ഹന്നാൻ വെള്ളം
ഹന്നാൻ വെള്ളം എങ്ങനെയാണ് പൗരസ്ത്യ സുറിയാനി സഭയിൽ ഉത്ഭവിച്ചത്??
ഇന്ന് കാണുന്നത് പോലെ ഉള്ള ഒന്നായിരുന്നില്ല നമ്മുടെ ഹാന്നാൻ വെള്ളം.നമുക്ക് വലിയ ശനിയാഴ്ച പുത്തൻ വെള്ളം ആശീർവദിക്കുന്ന പതിവില്ല.തത്തുല്യമായി പൗരസ്ത്യ സുറിയാനി സഭയ്ക്കുള്ളത് ദനഹാ വെള്ളമാണ്. ദനഹാ തിരുനാളിൽ ഇത് തയാറാക്കുന്നു.വിവിധ വിശുദ്ധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച വെള്ളമാണ് ഇതിന് ഉപയോഗിക്കുന്നത്. ദനഹാ തിരുനാളിൽ റംശാ നമസ്കാരത്തോട് അനുബന്ധിച്ച് ദനഹാ വെള്ളം ആശീർവദിക്കുന്നു.ഓരോ സ്ഥലത്തെയും വിശുദ്ധ ജലം "ഈശോയുടെ മാമ്മോദീസസ് വഴി .........സ്ഥലത്തെ വെള്ളം യോർദ്ദ്നാനായി മാറുന്നു" എന്ന പ്രാർത്ഥന ഉച്ചരിച്ചു കൊണ്ട് വലിയ ഒരു പാത്രത്തിലേക്ക് പകർത്തുന്നു.ഇൗ വിശുദ്ധ ശുശ്രൂഷയ്ക്ക് ശേഷം പള്ളിയിൽ അടുത്ത ദനഹാ വരെ ഇത് സൂക്ഷിക്കുന്നു.ആളുകൾക്ക് വീടുകളിൽ സൂക്ഷിക്കാൻ നമസ്കാരശേഷം കൊടുത്തുവിടുകയും ചെയ്യുന്നു.
നമ്മുടെ പാരമ്പര്യത്തിൽ ഹന്നാൻ വെള്ളം നേരത്തെ തയ്യാറാക്കി സൂക്ഷിക്കാറില്ല.ആവശ്യം വരുമ്പോൾ തയാറാക്കുകയാണ് ചെയ്യുന്നത്.ഇതിനായി ഹ്നാന പള്ളിയിൽ സൂക്ഷിച്ചിരിക്കും. ഹ്നാന എന്നത് വിശുദ്ധരുടെയും സഹദാമാരുടെയും സഭാ പിതാക്കന്മാരുടെയും കബറുകളിൽ നിന്ന് ശേഖരിക്കുന്ന മണ്ണാണ്,അഥവാ തിരുശേഷിപ്പാണ്.ഇൗ മണ്ണ് എപ്പോഴും പള്ളിയിൽ ഉണ്ടായിരിക്കും.ഇൗ ഹ്നാന വെള്ളത്തിൽ കലക്കി ഉപയോഗിക്കുന്നതാണ് ഹന്നാൻ വെള്ളം. നമ്മുടെ പിതാവായ മാർത്തോമാശ്ലീഹായുടെ കബറിടത്തിൽ നിന്നുള്ള മണ്ണ് വെള്ളത്തിൽ കലക്കി ഹന്നാൻ വെള്ളം ഉണ്ടാക്കുന്ന രീതി ആയിരുന്നു മാർത്തോമാ നസ്രാണികളുടെ ഇടയിൽ നിലനിന്നിരുന്നത് എന്ന് ഉദയംപേരൂർ യോഗത്തിൻ്റെ കാനോനകൾ സാക്ഷ്യപ്പെടുത്തുന്നു. ഇത് രോഗനിവാരണത്തിനും ദുരാത്മാക്കളിൽ നിന്നുള്ള സംരക്ഷണത്തിനുമായി അവർ ഉപയോഗിച്ചിരുന്നു .ഇൗ പാരമ്പര്യം പാശ്ചാത്യ സഭയ്ക്ക് അന്യമായിരുന്നു.
വിവാഹ കൂദാശ പരികർമ്മം ചെയ്യുന്ന വേളയിലും ഇൗ ഹ്നാന നമുക്ക് കാണുവാൻ സാധിക്കും.പൗരസ്ത്യ സുറിയാനി സഭയുടെ ക്രമ പ്രകാരം വിവാഹ കൂദാശ വേളയിൽ വരനും വധുവും കുടിക്കുന്ന കാസയിൽ വീഞ്ഞും വധുവിന്റെ മോതിരവും വരന്റെ കഴുത്തിലെ സ്ലീവയും ഇട്ടതിനു ശേഷം ഹ്നാന കൂടി കലർത്തുന്നു.അങ്ങനെയെല്ലാം നമ്മുടെ പാരമ്പര്യത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നായി ഹ്നാന നിലനിൽക്കുന്നു.
reference :
1) ഉദയംപേരൂർ സൂനഹദോസിൻ്റെ കാനോനകൾ [S. Viii D. xvii]
2) ഭാരതീയ തിരുസഭാ ചരിത്രം :
റവ.ഡോ.സേവ്യർ കൂടപ്പുഴ
3) മാർത്തോമ നസ്രാണി സഭ വിജ്ഞാനകോശം : റവ.ഡോ.സേവ്യർ കൂടപ്പുഴ
4)Jornada of Dom Alexis de Menezes;Antonio de Gouvea
Tags:
ആരാധന ക്രമം