ലാസറിന്റെ ശനി - Lazarus' Saturday (കൊഴുക്കട്ട ശനി)
ഫാ. ജോസ് കൊച്ചുപറമ്പിൽ
പൌരസ്ത്യസഭകളെ ല്ലാം ഈ ദിനം "ലാസറിന്റെ ശനിയാഴ്ച"യായി കൊണ്ടാടുന്നു. സീറോ മലബാർ കലണ്ടറിലാകട്ടെ ഇന്നേദിവസം യോഹ 12:1-8, ലാസറിന്റെ ഭവനത്തിൽ ഈശോയ്ക്ക് നന്ദിസൂചകമായി വിരുന്നൊരുക്കിയതിനെയും മറിയം വിലയേറിയ നാർദ്ദീൻ സുഗന്ധതൈലം ഈശോയുടെ പാദത്തിൽ ഒഴിച്ചതിനെയും അനുസ്മരിക്കുന്നു. നോമ്പിന്റെ നാല്പതുദിവസങ്ങളിൽനിന്നും പീഡാനുഭവആഴ്ചയിലേക്കു തിരിയുന്ന വിജാഗിരിയാണത്രെ ഈ ശനിയാഴ്ച!
Passion Week, അഥവാ പീഡാനുഭവആഴ്ച - അമ്പതുനോമ്പിന്റെ ഉള്ളിലാണെങ്കിലും അതിനെ ഒരു പ്രത്യേക യൂണിറ്റായായാണ് പരിഗണിക്കുന്നത്.
മറിയത്തിന്റെ തൈലാഭിഷേകം തന്റെ മൃതസംസ്കാരത്തിന്റെ സൂചനയായി ഈശോ വ്യാഖ്യാനിക്കുന്നതിൽനി ന്നു (യോഹ 12:7) പീഡാനുഭവആഴ്ചയിലേക്കുള്ള വഴിത്തിരിവായും അതുവഴി ഉത്ഥാനത്തിലേക്കുള്ള പ്രവേശനകവാടമായും ഈ ശനിയാഴ്ചയെ സഭ കണക്കാക്കുന്നു എന്നു മനസ്സിലാക്കാം.
കൊഴുക്കട്ട ശനി
നസ്രാണി ഗാർഹികപാരമ്പര്യത്തിൽ ഈ ദിവസം നോമ്പു മുറിക്കാതെ മുറിക്കുന്ന ഇടവേളയുടെ സന്തോഷദിനമായിരുന്നു. മറിയം ഉപയോഗിച്ച സുഗന്ധക്കുപ്പിയുടെ ഉരുണ്ട ചുവടുഭാഗത്തെ ഓർമ്മിപ്പിക്കുന്ന, (ശർക്കരയും തേങ്ങായും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത) കൊഴുക്കട്ട ഉണ്ടാക്കി കുടുംബനാഥൻ അതിൽ സ്ലീവാ വരച്ചു കുടുംബാംഗങ്ങൾക്ക് കൊടുത്തിരുന്നു. അതുകൊണ്ട് ഈ ദിനത്തെ "കൊഴുക്കട്ട ശനി" എന്നും വിളിക്കുന്നു. കൊഴുക്കട്ട കഴിക്കുന്നത് ഉപവാസലംഘനമായി കരുതിയിരുന്നില്ല!
"ലാസറിന്റെ തിങ്കൾ"
"ലാസറിന്റെ വെള്ളിയും" "ലാസറിനെ ശനിയും" കൂടാതെ, നമുക്ക് ലാസറിനെ അനുസ്മരിക്കുന്ന ഒരു മൂന്നാംദിനവുമുണ്ട്. അതിനെ "ലാസറിന്റെ തിങ്കൾ" എന്ന് വിളിക്കാം! ഹാശാ (പീഡാനുഭവ)ആഴ്ചയിലെ തിങ്കളാഴ്ചയാണത്. അന്നേദിവസത്തെ സുവിശേഷാവായനയും (ഓർദോ ) ബേഥനിയായിൽ ലാസറിന്റെ ഭവനത്തിൽ ഈശോയ്ക്ക് അത്താഴവിരുന്നൊരുക്കുന്നതിനെക്കുറിച്ചാണ് വിവരിക്കുന്നത്!
അതായത്, ലാസറുമായി ബന്ധപ്പെട്ട മൂന്നു സുവിശേഷഅറിയിപ്പുകൾ ധ്യാനിച്ചുകൊണ്ട് ഈശോയുടെ മൂന്നാംനാളിലെ ഉയിർപ്പിലേക്കു നാം ആനയിക്കപ്പെടുന്നു.
പൗരസ്ത്യപാരമ്പര്യം നോമ്പുകാലത്തിലും പീഡാനുഭവആഴ്ചയിലും [ഓശാനഞായർ ഈശോയുടെ രാജത്വവും പെസഹാവ്യാഴം ഈശോയുടെ പൗരോഹിത്യവും പീഡാനുഭവവെള്ളി കുരിശിലെ മഹത്ത്വവും വിജയവും] ഈശോയുടെ മഹത്ത്വത്തിനും ഉയിർപ്പിനും കൊടുക്കുന്ന ഊന്നൽ ഇവിടെ എടുത്തുപറയത്തക്ക ഒരു സവിശേഷതയാണ്.
Tags:
ആരാധന ക്രമ൦