമിക്കാം.
🕯️🕯️🕯️
Bro Abin kodiyan
Good Shepherd Major Seminary
Kunnoth