💒💒💒
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
🙏🙏🙏
മിശിഹായിൽ പ്രിയമുള്ളവരെ ഇന്ന് തിരുസഭ മാതാവ് ധ്യാനവി ചിന്തനത്തിനായി നമുക്ക് നൽകിയിരിക്കുന്ന സുവിശേഷഭാഗം വി. ലൂക്ക10:38-42 വരെയുള്ള വാക്യങ്ങളാണ്. ഈ സംഭവം ലൂക്കാ സുവിശേഷകൻ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഈ അധ്യായത്തിലെ കഴിഞ്ഞ ഭാഗങ്ങളിലെ സംഭവങ്ങളിൽ കഥാപാത്രങ്ങളെല്ലാം പുരുഷന്മാരായിരുന്നു. ഈ സംഭവത്തിലെ കഥാപാത്രങ്ങൾ സ്ത്രീകളാണ്. സ്ത്രീ-പുരുഷ സമാന്തരതയോട് ലൂക്കാ യ്ക്കുള്ള താല്പര്യത്തിന്റെ ഒരു സൂചന കൂട്ടിയാണ് ഈ സംഭവം. ഈ കഥയിലെ പ്രധാന പാഠം, സ്ത്രീകൾക്കും പുരുഷന്മാരെപ്പോലെ പോലെ ശിഷ്യരും ദൈവരാജ്യ ശുശ്രൂഷകരുമാകാം എന്നാണ്. അതോടൊപ്പം ഈശോ വ്യക്തമാക്കുന്നു. ശിഷ്യർക്ക് പല ശുശ്രൂഷകൾ ചെയ്യാനുണ്ട്. പല കാര്യങ്ങളെക്കുറിച്ച് വ്യഗ്രരായി പോകാം. എന്നാൽ ഈശോയുടെ വചനം കേട്ട് അവനോട് ബന്ധം പുലർത്തിയാലേ ശിഷ്യത്വമാകൂ. ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയിൽ ഈശോ, സഹോദരിമാരായ മർത്തായും മറിയവും പാർക്കുന്ന ഗ്രാമത്തിലെത്തി. ബഥാനിയായി ലാണ് അവർ താമസിച്ചിരുന്നതെന്നും അവരുടെ സഹോദരനാണ് ലാസറെന്നും വി. യോഹന്നാൻ പറയുന്നു (യോഹ 11:1-8 ). പഥികരായ പ്രേഷിതരെ സ്വീകരിക്കുന്നത് ആദിമ സഭയിലെ സവിശേഷമായ ഒരു ശുശ്രൂഷയായിരുന്നു. അതിഥിയായ ഈശോയ്ക്ക് വേണ്ട സത്കാരങ്ങളും ഭക്ഷണവും ക്രമപ്പെടുത്തുന്നതിൽ മർത്ത ബദ്ധശ്രദ്ധയായി. അവൾ അവന്റെ വാക്ക് കേൾക്കാൻ സമയം കണ്ടെത്തിയില്ല. ഘടകവിരുദ്ധമായാണ് സഹോദരി മറിയം ചെയ്തത്. അവൾ വചനം കേട്ടുകൊണ്ട് ഈശോയുടെ പാദത്തിങ്കലിരുന്നു വചനം കേട്ടു. ഈശോയെ സ്വീകരിച്ച് സത്കരിക്കുക ആവശ്യമാണ്. എന്നാൽ അവനെ സ്വീകരിച്ച് സത്കരിക്കുന്നതിനേക്കാൾ ശിഷ്യർക്ക് അത്യാവശ്യമായ കാര്യം വചനം കേട്ട് അവന്റെ പാദത്തിങ്ക ഇരിക്കുകയാണ്.
ഈ സംഭവത്തിൽ കാണുന്ന രണ്ടു സ്ത്രീ കഥാപാത്രങ്ങളും ചില സന്ദേശങ്ങൾ നമ്മുടെ ജീവിതത്തിനായി പകർന്നു തരുന്നുണ്ട്. ഓരോ ക്രിസ്തു ശിഷ്യനും എപ്രകാരമായിരിക്കണം എന്ന് ഈ രണ്ടു കഥാപാത്രങ്ങളും കാണിച്ചുതരുന്നു. ഒന്നാമതായി മറിയം: ഇവൾ കർത്താവിൻറെ വചനം ശ്രവിച്ചുകൊണ്ട് അവൻറെ പാദത്തിങ്കൽ ഇരുന്നു. ഇത് ക്രിസ്തുശിഷ്യൻ ഒരു സവിശേഷതയാണ്. രണ്ടാമതായി മർത്ത: ഇവൾ മറ്റു പല ശുശ്രൂഷകൾ ചെയ്ത് നടക്കുന്നു. ഇത് ക്രിസ്തുശിഷ്യൻ റെ മറ്റൊരു പ്രത്യേകതയാണ്. എന്നാൽ ഈ രണ്ടു സവിശേഷതകളും ഒരുമിച്ച് സംയോജിക്കുമ്പോൾ മാത്രമേ ഒരുവൻ പൂർണ്ണമായും ക്രിസ്തുശിഷ്യൻ ആവുകയുള്ളൂ. മറിയത്തെ പോലെ വചന ശ്രോതാവായി മാത്രം ഇരിക്കുന്നതും മർത്താ യെ പോലെ പലവിധ ശുശ്രൂഷകളിൽ മാത്രം മുഴുകുന്നതും ശിഷ്യത്വത്തിനു ചേർന്ന മനോഭാവമല്ല. മറിച്ച് വചനം ശ്രവിച്ച് അതനുസരിച്ച് ശുശ്രൂഷ മേഖലകളിൽ വ്യാപ്യത നാകുന്നതാണ് ക്രിസ്തു ശിഷ്യനു ചേർന്ന മാതൃക. ഈശോ പറയുന്നതു പോലെ എന്റെ വചനം കേട്ട് അതനുസരിച്ച് ജീവിക്കുന്നവരാണ് യഥാർത്ഥ ശിഷ്യരായിത്തീരുക.
പ്രിയമുള്ള സഹോദരരേ നമുക്ക് ചിന്തിക്കാം, ക്രിസ്തു ശിഷ്യരാകാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന നമ്മുടെ ജീവിതങ്ങൾ വചന ശ്രവണം മാത്രമായോ പ്രവർത്തനങ്ങൾ മാത്രമായോ ചുരുങ്ങി പോകാറുണ്ടോ? അതോ വചനം ശ്രവിച്ച് അതനുസരിച്ച് ജീവിക്കുന്ന യഥാർത്ഥ ശിഷ്യരാണോ നാം? നമുക്ക് പ്രാർത്ഥിക്കാം: ഈശോയെ നിന്റെ ശിഷ്യരാകുവാൻ വിളിക്കപ്പെട്ടിരിക്കുന്ന ഞങ്ങളെ വചനാനുസൃതമായ ജീവിതം നയിക്കുവാൻ അനുഗ്രഹിക്കണമേ . എല്ലാവർക്കും ശുഭ ദിനം ആശംസിക്കുന്നു.
💐💐💐
Bro Vattamkattel Thomas (jibin)
Good Shepherd Major Seminary
Kunnoth