നാല്പതാം വെളളി - "ലാസറിന്റെ വെള്ളി"
ഫാ. ജോസ് കൊച്ചുപറമ്പിൽ
ഈശോയുടെ നാല്പതു ദിവസത്തെ ഉപവാസത്തെ സ്മരിക്കുന്ന വലിയ നോമ്പുകാലം നാല്പതു ദിവസം പിന്നിടുന്ന വെള്ളിയാഴ്ച പൗരസ്ത്യ സുറിയാനി പാരമ്പര്യം "ലാസറിന്റെ വെള്ളി"യായി ആചരിക്കുന്നു. നോമ്പ് തുടങ്ങി ഞായർ ഉൾപ്പെടെ (ഞായറാഴ്ച നോമ്പുണ്ട്, എന്നാൽ ഉപവാസം ഇല്ല) കണക്കുകൂട്ടുമ്പോൾ അത് ഈശോയുടെ നാല്പതുദിന ഉപവാസത്തിന്റെ അക്ഷരാർത്ഥത്തിലുള്ള അനുകരണമായിത്തീ രുന്നു.
പൗരസ്ത്യസഭകളുടെ കണക്കനുസരിച്ച് നാല്പതാം വെള്ളിയാഴ്ച സൗമാ റമ്പാ അഥവാ, വലിയനോമ്പ് അവസാനിക്കുന്ന ദിവസമാണ്. ഈശോമിശിഹായുടെ പീഡാനുഭവ-മരണണോഥാനങ്ങളുടെ രഹസ്യങ്ങൾ ആഘോഷിക്കുന്ന വലിയ ആഴ്ചയെ ഒരു പ്രത്യേക യൂണിറ്റ് ആയിട്ടാണ് കണക്കാക്കുന്നത്. വലിയ ആഴ്ചയും നോമ്പ് - ഉപവാസ ദിനങ്ങൾതന്നെയാണ്, അത് കർത്താവിന്റെ പെസഹാരഹസ്യങ്ങളുടെ ഒരുക്കമായി കുറെക്കൂടി തീക്ഷ്ണമായി നടത്തുന്നു എന്നു മാത്രം. അങ്ങനെ വലിയ ആഴ്ച ഉൾപ്പെടെ പൊതുവായി അമ്പതുനോമ്പ് എന്ന് നാം പറയുന്നു.
ഈശോ ലാസറിനെ ഉയർപ്പിച്ച സംഭവമാണ് ഈ ദിവസം പരിശുദ്ധ കുർബാനയിൽ വചനശുശ്രൂഷയിൽ വായിക്കുന്നത്. പ്രിയ സ്നേഹിതനായ ലാസറിനെയോർത്തു കരയുമ്പോൾ ഈശോയുടെ മനുഷ്യ സ്വഭാവവും ലാസറിനെ ഉയിർപ്പിക്കുമ്പോൾ അവിടുത്തെ ദൈവ സ്വഭാവവും വെളിപ്പെടുന്ന നിമിഷം! തിരുനാളുകളുടെ തിരുനാളായ ഉയിർപ്പുതിരുനാളിന് ഒരുക്കമായ ഏകദിന - ത്രിദിന ജാഗരണങ്ങളിൽ ആരംഭിച്ച് പിൽക്കാലത്ത് വളർന്നുവന്നതാണ് വലിയ നോമ്പ് എന്ന ചരിത്രവസ്തുതയും ഈ ദിനാഘോഷത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു. അതായത്, വലിയ നോമ്പ് ഒരു വിജയത്തിനുള്ള ഒരുക്കവും തീവ്രപരിശീലന കാലഘട്ടവുമാണ്. പാപത്തിന്റെയും മരണത്തിന്റെയുംമേലുള്ള മിശിഹായുടെ വിജയം, ഒപ്പം പാപത്തെ ഉപേക്ഷിച്ച് മിശിഹായെ പുണർന്ന് രക്ഷയുടെയും ഉയിർപ്പിന്റെയും അനുഭവത്തിൽ എത്തിച്ചേരുന്ന ഓരോ വിശ്വാസിയുടെയും വിജയം!
ലാസറിനെ ഉയർപ്പിച്ച സംഭവം പുനരുത്ഥാനവും ജീവനുമായ ഈശോയുടെ (യോഹ 11:25) ഉയിർപ്പിന്റെ ഒരു മുൻസൂചനയാണ്. നാല്പതാം വെള്ളി വലിയ നോമ്പിന്റെ പരിസമാപ്തികുറിക്കുമ്പോൾ തൊട്ടടുത്ത ദിവസം, അതായത് ലാസറിന്റെ ശനി മർത്തായും മറിയവും ലാസറിന്റെ ഭവനത്തിൽ ഈശോയ്ക്ക് വിരുന്നൊരുക്കിയതിന്റെ ഓർമ്മദിനമാണ് (കൊഴുക്കട്ട ശനി). ആണ്ടുവട്ടത്തിലെ അതിവിശുദ്ധവാരമായ പീഡാനുഭവആഴ്ചയുടെ ഒരു 'വിജാഗിരി'യായി ഈ ദിനം വർത്തിക്കുന്നു!
മരുഭൂമിയിൽ ത്രിവിധ പരീക്ഷകളെ വിജയിച്ച ഈശോയും നാല്പതു ദിനരാത്രങ്ങളിലൂടെ തിന്മയുടെമേൽ നന്മയുടെ വിജയവും ഉയിർപ്പുംതന്നെയാണല്ലോ പ്രഘോഷിച്ചത്.
ഒരുവിധത്തിൽ പറഞ്ഞാൽ വലിയ നോമ്പാചരണത്തിലൂടെ ഈശോയുടെ സുവിശേഷചൈതന്യ ത്തിൽ എത്രമാത്രം നാം വളർന്നു എന്ന ഒരു ആത്മപരിശോധനയുടെ - അവസരം കൂടിയാണ് നാല്പതാം വെള്ളി.
പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിൽ ഇന്നേ ദിവസം ഈശോയുടെ മരുഭൂമിയിലെ പരീക്ഷ യെക്കുറിച്ചുള്ള ഭാഗമാണ് സുവിശേഷത്തിൽ വായിക്കുന്നത്. കൊടിയ വിശപ്പിനു മുമ്പിലും "മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത്; ദൈവത്തിന്റെ അധരങ്ങളിൽനിന്നും പുറപ്പെടുന്ന വചനം കൊണ്ടുമാണ്" (മത്താ 4:4) എന്ന് നമുക്ക് പറയാനാകുമോ? "എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നതാണ് എന്റെ ഭക്ഷണം" (യോഹ 4:34) എന്ന് പ്രഖ്യാപിച്ച ഈശോയുടെ തീക്ഷ്ണമായ ദൗത്യബോധം എന്നിൽ എത്രമാത്രമുണ്ട്? ദേവാലയ ഗോപുരത്തിന് മുകളിൽ നിന്നും ചാടാൻ ഉള്ള പ്രലോഭനം പോലെ ചെപ്പടിവിദ്യയും വ്യാജവാഗ്ദാനവും കൊണ്ട് പദവിയും പ്രശസ്തിയും നേടിയെടുക്കുന്നതിനു പകരം കുരിശിന്റെ ഇടുങ്ങിയ, രക്തത്തിന്റെയും വിയർപ്പിന്റെയും പാത തിരഞ്ഞെടുക്കുവാൻ നമുക്ക് ആവുന്നുണ്ടോ? സാത്താനുമുമ്പിൽ മുട്ടുമടക്കാനുള്ള പ്രലോഭനത്തിന്റെ മുൻപിൽ, ദൈവത്തിനു നിരക്കാത്ത പ്രത്യയശാസ്ത്രങ്ങൾക്കും അധികാരപ്രമത്തതക്കും അനീതിക്കും മനുഷ്യാവകാശധ്വംസന ത്തിനും മുമ്പിൽ, പ്രവാചകധീരതയോടെ നിവർന്നു നിൽക്കാൻ നമുക്ക് കഴിയുന്നുണ്ടോ?
"അവന്റെ കെട്ടുകൾ അഴിക്കുവിൻ" യോഹ 11:44) എന്ന കർത്താവിന്റെ വചനം കേട്ട് ലാസറിനെ ജീവനുള്ളവനായി പുറത്തുകൊണ്ടുവന്ന തുപോലെ നമ്മെ ചുറ്റി വരിഞ്ഞുമുറുക്കുന്ന സ്വാർത്ഥതയിൽനിന്നും സകലവിധ പാപബന്ധനങ്ങളിൽനിന്നും തിന്മകളിൽനിന്നും സ്വതന്ത്രരായി പരിശുദ്ധാത്മാവിൽ പുതുജീവൻ നേടിയ മനുഷ്യരായി പുറത്തു വരുവാൻ നോമ്പാചരണം നമ്മെ സഹായിച്ചോ എന്നെല്ലാം വിലയിരുത്തി നവചൈതന്യത്തോടെ പീഡാനുഭവആഴ്ചയിലേക്ക് പ്രവേശിക്കുവാൻ ഒരുങ്ങുന്ന ദിനമാണ് "നാല്പതാം വെള്ളി."
Tags:
ആരാധന ക്രമ൦