Mt 14: 22 -33
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ,
മിശിഹായിൽ സ്നേഹംനിറഞ്ഞ സഹോദരന്മാരെ, ഇന്ന് വചന വിചിന്തനത്തിനായി തിരുസഭാ മാതാവ് നമുക്ക് നൽകിയിരിക്കുന്നത് വിശുദ്ധ മത്തായിയുടെ സുവിശേഷം( 14:22 - 33) വരെ ഉള്ള ഭാഗങ്ങളാണ്. അപ്പം വർദ്ധിപ്പിക്കുന്നതിനുശേഷം അവിടുന്ന് വെള്ളത്തിന് മീതേ നടക്കുന്ന സംഭവമാണ് സുവിശേഷങ്ങളിൽ ഉടനെ വിവരിക്കുന്നത്. മത്തായിയും മർക്കോസും യോഹന്നാനും ഇതേ ക്രമം ആണ് പിന്തുടരുന്നത്. ജനക്കൂട്ടത്തെ പറഞ്ഞയച്ചതിനുശേഷം അവിടുന്ന് തനിയെ ഒരു മലയിലേക്ക് കയറി പോയെന്നും സുവിശേഷകന്മാർ വ്യക്തമാക്കുന്നു. ഇവിടെ പ്രധാനമായും മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്, 1, തനിക്കു മുമ്പേ വഞ്ചിയിൽ കയറി മറുകരക്ക് പോകുവാൻ യേശു ശിഷ്യന്മാരോട് ആവശ്യപ്പെടുന്നു. 2, അവൻ ജനക്കൂട്ടത്തെ പിരിച്ചു വിടുന്നു. 3, ഏകാന്തതയിൽ പ്രാർത്ഥിക്കാനായി അവൻ മലയിലേക്ക് കയറി.(14:22 - 23). ഇവയെല്ലാം സൂചിപ്പിക്കുന്നത്, യോഹന്നാൻ പ്രസ്താവിക്കുന്നത് പോലെ(യോഹ 6: 14 - 15 ) അപ്പം വർധിപ്പിച്ചഅത്ഭുതം മെസയാനികമായ ചില വികാരപ്രകടനങ്ങൾക്കിടയാക്കി എന്നാണ്. അപ്പം വർധിപ്പിച്ച അത്ഭുതം ഒരു മെസയാനിക അടയാളമായിരുന്നു. പിന്നീട് ഈശോ കടലിന്റെ മധ്യത്തിലൂടെ ശിഷ്യന്മാരുടെ അടുത്തേക്ക് വരുന്നതായാണ് നാം കാണുന്നത്. കടലിൽ വെച്ച് നടന്ന ഈശോയുടെ രണ്ടാമത്തെ അൽഭുതം ആണിത്. കടലിലെ കൊടുങ്കാറ്റിനെ ശമിപ്പിക്കുന്നതാണ് ആദ്യത്തെ അൽഭുതം. ശിഷ്യന്മാർക്ക് വേണ്ടി ഈശോ ആരാണെന്ന് സ്വയം വെളിപ്പെടുത്തുകയാണിവിടെ.പ്രകൃതി ശക്തികളുടെ മേൽ അവിടുത്തെക്കുള്ള ദൈവീക അധികാരമാണ് നാം ഇവിടെ കാണുന്നത്. മത്തായിയുടെ സുവിശേഷത്തിൽ ഈ രണ്ട് അത്ഭുതങ്ങളുടെ അവസരത്തിലും ഈശോ ശിഷ്യന്മാരെ അവരുടെ അവിശ്വാസത്തെ പ്രതി ശ്വസിക്കുന്നതായി നാം കാണുന്നു. ഈ രണ്ട് അത്ഭുതങ്ങളിലും ശിഷ്യന്മാർക്ക് ഈശോയുടെ ദൈവീകത അനുഭവിക്കാൻ സാധിച്ചെങ്കിലും അവരുടെ വിശ്വാസം ദൃഢം ആയിരുന്നില്ല. ജലത്തിന് മീതെ നടന്നുവരുന്ന പത്രോസ് പ്രകൃതി ശക്തികളുടെമേൽ ഈശോയ്ക്ക് ഉള്ള അധികാരത്തെ തിരിച്ചറിഞ്ഞെങ്കിലും അൽപ വിശ്വാസി ആയതിനാൽ അധിക ദൂരം മുന്നോട്ടു പോകുവാൻ സാധിച്ചില്ല. ഈശോ അവനോട് പറയുന്നു " അൽപവിശ്വാസി നീ സംശയിച്ചത് എന്ത്? "ഈശോയുടെ ശിഷ്യൻ ദൃഢ വിശ്വാസത്തിനുടമയായിരിക്കണം, ഒരേസമയം വിശ്വസിക്കുവാനും സംശയിക്കാനും അവന് /അവൾക്ക് സാധ്യമല്ല. നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ദൃഢമായ വിശ്വാസമാണ് നാം പ്രകടമാക്കുന്നത്. വേദനയുടെയും പ്രതിസന്ധികളുടെയും അനുഭവങ്ങളിലൂടെ നാം കടന്നു പോകുമ്പോൾ വിശ്വാസത്തിൽ ഈശോയുടെ സാന്നിധ്യം അനുഭവിക്കുവാനും പത്രോസിനെപ്പോലെ
' കർത്താവേ രക്ഷിക്കണേ' എന്ന പ്രാർത്ഥനയോടെ അവന്റെ പക്കലേക്ക് തിരയുവാനും നമുക്ക് സാധിക്കണം. ഈശോയിൽ ഉറച്ചുവിശ്വസിച്ചുകൊണ്ട് വഞ്ചിയിൽനിന്ന് ഇറങ്ങിയ പത്രോസ്, കടലിനു മീതെ നടന്ന് ഈശോയുടെ പക്കലേക്കു ചെന്നു. ഈശോയിൽ ദൃഷ്ടി ഉറപ്പിച്ചാണ് അവൻ ജലത്തിന് മീതെ നടന്നത്. എന്നാൽ ഒരു നിമിഷം അവൻ കാറ്റിനെ നോക്കിയപ്പോൾ, അതായത് ഈശോയിൽ നിന്നും കണ്ണുകളകറ്റിയപ്പോൾ പത്രോസ് കടലിൽ മുങ്ങി താഴാൻ തുടങ്ങി. ഇത് ഈശോയുടെ ഏതൊരു ശിഷ്യനും ബാധകമാകുന്ന സത്യമാണ്. സ്നേഹം നിറഞ്ഞവരെ ഈശോ കൂടുതൽ സ്നേഹിക്കുന്നവരുടെ ജീവിതത്തിലും ഈശോയെ കൂടുതൽ സ്നേഹിക്കുന്നവരുടെ ജീവിതത്തിലും
അവിടുന്ന് നിരന്തരമായ പരീക്ഷണങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. ജോബിന്റെ പുസ്തകത്തിൽ നാം വായിക്കുന്നുണ്ടല്ലോ ജോബ്
എത്രയധികം കർത്താവിനെ സ്നേഹിച്ചിട്ടും അവന്റെ ജീവിതത്തിൽ ദൈവം സഹനങ്ങൾ അനുവദിച്ചു കൊണ്ടേയിരുന്നു. സഹനങ്ങൾ എത്ര അധികം ഉണ്ടായാലും ദൈവത്തിൽ ദൃഷ്ടികൾ ഉറപ്പിച്ചു കൊണ്ട് മുന്നേറുകയാണ് നാം ചെയ്യേണ്ടത്. സുവിശേഷത്തിൽ നാം വായിക്കുന്നുണ്ടല്ലോ " തനിക്ക് കൂടുതൽ ഇഷ്ടമുള്ളവരെ അവിടുന്ന് തന്റെ അടുത്തേക്ക് വിളിച്ചു" ഇതിന് മറ്റൊരു അർത്ഥം കൂടിയുണ്ട്, കൂടുതൽ ഇഷ്ടമുള്ളവരിൽ നിന്ന് അവിടുന്ന് കൂടുതൽ പ്രതീക്ഷിക്കുന്നു. ഈ അവസരത്തിൽ നമ്മുക്കൊന്നു ചിന്തിക്കാം ദൈവിക കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കാൻ വിളിക്കപ്പെട്ട നാം അമിതമായി ലോകകാര്യങ്ങളിൽ വ്യാപൃതരായി പോകാറുണ്ടോ? നമ്മുടെ വിശ്വാസ ജീവിതത്തിൽ എപ്പോഴെങ്കിലും നാം ദൈവത്തെ സംശയിച്ചിട്ടുണ്ടോ? ദൈവസ്നേഹത്തെ മനസ്സിലാക്കാൻ പറ്റാത്ത അവസരങ്ങൾ ഉണ്ടായിട്ടുണ്ടോ?
പ്രിയമുള്ളവരെ ഈശോയുടെ ശിഷ്യന്മാരെപ്പോലെ തന്റെ അടുത്തേക്ക് വിളിക്കപ്പെട്ടവർ ആണല്ലോ നമ്മളും, അപ്പോൾ നമ്മുടെ അനുദിനജീവിതത്തിലും സഹനങ്ങളും പ്രതിസന്ധിഘട്ടങ്ങളിലും ഉണ്ടാകുമ്പോൾ
പത്രോസ് ശ്ലീഹായെപ്പോലെ ഈശോയിൽ മാത്രം ദൃഷ്ടികൾ ഉറപ്പിച്ചു കൊണ്ട് മുന്നേറാൻ നമുക്ക് പരിശ്രമിക്കാം. അതിനായി സർവ്വേശ്വരൻ നമ്മെ ഓരോരുത്തരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ആമേൻ👏👏
Bro. Thomas puthiyaparambil (Aby)
Good Shepherd Major Seminary
Kunnoth